ഒരാളെ കണ്ടു സംസാരിച്ചശേഷം നിങ്ങൾക്കിടയിൽ നടന്ന സംഭാഷണങ്ങളെപ്പറ്റി മനസ്സിലിട്ട് കീറിമുറിച്ച് പരിശോധിക്കാറുണ്ടോ? ആരെങ്കിലും സോഷ്യൽ മീഡിയയിൽ സ്റ്റോറിയിട്ടാൽ അതെന്നെ ഉദ്ദേശിച്ചായിരിക്കുമോ എന്ന് ചിന്തിച്ച് സമയം കളയാറുണ്ടോ? അമിതമായ ഇത്തരം ചിന്തകളിൽ നമ്മളൊക്കെ പെട്ടുപോവാറുണ്ട്.
അമിതമായി ചിന്തിക്കുന്നത് ഒരു സാധാരണശീലമാണ്. പക്ഷേ, തുടക്കത്തിൽ ആ ചിന്ത പ്രയോജനകരമെന്നു തോന്നുമെങ്കിലും അമിതചിന്ത ആഴത്തിലുള്ളൊരു പടുകുഴിയാണ്. ഒരേ സാഹചര്യങ്ങളെക്കുറിച്ച് വീണ്ടും വീണ്ടും ചിന്തിക്കുക, ഭാവിയെക്കുറിച്ച് ആശങ്കപ്പെടുക, അല്ലെങ്കിൽ കഴിഞ്ഞുപോയ തീരുമാനങ്ങളെക്കുറിച്ച് ഖേദിക്കുക എന്നിവയെല്ലാമാണ് പലപ്പോഴും അമിതചിന്തയ്ക്ക് വഴിയൊരുക്കുന്നത്. യഥാർത്ഥ പരിഹാരത്തിന് ശ്രമിക്കാതെ, ഈ കാര്യങ്ങൾ മനസ്സിലിട്ട് ആവർത്തിക്കുന്നത് നമ്മുടെ സമാധാനത്തെയും ഊർജ്ജത്തെയും പതുക്കെ ഇല്ലാതാക്കും.
അമിതചിന്ത പലപ്പോഴും പ്രശ്നപരിഹാരമാണെന്ന് തോന്നിപ്പിക്കുമെങ്കിലും യഥാർത്ഥത്തിൽ അതൊരു കെണിയാണ്. സമ്മർദ്ദം വർധിപ്പിക്കാനും വൈകാരികമായി കുടുക്കാനുമേ പലപ്പോഴും ഇത് ഉപകരിക്കൂ. ഒരു കാര്യത്തെക്കുറിച്ച് ദീർഘനേരം ചിന്തിക്കുമ്പോൾ, നിങ്ങളുടെ തലച്ചോറ് അ ചിന്തയിൽ കുടുങ്ങിപ്പോവും, പുതിയ ഒന്നിനും ഇടം നൽകാതെ. തീരുമാനമെടുക്കാനുള്ള പ്രക്രിയ ഇത് മന്ദഗതിയിലാക്കും.
സ്വന്തം തീരുമാനങ്ങളിൽ ആത്മവിശ്വാസമില്ലായ്മയും അമിതമായി ചിന്തിക്കുന്നവരുടെ ലക്ഷണമാണ്. എന്തിനും മറ്റുള്ളവരുടെ അംഗീകാരം തേടൽ, സംശയം, വ്യക്തിപരമായ വളർച്ച മുരടിക്കൽ എന്നിവ പരിണിതഫലമാണ്.
ഭൂതകാലത്തിൽ കുടുങ്ങിക്കിടക്കുന്നതുപോലെ തന്നെ അപകടമാണ് ഇതുവരെ സംഭവിക്കാത്ത ഭാവിക്കുവേണ്ടി അമിതമായി ആസൂത്രണം ചെയ്യുന്നതും. ഒരുകാര്യം ഓർക്കുക, ചിന്ത എന്തെങ്കിലും ചെയ്യുന്നതിലേക്കോ സമാധാനത്തിലേക്കോ നയിക്കുന്നുവെങ്കിൽ, അത് നല്ല ചിന്തയാണ്. മറിച്ച് ആശങ്കയിലേക്കാണെങ്കിൽ അമിതചിന്തയാണ്.
രക്ഷപ്പെടാൻ ചില വഴികൾ
- മനസ്സിലുള്ളതെല്ലാം ഒരു കടലാസിൽ എഴുതി ചിന്താഭാരം കുറയ്ക്കുക.
- ആശങ്കപ്പെടാനായി 15-20 മിനിറ്റ് സ്വയം നൽകുക. സമയം കഴിഞ്ഞാൽ, നിങ്ങളുടെ ശ്രദ്ധ മാറ്റുക.
- പാട്ട് കേൾക്കാം, നടക്കാനിറങ്ങാം
- സുഹൃത്തുക്കളോടോ ഇഷ്ടമുള്ളവരോടോ കാര്യങ്ങൾ തുറന്നുപറയുക. നിശബ്ദമായി ആലോചിക്കുന്നതിനേക്കാൾ വ്യക്തത സംസാരിക്കുമ്പോൾ ലഭിക്കും.
- അമിതമായി ചിന്തിക്കുന്നത് മനുഷ്യസഹജമാണെന്ന കാര്യവും ഓർക്കുക
(ശ്രദ്ധിക്കുക, പൊതുവായ കാര്യങ്ങളാണിവ, മാനസികാരോഗ്യവിദഗ്ധന്റെ സഹായത്തോടെ ജീവിതത്തിൽ മാറ്റംവരുത്തുക)
Published: 17 Jul 2025, 07:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented