കാൻസർ ഒരു മഹാമാരിയായി വ്യാപിക്കുകയാണ്. ജനിതകമായ കാരണങ്ങൾക്കൊപ്പം മാറിയ ഭക്ഷണശീലങ്ങളും ജീവിതരീതികളും കാൻസറിലേക്ക് നയിക്കുന്നു എന്നാണ് വിദഗ്ധരുടെ നിഗമനം. എന്നാൽ മുപ്പത് ശതമാനം കാൻസറും തടയാൻ സാധിക്കുന്നവയാണ്. ഇതിനായി പുകയില, മദ്യപാനം എന്നിവ ഒഴിവാക്കുന്നതോടൊപ്പം അമിതവണ്ണം നിയന്ത്രിക്കുകയും വേണം.

To advertise here,
  • കാൻസറിന് മാത്രമായി ലക്ഷണങ്ങൾ പറയാൻ കഴിയില്ല. എങ്കിലും ശരീരം ചില സൂചനകൾ നൽകാറുണ്ട്. ഉദാഹരണത്തിന് വേദനയില്ലാതെ വളരുന്ന മുഴകൾ, അകാരണമായുള്ള തൂക്കക്കുറവ്, വിളർച്ച, വിട്ടുമാറാത്ത ചുമ, ചുമയ്ക്കുമ്പോൾ രക്തം കാണുക, മലത്തിലോ മോണകൾക്കിടയിലോ കാണുന്ന രക്തസ്രാവം, വിട്ടുമാറാത്ത പനി എന്നിവ കണ്ടാൽ ഉടൻ വൈദ്യസഹായം തേടേണ്ടതാണ്
  • കൊഴുപ്പും അമിതകലോറിയുമുള്ള ഭക്ഷണങ്ങളും വ്യായാമക്കുറവും കാരണം സ്തനാർബുദം, ഗർഭാശയകാൻസർ എന്നിവ വരാൻ സാധ്യതയുണ്ട്. ഇത്തരം ഭക്ഷണം ഒഴിവാക്കുകയും വ്യായാമം ശീലിക്കുകയും ചെയ്യണം.
  • പഴങ്ങൾ, പച്ചക്കറികൾ, ഇലക്കറികൾ എന്നിവയ്ക്ക് കാൻസറിനെ തടയാൻ സാധിക്കും. ഇവ കഴിയുന്നത്ര ആഹാരത്തിന്റെ ഭാഗമാക്കണം.
  • കഴിക്കാനെടുക്കുന്ന പ്ലേറ്റിന്റെ പകുതി പഴങ്ങളും പച്ചക്കറികളും കൊണ്ട് നിറയ്ക്കാം. ബാക്കിയുള്ള പകുതിയിൽ പ്രോട്ടീൻ, അരി/ഗോതമ്പ്/മുഴുധാന്യങ്ങൾ എന്നിവ ഉൾപ്പെടുത്തണം.
  • ഫൈറ്റോകെമിക്കലുകളും നാരുകളും രോഗപ്രതിരോധത്തെ ശക്തിപ്പെടുത്തി കാൻസർ വരുന്നത് തടയും. പയറുവർഗങ്ങൾ, പഴങ്ങൾ, ഗ്രീൻടീ, സോയാബീൻ, ഇലക്കറികൾ, തക്കാളി എന്നിവ ഫൈറ്റോകെമിക്കലുകളും നാരുകളും കൊണ്ട് സമ്പന്നമാണ്.
  • കാബേജ്, കോളിഫ്‌ളവർ, ബ്രോക്കോളി എന്നിവയിലെ ആന്റിഓക്‌സിഡന്റ്‌സിന്റെ കാൻസർ പ്രതിരോധ ശേഷി പഠനങ്ങളിൽ തെളിയിക്കപ്പെട്ടതാണ്. ഓറഞ്ച്, മുസമ്പി, നാരങ്ങ, തക്കാളി, പേരയ്ക്ക എന്നിവ വൈറ്റമിൻ സി-യാൽ സമ്പുഷ്ടമാണ്. ഇവയ്ക്ക് കാൻസർ പ്രതിരോധത്തിൽ വലിയ പങ്കുണ്ട്.
  • വറുത്തതും പൊരിച്ചതുമായ നോൺ വെജ് ഭക്ഷണങ്ങൾ, മൃഗക്കൊഴുപ്പും രാസവസ്തുക്കളും അടങ്ങിയ ബേക്കറി പലഹാരങ്ങൾ, പായ്ക്കറ്റ് ഫുഡുകൾ എന്നിവ കാൻസറിനെ ക്ഷണിച്ച് വരുത്തിയേക്കാം. ഇവയുടെ ഉപയോഗം നിയന്ത്രിച്ചേ തീരു.
  • അറുപത് വയസ്സ് ആയിട്ടുള്ളവർ കാൻസർ സ്‌ക്രീനിങ് നടത്തേണ്ടതുണ്ട്. ഇതിനായുള്ള ട്യൂമർ മാർക്കേഴ്‌സ് ടെസ്റ്റുകൾ ഡോക്ടറുടെ നിർദേശപ്രകാരം ചെയ്യാം.
  • വീട്ടിൽ കാൻസർ രോഗികളുണ്ടെങ്കിൽ അവരുടെ ഇച്ഛാശക്തി വർധിപ്പിക്കുന്ന രീതിയിൽ വേണം ഇടപഴകാൻ. കാൻസറിനെ പ്രതിരോധിക്കാമെന്നും ഒരുമിച്ച് നേരിടാമെന്നുമുള്ള പിന്തുണ നൽകണം.
  • തുടർചികിത്സയും പ്രധാനമാണ്. ഡോക്ടറുടെ നിർദേശപ്രകാരമുള്ള മരുന്നും ചികിത്സയും തുടരണം. കീമൊതെറാപ്പി ചെയ്യുമ്പോൾ രോഗിയുടെ പ്രതിരോധശക്തി കുറഞ്ഞിരിക്കും. ഈ സമയങ്ങളിൽ കൈകൾ എപ്പോഴും വൃത്തിയാക്കി അണുബാധയും മറ്റും വരാതെ സൂക്ഷിക്കണം.
  • കാൻസർ ലക്ഷണങ്ങൾ കണ്ടാൽ അശാസ്ത്രീയമായ മാർഗങ്ങൾ അവലംബിക്കാതെ വിദഗ്ധസഹായം തേടണം. വ്യാജചികിത്സയെ ആശ്രയിച്ചാൽ രോഗം തുടക്കത്തിൽ കണ്ടുപിടിക്കപ്പെടാതെ വന്നേക്കാം.

വാർഷിക വൈദ്യപരിശോധന

ശരീരത്തിലെ മിക്ക അവയവങ്ങളും ദീർഘകാലം പ്രവർത്തിക്കുന്നവയാണ്. ചെറിയ പ്രശ്‌നങ്ങൾ വന്നാൽപോലും ലക്ഷണങ്ങൾ കാണണമെന്നില്ല. അതുകൊണ്ടുതന്നെ ഇത്തരം പ്രശ്‌നങ്ങൾ പലപ്പോഴും വൈകിയായിരിക്കും കണ്ടെത്തുന്നത്. ഇത് തടയാനായി വാർഷികവൈദ്യ പരിശോധന നടത്തണം.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi