ദളപതി വിജയ്‌യുടെ (C Joseph Vijay) കരിയറിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിൽ ചിലതാണ് മാസ്റ്റർ, ബീസ്റ്റ് തുടങ്ങിയവ. 2021-ൽ റിലീസായ 'മാസ്റ്റർ' വാരിക്കൂട്ടിയത് 300 കോടി രൂപയാണ്. 2022-ൽ റിലീസായ 'ബീസ്റ്റ്' ബോക്‌സോഫീസിൽനിന്ന് നേടിയത് 280 കോടിയും. ആക്ഷന് വളരെയധികം പ്രാധാന്യമുള്ള ചിത്രങ്ങളായിരുന്നു ഇവ രണ്ടും. ഇതിൽ വിജയ്ക്ക് പരിശീലനം നൽകിയത് സെലിബ്രിറ്റി ഫിറ്റ്‌നെസ് ട്രെയിനറായ എസ്.നരേഷ് കുമാറാണ്. വിജയ്‌യുടെ ചിട്ടയായ ജീവിതശൈലിയെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെക്കുകയാണ് അദ്ദേഹം. ഇന്ത്യൻ എക്‌സ്പ്രസ് ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് നരേഷ് കുമാർ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. 'മാസ്റ്റർ' എന്ന സിനിമയുടെ ചിത്രീകരണം മുതലാണ് വിജയ്‌ക്കൊപ്പം താൻ പ്രവർത്തിക്കാൻ തുടങ്ങിയതെന്നും നരേഷ് പറയുന്നു.
''വളരെ തിരക്കേറിയ ഷെഡ്യൂളിനിടയിലും ഫിറ്റ്നസ് നിലനിർത്തുന്നതിൽ അദ്ദേഹം കാണിക്കുന്ന അച്ചടക്കം, ഏകാഗ്രത, സമർപ്പണം എന്നിവ നേരിട്ട് കാണാൻ കഴിഞ്ഞത് മികച്ചൊരു അനുഭവമായിരുന്നു''.
രാഷ്ട്രീയ റാലികളിൽ പങ്കെടുക്കുമ്പോൾ പോലും വിജയ് സ്വന്തം ഭക്ഷണം കൂടെക്കരുതാറുണ്ടെന്ന കാര്യവും നരേഷ് വെളിപ്പെടുത്തുന്നു. ''ആരോഗ്യത്തോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത ശരിക്കും പ്രചോദനാത്മകമാണ്. കൃത്യമായ 'മെയിന്റനൻസ് കലോറി' ഡയറ്റ് പിന്തുടരുന്ന അദ്ദേഹം, പ്രധാനമായും നാലുനേരമായിട്ടാണ് ഭക്ഷണം കഴിക്കുന്നത്. അതിൽ ശുദ്ധമായ ഭക്ഷണം, ഫ്രഷായ പഴങ്ങൾ, സമീകൃതാഹാരം എന്നിവയാണ് ഉൾപ്പെടുന്നത്''.
മിക്കപ്പോഴും ഒരേ ഭക്ഷണം തന്നെയാണ് വിജയ് കഴിക്കുന്നത്. ''അദ്ദേഹത്തിന്റെ ഭക്ഷണം മിക്കപ്പോഴും ഒന്നുതന്നെയാണ്. കൃത്യമായി പറഞ്ഞാൽ, ചോറ്, അല്പം ചിക്കൻ, 200 ഗ്രാം പച്ചക്കറികൾ എന്നിവയാണ് അദ്ദേഹം കഴിക്കുന്നത്. ഒപ്പം 100 ഗ്രാം പഴങ്ങളും ഉൾപ്പെടുന്നു. അദ്ദേഹത്തിന്റെ ഭക്ഷണത്തിൽ 60 മുതൽ 80 ഗ്രാം വരെ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. വെള്ളം കുടിക്കുന്ന കാര്യത്തിലും അദ്ദേഹം ശ്രദ്ധാലുവാണ്''. അപൂർവ്വമായെങ്കിലും ബിരിയാണി കഴിക്കാനും വിജയ്ക്ക് ഇഷ്ടമാണ്.
വിജയ് നിലവിൽ നടത്തം, നൃത്തം, തീവ്രത കുറഞ്ഞ വ്യായാമങ്ങൾ എന്നിവയുൾപ്പെടെ കാർഡിയോ വ്യായാമങ്ങളും ഇൻഡോർ വർക്കൗട്ടുകളും മാത്രമാണ് ചെയ്യുന്നതെന്ന് നരേഷ് പറയുന്നു. ''ആക്ഷൻ രംഗങ്ങൾ ആവശ്യമുള്ള സിനിമകളിൽ അഭിനയിക്കുമ്പോൾ തന്റെ ശാരീരികക്ഷമത നിലനിർത്താനായി അദ്ദേഹം പ്രധാനമായും സ്‌ട്രെങ്ത് ട്രെയിനിംഗ് ആണ് ചെയ്തിരുന്നത്''.
വിജയ് അധികം സംസാരിക്കാറില്ലെങ്കിലും കാര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നയാളാണ്; ഒപ്പം മികച്ച സമയക്രമീകരണവും ലാളിത്യവും അദ്ദേഹത്തിന്റെ പ്രത്യേകതകളാണ്. 'അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് ഒരു വലിയ ഭാഗ്യമായാണ് ഞാൻ കാണുന്നത്, ആ അനുഭവത്തിന് ഞാൻ നന്ദിയുള്ളവനാണ്. അദ്ദേഹത്തെ ഉടൻ വീണ്ടും കാണാനും ഭാവിയിൽ വീണ്ടും ഒരുമിച്ച് പ്രവർത്തിക്കാനും കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു''.
2026-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച വിജയ്‌യും അദ്ദേഹത്തിന്റെ തമിഴക വെട്രി കഴകം പാർട്ടിയും വമ്പൻവിജയമാണ് കരസ്ഥമാക്കിയത്. ഈ വർഷം മെയിലാണ് അദ്ദേഹം സംസ്ഥാനത്തെ മുഖ്യമന്ത്രിയായി ചുമതലയേറ്റത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Celebrity fitness trainer S. Naresh Kumar reveals Vijay's strict discipline and diet routine., Vijay carries his own home-cooked meals even during political rallies, consisting of rice, chicken, vegetables, and fruits., Vijay follows a maintenance calorie diet with 60-80 grams of protein
Published: 06 Oct 2026, 11:46 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented