
കുട്ടികളിലെ അർബുദ ബോധവത്ക്കരണ മാസമായാണ് സെപ്റ്റംബർ ആചരിക്കപ്പെടുന്നത്. കുട്ടികളിലെ കാൻസർ ലക്ഷണങ്ങളെക്കുറിച്ച് രക്ഷിതാക്കളിൽ ശരിയായ അറിവും ജാഗ്രതയും വളർത്തേണ്ടത് പ്രധാനമാണ്. കാൻസർ എത്രയും പെട്ടന്ന് തിരിച്ചറിഞ്ഞ് ചികിത്സ ആരംഭിക്കാനായാൽ അത് രോഗപ്രതിരോധത്തിന് വലിയ സഹായം തന്നെയായി മാറാം. കുട്ടികൾ കളിക്കുമ്പോഴോ മറ്റോ വീഴുമ്പോഴുണ്ടാകുന്ന സാധാരണ പരിക്കുകളോ നിസ്സാര അസുഖങ്ങളോ ആയി തെറ്റിദ്ധരിക്കപ്പെടാൻ സാധ്യതയുള്ള ചില ലക്ഷണങ്ങൾപോലും കുട്ടിക്കാലത്തെ കാൻസറിന്റെ ആദ്യസൂചനകളാകാം.
കളിക്കുമ്പോൾ ഉണ്ടാകുന്ന ചെറിയ പരിക്കുകളും കാൻസറിന്റെ ആദ്യലക്ഷണങ്ങളും
• കാരണമില്ലാത്ത ക്ഷീണം തളർച്ച: കളിച്ച് തളർന്ന് ഉറങ്ങുന്നത് സാധാരണമാണ്. എന്നാൽ ആവശ്യത്തിന് വിശ്രമവും ഭക്ഷണവും ലഭിച്ചിട്ടും കുട്ടി എപ്പോഴും തളർന്നിരിക്കുക, കളികളിൽ താത്പര്യം കാണിക്കാതിരിക്കുക എന്നിവ ശ്രദ്ധിക്കണം.
• വിട്ടുമാറാത്ത പനി, അണുബാധ: കളിസ്ഥലങ്ങളിൽ നിന്ന് ലഭിക്കുന്ന രോഗാണുക്കൾ കാരണം ഇടയ്ക്കിടെ പനി വരാം. എന്നാൽ പ്രത്യേക കാരണങ്ങളില്ലാതെ ആഴ്ചകളോളം നീണ്ടുനിൽക്കുന്ന പനിയോ ഇടയ്ക്കിടെയുണ്ടാകുന്ന ഗുരുതരമായ അണുബാധകളോ രക്താർബുദത്തിന്റെ (ലുക്കേമിയ) ലക്ഷണമാകാം.
• അസാധാരണമായ തടിപ്പുകളും വീക്കങ്ങളും: വീഴുമ്പോൾ മുട്ടിലോ കൈകാലുകളിലോ ഉണ്ടാകുന്ന വീക്കം കുറച്ചു ദിവസങ്ങൾ കൊണ്ട് മാറേണ്ടതാണ്. എന്നാൽ വയറിലോ കഴുത്തിലോ കക്ഷത്തിലോ തുടകളിലോ കാണുന്ന, വേദനയില്ലാത്തതും മാറാതെ നിൽക്കുന്നതുമായ തടിപ്പുകൾ അപായസൂചനയാകാം.
• ശരീരത്തിലെ നീർക്കെട്ടും അസ്ഥിവേദനയും: കളിക്കിടെയുള്ള ഓട്ടത്തിനിടയിൽ വീണുണ്ടാകുന്ന വേദനയല്ലാതെ, രാത്രികാലങ്ങളിൽ കുട്ടി അസ്ഥികളിലോ സന്ധികളിലോ കഠിനമായ വേദനയുണ്ടെന്ന് പരാതിപ്പെടുകയാണെങ്കിൽ വൈദ്യസഹായം തേടണം.
• രക്തസ്രാവവും ചതവുകളും: കളിക്കിടെ നിസ്സാരമായി തട്ടുമ്പോൾ തന്നെ ശരീരത്തിൽ അസ്വാഭാവികമായി വലിയ കറുത്ത പാടുകൾ ഉണ്ടാകുക. കാരണം കൂടാതെ മൂക്കിൽ നിന്നോ പല്ലിന്റെ ഇടയിൽ നിന്നോ രക്തം വരിക എന്നിവയും രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ കുറവിനെയാകാം സൂചിപ്പിക്കുന്നത്.
കാഴ്ചയിലെ മാറ്റങ്ങൾ: കണ്ണിന്റെ കൃഷ്ണമണി വെളുത്ത നിറത്തിൽ കാണുക, പെട്ടെന്നുണ്ടാകുന്ന കോങ്കണ്ണ്, കാഴ്ചശക്തി കുറയുക എന്നിവ കണ്ണിനെ ബാധിക്കുന്ന കാൻസറിന്റെ ലക്ഷണമാകാം.
വേദനയില്ലാത്ത മുഴകൾ
കുട്ടികൾ വീഴുമ്പോഴുണ്ടാകുന്ന മുഴകളിൽ സാധാരണയായി കഠിനമായ വേദന അനുഭവപ്പെടാറുണ്ട്. വേദനിക്കുന്ന അത്തരം മുഴകളെക്കുറിച്ചാവും രക്ഷിതാക്കൾ വേവലാതിപ്പെടുന്നതും. എന്നാൽ, വേദനയില്ലാത്ത മുഴകളാണ് പലപ്പോഴും കൂടുതൽ അപകടകാരികൾ. കഴുത്ത്, കക്ഷം, തുടയിടുക്കുകൾ, വയറ്, കൈകാലുകൾ എന്നിവിടങ്ങളിൽ അപ്രതീക്ഷിതമായി കാണപ്പെടുന്നതും, വേദനയില്ലാത്തതുമായ തടിപ്പുകൾ അപായസൂചനയാകാം. ലിംഫോമ അല്ലെങ്കിൽ സോഫ്റ്റ് ടിഷ്യൂ സാർക്കോമ തുടങ്ങിയ അർബുദവകഭേദങ്ങളുടെ പ്രാഥമിക ലക്ഷണം ഇത്തരം വേദനയില്ലാത്ത മുഴകളാണ്.
കുട്ടി വീണുണ്ടായ പരിക്കാണെന്ന് കരുതി ഇത്തരം മുഴകളിൽ തൈലങ്ങൾ പുരട്ടി തിരുമ്മുകയോ ചൂടുപിടിക്കുകയോ ചെയ്യരുത്. ശരീരത്തിൽ വേദനയില്ലാത്തതും ദിനംപ്രതി വലുപ്പം വെക്കുന്നതുമായ ചെറിയ മുഴകൾ ശ്രദ്ധയിൽപ്പെട്ടാൽ, അത് സാധാരണ നീർക്കെട്ടാണെന്ന് കരുതി അവഗണിക്കാതെ എത്രയും വേഗം ഡോക്ടറെ കാണിച്ച് കൃത്യമായ പരിശോധനകൾ നടത്തണം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- ശരീരത്തിൽ ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങളോ പുതിയ ലക്ഷണങ്ങളോ ഉണ്ടോ എന്ന് പതിവായി നിരീക്ഷിക്കുക.
- ഇത്തരം ലക്ഷണങ്ങൾ രണ്ട് ആഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുകയാണെങ്കിൽ ഉടൻ തന്നെ ഒരു ശിശു ആരോഗ്യവിദഗ്ധന്റെ സേവനം തേടുക.
- ഈ ലക്ഷണങ്ങളൊന്നും കാൻസർ തന്നെയാണെന്ന് ഉറപ്പിക്കുന്നില്ല. സാധാരണ അണുബാധകളോ മറ്റ് നിസ്സാര അസുഖങ്ങളോ ആയിരിക്കാം. അതിനാൽ പരിഭ്രാന്തരാകേണ്ട.
- പരിശോധനകൾക്ക് പോകുമ്പോൾ കുട്ടിയോട് കാര്യം ലളിതമായി വിശദീകരിക്കുക. ഡോക്ടർ അവരെ സഹായിക്കാനാണ് ശ്രമിക്കുന്നതെന്ന ആത്മവിശ്വാസം നൽകുക.
- കൃത്യമായ വൈദ്യപരിശോധന വേണം. ഗൂഗിളിലോ മറ്റ് സോഷ്യൽ മീഡിയകളിലോ തിരഞ്ഞ് സ്വയം രോഗനിർണയം നടത്താതെ, വിദഗ്ദ്ധനായ ഒരു ഡോക്ടറെ കണ്ട് സംശയങ്ങൾ ദുരീകരിക്കുക.
- കുട്ടിക്കാലത്തെ കാൻസറുകൾ മുൻകൂട്ടി തിരിച്ചറിയുകയാണെങ്കിൽ പൂർണ്ണമായും ഭേദമാക്കാൻ സാധിക്കുന്നവയാണ്.
ആസ്റ്റർ മെഡ്സിറ്റിയിലെ പീഡിയാട്രിക് ഓങ്കോളജിയിലെ സീനിയർ കൺസൾട്ടന്റാണ് ലേഖിക
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Awareness of childhood cancer signs and symptoms, Importance of early detection and medical intervention, Support resources for affected children and their families
Published: 25 Sept 2026, 01:15 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented