സച്ചിൻ ടെണ്ടുൽക്കറിന്റെ മകൾ സാറ ടെണ്ടുൽക്കർ മോഡലും സംരംഭകയും ജീവകാരുണ്യപ്രവർത്തകയും കൂടിയാണ്. സോഷ്യൽമീഡിയ ഇൻഫ്‌ളുവൻസർ കൂടിയായ സാറയുടെ പ്രതിഫലമാണ് ഇപ്പോൾ ചർച്ചയാകുന്നത്.

കമ്പനികൾക്കായി സാറ ഇടുന്ന ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിന് അവർക്ക് ലഭിക്കുന്നത് 25 മുതൽ 30 ലക്ഷം വരെ രൂപയാണ്. 8 മില്യൺ ഫോളോവേഴ്‌സാണ് ഇൻസ്റ്റഗ്രാമിൽ സാറയ്ക്കുള്ളത്. മോഡലെന്ന നിലയിലും സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർ എന്ന നിലയിലും അത്ര വലിയ സ്വാധീനമാണ് ആരാധകർക്കിടയിൽ സാറയ്ക്കുള്ളത്. ഇത്ര വലിയ പ്രതിഫലം ലഭിക്കുന്നതിലൂടെ രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന സോഷ്യൽമീഡിയ ഇൻഫ്‌ളുവൻസർമാരിലൊരാൾ കൂടിയായി സാറ.

യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടനിൽനിന്ന് ക്ലിനിക്കൽ ആന്റ് പബ്ലിക് ഹെൽത്ത് ന്യുട്രീഷനിൽ പോസ്റ്റ് ഗ്രാജ്വേഷൻ പൂർത്തിയാക്കിയിട്ടുണ്ട് സാറ. ഇപ്പോൾ സച്ചിൻ ടെണ്ടുൽക്കർ ഫൗണ്ടേഷന്റെ ഡയറക്ടർ കൂടിയാണ് അവർ. സ്‌പോർട്‌സ്, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയവയിൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതാണ് സച്ചിൻ ടെണ്ടുൽക്കർ ഫൗണ്ടേഷൻ.

മുംബൈ അന്ധേരിയിൽ കുറച്ചുനാൾ മുമ്പാണ് സാറ ഒരു പുതിയ ഫിറ്റ്‌നെസ് സംരംഭം തുടങ്ങിയത്. 'പലാട്ടീസ് അക്കാദമി' എന്നാണ് അതിന്റെ പേര്. സാറ പ്ലാനേഴ്‌സ് എന്ന പേരിലൊരു ഓൺലൈൻ ബിസിനസും സാറയുടേതായിട്ടുണ്ട്. കസ്റ്റമൈസ്ഡ് ഡയറികളും പ്ലാനറുകളുമാണ് അതിലൂടെ പ്രധാനമായും വിൽക്കുന്നത്. കൂടെ മോഡലിങ്, ബ്രാൻഡ് എൻഡോഴ്‌സ്‌മെന്റ് എന്നിവയിലൂടെയും സാറയ്ക്ക് വരുമാനം ലഭിക്കുന്നു. 2021-ലാണ് മോഡലിങ്ങിലേക്ക് തിരിയുന്നത്. പ്രശസ്ത ഓൺലൈൻ ബ്രാൻഡായ അജിയോയ്ക്കുവേണ്ടിയാണ് ആദ്യമായി മോഡലിങ് ചെയ്യുന്നത്. അതിനുശേഷം പല ബ്രാൻഡുകൾക്കൊപ്പവും പ്രവർത്തിച്ചു.

മാസങ്ങൾക്കുമുമ്പ് ഓസ്‌ട്രേലിയൻ സർക്കാരിന്റെ ടൂറിസം ക്യാമ്പയിനായ 'കം ആന്റ് സേ ജി-ഡേ'യുടെ ഇന്ത്യൻ ബ്രാൻഡ് അംബാസഡറായി സാറയെ നിയമിച്ചിരുന്നു. ഓസ്‌ട്രേലിയൻ ടൂറിസം വകുപ്പാണ് സാറയെ അംബാസഡറാക്കാൻ തീരുമാനിച്ചത്. 1080 കോടി രൂപയുടെ ക്യാമ്പയിനാണത്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi