നന്നായി കൂര്‍ക്കം വലിച്ചുറങ്ങുന്നത് ആരോഗ്യത്തിന്റെ ലക്ഷണമായി കണ്ടിരുന്നു കുറച്ചുകാലം മുന്‍പുവരെ. അതൊരു തെറ്റിദ്ധാരണയായിരുന്നു. ഉറക്കത്തിനിടയിലുള്ള കൂര്‍ക്കംവലി രോഗലക്ഷണമാണ് പുതിയ കണ്ടെത്തല്‍. ഒബ്‌സ്ട്രക്ടിവ് സ്ലീപ് അപ്നിയ (ഒഎസ്എ) എന്ന രോഗത്തിന്റെ ലക്ഷണമാകാമത്രേ ഈ കൂര്‍ക്കംവലി. ശ്വസനസമയത്ത് മൂക്കിലൂടെ വായു ഉള്ളിലേക്ക് കടക്കും. ഇത് ശ്വാസനാളത്തിലൂടെ കുറുനാക്ക് കടന്ന് ശ്വാസകോശത്തിലെത്തും. ഉറങ്ങുമ്പോള്‍ നമ്മുടെ പേശികളെല്ലാം അയഞ്ഞ അവസ്ഥയിലായിരിക്കും. അതിനാല്‍ വായുകടന്നുപോകുമ്പോള്‍ അവിടെയെല്ലാം തട്ടി ആ ഭാഗത്തെ പേശികള്‍ ചെറുതായി വിറയ്ക്കും. ഈ ശബ്ദമാണ് കൂര്‍ക്കംവലി.

To advertise here,
  •  കൂര്‍ക്കംവലിക്കുന്നതു മൂലം ശരീരത്തിലേക്കുള്ള ഓക്‌സിജന്റെ അളവില്‍ കുറവുണ്ടാവുകയും അമിത രക്തസമ്മര്‍ദം, ഹൃദയസ്തംഭനം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും.
  • ഗ്ലൂക്കോസ് നില ഉയര്‍ന്ന് പ്രമേഹസാധ്യത കൂടുകയും ചെയ്യാം. രക്തധമനികളുടെ ജരാവസ്ഥയെത്തുടര്‍ന്ന് രക്തം കട്ടപിടിക്കാനും ഇടയാക്കും.
    ശ്രദ്ധിക്കണം ഈ ലക്ഷണങ്ങള്‍
  • കൂര്‍ക്കംവലിയാണ് ഒബ്‌സ്ട്രക്ടിവ് സ്ലീപ് അപ്നിയയുടെ പ്രധാന ലക്ഷണം.
  • ഉറങ്ങുമ്പോഴുള്ള ശ്വാസതടസ്സം, ഇടയ്ക്ക് ഞെട്ടിയുണരുക, വിയര്‍പ്പ്, കൈകാലുകള്‍ അനക്കിയുള്ള ഉറക്കം, പകലുറക്കം, രാവിലെയുണ്ടാകുന്ന തലവേദന എന്നിവയും കണ്ടേക്കാം.

ആര്‍ക്കെല്ലാം വരാം
അമിതവണ്ണമുള്ള മധ്യവയസ്സുകാരായ പുരുഷന്‍മാരിലാണ് ഒഎസ്എ കൂടുതലായി കാണുന്നത്. ആര്‍ത്തവവിരാമമെത്തിയ സ്ത്രീകളിലും കാണാറുണ്ട്. മൂന്നിനും എട്ടുവയസ്സിനും ഇടയിലുള്ള കുട്ടികള്‍ക്കും രോഗസാധ്യതയുണ്ട്. മൂക്കിനകത്തെ ദശ, മൂക്കിന്റെ പാലത്തിലുണ്ടാകുന്ന വളവ്, അണ്ണാക്കിന്റെ നീളക്കൂടുതല്‍ എന്നീ പ്രശ്‌നമുള്ളവര്‍ക്ക് അമിതവണ്ണമില്ലെങ്കിലും കൂര്‍ക്കംവലി ഉണ്ടാകാം.

എന്തുചെയ്യണം
മുകളില്‍ പറഞ്ഞ ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ ഒരു ഇഎന്‍ടി വിദഗ്ധനെ സമീപിക്കാം. പ്രാഥമികപരിശോധനയ്ക്ക് ശേഷം പോളിസൊമ്‌നോഗ്രാഫി ടെസ്റ്റിലൂടെ സ്ലീപ് അപ്‌നിയയാണോ പ്രശ്‌നമെന്ന് ഉറപ്പിക്കാം.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi