ജിമ്മുകളിൽ പതിയിരിക്കുന്ന അപകടങ്ങളെക്കുറിച്ച് ഒരുപാടുപേർ മുന്നറിയിപ്പു നൽകാറുണ്ട്. ഇപ്പോഴിതാ ഭർത്താവ് Jackky Bhagnani യോടൊപ്പം പങ്കെടുത്ത ഒരു പരിപാടിയിൽ തനിക്ക് ജിമ്മിൽ വെച്ചുണ്ടായ അപകടത്തെപ്പറ്റി ബോളിവുഡ് നടി രാകുൽ പ്രീത് സിങ് തുറന്നുപറഞ്ഞിരിക്കുകയാണ്. സുരക്ഷാ ബെൽറ്റ് ധരിക്കാതെ 80 കിലോ ഭാരം ഉയർത്താൻ ശ്രമിച്ചതോടെയാണ് തനിക്ക് പരിക്കുപറ്റിയതെന്ന് അവർ വെളിപ്പെടുത്തി.

"നിങ്ങളുടെ പരിശീലകൻ എന്തു പറഞ്ഞാലും, ഡെഡ്‌ലിഫ്റ്റ് ഏറ്റവും മോശം വ്യായാമമാണ്. അതൊരു ഈഗോ ലിഫ്റ്റ് ആണ്" അവർ പറഞ്ഞു.

ഡെഡ്‌ലിഫ്റ്റ് ചെയ്യുമ്പോൾ എപ്പോഴും സുരക്ഷാ ബെൽറ്റ് ധരിക്കാറുണ്ടായിരുന്നെന്നും എന്നാൽ അന്നത്തെ ദിവസം അത് വേണ്ടെന്നുവെക്കുകയായിരുന്നെന്നും അവർ വെളിപ്പെടുത്തി. "ആ ഒരു തെറ്റ് കാരണം എനിക്ക് ഡിസ്ക് തെന്നുകയും 40 ദിവസം ബെഡ്റെസ്റ്റ് എടുക്കേണ്ടി വരികയും ചെയ്തു. അതൊരു ശാരീരിക പരിക്കുമാത്രമായിരുന്നില്ല, എന്നെ മാനസികമായും ബാധിച്ചു. മാനസികമായി അത് വളരെ ഭീകരമായിരുന്നു. പെട്ടെന്ന്, എനിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല, അത് നിങ്ങളെ വല്ലാതെ വേദനിപ്പിക്കും," അവർ പങ്കുവെച്ചു.

ആ ദുഷ്കരമായ ഘട്ടത്തിൽ ഭർത്താവ് ജാക്കി എങ്ങനെ തന്നോടൊപ്പം നിന്നുവെന്നും അവർ വിശദീകരിച്ചു. "ആ സമയത്ത് പങ്കാളി നിങ്ങളെ പിന്തുണയ്ക്കുന്നത് വളരെ പ്രധാനമാണ്, എനിക്ക് പരിക്ക് പറ്റിയ സമയത്ത് ജാക്കിയുടെ ഏറ്റവും വലിയ സംഭാവന അതായിരുന്നു. അദ്ദേഹം എനിക്കുവേണ്ടി നിന്നു" അവർ കൂട്ടിച്ചേർത്തു.

സുരക്ഷാമുന്നൊരുക്കമില്ലാതെ ഭാരമുയർത്തിയതിനാലാണ് രാകുലിന് പരിക്കു പറ്റുകയും നാഡികൾക്ക് സമ്മർദ്ദമുണ്ടാകുകയും ചെയ്തതെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. വേദനയുണ്ടായിട്ടും, പേശികൾക്ക് അയവു നൽകുന്ന മരുന്നുകളുടെ സഹായത്തോടെ നടി തന്റെ ഔദ്യോഗിക പ്രതിബദ്ധതകൾ നിറവേറ്റിക്കൊണ്ടിരുന്നു, ശേഷം പൂർണ്ണമായ വിശ്രമത്തിലേക്ക് പോവുകയായിരുന്നു. 

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi