യുക്തിയെ അടിസ്ഥാനമാക്കിയുള്ള സംഖ്യകളുടെ കളിയാണ് സുഡോക്കു. 9 വരികളും 9 നിരകളുമുള്ള സമചതുരമാണ് സുഡോക്കുവിന്റെ അടിസ്ഥാനം. ഇതിനുള്ളില്‍ 3 വരികളും 3 നിരകളുമുള്ള ചെറു സമചതുരങ്ങളുമുണ്ട്. ഓരോ വരിയിലും, ഓരോ നിരയിലും, ഓരോ ഉപചതുരങ്ങളിലും 1 മുതല്‍ 9 വരെയുള്ള അക്കങ്ങള്‍ ആവര്‍ത്തിക്കാതെ വരുന്ന രീതിയില്‍ വേണം ചതുരം പൂര്‍ത്തിയാക്കാന്‍. സുഡോക്കുവിന് കണക്കുകൂട്ടലുകള്‍ ആവശ്യമില്ല. യുക്തിയും നിഗമനങ്ങളും മാത്രം മതി. ലോകത്തിലെ ഏറ്റവും ജനപ്രിയമായ പസിലുകളിലൊന്നാണ് സുഡോക്കു.

സുഡോക്കു കളിക്കാം, തലച്ചോറിനായി
2019-ല്‍ ഒരു ഗവേഷണ റിപ്പോര്‍ട്ട് പുറത്തുവന്നു. ഏകദേശം 19,100 പേര്‍ പങ്കെടുത്ത വലിയ പഠനമായിരുന്നു അത്. സംഖ്യകളും വാക്കുകളും ഉപയോഗിച്ചുള്ള പസിലുകള്‍ പതിവായി ചെയ്യുന്ന ആളുകള്‍. ഓര്‍മ്മ, യുക്തി, ശ്രദ്ധ, തലച്ചോറിന്റെ വേഗത എന്നിവ അളക്കുന്ന പരീക്ഷണമായിരുന്നു അത്. ഇക്കൂട്ടരുടെ തലച്ചോര്‍ മികച്ച പ്രകടനം കാഴ്ചവച്ചതായി പഠനത്തില്‍ കണ്ടെത്തി. സുഡോക്കു പോലുള്ള പസിലുകളില്‍ പതിവായി ഏര്‍പ്പെടുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും പിന്തുണയ്ക്കാനും സഹായിക്കുമെന്ന് ഗവേഷണം സൂചിപ്പിച്ചു. പ്രത്യേകിച്ച് 50 വയസ്സിനു മുകളിലുള്ള, സുഡോക്കുപ്രേമികളില്‍ അവരേക്കാള്‍ പത്ത് വയസ്സ് വരെ പ്രായം കുറഞ്ഞ വ്യക്തികളുടേതുപോലുള്ള പ്രകടനമാണ് തലച്ചോര്‍ കാഴ്ചവെച്ചത്. കൃത്യതയിലും വേഗതയിലും ശ്രദ്ധേയമായ പുരോഗതി പഠനം കണ്ടെത്തി. സുഡോക്കു ഡിമെന്‍ഷ്യയുടെ സാധ്യത നേരിട്ട് കുറയ്ക്കുമോ എന്ന് ഇതുവരെ സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും, പസിലുകള്‍ തലച്ചോറിനെ സജീവമായി നിലനിര്‍ത്താനും കാലക്രമേണ നന്നായി പ്രവര്‍ത്തിക്കാനും സഹായിക്കുമെന്നതിന് ശക്തമായ തെളിവുകളുണ്ട്.

സുഡോക്കു കളിക്കുന്ന രീതി

ഒമ്പത് ചെറിയ സമചതുരങ്ങളായി തിരിച്ച ഒരു 9*9 ഗ്രിഡിലാണ് സുഡോക്കു കളിക്കുന്നത്. ചില സംഖ്യകള്‍ മുന്‍കൂട്ടി നല്‍കിക്കൊണ്ടാണ് പസില്‍ ആരംഭിക്കുന്നത്, ബാക്കിയുള്ള എല്ലാ കളങ്ങളിലും 1 മുതല്‍ 9 വരെയുള്ള അക്കങ്ങള്‍ സ്ഥാപിക്കുക എന്നതാണ് കളി. ഓരോ വരിയിലും, ഓരോ നിരയിലും ഓരോ ഉപചതുരത്തിലും ഒരു സംഖ്യ ഒരുതവണ മാത്രമേ വരാന്‍ പാടുള്ളൂ. പസിലിന്റെ കാഠിന്യം മുന്‍കൂട്ടി നല്‍കിയിട്ടുള്ള സംഖ്യകളുടെ എണ്ണത്തെയും സ്ഥാനത്തെയും ആശ്രയിച്ചിരിക്കും.

സുഡോക്കുവിന്റെ ചരിത്രം
ഇന്നത്തെ സുഡോക്കുവിന് സമാനമായ പസില്‍ ആദ്യമായി പ്രത്യക്ഷപ്പെട്ടത് 1979-ല്‍ ന്യൂയോര്‍ക്കിലെ ഒരു മാസികയില്‍ 'നമ്പര്‍ പ്ലേസ്' എന്ന പേരിലാണ്. 1984-ല്‍ ഒരു ജാപ്പനീസ് മാസിക ഈ പസില്‍ പ്രസിദ്ധീകരിക്കുകയും 'അക്കങ്ങള്‍ ഒറ്റയായിരിക്കണം' എന്ന് അര്‍ത്ഥം വരുന്ന 'സുഡോക്കു' എന്ന പേര് നല്‍കുകയും ചെയ്തു. 1997-ല്‍ ന്യൂസിലന്‍ഡുകാരനായ വെയ്ന്‍ ഗൗള്‍ഡ് പസിലുകള്‍ നിര്‍മ്മിക്കാന്‍ ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാം വികസിപ്പിച്ചു. 2004-ല്‍, ദ ടൈംസ് ഓഫ് ലണ്ടന്‍ പത്രത്തില്‍ അദ്ദേഹത്തിന്റെ പസിലുകളിലൊന്ന് പ്രസിദ്ധീകരിച്ചു. 2006 ആയപ്പോഴേക്കും സുഡോക്കു അച്ചടി മാധ്യമങ്ങളിലെ നിത്യവിഭവമായി. പതിയെ മൊബൈല്‍ ഫോണുകള്‍, വീഡിയോ ഗെയിമുകള്‍, ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ എന്നിവയുള്‍പ്പെടെയുള്ള ഡിജിറ്റല്‍ രൂപങ്ങളിലേക്കും സുഡോക്കു വ്യാപിച്ചു. 2006-ല്‍ ആദ്യ ലോക സുഡോക്കു ചാമ്പ്യന്‍ഷിപ്പിന് ഇറ്റലി വേദിയായി.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi