
ടെന്നീസ് ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങള്‍, ആന്ദ്രേ അഗാസിയും സ്റ്റെഫി ഗ്രാഫും. സ്റ്റെഫിയോടുള്ള പ്രണയം മൊട്ടിടുംമുമ്പേ അത് അവസാനിപ്പിക്കേണ്ടിവന്ന ആന്ദ്രേ, വര്‍ഷങ്ങള്‍ക്കുശേഷം അതേ പ്രണയത്തിലൂടെ സ്റ്റെഫിയെ തന്റെ ജീവിതസഖിയാക്കി. രണ്ട് പതിറ്റാണ്ട് കഴിഞ്ഞു ഇരുവരും വിവാഹിതരായിട്ട്. ഇന്നും അതേ പ്രണയം തന്നെയാണ് അവരെ മുന്നോട്ടുനയിക്കുന്നത്.
2022-ല്‍ വോഗിന്റെ കവറില്‍ സ്റ്റെഫി ഗ്രാഫ് പ്രത്യക്ഷപ്പെട്ടപ്പോള്‍, അഗാസി അത് എക്‌സില്‍ ഷെയര്‍ ചെയ്തു. അതിനുതാഴെ ഒരാള്‍ രസകരമായ കമന്റുമായി എത്തി, 'വൗ, സ്‌റ്റെഫി ഗ്രാഫിന് എന്നെങ്കിലും പ്രായമാകുമോ?' ഉടനെ അഗാസിയുടെ മറുപടിയെത്തി, 'നോ'. ആ മറുപടിയിലുണ്ട് പലതും. പ്രായം ബാധിക്കാത്ത, പ്രണയം കരുത്തുപകരുന്ന രണ്ടുപേര്‍.
ഈ മാസമാദ്യം റൊമാനിയയില്‍ കടന്ന പ്രദര്‍ശനമത്സരത്തില്‍ മിക്‌സഡ് ഡബിള്‍സില്‍ പങ്കാളികളായി അഗാസിയും സ്റ്റെഫിയുമെത്തി. വലിയ മാറ്റങ്ങളൊന്നും ഇരുവര്‍ക്കുമില്ല. അതേ ഉത്സാഹം, ചുറുചുറുക്ക്...പ്രണയത്താല്‍ ബന്ധിപ്പിക്കപ്പെട്ട രണ്ടുപേര്‍ ഇങ്ങനെ ആയില്ലെങ്കിലല്ലേ അദ്ഭുതമുള്ളൂ.
ആദ്യമായി കണ്ടപ്പോള്‍...
1990-കളുടെ തുടക്കം. അന്ന് ടെന്നീസിലെ വിജയപാതയിലൂടെ മുന്നേറുകയായിരുന്നു അഗാസിയും സ്റ്റെഫിയും. മികച്ച ടെന്നീസ് പ്ലേയര്‍ എന്നതിനോടൊപ്പം തന്നെ ആ തലമുറയുടെ താരമായിരുന്നു സ്റ്റെഫി. ഒരുതരം ഭ്രാന്തമായ ആരാധനയായിരുന്നു പലര്‍ക്കും സ്റ്റെഫിയോട്. അഗാസിയുടെ നീണ്ടമുടിയും കുസൃതിക്കണ്ണുകളും അദ്ദേഹത്തിനും ഒട്ടേറെ സ്ത്രീ ആരാധകരെ നേടിക്കൊടുത്തു.
1992-ലെ വിംബിള്‍ഡണ്‍ മത്സരത്തിനുമുമ്പ്, ഒരു ഫ്രഞ്ച് ചാനലില്‍ സ്റ്റെഫിയുടെ അഭിമുഖം കണ്ടു അഗാസി, ആദ്യകാഴ്ചയില്‍ തന്നെ മനസ്സ് കീഴടക്കുകയും ചെയ്തു. ''ആ സൗന്ദര്യവും ആകര്‍ഷണീയതയും എന്നെ വിസ്മയിപ്പിച്ചു. ഞാനവള്‍ക്കൊരു മെസേജ് അയച്ചു. പക്ഷേ മറുപടിയൊന്നും തന്നില്ല''.

ഇരുവരും നേരിട്ടുകാണുന്നത് ആ വര്‍ഷത്തെ വിംബിള്‍ഡണ്‍ മത്സരത്തിനുശേഷമാണ്. ''വിംബിള്‍ഡണിന് ഒരു പാരമ്പര്യമുണ്ട്. സ്ത്രീ-പുരുഷവിഭാഗങ്ങളില്‍ വിജയിക്കുന്നവര്‍ മത്സരശേഷമുള്ള പാര്‍ട്ടിയില്‍ ഒരുമിച്ച് നൃത്തം ചെയ്യും. പുരുഷവിഭാഗത്തില്‍ ആരാണോ ചാമ്പ്യനാകുന്നത്, അയാള്‍ക്ക് സ്റ്റെഫിക്കൊപ്പം നൃത്തംചെയ്യാനുള്ള അവസരംകിട്ടുമെന്ന് ഉറപ്പാണ്'', അഗാസി ഓര്‍ക്കുന്നു. എന്തുവന്നാലും മത്സരം ജയിച്ചേ പറ്റൂവെന്ന് മനസ്സില്‍ ഉറപ്പിച്ചു, എങ്കിലല്ലേ സ്റ്റെഫിക്കൊപ്പം നൃത്തം ചെയ്യാന്‍ പറ്റൂ. അങ്ങനെ ഫൈനലിന്റെ തലേന്ന് ഷോപ്പിങ്ങിനായി പോയി, കൂടെ അന്നത്തെ ഗേള്‍ഫ്രണ്ടും അഭിനേത്രിയുമായ ബ്രൂക്ക് ഷീല്‍ഡ്‌സുമുണ്ട്. ഇരുവരും ചേര്‍ന്ന് ഒരു സ്യൂട്ട് തിരഞ്ഞെടുത്തു.
''ആദ്യമായി എനിക്ക് കിട്ടിയ വിംബിള്‍ഡണ്‍ കിരീടം. മത്സരം വിജയിച്ചതിലും എന്നെ സന്തോഷിപ്പിച്ചത്, നൃത്തമെന്ന സ്വപ്‌നമാണ്. എനിക്ക് നൃത്തം ചെയ്യാനൊന്നും അറിയില്ല. എന്നിട്ടും സ്റ്റെഫിക്കൊപ്പം ആ പാര്‍ട്ടിയില്‍ നൃത്തംചെയ്യുന്നത് ഞാന്‍ സ്വപ്‌നംകണ്ടു. ഒരുപാട് പ്രതീക്ഷകളോടെ പാര്‍ട്ടിക്കെത്തി. അപ്പോഴാണ് സംഘാടകര്‍ പറയുന്നത്, ആ വര്‍ഷം മുതല്‍ നൃത്തപരിപാടി നിര്‍ത്തിയെന്ന്. ആകെ തകര്‍ന്നുപോയി. എല്ലാ പാരമ്പര്യവും പിന്തുടരുന്ന നിങ്ങളിപ്പോള്‍ എന്താണിങ്ങനെ പറയുന്നത് എന്നാണ് മനസ്സില്‍ ചിന്തിച്ചത്''.
നൃത്തം നടന്നില്ലെങ്കിലും ഇരുവരും പരിചയപ്പെട്ടു, ഒരുമിച്ച് ഫോട്ടോയെടുത്തു. ഷെയ്ക്ക്ഹാന്‍ഡ് നല്‍കുമ്പോള്‍, 'എനിക്ക് നിങ്ങളോട് സംസാരിക്കാന്‍ ഒരുപാട് താത്പര്യമുണ്ടെന്ന്' അഗാസി സ്റ്റെഫിയോട് പറഞ്ഞു. അതിനവര്‍ നല്‍കിയ മറുപടി ചെറിയൊരു പുഞ്ചിരി മാത്രമാണ്. പിന്നീട് അഗാസി ഒന്നും മിണ്ടിയില്ല. ഇരുവരും രണ്ടുവഴിക്ക് പിരിയുകയും ചെയ്തു, വര്‍ഷങ്ങള്‍ക്കുശേഷം ഒരേവഴിയില്‍ തങ്ങള്‍ യാത്ര തുടരുമെന്ന ചിന്തപോലും മനസ്സിലില്ലാതെ.
പ്രണയത്തിന്റെ വഴിയിലേക്ക്...
1997-ല്‍ അഗാസി ബ്രൂക്ക് ഷീല്‍ഡ്‌സിനെ വിവാഹം കഴിച്ചു. ജര്‍മന്‍ കാര്‍ റേസറായ മൈക്കല്‍ ബാര്‍ട്ടല്‍സുമായി സ്റ്റെഫിയും പ്രണയത്തിലായി. എങ്കിലും അധികം വൈകാതെ അഗാസി-ഷീല്‍ഡ്‌സ് ബന്ധം വഷളായി, വിവാഹമോചനത്തിലേക്ക് കാര്യങ്ങള്‍ നീങ്ങി. പക്ഷേ, വേര്‍പിരിഞ്ഞ കാര്യം പരസ്യമാക്കിയിരുന്നില്ല. അപ്പോഴാണ് സ്റ്റെഫിയിലേക്ക് വീണ്ടുമെത്തുന്നത്. ആദ്യമായി കണ്ടപ്പോള്‍ മുതല്‍ സ്റ്റെഫിയോട് തനിക്ക് ആരാധനയായിരുന്നുവെന്ന് അഗാസി, പിന്നീട് തന്റെ ആത്മകഥയായ 'ഓപ്പണി'ല്‍ എഴുതിയിട്ടുണ്ട്.

അതിനിടയ്ക്കാണ് അഗാസിയുടെ പരിശീലകന്‍ സ്റ്റെഫിയുടെ പരിശീലകനുമായി ബന്ധപ്പെടുന്നത്. ഫ്‌ളോറിഡയില്‍ നടക്കുന്ന മത്സരത്തിന് മുന്നോടിയായി ഒരുമിച്ചുള്ള ഒരു പരിശീലനത്തിനുവേണ്ടിയായിരുന്നുവത്. ''അഗാസി എന്തിന് എനിക്കൊപ്പം പരിശീലിക്കണം എന്നാണ് ഞാനാദ്യം ചിന്തിച്ചത്'', സ്റ്റെഫി ഓര്‍ക്കുന്നു. അവിടുന്നങ്ങോട്ട് സ്റ്റെഫിയുടെ പ്രണയം നേടാനുള്ള പരിശ്രമങ്ങളിലായി അഗാസി. റോസാപുഷ്പങ്ങള്‍ കൊണ്ടുള്ള വലിയ ബൊക്കെകള്‍ ദിവസവും കൊടുത്തയച്ചു അഗാസി. ''അയാള്‍ വിവാഹിതനാണ്, എനിക്ക് ബോയ്ഫ്രണ്ടുണ്ട്. അതുകൊണ്ട് ആദ്യം എല്ലാ കാര്യങ്ങളും എനിക്ക് കുറച്ച് കണ്‍ഫ്യൂസിങ് ആയിരുന്നു. കുറച്ചുദിവസങ്ങള്‍ക്കുശേഷം അഗാസിയുടെ വിവാഹമോചനത്തെക്കുറിച്ച് കേട്ടപ്പോഴാണ് കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമായത്'', സ്റ്റെഫി പറയുന്നു.
സ്റ്റെഫിയുടെ പിറന്നാളിന് എയര്‍ലൈന്‍ മെനുവിന്റെ മാതൃകയില്‍ ഒരു കാര്‍ഡുണ്ടാക്കി അഗാസി സമ്മാനിച്ചു. ഇത് കിട്ടിയതോടെ സ്റ്റെഫി അഗാസിയെ വിളിച്ചു. ''അതെന്റെ അവസാനത്തെ ശ്രമമായിരുന്നു. സ്‌റ്റെഫിയോട് ഞാന്‍ പറഞ്ഞു, 'നിങ്ങള്‍ വളരെ സുന്ദരിയാണ്. ഞാന്‍ നിങ്ങളെ ബഹുമാനിക്കുന്നു, ആരാധിക്കുന്നു. നിങ്ങളെക്കുറിച്ച് കൂടുതല്‍ അറിയണമെന്ന് ആഗ്രഹവുമുണ്ട്. അതുമാത്രമാണ് എന്റെ ലക്ഷ്യം''. അവിടുന്നാണ് എല്ലാത്തിന്റെയും തുടക്കം. ''ആ വേനലില്‍ ഞങ്ങള്‍ സംസാരിച്ചുതുടങ്ങി. പിന്നീടെല്ലാം വളരെ പെട്ടെന്നായിരുന്നു'', സ്റ്റെഫി പറയുന്നു.
