ഹൈപ്പർപിഗ്മെന്റേഷൻ എന്നത് വളരെ സാധാരണമായ ഒരു ചർമ്മാവസ്ഥയാണ്. ഇതിൽ ചർമ്മത്തിന്റെ ചില ഭാഗങ്ങൾ യഥാർഥ നിറത്തേക്കാൾ ഇരുണ്ടതായി കാണപ്പെടുന്നു. പ്രായമാകുമ്പോഴുണ്ടാകുന്ന പാടുകൾ, മെലാസ്മ, സൂര്യപ്രകാശം ഏൽക്കുന്നത്, ചില മരുന്നുകൾ, ടാനിങ് ഉത്പന്നങ്ങൾ, ടാറ്റൂകൾ, മുഖക്കുരു, മുറിവുകൾ എന്നിവ കൊണ്ടും ഹെെപ്പർപിഗ്മെന്റേഷൻ വരാറുണ്ട്. ചർമ്മത്തിന് നിറം നൽകുന്ന മെലാനിൻ ഉത്പാദിപ്പിക്കുന്ന കോശങ്ങളായ മെലനോസൈറ്റുകൾ അമിതമായി പ്രവർത്തിക്കുമ്പോഴാണ് ഇത് സംഭവിക്കുന്നത്. മെലാനിൻ ഉത്പാദനം വർധിപ്പിക്കുന്നതിന് പിന്നിലെ പ്രധാന കാരണങ്ങൾ പലതാകാം. എന്നാൽ, നാം നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന മൂന്ന് ഉത്പന്നങ്ങൾ ഹൈപ്പർപിഗ്മെന്റേഷന് കാരണമാകുന്നു. അവ ഏതാണെന്ന് പരിശോധിക്കാം.  

To advertise here,

ഹൈപ്പർപിഗ്മെന്റേഷന് കാരണമാകുന്ന മൂന്ന് ഉത്പന്നങ്ങൾ

1. ഹെയർ കളർ
പല ഹെയർ ഡൈകളിലും  പാരഫെനിലീൻഡയമീൻ എന്ന രാസവസ്തു അടങ്ങിയിട്ടുണ്ട്, ഇത് ചൊറിച്ചിൽ, അലർജി, ചർമ്മം ഇരുണ്ടുപോകൽ എന്നിവയ്ക്ക് കാരണമാകും. ഇത് ഇറിറ്റന്റ് കോൺടാക്റ്റ് ഡെർമറ്റൈറ്റിസ് അല്ലെങ്കിൽ ലൈക്കൻ പ്ലാനസ് പിഗ്മെന്റോസസ് എന്നിവയിലേക്ക് നയിക്കുന്നു, ഇത് മുഖത്തും കഴുത്തിലും പൂർണ്ണമായി ഹൈപ്പർപിഗ്മെന്റേഷൻ ഉണ്ടാകുന്ന അവസ്ഥയാണ്.

2. നെറ്റിയിൽ പുരട്ടുന്ന ബാം
തലവേദനയ്‌ക്കോ ജലദോഷത്തിനോ വേണ്ടി നിങ്ങൾ ഉപയോഗിക്കുന്ന ഈ ബാമുകൾ ഇറിറ്റന്റ് കോൺടാക്റ്റ് ഡെർമറ്റൈറ്റിസിനും പോസ്റ്റ്-ഇൻഫ്ലമേറ്ററി ഹൈപ്പർപിഗ്മെന്റേഷനും കാരണമാകും. അതിനാൽ നെറ്റിയിൽ കറുത്ത ഒരു വര കാണാൻ കഴിയും. ഇതിലെ ചില ചേരുവകൾ  ചർമ്മത്തെ സൂര്യപ്രകാശം ഏൽക്കുമ്പോൾ കൂടുതൽ സെൻസിറ്റീവ് ആക്കുകയും കാലക്രമേണ പിഗ്മെന്റേഷന് കാരണമാകുകയും ചെയ്യും.

3. പെർഫ്യൂമുകൾ
പലപ്പോഴും പെർഫ്യൂം ചർമ്മത്തിൽ നേരിട്ട് സ്പ്രേ ചെയ്യാറുണ്ട്, പ്രത്യേകിച്ച് കഴുത്ത് പോലെ സൂര്യപ്രകാശം ഏൽക്കുന്ന ഭാഗങ്ങളിൽ. ഇത് കഴുത്തിലും വായയ്ക്ക് ചുറ്റിലുമെല്ലാം ഹൈപ്പർപിഗ്മെന്റേഷന് കാരണമാകാം. കൂടാതെ, പെർഫ്യൂമുകളിലെ ആൽക്കഹോളും സുഗന്ധ സംയുക്തങ്ങളും അൾട്രാവയലറ്റ് രശ്മികളുമായി പ്രതിപ്രവർത്തിച്ച് ഹൈപ്പർപിഗ്മെന്റേഷന് കാരണമാകുമെന്നും, ഇത് ചർമ്മത്തിന്റെ പല ഭാഗങ്ങളിലും നിറവ്യത്യാസമുണ്ടാക്കുമെന്നുമാണ് വിദഗ്ധരുടെ അഭിപ്രായം.

( പൊതുവായ വിവരങ്ങൾ മാത്രമാണിവ. കൂടുതൽ വിവരങ്ങൾക്കായി എപ്പോഴും ഒരു ഡോക്ടറെയോ സമീപിക്കുക.)

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi