സെലിബ്രിറ്റികള്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്യുന്നതും ലുക്ക് പുതുക്കുന്നതും വര്‍ത്തയാകാറുണ്ട്. ചില സര്‍ജറികള്‍ സൗന്ദര്യം ഇരട്ടിയാക്കും. എന്നാല്‍ പാളിപ്പോകുന്ന, ഉള്ള ലുക്കും പാഴാക്കുന്ന സര്‍ജറി പരാജയങ്ങളും കുറവല്ല. ലോകത്ത് എല്ലായിടത്തും പ്ലാസ്റ്റിക് സര്‍ജറി ട്രെന്‍ഡ് വളരുന്നുണ്ട്. എന്നാല്‍ സൗത്ത് കൊറിയ പോലെ ഭൂരിഭാഗം തദ്ദേശീയരും വിദേശികളും സര്‍ജറി ചെയ്യുന്ന മറ്റൊരു രാജ്യമില്ല. ലോകത്തിന്റെ പ്ലാസ്റ്റിക് സര്‍ജറി കാപ്പിറ്റല്‍ എന്നാണ് സൗത്ത് കൊറിയ അറിയപ്പെടുന്നത്.

To advertise here,

2018 വരെയുള്ള കണക്കുകള്‍ പ്രകാരം അമേരിക്കയില്‍ ഇരുപതില്‍ ഒരാളാണ് പ്ലാസ്റ്റിക് സര്‍ജറി ചെയ്യുന്നതെങ്കില്‍ സൗത്ത് കൊറിയയില്‍ അഞ്ചില്‍ ഒരാള്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്യുന്നു എന്നുകാണാം. സ്ത്രീകളാണ് കൂടുതലും സര്‍ജറി ചെയ്യുന്നത്. അതും മുപ്പത് വയസ്സില്‍ താഴെയുള്ളവരിലാണ് സര്‍ജറി കൂടുതല്‍. എന്നാല്‍ സമീപകാലത്തായി പുരുഷന്മാര്‍ക്കിടയിലും സര്‍ജറി ചെയ്യുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. 

അങ്ങേയറ്റം വ്യാപകമാണ് എന്നതുകൊണ്ട് തന്നെ മറ്റ് രാജ്യങ്ങളെക്കാള്‍ താരതമ്യേന ചിലവും കുറവാണ് സൗത്ത് കൊറിയയില്‍ പ്ലാസ്റ്റിക്ക് സര്‍ജറിക്ക്. അങ്ങേയറ്റം സ്‌പെഷ്യലൈസ്ഡ് ചെയ്തുള്ള സര്‍ജറിയും ചികിത്സയും ലഭ്യവുമാണ്. അതുകൊണ്ട് ലോകത്തിന്റെ നാനാഭാഗത്ത് നിന്ന് സൗത്ത് കൊറിയയിലേക്ക് പ്ലാസ്റ്റിക് സര്‍ജറി ചെയ്യാന്‍ ആളെത്താറുണ്ട്. 

placeholder
Shutterstock Images

ജപ്പാന്റെ കോളനിയായിരുന്ന ഏഴാം നൂറ്റാണ്ട് മുതല്‍ സൗന്ദര്യത്തിന് അമിതപ്രാധാന്യം നല്‍കുന്ന രീതി സൗത്ത് കൊറിയയിലുണ്ട്. വ്യക്തിയുടെ രൂപം വ്യക്തിയുടെ മറ്റെല്ലാ ഗുണത്തേക്കാള്‍ പ്രധാനമാണെന്ന് അവര്‍ വിശ്വസിക്കുന്നു. സ്വന്തം സൗന്ദര്യവും രോഗവും സംരക്ഷിക്കാന്‍ കഴിയാത്ത വ്യക്തി കഴിവുകെട്ടയാളാണെന്നാണ് അവരുടെ പൊതുധാരണ. വിദ്യാര്‍ത്ഥി കാലത്ത് തന്നെ മിക്ക കുട്ടികളും അവിടെ പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയരാകാറുണ്ട്. ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്ക് വീട്ടുകാരുടെ സമ്മാനം പ്ലാസ്റ്റിക് സര്‍ജറിക്കുള്ള അപ്പോയ്ന്റ്‌മെന്റാണ് എന്നും പറയപ്പെടുന്നു.

ത്വക്കിന്റെ നിറം വര്‍ധിപ്പിക്കാനുള്ള സ്‌കിന്‍ വൈറ്റനിങ് ആണ് താരതമ്യേന ചിലവ് കുറഞ്ഞ ചികിത്സ. മൂക്കിന്റെ ആകൃതി മാറ്റുന്ന റൈനോപ്ലാസ്റ്റി, കണ്ണിന്റെ ചുറ്റിലുമുള്ള ത്വക്കിന് മാറ്റം വരുത്തി കണ്ണിന്റെ രൂപം മാറ്റുന്ന ബ്ലെഫാറോപ്ലാസ്റ്റി, താടിയെല്ലും കവിളെല്ലും എടുത്തുകാണുന്ന വിധം മുഖത്തിന്റെ ആകൃതി മാറ്റുന്ന കോണ്‍ടൂറിങ്, ചുളിവുകള്‍ മാറ്റുന്ന സ്‌കിന്‍ ടൈറ്റനിങ്... അങ്ങനെ പലവിധം ചികിത്സകളും സര്‍ജറികളും സൗത്ത് കൊറിയയില്‍ ലഭിക്കുന്നു.