1999-ല്‍ പ്രണയം തുടങ്ങിയ അതേ വര്‍ഷം തന്നെയാണ്, സ്റ്റെഫി ടെന്നീസില്‍നിന്ന് വിരമിക്കുന്നതും. 2001 സെപ്റ്റംബറില്‍ അവര്‍ തമ്മിലുള്ള പ്രണയം പത്രങ്ങളില്‍ വാര്‍ത്തയായതോടെ, സ്‌റ്റെഫി അഗാസിയുടെ വീട്ടിലേക്ക് മാറി. ആ ഒക്ടോബറില്‍ ഇരുവരും തമ്മിലുള്ള വിവാഹവും. രണ്ടുപേരുടെയും അമ്മമാരുടെയും സാക്ഷികളുടെയും സാന്നിധ്യത്തില്‍ വീട്ടില്‍വെച്ചായിരുന്നു വിവാഹം. ആ വര്‍ഷം തന്നെ ആദ്യത്തെ കുഞ്ഞ്, ജേഡന്‍ ജനിച്ചു. രണ്ടുവര്‍ഷത്തിനുള്ളില്‍ രണ്ടാമത്തെ കുട്ടി, ജെസ് എല്ലിയും പിറന്നു.
''ഒരിക്കലും വിവാഹിതയാകുമെന്നോ അമ്മയാകുമെന്നോ ഞാന്‍ കരുതിയിരുന്നില്ല. പക്ഷേ, വളരെ ചെറിയ സമയം കൊണ്ടാണ് അഗാസി എന്നില്‍ വിശ്വാസം ജനിപ്പിച്ചത്. ഞങ്ങള്‍ പ്രണയിച്ചിരുന്ന കാലത്തില്‍നിന്ന് ഇത്രയും വര്‍ഷങ്ങള്‍ക്കുശേഷവും ഞങ്ങളുടെ പ്രണയം അതേപോലെ തുടരുന്നു'', സ്റ്റെഫി പറയുന്നു.

ഫോര്‍ബ്‌സ് ഇന്ത്യയുമായുള്ള ഒരഭിമുഖത്തില്‍ അഗാസി ഇങ്ങനെ പറഞ്ഞു, ''സ്റ്റെഫി വിവാഹത്തിന് യെസ് പറഞ്ഞതാണ് എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനസംഭവം. ജയിക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള വ്യക്തിയാണ് സ്റ്റെഫി. എനിക്ക് നല്ല പുരോഗതിയും വികാസവുമെല്ലാം ഉണ്ടായിട്ടുള്ളത് അവള്‍ വന്നശേഷമാണ്. ഈ ജീവിതത്തില്‍ ഞങ്ങള്‍ രണ്ടുപേരും സന്തുഷ്ടരാണ്. പരസ്പരം ഒരുതരത്തിലും ശല്യപ്പെടുത്താത്ത, പരസ്പരം ഏറെ സ്‌നേഹവും ഉത്തരവാദിത്തവുമുള്ള രണ്ടുപേര്‍''.
പ്രണയം മാത്രമല്ല ഇരുവരെയും പരസ്പരം ബന്ധിപ്പിക്കുന്നത്, അത്രത്തോളമുള്ള ബഹുമാനം കൂടിയാണ്. അതാണവരെ മറ്റുള്ളവരില്‍നിന്ന് വ്യത്യസ്തരാക്കുന്നതും. പല അഭിമുഖങ്ങളിലും അഗാസി നേരിടുന്ന ചോദ്യമാണ്, ഇപ്പോഴും സ്‌റ്റെഫിക്കൊപ്പം കളിക്കാറുണ്ടോ എന്നത്. അതിന് അഗാസി പറയുന്നതിങ്ങനെ, ''അവള്‍ക്കൊപ്പം കളിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. ടെന്നീസില്‍ ഏറ്റവുമാദ്യം പഠിക്കേണ്ടത് എന്താണ്? ബോളിനെ എപ്പോഴും നിരീക്ഷിക്കുകയെന്നതാണ്. പക്ഷേ സ്റ്റെഫിക്കൊപ്പം കളിക്കുമ്പോള്‍, നമുക്ക് ബോള്‍ കാണാന്‍പോലും പറ്റില്ല''. പങ്കാളിയുടെ കഴിവിനെയും അത്രത്തോളം ബഹുമാനിക്കുന്ന, ആരാധിക്കുന്നൊരാള്‍.
അഗാസി എന്നും വാര്‍ത്തകളിലിടം പിടിച്ചിരുന്ന വ്യക്തിയാണ്. കരിയറില്‍ കയറ്റിറക്കങ്ങള്‍ സംഭവിച്ചപ്പോള്‍, മയക്കുമരുന്ന് ഉപ്പെടെയുള്ള കാര്യങ്ങള്‍ അഗാസിയുടെ ജീവിതത്തിലേക്ക് കടന്നുവന്നു. ''എനിക്ക് ജീവിതത്തില്‍ ഒരുപാട് ബലഹീനതകളുണ്ട്. പക്ഷേ, ഒരിക്കലും സ്റ്റെഫിയെ വേദനിപ്പിക്കല്‍ അതിലൊന്നല്ല''. അതുകൊണ്ടായിരിക്കാം സ്റ്റെഫി ജീവിതത്തില്‍ വന്നപ്പോഴേക്കും അഗാസി അടിമുടി മാറിയത്.

ഒരിക്കല്‍ ടെന്നീസ് ഹാള്‍ ഓഫ് ഫെയിമിലെ ഇന്റക്ഷന്‍ പരിപാടിക്കിടെയുള്ള പ്രസംഗത്തില്‍ അഗാസി ഇങ്ങനെ പറഞ്ഞു, ''എന്റെ ജീവിതം തന്നെ മാറ്റിമറിച്ച ഈ വ്യക്തിയെക്കുറിച്ച് ഞാനെന്തുപറയാന്‍? ആ സ്ത്രീയെക്കുറിച്ച് പറയാന്‍ നിറമുള്ള, സത്യമുള്ള, എന്റെ ഹൃദയവും ആത്മാവും തുറന്നുപ്രകടിപ്പിക്കാന്‍ കഴിയുന്ന മനോഹരമായ വാക്കുകള്‍ ഇനിയും കണ്ടുപിടിക്കേണ്ടിയിരിക്കുന്നു''.
അതിനുള്ള മറുപടിപ്രസംഗത്തിനായി എഴുന്നേറ്റ സ്റ്റെഫിക്ക്, കുറേനേരം മിണ്ടാനേ കഴിഞ്ഞില്ല, ''ഇത്രയും സ്‌നേഹിക്കപ്പെടുന്നത് എന്തൊരു ഭാഗ്യമാണെന്ന്'' പറഞ്ഞുകൊണ്ടാണ് അവര്‍ സംസാരിച്ചുതുടങ്ങിയത്. പിന്നീടിങ്ങനെ കൂട്ടിച്ചേര്‍ത്തു, ''ടെന്നീസ് ഒരു യാത്രയായിരുന്നു. ഇതിന്റെ ഏറ്റവും നല്ല വശമെന്താണെന്നുവെച്ചാല്‍, അത് നിന്നിലേക്ക് എത്തിച്ചുവെന്നതാണ്''. അതേ, ടെന്നീസില്‍നിന്ന് ജീവിതവും ജീവനും കണ്ടെടുത്ത രണ്ടുപേര്‍, ഇന്നും ആ മനോഹരമായ യാത്ര തുടരുന്നു.
Content Highlights: love life of legendary tennis players andre agassi and steffi graf
Published: 29 Jun 2024, 11:27 am IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented