ഒരാളെ സ്റ്റോക്ക് ചെയ്യുന്നത് ആരോഗ്യത്തെ ബാധിക്കുമോ? ബാധിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. പിന്നാലെ നടന്ന് ശല്യം ചെയ്യുന്നതും സോഷ്യൽമീഡിയയിലൂടെ വ്യക്തിപരമായ കടന്നുകയറ്റം നടത്തുന്നവരും ഇന്ന് അനവധിയാണ്. എന്നാൽ സ്റ്റോക്കിങ് നേരിടുന്ന സ്ത്രീകളുടെ ആരോഗ്യം അപകടത്തിലാണെന്നാണ് 'സർക്കുലേഷൻ' എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പുതിയ പഠനം പറയുന്നത്.

സ്റ്റോക്കിങ്ങിന് ഇരയാകുന്ന സ്ത്രീകൾക്ക് ഹൃദയാഘാതം അല്ലെങ്കിൽ പക്ഷാഘാതം വരാനുള്ള സാധ്യത വർദ്ധിക്കുമെന്നാണ് പഠനം നൽകുന്ന സൂചന. ഒരാളുടെ അനുവാദമോ താത്പര്യമോ കൂടാതെ അയാളെ നിരന്തരം പിന്തുടരുന്ന രീതിയാണ് സ്റ്റോക്കിങ്. ശാരീരികമായി ഉപദ്രവം ഉണ്ടായില്ലെങ്കിലും മറ്റൊരാളുടെ സ്വകാര്യതയിലേക്ക് കടന്നുചെല്ലുന്ന പ്രവൃത്തിയായാണ് സ്റ്റോക്കിങ്ങിനെ കണക്കാക്കുന്നത്. തുടർച്ചയായി സ്റ്റോക്കിങ്ങിന് വിധേയരാകുന്ന മൂന്നിൽ രണ്ട് സ്ത്രീകൾക്ക് അവരുടെ ജീവിതത്തിൽ ഇത്തരം ആരോഗ്യപ്രശ്നങ്ങൾ നേരിടേണ്ടി വരുമെന്നാണ് പഠനം പറയുന്നത്. 'നേഴ്‌സസ് ഹെൽത്ത് സ്റ്റഡി II' - ന്റെ ഭാഗമായി ശേഖരിച്ച വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ കണ്ടെത്തലുകൾ.

മറ്റുള്ളവരെ അപേക്ഷിച്ച് സ്റ്റോക്കിങ് നേരിട്ട സ്ത്രീകളിൽ ഹൃദയാഘാതത്തിനും സ്ട്രോക്കിനുമുള്ള സാധ്യത 41 ശതമാനം കൂടുതലായിരിക്കുമെന്ന് ഹാർവാർഡ് ടി എച്ച് ചാൻ സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്തിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. സ്റ്റോക്കിങ് നേരിട്ടവരും നിയമപരമായ സംരക്ഷണം ലഭിച്ചവരുമായ 66000-ത്തിലധികം സ്ത്രീകളിലാണ് പഠനം നടത്തിയത്.

മെഡിക്കൽ രേഖകൾ പ്രകാരം ഹൃദയാഘാതമോ പക്ഷാഘാതമോ വന്ന സ്ത്രീകൾക്ക് മുൻകാലങ്ങളിൽ  സ്റ്റോക്കിങ് നേരിട്ടിരിക്കാനുള്ള സാധ്യത കൂടുതലാണ്. പഠനത്തിൽ പങ്കെടുത്ത സ്ത്രീകളിൽ ഏകദേശം 12 ശതമാനം പേരിൽ സ്റ്റോക്കിങ് റിപ്പോർട്ട് ചെയ്തപ്പോൾ, ആറുശതമാനവും അതിനെതിരേ നിയമസഹായം തേടിയവരാണ്. 

സ്റ്റോക്കിങ് മൂലമുള്ള മാനസിക സമ്മർദ്ദമാകാം രോഗാവസ്ഥയിലേക്ക് നയിക്കുന്നതെന്ന് ഗവേഷകർ പറയുന്നു. ഇത് നാഡീവ്യവസ്ഥയുടെയും രക്തക്കുഴലുകളുടെ ശരിയായ പ്രവർത്തനത്തെയും മറ്റ് ജൈവീക പ്രക്രിയകളെയും തടസ്സപ്പെടുത്തിയേക്കാം. സമ്മർദ്ദം രക്തക്കുഴലുകളുടെ ഭിത്തികൾക്ക് കേടുപാടുകൾ വരുത്തുന്നു. യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനിൽ നിന്നുള്ള ഡാറ്റ അനുസരിച്ച്, മൂന്നിലൊന്ന് സ്ത്രീകൾ ജീവിതത്തിൽ എപ്പോഴെങ്കിലും ഏതെങ്കിലും തരത്തിൽ സ്റ്റോക്കിങ്ങിന് വിധേയരാകുന്നുണ്ട്.

അതേസമയം, ഹൃദയസംബന്ധമായ അസുഖങ്ങൾക്കുള്ള ഒരു കാരണമായി ഇതിനെ കണക്കാക്കാനാകില്ല. സ്ത്രീകളിലെ ഹൃദയസംബന്ധമായതും  വിട്ടുമാറാത്തതുമായ രോഗങ്ങളുടെ  മറ്റ് കാരണങ്ങൾ  മനസ്സിലാക്കുകയായിരുന്നു  പഠനത്തിന്റെ ലക്ഷ്യമെന്ന് ഗവേഷകർ പറയുന്നു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi