
സ്തനാര്‍ബുദം ഏറെ പരിചതിവും അത്രയേറെ ഭീതിയുണര്‍ത്തുന്നതുമായ കാന്‍സറുകളില്‍ ഒന്നാണ്. സ്ത്രീകളില്‍ ഏറ്റവും കൂടുതലായി കണ്ടുവരുന്ന അര്‍ബുദ രോഗമെന്ന നിലയില്‍ സ്തനാര്‍ബുദത്തെക്കുറിച്ചുള്ള ബോധവത്കരണം വ്യാപകമായി നടക്കുന്നുണ്ട്. പക്ഷേ അര്‍ബുദത്തിന് നല്‍കുന്ന ചികിത്സയെക്കുറിച്ചുള്ള ധാരണക്കുറവ് ഇപ്പോഴും പൊതു സമൂഹത്തില്‍ വ്യാപകമാണ്. 'കാന്‍സറാണോ? ചികിത്സ കീമോതെറാപ്പിയും റേഡിയേഷനുമാണ്' എന്നാണ് മഹാഭൂരിപക്ഷം പേരുടേയും ധാരണ. എന്നാല്‍ ഈ രണ്ട് ചികിത്സാ രീതികള്‍ മാത്രമല്ല സ്തനാര്‍ബുദ ചികിത്സില്‍ സ്വീകരിക്കപ്പെടുന്നത്.
സ്തനാര്‍ബുദ ചികിത്സയിലെ ഏറ്റവും മികച്ച മുന്നേറ്റങ്ങളില്‍ ഒന്നാണ് 'വ്യക്തിഗത മരുന്ന്' അഥവാ പേഴ്‌സണലൈസ്ഡ് മെഡിസിന്‍. ഓരോ വ്യക്തിയുയുടേയും ജനിതകപരമായ സവിശേഷതകളും തന്മാത്രാഘടനകളുമെല്ലാം ഇതര വ്യക്തികളുടേതില്‍ നിന്ന് പലപ്പോഴും വ്യത്യസ്തമായിരിക്കും. സ്വാഭാവികമായും ചികിത്സ തീരുമാനിക്കുമ്പോള്‍ ഈ ഘടകങ്ങളെയും പരിഗണിക്കേണ്ടിയിരിക്കുന്നു. ഇത്തരത്തില്‍ വ്യക്തിഗതമായ സവിശേഷതകളെ പരിഗണിച്ചുകൊണ്ട് ചികിത്സ തീരുമാനിക്കുമ്പോള്‍ അത് കൂടുതല്‍ മികച്ചതായി മാറും. ഈ ചികിത്സാരീതി സ്തനാര്‍ബുദം പോലുള്ള രോഗങ്ങള്‍ക്ക് കൂടുതല്‍ ഫലപ്രദമാണെന്നാണ് പഠനങ്ങള്‍.
സ്തനാര്‍ബുദമെന്നാല്‍
സ്തനാര്‍ബുദം ഒരു രോഗമല്ല, മറിച്ച് അനവധിയായ ഉപവിഭാഗങ്ങള്‍ ഉള്‍ക്കെടുന്ന സമാന സ്വഭാവമുള്ള രോഗാവസ്ഥകളുടെ സഞ്ചയമാണ്. ഓരോന്നിനും വ്യത്യസ്ത സ്വഭാവവും സവിശേഷതകളുമുണ്ട്. ഈ വ്യത്യസ്തതയാണ് രോഗചികിത്സ തെരഞ്ഞെടുക്കുന്നതിലെ പ്രധാന വെല്ലുവിളികളില്‍ ഒന്ന്. ഈസ്ട്രജന്‍, പ്രൊജസ്റ്ററോണ്‍ തുടങ്ങിയ ഹോര്‍മോണ്‍ റിസപ്റ്ററുകളുടെ സാന്നിദ്ധ്യമോ അഭാവമോ, ഹ്യൂമന്‍ എപ്പിഡെര്‍മല്‍ ഗ്രോത്ത് ഫാക്ടര്‍ റിസപ്റ്റര്‍ 2 (HER2) വിന്റെ അവസ്ഥ, ജീന്‍ എക്‌സ്പ്രഷന്‍ പാറ്റേണുകള്‍ എന്നിവയെ അടിസ്ഥാനമാക്കിയാണ് സ്തനാര്‍ബുദത്തിന്റെ ഉപവിഭാഗങ്ങളെ പ്രധാനമായും നിര്‍ണ്ണയിക്കുന്നത്.
വ്യക്തിഗത മരുന്ന്; പ്രധാന ഘടകങ്ങള്‍
1. ഇമ്യൂണോഹിസ്റ്റോ കെമിസ്ട്രി:
സ്തനാര്‍ബുദത്തിന്റെ ഉപവിഭാഗത്തെ കൃത്യമായി തിരിച്ചറിയാന്‍ സഹായിക്കുന്ന പരിശോധനകളില്‍ പ്രധാനപ്പെട്ടതാണ് ഇമ്യൂണൈസ്ഡ് കെമിസ്ട്രി. ഹോര്‍മോണ്‍ റിസപ്റ്ററുകള്‍ പോസറ്റീവാണോ നെഗറ്റീവാണോ എന്ന് വിലയിരുത്താന്‍ ഈ പരിശോധന സഹായകരമാകും. ഹോര്‍മോണ്‍ റിസപ്റ്ററുകള്‍ പോസറ്റീവായ കേസുകളാണെങ്കില്‍ വളരെ മികച്ച ഫലപ്രാപ്തി ലഭിക്കുന്ന രീതിയില്‍ തന്നെ ചികിത്സിക്കാന്‍ സാധിക്കും. ചില രോഗികളില്‍ കീമോതെറാപ്പി ഇല്ലാതെ ഹോര്‍മോണ്‍ തെറാപ്പി മാത്രം സ്വീകരിക്കുവാനും ഇത് സഹായകരമാകും. HER2, ട്രിപ്പിള്‍ നെഗറ്റീവ് തുടങ്ങിയ വിഭാഗങ്ങളില്‍ പെടുന്ന കാന്‍സറുകളെ തിരിച്ചറിയുവാനും ഇമ്യൂണൈസ്ഡ് കെമിസ്ട്രി സഹായകമാണ്.
2. ജീനോമിക് പ്രൊഫൈലിംഗ്:
രോഗകാരണമായ മുഴയില്‍ ഏതെങ്കിലും തരത്തിലുള്ള പ്രത്യേക മാറ്റങ്ങളോ പരിവര്‍ത്തനങ്ങളോ സംഭവിച്ചിട്ടുണ്ടോ എന്നറിയാന്‍ ട്യൂമറിന്റെ ഡി.എന്‍.എ യും ആര്‍.എന്‍.എ യും വിലയിരുത്തലാണിത്. സ്തനാര്‍ബുദത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായക ഘടകമായി പ്രവര്‍ത്തിക്കുന്ന BRCA1, BRCA2, PIK3CA തുടങ്ങിയ ജീനുകളിലെ മാറ്റങ്ങളെ തിരിച്ചറിയാല്‍ നെക്സ്റ്റ് ജനറേഷന്‍ സീക്വന്‍സിങ്ങ് (NGS) പോലുള്ള പുതിയ സംവിധാനങ്ങളിലൂടെ സാധിക്കുകയും ചെയ്യും.
3. ടാര്‍ഗറ്റഡ് തെറാപ്പി :
ക്യാന്‍സറിന് കാരണമായ കോശവളര്‍ച്ചയിലേക്ക് ചില തന്മാത്രാപാതകളിലൂടെ കൃത്യമായി എത്തിച്ചേരുവാനും കാന്‍സര്‍ കോശങ്ങളെ മാത്രം തിരിച്ചറിഞ്ഞ നശിപ്പിക്കാന്‍ സാധിക്കുന്ന പ്രത്യേക മരുന്ന് ഉപയോഗിച്ചുള്ള ചികിത്സാ രീതിയാണ് ടാര്‍ഗറ്റഡ് തെറാപ്പി. പരമ്പരാഗതമായ കീമോതെറാപ്പിയെ അപേക്ഷിച്ച് പാര്‍ശ്വഫലങ്ങള്‍ കുറയ്ക്കുവാനും ചികിത്സാ ഫലം മെച്ചപ്പെടുത്തുവാനും ടാര്‍ഗറ്റഡ് തെറാപ്പി സഹായകരമാകുന്നു.
4. ഇമ്യൂണോതെറാപ്പി:
രോഗിയുടെ സ്വാഭാവികമായ പ്രതിരോധ ശേഷിയെ വര്‍ധിപ്പിച്ച് കാന്‍സര്‍ കോശങ്ങളെ കൃത്യമായി തിരിച്ചറിഞ്ഞ് പ്രതിരോധിക്കുന്ന ചികിത്സാ രീതിയാണ് ഇമ്യൂണോതെറാപ്പി. എല്ലാവരിലും ഈ രീതി ഫലപ്രദമാകണമെന്നില്ല. അതിനാല്‍ തന്നെ വ്യക്തിഗത മരുന്ന് പദ്ധതിയുടെ ഭാഗമായി ഈ രീതി പ്രവര്‍ത്തിക്കുന്ന ശാരീരിക ഘടനയുള്ളവരെ തിരിച്ചറിഞ്ഞ് അവരെ ഇമ്യൂണോ തെറാപ്പിക്ക് വിധേയരാക്കിയാല്‍ മികച്ച ഫലപ്രാപ്തി ലഭ്യമാകും. കീമോതെറാപ്പിയെ അപേക്ഷിച്ച് പാര്‍ശ്വഫലങ്ങള്‍ ഈ രീതിയില്‍ താരതമ്യേന കുറവാണ്.
5. പ്രഡിക്ടീവ് ബയോമാര്‍ക്കറുകള്‍:
ഒരു പ്രത്യേക ചികിത്സയോട് രോഗി എങ്ങിനെ പ്രതികരിക്കുമെന്ന് മനസ്സിലാക്കാന്‍ സാധിക്കുന്ന ജൈവ സൂചകങ്ങളാണ് പ്രഡിക്ടീവ് ബയോമാര്‍ക്കറുകള്‍. ഉദാഹരണത്തിന് ഓങ്കോടൈപ്പ് ഡിഎക്‌സ് ടെസ്റ്റിലൂടെ സ്തനാര്‍ബുദം ആവര്‍ത്തിച്ച് വരാനുള്ള സാധ്യതയും, കീമോതെറാപ്പിയുടെ ഫലപ്രാപ്തിക്കുള്ള സാധ്യതയും തിരിച്ചറിയാന്‍ സാധിക്കും.
നേട്ടങ്ങള്‍
രോഗിയുടെയും രോഗത്തിന്റെയും സവിശേഷതകളും പ്രത്യേകതകളുമനുസരിച്ച് ചികിത്സ നിര്‍ണ്ണയിക്കുവാന്‍ സാധിക്കുമെന്നതിനാല്‍ ഏറ്റവും ഫലപ്രാപ്തിയുള്ള ചികിത്സ രോഗിക്ക് ലഭ്യമാക്കാന്‍ സാധിക്കുന്നു. ഇത് ചികിത്സാപരമായ സങ്കീര്‍ണ്ണതകള്‍ കുറയ്ക്കുകയും രോഗിക്ക് കൂടുതല്‍ മികച്ച ഫലം ലഭ്യമാക്കുവാന്‍ സഹായകരമാവുകയും ചെയ്യുന്നു.
കാന്‍സറിലേക്ക് നയിക്കുന്ന സൂക്ഷ്മമായ ഘടകങ്ങളെപോലും തിരിച്ചറിഞ്ഞ് നിര്‍ണ്ണയിക്കുന്ന രീതിയായതിനാല്‍ ആരോഗ്യമുള്ള കോശങ്ങളെ സംരക്ഷിക്കുവാനും രോഗബാധിതമായ കോശങ്ങളെ കൃത്യമായി അടയാളപ്പെടുത്തി ചികിത്സ പൂര്‍ത്തീകരിക്കുവാനും സാധിക്കും. ഇത് പാര്‍ശ്വഫലങ്ങള്‍ കുറയ്ക്കും.
ജനിതകപരവും തന്മാത്രാ പ്രൊഫൈലും അടിസ്ഥാനമാക്കിയുള്ള ചികിത്സയായതിനാല്‍ ദീര്‍ഘകാലം നിലനില്‍ക്കുന്ന ചികിത്സാഫലം ലഭ്യമാകുന്നു. ഇത് അതിജീവനനിരക്ക് മെച്ചപ്പടുത്താന്‍ സഹായകരമാകുന്നു.
കൃത്യമായി നിര്‍ണ്ണയിച്ച്, ചികിത്സ ലഭ്യമാക്കിയാല്‍ ഏറ്റവും കൂടുതലായി ഭേദപ്പെടുത്താന്‍ സാധിക്കുന്ന കാന്‍സര്‍ രോഗവും സ്തനാര്‍ബുദം തന്നെയാണ്. നേരത്തെയുള്ള രോഗനിര്‍ണ്ണയമാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. സ്വയം സ്തന പരിശോധന, കൃത്യമായ ഇടവേളകളില്‍ മാമ്മോഗ്രാം ചെയ്യുക, രോഗപാരമ്പര്യമുള്ളവര്‍ ജാഗ്രത പുലര്‍ത്തുക... എന്നിവ തന്നെയാണ് രോഗം തടയാനുള്ള വഴി.
(കണ്ണൂര്‍ ആസ്റ്റര്‍ മിംസിലെ കണ്‍സല്‍ട്ടന്റ് മെഡിക്കല്‍ ഓങ്കോളജിസ്റ്റാണ് ലേഖകന്‍)
Content Highlights: Personalized medicine in breast cancer
Published: 26 Oct 2023, 03:37 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented