വെളുത്തുള്ളി തന്റെ ജീവന് ഭീഷണിയാണെന്ന് അമേരിക്കയിലെ ഒരു വനിത വെളിപ്പെടുത്തിയതോടെയാണ് അക്യൂട്ട് ഇന്റര്‍മിറ്റന്റ് പോര്‍ഫിരിയ (എ.ഐ.പി.) അഥവാ 'യക്ഷിരോഗ'ത്തെപ്പറ്റി സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്. വെളുത്തുള്ളി കഴിച്ചാല്‍ തന്റെ ജീവന്‍ പോലും നഷ്ടപ്പെടുമെന്നാണ് ഫീനിക്സ് നൈറ്റിംഗേല്‍ എന്ന 32-കാരി തുറന്നുപറഞ്ഞത്. 

To advertise here,

വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന സള്‍ഫര്‍ അലര്‍ജിയുണ്ടാക്കുന്ന അവസ്ഥയാണിത്. അപൂര്‍വമായൊരു ജനിതകവൈകല്യം. അലര്‍ജിയുണ്ടാകുന്ന സമയത്ത് ശരീരം ദുര്‍ബലമാവുകയും കഠിനമായ വേദനയുണ്ടാവുകയും ചെയ്യും. നാഡീവ്യവസ്ഥയെയാണ് രോഗം ബാധിക്കുക. ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന വയറുവേദന, ഛര്‍ദ്ദി, മൈഗ്രെയ്ന്‍, മലബന്ധം എന്നിവയാണ് മറ്റ് ബുദ്ധിമുട്ടുകള്‍.  

ഈ അവസ്ഥ കാരണം, സള്‍ഫര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ബന്ധിതയായെന്ന് ഫീനിക്‌സ് പറയുന്നു. ഉയര്‍ന്ന അളവിലോ ദീര്‍ഘകാലത്തേക്കോ ഇത്തരം ഭക്ഷണം കഴിക്കുന്നത് മാരകമായേക്കാം. രോഗലക്ഷണങ്ങള്‍ പെട്ടെന്ന് പ്രത്യക്ഷപ്പെടാം, ആഴ്ചകളോളം നീണ്ടുനില്‍ക്കാം. ദൈനംദിന ജീവിതത്തിന് വെല്ലുവിളിയാണിത്. വളരെ ശ്രദ്ധിച്ചാണ് ഭക്ഷണം കഴിക്കുന്നത്. സുരക്ഷിതമാണെന്ന് ഉറപ്പുള്ളതുമാത്രമേ കഴിക്കുന്നുള്ളൂ. മിക്ക മരുന്നുകളും തനിക്ക് കഴിക്കാനാവില്ലെന്നും അവര്‍ പറയുന്നു.  

ജീവിതത്തില്‍ 480-ഓളം പ്രാവശ്യം അലര്‍ജി നേരിട്ടിട്ടുണ്ട് ഫീനിക്‌സ്. ഏറെക്കാലമായി ഇതനുഭവിക്കുകയാണെങ്കിലും കഴിഞ്ഞ വര്‍ഷം മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. അതുവരെ എന്താണ് സംഭവിക്കുന്നതെന്ന് അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. 

മുന്തിരി, സോയ, മദ്യം, കാപ്പി എന്നിവയെല്ലാം എന്നന്നേക്കുമായി ഒഴിവാക്കി. പരിചയമില്ലാത്ത ഹോട്ടലുകളില്‍ ചെല്ലുമ്പോള്‍ മെനു നോക്കി കരയുമെന്നും വെളുത്തുള്ളി മിക്ക പാചകക്കൂട്ടുകളിലും അടങ്ങിയിരിക്കുന്നതിനാല്‍ എന്താണ് കഴിക്കാന്‍ പറ്റുകയെന്ന് തനിക്കുതന്നെ മനസ്സിലാവുന്നില്ലെന്നും ഫീനിക്‌സ് പറയുന്നു.  

വെളുത്തുള്ളിയോടും സൂര്യപ്രകാശത്തോടും യക്ഷികള്‍ക്ക് വെറുപ്പാണെന്നും അവരുടെ രൂപം വിളറിയതാണെന്നുമുള്ള മിത്താണ് യക്ഷിരോഗമെന്നു പേരുവരാന്‍ കാരണമെന്ന് നൈറ്റിംഗേല്‍ പറയുന്നു. പോര്‍ഫിരിയ ബാധിച്ച ചില ആളുകള്‍ക്ക് സൂര്യപ്രകാശം ഏല്‍ക്കുമ്പോള്‍ ശരീരത്തില്‍ കുമിളകളും മറ്റ് ചര്‍മ്മപ്രശ്‌നങ്ങളും ഉണ്ടാകാറുണ്ട്. അതായത് സൂര്യന്‍ അസ്തമിച്ചതിന് ശേഷം മാത്രമേ അവര്‍ക്ക് പുറത്തിറങ്ങാനാവൂ. കെട്ടുകഥകളില്‍ യക്ഷികള്‍ സജീവമാകുന്നത് രാത്രിയിലാണ്, മാത്രമല്ല അവര്‍ക്ക് സൂര്യനെ സഹിക്കാന്‍ കഴിയുകയുമില്ല. ഇത്തരം രോഗികള്‍ക്ക് മൂത്രത്തിന് ചുവന്ന നിറമുണ്ടാവാറുണ്ട്. ചുവന്ന രക്തം കുടിക്കുന്ന യക്ഷികളെ ഇതുമായി ബന്ധപ്പെടുത്തിയിരിക്കാം. ഇതൊക്കെയാണ് രോഗത്തിന് ഈ പേരു വരാന്‍ കാരണം.