ഏറെക്കാലം പോളിസിസ്റ്റിക് ഓവറി സിൻഡ്രോമുമായി (PCOS) മല്ലിടേണ്ടിവന്നിട്ടുണ്ട് സാറ ടെണ്ടുൽക്കറിന്. അതിനെക്കുറിച്ച് അവർ പലപ്പോഴും പറഞ്ഞിട്ടുമുണ്ട്. അത് തന്റെ ആത്മവിശ്വാസത്തെ പോലും ബാധിച്ചുവെന്ന് അവർ വെളിപ്പെടുത്തിയിരുന്നു.

To advertise here,

''പിസിഒഎസ് എനിക്കൊരുപാട് ബുദ്ധിമുട്ടുകളും വെല്ലുവിളികളുമുണ്ടാക്കി. ചർമത്തിലും ശരീരത്തിലും അതിന്റെ അടയാളങ്ങളുണ്ടായി. എണ്ണമയമുള്ള ചർമം, മുഖക്കുരു ഒക്കെ അതിന്റെ ഭാഗമായി വന്നു. ശരീരാരോഗ്യവും ചർമത്തിന്റെ ആരോഗ്യവും എത്രമാത്രം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് മനസ്സിലാവാൻ ഇതിലൂടെ കഴിഞ്ഞു''.

പിന്നീട് അമ്മയായ ഡോ.അഞ്ജലി ടെണ്ടുൽക്കറിന്റെ സഹായത്തോടെ, കൃത്യമായ ഭക്ഷണക്രമത്തിലൂടെയാണ് ആ പ്രശ്‌നത്തിന് സാറ പരിഹാരം കണ്ടത്. അതിനൊപ്പം ശരീരഭാരം കുറയ്ക്കാനുള്ള മാർഗങ്ങളും സ്വീകരിച്ച് ഈ അസുഖത്തെ അവർ മറികടന്നു.

ഈ ഭക്ഷണക്രമവും വ്യായാമവും തന്റെ ചർമസൗന്ദര്യത്തിനും സഹായിച്ചുവെന്ന് സാറ പലപ്പോഴും പറഞ്ഞിട്ടുണ്ട്. വെള്ളംകുടിച്ചാണ് ഒരുദിവസം സാറ തുടങ്ങുന്നത്. ''ആദ്യം ഒരു ഗ്ലാസ് വെള്ളംകുടിക്കും. പിന്നീട് ബ്ലാക്ക് കോഫിയും, നട്‌സും കഴിക്കും. കാപ്പി ഒരു കാരണവശാലും ഒഴിവാക്കില്ല ഞാൻ. അതിനുശേഷം വ്യായാമവും. എനിക്ക് അതിരാവിലെ വ്യായാമം ചെയ്യാനിഷ്ടമാണ്''.

പൊതുവെ ഡയറ്റുകൾ പിന്തുടരുന്നയാളല്ല സാറ. ''അങ്ങനെ ഡയറ്റുകളൊന്നും എടുക്കാറില്ല. കാർബോഹൈഡ്രേറ്റ്‌സ് കഴിക്കുന്നത് എനിക്കൊരുപാട് ഇഷ്ടമാണെങ്കിലും, അതിന്റെ അളവ് കഴിയുന്നത്ര കുറയ്ക്കാൻ ഞാൻ ശ്രമിക്കും. പഞ്ചസാരയും ഒഴിവാക്കാൻ ശ്രമിക്കാറുണ്ട്. പക്ഷേ, ഭക്ഷണകാര്യത്തിൽ കർശനമായ റൂളുകളൊന്നും ഞാൻ നോക്കാറില്ല''.

ഒരു ഹോംമെയ്ഡ് പ്രോട്ടീൻ ഷേക്ക് ദിവസവും കഴിക്കും. ''സ്‌പെഷൽ പ്രോട്ടീൻ ഷേക്കാണിത്. മാമ്പഴം, പൈനാപ്പിൾ, ഫ്‌ളാക്‌സ് സീഡ്, ചിയ സീഡ്, പ്രോട്ടീൻ പൗഡർ, തേങ്ങാപ്പാൽ എന്നിവയാണ് ഇതിൽ ഉൾപ്പെടുന്നത്. ചിലപ്പോൾ പഴം, ബെറി, വാനില പൗഡർ, യോഗർട്ട്, ആൽമണ്ട് മിൽക്ക്, പ്രോട്ടീൻ പൗഡർ എന്നിവ ചേർത്തും ഷെയ്ക്കുണ്ടാക്കും''. മറാത്തി-ഗുജറാത്തി ഭക്ഷണങ്ങളാണ് പൊതുവെ കഴിക്കാറുള്ളതെന്ന് സാറ പറയുന്നു. ''ചീസ് ദോശ എനിക്കിഷ്ടമാണ്. പിന്നെ ബ്രൗൺ ബ്രെഡ് ടോസ്റ്റും സ്‌ക്രാംബിൾഡ് എഗ്ഗും''.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi