നോമ്പുകാലം  ശാരീരികവും മാനസികവുമായ ചിട്ടകളുടെ കാലമാണ്. ഇതുവരെയുള്ള ജീവിതശീലങ്ങളിൽ നിന്ന് പെട്ടെന്നുള്ള മാറ്റമാണ് ഈ കാലയളവിൽ നടക്കുന്നത്. പ്രത്യേകിച്ച് ആഹാരരീതികളിൽ. അതുകൊണ്ടുതന്നെ രോഗികളും മറ്റ് ശാരീരികപ്രശ്‌നങ്ങൾ നേരിടുന്നവരും കരുതലോടെവേണം നോമ്പ് എടുക്കാൻ.

ജീവിതശൈലി രോഗങ്ങൾ ഉള്ളവർ വ്രതാനുഷ്ഠാനം തുടങ്ങുന്നതിന് മുൻപ് ഡോക്ടറെകണ്ട് ആവശ്യമായ മുൻകരുതൽ സ്വീകരിക്കണം. ഗുളികയും ഇൻസുലിനും എടുക്കുന്നവർ അത് വേണ്ടെന്നുവയ്ക്കുന്നത് ഉചിതമല്ല. പകരം ആവശ്യമായ ക്രമീകരണം നടത്താം. രക്തത്തിലെ ഷുഗറിന്റെ അളവ്, ബി.പി., കൊളസ്‌ട്രോൾ നില എന്നിവ നോമ്പ് ആരംഭിക്കുന്നതിന് മുൻപ്തന്നെ നിയന്ത്രണത്തിലാക്കാൻ ശ്രമിക്കണം.

പ്രമേഹരോഗികൾ ശ്രദ്ധിക്കാൻ

  •  നോമ്പെടുക്കുന്നതിന് മുൻപ്തന്നെ ചികിത്സിക്കുന്ന ഡോക്ടറെ കണ്ട് ആവശ്യമായ നിർദേശങ്ങൾ തേടണം.
  • നോമ്പ് തുറന്നശേഷം ആവശ്യത്തിന് വെള്ളം കുടിക്കണം.
  • അമിതമായ വിയർപ്പ്, തലകറക്കം,വിറയൽ എന്നിവ ഷുഗർ കുറയുന്ന ഹൈപ്പോഗ്ലൈസീമിയയുടെ ലക്ഷണങ്ങളാണ്. ഇവ കണ്ടാൽ ഉടൻ ഡോക്ടറെ കാണണം.
  • അത്താഴം കഴിച്ച് രണ്ട് മണിക്കൂർ കഴിഞ്ഞാൽ ഗ്ലൂക്കോമീറ്റർ ഉപയോഗിച്ച് ഷുഗർ പരിശോധിക്കണം.
  •  പ്രമേഹരോഗികൾ നോമ്പുസമയത്ത് ഗ്ലൂക്കോസ് നില പെട്ടെന്ന് താഴുന്നതരം വ്യായാമങ്ങൾ ഒഴിവാക്കണം.
  • എണ്ണയിൽ പൊരിച്ചതും വറുത്തതുമായ ആഹാരം ഒഴിവാക്കാം.

മരുന്ന് കഴിക്കുമ്പോൾ

  •  ഷുഗർനില പെട്ടെന്ന് താഴാതിരിക്കാൻ സഹായിക്കുന്ന ഷോട്ട് ആക്ടിങ് ഇൻസുലിൻ ആണ് നോമ്പ് സമയത്ത് നല്ലത്. ഇൻസുലിനിൽ മാറ്റംവരുത്തുന്നതിന് മുൻപ് ഡോക്ടറുടെ നിർദേശം തേടണം.
  • മിക്‌സഡ് ഇൻസുലിൻ എടുക്കുന്നവർ ഒരേ ഡോസ് തന്നെ ഉപയോഗിക്കണം.
  •  മരുന്നുകളും ഭക്ഷണത്തിന്റെ അളവിനനുസരിച്ച് മാറ്റാവുന്നതാണ്.
  • നോമ്പ് സമയത്ത് ഷുഗർ ലെവൽ കൃത്യമായി പരിശോധിക്കണം. എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടെങ്കിൽ ഉടൻ വൈദ്യസഹായം തേടണം.
  •  രണ്ടുനേരം മരുന്ന് കഴിക്കുന്നവരാണെങ്കിൽ നോമ്പ് തുടങ്ങും മുൻപും തുറന്നശേഷവും കഴിക്കാം.
  • ഉച്ചയ്ക്ക് കഴിക്കേണ്ട മരുന്നുണ്ടെങ്കിൽ ഡോക്ടറോട് ചോദിച്ച് ഫലപ്രദമായി മറ്റൊരു നേരത്തേക്ക് മാറ്റാം.

കരുതലോടെ നോമ്പുതുറക്കാം

സമീകൃതവും സന്തുലിതവുമായിരിക്കണം റംസാനിലെ ആഹാരരീതി.

  • ലഘുഭക്ഷണങ്ങൾ കഴിച്ചുവേണം വ്രതം തുടങ്ങാനും അവസാനിപ്പിക്കാനും.
  •  എളുപ്പം ദഹിക്കുന്ന ആഹാരങ്ങളാണ് ഉചിതം.
  •  ശുദ്ധജലം, ഊർജസമ്പുഷ്ടമായ കാരക്ക, കഞ്ഞി എന്നിവയാണ് നല്ലത്.
  • ദഹനശേഷി കുറവായിരിക്കുമെന്നതിനാൽ രാത്രി അമിതഭക്ഷണം ഒഴിവാക്കണം.
  • മലബന്ധത്തിന് ഇടയാക്കുന്നവ പൊറോട്ട, വറുത്ത ഇറച്ചി, മീൻ തുടങ്ങിയവ അമിതമായി കഴിക്കരുത്.
  •  മധുരം അമിതമായി അടങ്ങിയ ബേക്കറി പലഹാരങ്ങളും നിയന്ത്രിക്കണം.
  • പഴവർഗങ്ങൾ ജ്യൂസാക്കാതെ കഷണങ്ങളാക്കി കഴിക്കാം. ഇതുവഴി നാരിന്റെ സാന്നിധ്യം നിലനിർത്താം.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi