ആഗ്രഹിച്ചു കൊതിച്ചുണ്ടായ ഒരു കുഞ്ഞ്, ഭൂമിയിൽ പിറക്കുന്നതിനും എത്രയോ മുൻപേ തന്നെ അതിന്റെ അമ്മയുടെ മനസ്സിൽ പിറന്നിട്ടുണ്ടാകും! ഗർഭിണിയാണെന്നറിയുന്ന ദിവസം മുതൽ കാത്തിരുന്ന്, ഓരോ സ്കാനിങ്ങിലും കുഞ്ഞിനെ ക്കുറിച്ചുള്ള വിവരങ്ങൾ അറിയാനുള്ള കൗതുകവും ആകാംക്ഷയും നിറച്ച്, അസംഘ്യം വേദനകളിലൂടെയും അസ്വസ്ഥതകളിലൂടെയും കടന്നു പോകുമ്പോഴും കുഞ്ഞിനിടാനുള്ള ഉടുപ്പു മുതൽ കളിപ്പാട്ടങ്ങൾ വരെ വാങ്ങി വച്ച്, കുഞ്ഞിപ്പേരുകൾ കണ്ടു വച്ച് കുഞ്ഞിനെ വരവേൽക്കാനായി ഒരുങ്ങിക്കൊണ്ടിരിക്കുന്ന ഒരമ്മയെക്കുറിച്ചാലോചിച്ചു നോക്കൂ. ഒരു ദിവസം മുഴുവൻ നീണ്ടു നിന്ന പ്രസവ വേദന സഹിച്ച്, തന്റെ കുഞ്ഞിന്റെ ആദ്യത്തെ കരച്ചിലിനു സാക്ഷ്യം വഹിച്ച്, ചോരക്കുഞ്ഞിനെ നെഞ്ചിൽ ചേർത്തു വച്ച് ചിരിച്ചും കരഞ്ഞും നിർവൃതിയടഞ്ഞവൾ പക്ഷേ മരുന്നുകളുടെ മയക്കം വിട്ടുണരുമ്പോൾ മുതൽ പൂർണമായും മറ്റൊരാളായി മാറുകയാണ്.
പാൽ നിറഞ്ഞു മാറിടം കല്ലിച്ചതിന്റെയോ പാൽ കുറവായതിന്റെയോ ബുദ്ധിമുട്ടുകൾ, തുന്നിക്കെട്ടിയ മുറിവുകളുമായി ഇരുന്നു രണ്ടു മണിക്കൂർ ഇടവിട്ടു പാലു കൊടുക്കുമ്പോഴുള്ള വേദന, ഉറക്കമില്ലാത്ത രാത്രിയും പകലും, സഹിക്കാനാകാത്ത സങ്കടം, ദേഷ്യം, കുഞ്ഞിനോടു പോലും അടുപ്പം തോന്നാത്ത അവസ്ഥ. അതിനൊപ്പം ചുറ്റുമുള്ളവരുടെ സ്നേഹസാന്ത്വനങ്ങൾക്ക് പകരം ഉപദേശങ്ങളും വിലക്കുകളും കുറ്റപ്പെടുത്തലും കൂടിയാകുമ്പോൾ അവൾ കൂടുതൽ തനിച്ചായി പോകുന്നു, മനസ് കൈവിട്ടു പോകുന്നു. പ്രസവാനന്തര വിഷാദം അഥവാ പോസ്റ്റ് പാർട്ടം ഡിപ്രഷൻ (പി.പി.ഡി) പ്രസവിച്ച സ്ത്രീയുടെ അഹങ്കാരമോ അവൾ എന്തൊക്കെയോ ചിന്തിച്ചു കൂട്ടി ഉണ്ടാക്കുന്ന പ്രശ്നമോ അല്ല. അതൊരു ഭീകരവും അപകടകരവുമായ, വൈദ്യ സഹായം ആവശ്യമുള്ള യാഥാർഥ്യമാണ്. അമ്മമാർ പിഞ്ചു കുഞ്ഞുങ്ങളെ കൊല്ലുന്നതിന്റേയും ആത്മഹത്യ ചെയ്യുന്നതിന്റേയും നിരവധി വാർത്തകൾ അസ്വസ്ഥപ്പെടുത്തിയാലും അതിന്റെ പിന്നിലെ മാനസിക വെല്ലുവിളി ചർച്ചയാകാറില്ല. ആഗ്രഹമില്ലാതെ ഗർഭിണിയായവർക്കു മാത്രമല്ല, കുഞ്ഞിനായി ആറ്റുനോറ്റിരുന്ന അമ്മമാർക്കും ഏത് മാനസികാവസ്ഥയിൽ കുഞ്ഞിനു ജന്മം നല്കിയവർക്കും ഉണ്ടാകാവുന്ന ഒരു പ്രതിസന്ധിയാണ് പി.പി.ഡി.
എന്താണ് പോസ്റ്റ് പാർട്ടം ഡിപ്രഷൻ?
ശരീരത്തിനുള്ളിൽ ഒരു മനുഷ്യ ജീവനെ സൃഷ്ടിക്കാനും അതിനെ ഒൻപതു മാസങ്ങൾ തന്റെ ശരീരത്തിന്റെ ഭാഗമായി വളർത്തി സ്വതന്ത്ര ജീവനായി പുറത്തു കൊണ്ട് വരാനും അതിനു ശേഷം ചൂടും മുലപ്പാലും നൽകി വളർത്താനും ഒരു സ്ത്രീ ശരീരം പല വിധത്തിൽ പരുവപ്പെടുന്നുണ്ട്. അതിനു വേണ്ടി ആന്തരാവയവങ്ങളും ഹോർമോണുകളും അതിന്റെ ഫലമായി വികാര വിചാരങ്ങളും മാറി മറിയുന്നു. ഇത്തരം രൂപാന്തരം, ഹോർമോണുകളിൽ ഏറ്റവും വലിയ ഉയർച്ച-താഴ്ച സൃഷ്ടിക്കുന്നത് പ്രസവശേഷമുള്ള 24-72 മണിക്കൂറുകളിലാണ്. ചില സ്ത്രീകളിൽ ഇത് കടുത്ത വിഷാദത്തിനു കാരണമാകുന്നു. പെട്ടെന്നുള്ള സങ്കടം, ദേഷ്യം, നിരാശ, നിസ്സംഗത എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. പ്രസവ ശേഷം ഒരു വർഷത്തോളമെടുത്താണ് അമ്മയുടെ ശരീരവും മനസും കുറച്ചെങ്കിലും പഴയ അവസ്ഥയിലേക്ക് തിരിച്ചു വരുന്നത്. അത്രയും കാലത്തോളം തന്നെ പ്രസവാനന്തര വിഷാദം സംഭവിക്കാനോ തുടരാനോ സാധ്യതയുണ്ട്.
സാഹചര്യങ്ങളുടെ സമ്മർദം
ഇന്ത്യയിൽ ശരാശരി 22 ശതമാനം അമ്മമാർ പി.പി.ഡി. അനുഭവിക്കുന്നുണ്ട്. എന്നാൽ കേരളം അടങ്ങുന്ന തെക്കേ ഇന്ത്യയിലും നഗര മേഖലകളിലും റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ ശതമാനം ഇതിലും അധികമാണ്. കുടുംബത്തിന്റെ സാമീപ്യമോ സഹായമോ ലഭ്യമല്ലാതിരിക്കുന്ന സാഹചര്യം പുതിയ അമ്മയുടെ പിരിമുറുക്കം കൂട്ടിയേക്കാം. എന്നാൽ ലഭിക്കുന്ന പരിചരണം ചിലപ്പോൾ സഹായത്തിനു പകരം കൂടുതൽ പ്രതിസന്ധികളുണ്ടാക്കുന്ന സാഹചര്യവുമുണ്ട്. കടുത്ത മാനസിക സംഘർഷം പി.പി.ഡി.ക്ക് വളമാകും.
കാലം ഇത്രയും മാറിയിട്ടും ഗർഭം, പ്രസവം, പ്രസവ രക്ഷ, ശിശു പരിചരണം മുതലായ കാര്യങ്ങളിൽ ഇപ്പോഴും അശാസ്ത്രീയമായ പഴഞ്ചൻ രീതികളാണ് പല കുടുംബങ്ങളും അവലംബിക്കുന്നത്. ഗർഭിണി പകൽ ഉറങ്ങാനോ തിരിഞ്ഞു കിടക്കാനോ രാത്രി പുറത്തിറങ്ങാനോ കുഞ്ഞിനുള്ള സാധനങ്ങൾ ഒന്നും പ്രസവത്തിനു മുൻപ് ഒരുക്കി വക്കാനോ പാടില്ല തുടങ്ങിയ അന്ധ വിശ്വാസങ്ങൾ നിലവിലുണ്ട്. ഇതിനു പുറമേ, ഗർഭിണി നിർബന്ധമായും പിൻതുടരേണ്ട സ്കാനിങ്ങും അയൺ ഗുളികകളുടെ ഉപയോഗവും വരെ വിലക്കുന്ന മുതിർന്ന കുടുംബാംഗങ്ങളുണ്ട്. ഇവ ഗർഭിണിയുടെ ശാരീരിക മാനസിക സൗഖ്യത്തെ ബാധിക്കുന്നു.
പ്രസവശേഷം, പ്രസവരക്ഷ എന്ന പേരിൽ, യാതൊരു ഔപചാരിക പരിശീലനവും ലഭിച്ചിട്ടില്ലാത്ത ശുശ്രൂഷകമാർ ചെയ്യുന്ന അസംബന്ധങ്ങൾ. ഭർത്താവിന്റെ സാമീപ്യം വിലക്കുന്നത് മുതൽ കാലാവസ്ഥ നോക്കാതെ കടുത്ത ചൂടു വെള്ളത്തിൽ കുളിപ്പിച്ച് യോനീ മുഖത്ത് ചൂടു വെള്ളം ഒഴിക്കുക, നടന്ന് പേശികൾ അയക്കേണ്ടതിനു പകരം കാലുകൾ കൂട്ടിച്ചേർത്തു വച്ചു കിടക്കാൻ നിർബന്ധിക്കുക, കടുത്ത ചൂടിലും കമ്പിളി ഉപയോഗിക്കാൻ നിഷ്കർഷിക്കുക, വീടിനു പുറത്തേക്കിറങ്ങാനോ ഫോണിൽ പ്രിയപ്പെട്ടവരോട് സംസാരിക്കാനോ അനുവദിക്കാതിരിക്കുക വരെ. അതിനൊപ്പം കുഞ്ഞിന്‍റെ ശരീരഭാഗങ്ങൾ കഠിനമായി തിരുമ്മിയുള്ള കുളിപ്പിക്കൽ, കുഞ്ഞിന്റെ തുണികൾ പിഴിയാൻ പാടില്ലെന്നും കുഞ്ഞു കിടക്കുന്ന കട്ടിലിനടിയിൽ ഇരുമ്പു വക്കണമെന്നും തുടങ്ങി യുക്തിക്കു നിരക്കാത്ത ഒരായിരം നിബന്ധനകൾ കൂടിയാകുമ്പോൾ തന്റെ മാതൃത്വവും പുതിയ ജീവിതവുമായി പൊരുത്തപ്പെട്ടു വന്നു കൊണ്ടിരിക്കുന്ന അമ്മക്ക് വലിയ സമ്മർദം ഉണ്ടാവുക സ്വാഭാവികം!
വിദ്യാഭ്യാസവും ലോകപരിചയവുമുള്ള ഇന്നത്തെ പെൺകുട്ടികൾ ഡോക്ടറുടെ നിർദേശവും, പുറമേ ലഭ്യമായ ശാസ്ത്രീയമായ വിവരങ്ങളും പാലിച്ച് മുന്നോട്ട് പോകാൻ ആഗ്രഹിക്കുമ്പോൾ അനുഭവത്തിന്റെ കണക്കുപറച്ചിലുമായി വീട്ടിലെ മുതിർന്നവർ അവരെ പൂർണമായും അവഗണിക്കാറുണ്ട്. ഇത് അമ്മക്ക് മാനസിക പിരിമുറുക്കവും ഒറ്റപ്പെടലും നിസ്സഹായതയും സൃഷ്ടിച്ചേക്കാം.
കുഞ്ഞിന്റെ ജെൻഡറിനേയും നിറത്തേയും ആരോഗ്യത്തേയും പറ്റിയുള്ള സന്ദർശകരുടെ പ്രതികൂല പരാമർശങ്ങൾ, അമ്മയെ കുറ്റപ്പെടുത്തൽ, സാമ്പത്തിക പ്രതിസന്ധി തുടങ്ങി ബാഹ്യമായ പ്രശ്നങ്ങളും പി.പി.ഡി.ക്ക് ആക്കം കൂട്ടാം. കാരണങ്ങൾ എന്തു തന്നെയായാലും, ഇനി പുറമേ യാതൊരു കാരണങ്ങളും കണ്ടില്ലെങ്കിലും വിഷാദത്തിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന അമ്മയെ ഉപാധികളില്ലാതെ ചേർത്തു പിടിക്കേണ്ടതും അവർക്ക് വൈദ്യ സഹായം ലഭ്യമാക്കേണ്ടതും മനഃസാക്ഷിയുള്ള ഏതൊരു കുടുംബത്തിന്റേയും ഉത്തരവാദിത്തമാണ്.
അമ്മമാരെ ആഘോഷിക്കേണ്ടേ?
എല്ലാവർഷവും മെയ് മാസത്തിലെ രണ്ടാം ഞായറാഴ്ച മാതൃദിനമായി ആഘോഷിക്കപ്പെടാറുണ്ട്. അന്ന് അമ്മമാരുടെ ത്യാഗത്തിന്‍റെയും സഹനത്തിന്റേയും കഥകൾ പ്രകീർത്തിക്കപ്പെടുമെങ്കിലും നിത്യ ജീവിതത്തിൽ അമ്മയായ സ്ത്രീകളെ വ്യക്തികളായി നാം അംഗീകരിക്കുകയും ആഘോഷിക്കുകയും ചെയ്യാറുണ്ടോ? അവർ കടന്നു പോയ അവസ്ഥകളെ അറിയാൻ ശ്രമിക്കാറുണ്ടോ?
ഗർഭവും പ്രസവവും ശിശു പരിചരണവും സ്ത്രീകളുടെ ആത്യന്തിക ലക്ഷ്യമായും കടമയായും പ്രഖ്യാപിക്കുകയും അത്തരം കാര്യങ്ങളിൽ നിന്ന് പുരുഷന്മാരെ മാറ്റി നിർത്തുകയും ചെയ്യുന്ന ഒരു സംസ്കാരമാണ് പൊതുവിലുള്ളത്. അതിനു പുറമേ, പണ്ട് കാലത്തു സ്ത്രീകൾ പ്രസവം ആസ്വദിച്ചിരുന്നുവെന്നും അന്ന് ഇത്തരം പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും ആധികാരികമായി വാദിക്കുന്ന കൂട്ടരുണ്ട്. അവർ എന്ത് രേഖകൾ വച്ചാണ് ഇത്തരം പൊതുവൽക്കരണം നടത്തുന്നത്? പ്രസവത്തിൽ മരിച്ചവരും കുഞ്ഞുങ്ങൾ നഷ്ടപ്പെട്ടവരും പി.പി.ഡി അധികരിച്ച് മാനസിക നില പൂർണമായി തെറ്റി പോയവരും കുഞ്ഞുങ്ങളെ കൊന്ന് ആത്മഹത്യ ചെയ്തവരും അവരുടെ അനുഭവങ്ങൾ വന്ന് പറയുകയോ അവ രേഖപ്പെടുത്തുകയോ ചെയ്തിട്ടുണ്ടോ? താൻ പ്രസവശേഷം വിഷാദമനുഭവിച്ചിട്ടുണ്ടെന്നു മാധവിക്കുട്ടിയും തന്റെ അമ്മ പ്രസവാനന്തരം മാനസിക നില തെറ്റി മരണപ്പെടുകയാണുണ്ടായതെന്നു പുനത്തിൽ കുഞ്ഞബ്‌ദുള്ളയും എഴുതിയിട്ടുണ്ട്. അതുപോലൊരു ‘ഭ്രാന്തി ചെറിയമ്മ’ ലളിതാംബിക അന്തർജനത്തിന്റെ കഥയിൽ വന്നു പോയിട്ടുണ്ട്. താൻ അനുഭവിച്ച പി.പി.ഡി.യെ പിന്നീട് ഒരു കഥയാക്കി മാറ്റിയിട്ടുണ്ട് ഗ്രേസി. എന്നാൽ ആ കാലഘട്ടങ്ങളിലൊക്കെ പി.പി.ഡി. രോഗനിർണയം വളരെ അപൂർവമായിരുന്നു. എന്നാൽ ഇന്നങ്ങനെയല്ല.
തനിച്ചല്ല, കൂടെയുണ്ട്!
ഇന്ന് നമുക്ക് മികച്ച വൈദ്യസംവിധാനങ്ങളുണ്ട്. അവയുടെ സഹായത്തോടെ ഭേദമാക്കാവുന്ന ഒരു അവസ്ഥയെ അമ്മയുടേയോ കുഞ്ഞിന്റേയോ അല്ലെങ്കിൽ രണ്ടു പേരുടേയുമോ ജീവൻ അപകടത്തിലാക്കുന്ന അവസ്ഥയിലേക്ക് കൊണ്ടു പോകാതെ നോക്കേണ്ടതുണ്ട്. ഗർഭിണിയാകുന്ന നിമിഷം മുതൽ ഒരു സ്ത്രീയെ പങ്കാളിയും കുടുംബവും ചേർത്തു പിടിക്കുകയും അവളുടെ ശാരീരിക മാനസിക മാറ്റങ്ങളെ മനസിലാക്കുകയും ഉൾക്കൊള്ളുകയും ചെയ്യേണ്ടതുണ്ട്.
കുഞ്ഞുങ്ങളെ ഇത്രയധികം ഇഷ്ടപ്പെടുന്നുവെന്നു വാദിക്കുന്ന ഒരു സമൂഹം എന്തുകൊണ്ടാണ് അമ്മമാരെ മനസിലാക്കാനും സഹായിക്കാനും മടി കാണിക്കുന്നത്? ചോദിക്കുന്നത്, പ്രസവാന്തരം ഒരു വർഷം പൂർത്തിയാക്കുന്ന ഒരമ്മ കൂടിയാണ്!
(RGNIYD ഡെവലപ്‌മെന്റ് സ്റ്റഡീസ് വിഭാഗം, അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖിക)
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Postpartum depression (PPD) is a serious medical condition requiring professional intervention., Hormonal fluctuations in the first 72 hours and beyond significantly impact mental health., Societal myths and unscientific post-delivery rituals increase stress for new mothers., Partners and family members must provide emotional support rather than judgment., Early diagnosis and medical treatment can prevent life-threatening situations for mother and child.
Published: 10 May 2026, 04:26 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented