നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാന്യമുള്ള അവയവങ്ങളിലൊന്നാണ് പാൻക്രിയാസ് (ആമാശയഗ്രന്ഥി). ആമാശയത്തിന് തൊട്ടുതാഴെയായി കാണപ്പെടുന്ന പാൻക്രിയാസാണ് ഭക്ഷണം ദഹിപ്പിക്കാനുള്ള എൻസൈമുകളും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനുള്ള ഹോർമോണുകളും ഉത്പാദിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ, ഒരു വ്യക്തിയുടെ ആരോഗ്യത്തിൽ ഇതിനുള്ള പങ്ക് വളരെ വലുതാണ്.
എന്നാൽ, ലോകമെമ്പാടും ഭീഷണിയുയർത്തുന്ന പാൻക്രിയാറ്റിക് ക്യാൻസറിന്റെ ലക്ഷണങ്ങൾ പുറത്തുവരുമ്പോഴേക്കും അത് സാധാരണയായി അതിന്റെ ഗുരുതരമായ (Advanced) ഘട്ടത്തിൽ എത്തിയിട്ടുണ്ടാകും എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി.
Also Read
എന്താണ് പാൻക്രിയാറ്റിക് ക്യാൻസർ?
പാൻക്രിയാസിൽ അർബുദ കോശങ്ങൾ അനിയന്ത്രിതമായി വളരുന്നതിനെയാണ് പാൻക്രിയാറ്റിക് ക്യാൻസർ എന്ന് വിളിക്കുന്നത്. എയിംസ് (AIIMS), ഹാർവാർഡ്, സ്റ്റാൻഫോർഡ് സർവ്വകലാശാലകളിൽ നിന്ന് ഉപരിപഠനം പൂർത്തിയാക്കിയ, കാലിഫോർണിയയിലെ പ്രശസ്ത ഗ്യാസ്ട്രോഎൻട്രോളജിസ്റ്റായ ഡോ. സൗരഭ് സേഥിയുടെ അഭിപ്രായത്തിൽ, ഈ ക്യാൻസർ വളരെ ഗുരുതരമാണ്. ഇത് വളരെ സാധാരണയായി കണ്ടുവരുന്നു എന്നതുകൊണ്ടല്ല, മറിച്ച് ആളുകൾക്ക് രോഗമുണ്ടെന്ന് തിരിച്ചറിയുമ്പോഴേക്കും അത് വളരെ വഷളായിട്ടുണ്ടാകും എന്നതാണ് ഇതിന്റെ അപകടസാധ്യത ഇരട്ടിയാകുന്നത്.
കഴിഞ്ഞദിവസം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു കുറിപ്പിൽ, ഡോ. സേഥി സാധാരണയായി ആളുകൾ അവഗണിക്കാൻ സാധ്യതയുള്ള പാൻക്രിയാറ്റിക് ക്യാൻസറിന്റെ ലക്ഷണങ്ങളെക്കുറിച്ച് വിശദീകരിക്കുകയുണ്ടായി. ഒരിക്കലും അവഗണിക്കാൻ പാടില്ലാത്ത ആ ലക്ഷണങ്ങൾ എതെല്ലാമെന്നു നോക്കാം.
1. കാരണമില്ലാതെ ശരീരഭാരം കുറയുക
ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുകയോ വ്യായാമം ചെയ്യുകയോ ചെയ്യാതെ തന്നെ ശരീരഭാരം പെട്ടെന്ന് കുറയുന്നുണ്ടെങ്കിൽ, അതിന് കാരണം ശരീരത്തിനുള്ളിലെ ട്യൂമർ ആയിരിക്കാം. ശരീരം പോഷകങ്ങൾ സംസ്കരിക്കുന്നതിനെയും ആഗിരണം ചെയ്യുന്നതിനെയും ട്യൂമർ തടസ്സപ്പെടുത്തിയേക്കാം.
2. മലത്തിലുണ്ടാകുന്ന അസ്വാഭാവിക മാറ്റങ്ങൾ
വിളറിയതോ, എണ്ണമയമുള്ളതോ, അല്ലെങ്കിൽ ക്ലോസറ്റിലെ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നതോ ആയ മലം പാൻക്രിയാറ്റിക് ക്യാൻസറിന്റെ മറ്റൊരു വിചിത്രമായ ലക്ഷണമാണ്. പാൻക്രിയാസ് ദഹന എൻസൈമുകൾ ശരിയായി ഉത്പാദിപ്പിക്കുന്നത് നിർത്തുമ്പോൾ, കൊഴുപ്പ് ദഹിക്കാതെ ശരീരത്തിൽ നിന്ന് പുറന്തള്ളപ്പെടുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഭൂരിഭാഗം ആളുകളും മാസങ്ങളോളം ഈ ലക്ഷണം അവഗണിക്കാറുണ്ടെന്ന് ഡോക്ടർ മുന്നറിയിപ്പ് നൽകുന്നു.
3. വിട്ടുമാറാത്ത നടുവേദന
ബാഹ്യമായ പരിക്കുകളൊന്നുമില്ലാതെ നടുവിന് വിട്ടുമാറാത്ത വേദന അനുഭവപ്പെടുന്നത് നിസ്സാരമായി കാണരുത്. പാൻക്രിയാസ് ആമാശയത്തിന് വളരെ പിന്നിലായാണ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് മറ്റ് ലക്ഷണങ്ങൾ പ്രകടമാകുന്നതിന് വളരെ മുമ്പ് തന്നെ വേദന നടുവിലേക്ക് പടരാൻ സാധ്യതയുണ്ട്.
4. ചർമ്മത്തിലോ കണ്ണുകളിലോ ഉണ്ടാകുന്ന മഞ്ഞനിറം
ചർമ്മവും കണ്ണും മഞ്ഞനിറമാകുന്നത് സാധാരണയായി മഞ്ഞപ്പിത്തത്തിന്റെ (Jaundice) ലക്ഷണമാണ്. ഒരു ട്യൂമർ പിത്തനാളിയെ (Bile duct) തടസ്സപ്പെടുത്തുമ്പോഴാണ് മഞ്ഞപ്പിത്തം ഉണ്ടാകുന്നത്. പാൻക്രിയാസിന്റെ മുൻഭാഗത്ത് (Head) ഉണ്ടാകുന്ന ട്യൂമറുകൾ തിരിച്ചറിയാൻ സാധാരണയായി ഈ ലക്ഷണം സഹായിക്കാറുണ്ട്. എന്നാൽ പാൻക്രിയാസിന്റെ മധ്യഭാഗത്തോ അറ്റത്തോ (Body or Tail) ഉണ്ടാകുന്ന ട്യൂമറുകളിൽ ഈ ലക്ഷണം വളരെ വൈകിയാണ് പ്രത്യക്ഷപ്പെടുക.
5. ഭക്ഷണത്തോട് പെട്ടെന്നുണ്ടാകുന്ന വിമുഖത
പാൻക്രിയാസ് ദഹനവ്യവസ്ഥയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതിനാൽ, വ്യക്തമായ കാരണങ്ങളൊന്നുമില്ലാതെ പെട്ടെന്നുണ്ടാകുന്ന ഓക്കാനം, വിശപ്പില്ലായ്മ, അല്ലെങ്കിൽ സ്ഥിരമായി കഴിക്കാറുള്ള ഭക്ഷണങ്ങളോടുണ്ടാകുന്ന വിമുഖത എന്നിവ കൃത്യമായി പരിശോധിക്കേണ്ടതുണ്ട്.
6. വിട്ടുമാറാത്ത ചൊറിച്ചിൽ
പ്രത്യേകിച്ച് ചർമ്മരോഗങ്ങളോ അലർജിയോ ഇല്ലാതെ ശരീരം മുഴുവൻ ചൊറിച്ചിൽ അനുഭവപ്പെടുന്നത് ഇതിന്റെ ലക്ഷണമാകാം. പിത്തനാളിയിലെ തടസ്സം കാരണം ബൈൽ സാൽട്ട് (Bile salt) ശരീരത്തിൽ അടിഞ്ഞുകൂടുന്നത് ശരീരം മുഴുവൻ ചൊറിച്ചിൽ ഉണ്ടാകാൻ കാരണമാകും.
ഈ ലക്ഷണങ്ങൾ മറ്റ് പല ആരോഗ്യപ്രശ്നങ്ങൾ കൊണ്ടും ഉണ്ടാകാം. എങ്കിലും, ഇവ നീണ്ടുനിൽക്കുകയാണെങ്കിൽ എത്രയും വേഗം ഡോക്ടറെ കണ്ട് പരിശോധനകൾ നടത്തുന്നത് രോഗം നേരത്തെ തിരിച്ചറിയാൻ സഹായിക്കും.
(ശ്രദ്ധിക്കുക: ഈ ലേഖനം സോഷ്യൽ മീഡിയയിൽ നിന്നുള്ള ഉള്ളടക്കത്തെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്. പ്രൊഫഷണൽ ഉപദേശത്തിന് ഡോക്ടറുടെ സഹായം തേടുക)
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Pancreatic cancer is often diagnosed at an advanced stage due to subtle early symptoms., Dr. Saurabh Sethi identifies 7 key indicators including weight loss and stool changes., Persistent back pain and jaundice are critical warning signs requiring medical attention., Early detection is vital for better prognosis and treatment outcomes., Consulting a medical professional is essential for persistent digestive or physical changes.
Published: 04 Jul 2026, 06:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented