ഇപ്പോൾ ബോളിവുഡിലെ ഭാഗ്യതാരമെന്നാണ് രൺവീർ സിങ് അറിയപ്പെടുന്നത്. ധുരന്ധർ, ധുരന്ധർ: ദ റിവഞ്ച് എന്നീ സിനിമകൾ ബോക്‌സോഫീസിൽ മികച്ച പ്രകടനം കാഴ്ചവെച്ചതോടെയാണ് ലക്കി സ്റ്റാർ എന്ന പേര് അദ്ദേഹത്തിന് കിട്ടിയത്. 'പ്രളയ്' എന്ന സിനിമയുടെ ഷൂട്ടിങ് തിരക്കുകളിലാണ് താരമിപ്പോൾ. കഥാപാത്രങ്ങൾക്കുവേണ്ടി ഏത് രീതിയിലുള്ള തയ്യാറെടുപ്പുകൾക്കും രൺവീർ മടിക്കാറില്ല.

പ്രോട്ടീൻ ധാരാളമുള്ള കൊഴുപ്പ് കുറവുള്ള ഭക്ഷണമാണ് അദ്ദേഹം കൂടുതലായും കഴിക്കുന്നത്. ധുരന്ധറിലെ ഹംസ അലി മസാരി എന്ന കഥാപാത്രത്തിനുവേണ്ടി ആറാഴ്ചകൊണ്ടാണ് രൺവീർ 10 കിലോ വർധിപ്പിച്ചത്. ആഹാരത്തിനൊപ്പം തന്നെ വ്യായാമവും ചെയ്താണ് അദ്ദേഹം ഭാരം കൂട്ടിയത്. ആ സമയത്ത് 4000 കലോറി വരെയാണ് താരം തന്റെ ആഹാരത്തിലുൾപ്പെടുത്തിയത്. ദിവസവും രണ്ട് പ്രോട്ടീൻ ഷേക്കുകൾ കുടിച്ചു. ദിവസവും ചിക്കൻ, റൈസ്, റെഡ് മീറ്റ് എന്നിവയും കഴിച്ചു.

മാത്രമല്ല പ്രധാനഭക്ഷണത്തിനിടയിൽ തന്നെ പരിപ്പ്, പഴങ്ങൾ, പ്രോട്ടീൻ എന്നിവയടങ്ങിയ ആരോഗ്യകരമായ ലഘുഭക്ഷണവും അദ്ദേഹം ശീലമാക്കി.

'83' എന്ന സിനിമയുടെ ചിത്രീകരണസമയത്തും ഭക്ഷണകാര്യത്തിൽ രൺവീർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ദിവസവും മൂന്ന് തവണ വലിയ അളവിൽ ഭക്ഷണം കഴിക്കുന്നതിന് പകരം, രൺവീറിന്റെ ഭക്ഷണം പല തവണകളായി ചെറിയ അളവിൽ, കൃത്യമായ ഇടവേളകളിൽ കഴിക്കുന്ന രീതിയിലാണ് ക്രമീകരിച്ചത്. ആരോഗ്യകരമായ ലഘുഭക്ഷണങ്ങളാണ് അദ്ദേഹം കഴിച്ചിരുന്നത്. വൈകുന്നേരങ്ങളിൽ സാധാരണയായി നട്സും പഴങ്ങളുമാണ് ലഘുഭക്ഷണമായി ഉൾപ്പെടുത്തിയത്. കൂടാതെ, രാത്രിയിലെ ഭക്ഷണത്തിൽ കാർബോഹൈഡ്രേറ്റിന്റെ അളവ് കുറയ്ക്കാനും അദ്ദേഹം ശ്രദ്ധിച്ചിരുന്നുവെന്ന് അന്ന് താരത്തിന്റെ ഭക്ഷണകാര്യത്തിൽ ശ്രദ്ധിച്ചിരുന്ന ന്യുട്രീഷനിസ്റ്റ് വെളിപ്പെടുത്തി.

സാധാരണയായി ഒരു മുട്ടയുടെ വെള്ളയും പഴവുമാണ് രൺവീർ പ്രഭാതഭക്ഷണമായി കഴിക്കുന്നത്. ഉച്ചയ്ക്ക് ചിക്കൻ അല്ലെങ്കിൽ മത്സ്യം. അതിനൊപ്പം പച്ചക്കറികളും കഴിക്കും. ഇടനേരങ്ങളിൽ വാൾനട്ട്, ആൽമണ്ട്, പ്രോട്ടീൻ ഷേക്ക് എന്നിവയും. ഇതുകൂടാതെ ഓരോ മൂന്നു മണിക്കൂറിലും ഭക്ഷണം കഴിക്കുന്ന രീതിയാണ് താരത്തിന്റേത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi