തീപറക്കുന്ന പോരാട്ടമായിരുന്നു അർജന്റീനയും ഈജിപ്തും മുഖാമുഖം വന്ന ലോകകപ്പ് മത്സരം. ഒന്നാം പാതിയിൽ ഈജിപ്തിന്റെ ഫറവോക്കരുത്തിനു മുന്നിൽ ചമ്പ്യാന്മാർ നിഷ്പ്രഭരായോ എന്നുതോന്നി. സാക്ഷാൽ മെസ്സിയെപ്പോലും മണിച്ചിത്രത്താഴിട്ട് പൂട്ടിയ ഈജിപ്ഷ്യൻ ഡിഫൻസിന് മുന്നിൽ അർജന്റീനയ്ക്ക് ഒന്നും ചെയ്യാനായില്ല. കിട്ടിയ പെനാൽട്ടി മെസ്സി പാഴാക്കുകയും ചെയ്തതോടെ കളി കയ്യിൽ നിന്നുപോയെന്ന പിടച്ചിലിലായി ഫാൻസ്.

78-ാം മിനിറ്റ് വരെ ഈജിപ്തിന്റെ സംഹാരവിളയാട്ടം. 79-ാം മിനുട്ടിൽ എല്ലാം മാറിമറിഞ്ഞു. ഡിഫെൻഡർമാരുടെ തടവിൽ നിന്നും പഴുത് കണ്ടെത്തി മെസ്സി ഊളിയിട്ടു. ക്യാപ്റ്റന്റെ ഉഗ്രൻ അസിസ്റ്റിൽ റോമെറോ സ്‌കോർ ചെയ്തു. അഞ്ച് മിനുട്ടായില്ല, മെസ്സിയും ഗോളടിച്ചു. കളി അധികസമയത്തേക്ക് നീണ്ടു. അതുവരെ കണ്ട അർജന്റീനയല്ല പിന്നെ മൈതാനത്ത്. ഈജിപ്ത് ടീം ഏറെക്കുറെ മുഴുവനായും ഡിഫൻസിലേക്ക് പോയി.

93-ാം മിനുട്ടിൽ എൻസോ ഫെർണ്ടാണ്ടസ് കൂടി ഗോളടിച്ചതോടെ അർജന്റീന ക്വാർട്ടറിലേക്ക്. തോറ്റെന്ന് കരുതിയിടത്തുനിന്നും അർജന്റീന ജയിച്ചുകയറിയ കളി ഇപ്പോൾ വിവാദപ്പെരുമഴയിലാണ്. റഫറി അന്യായമായി അർജന്റീനയെ തുണച്ചെന്നും ഫിഫയുടെ സാമ്പത്തിക താത്പര്യം മുൻനിർത്തി ഈജിപ്തിനെതിരെ പക്ഷപാതം കാട്ടിയെന്നുമാണ് ആരോപണങ്ങൾ. എന്നാൽ വർണവെറിയുടെ പുതിയ എപ്പിസോഡാകും കളിയെന്ന് ആരും കരുതിയതല്ല.

ഈജിപ്തിന്റെ ബെഞ്ചിനടുത്തേക്ക് നടന്നുവരുന്ന മെസ്സിയും ഈജിപ്ത് കോച്ച് ഹൊസ്സം ഹസ്സനുമുള്ള വീഡിയോ ഇപ്പോൾ വൈറലാണ്. മെസ്സി എന്തോ പറയുന്നെന്ന് തോന്നിക്കുന്ന വീഡിയോയിൽ ഹസ്സൻ കൈകളുയർത്തുന്നത് കാണാം. വംശീയാധിക്ഷേപത്തിനെതിരെ ഫിഫ 2024ൽ കൊണ്ടുവന്നതാണ് കൈകൾ ഉയർത്തി X - പോലെ കാട്ടുന്ന മുദ്ര. മെസ്സി എന്താണ് പറഞ്ഞതെന്ന് വ്യക്തമല്ല. സംഭവത്തെപ്പറ്റി ഹസ്സനും പ്രതികരിച്ചിട്ടില്ല. അദ്ദേഹത്തിന്റെ പ്രതികരണം മെസ്സിയോട് മാത്രമായിരുന്നോ അതോ ഫിഫയോടായിരുന്നോ എന്നും അറിയില്ല. ഫിഫ ഒത്തുകളിച്ച് അർജന്റീനയെ ജയിപ്പിച്ചു എന്ന് തോൽവിക്ക് ശേഷം ഹസ്സൻ ആരോപിച്ചിരുന്നു.

അർജന്റീന കളിയിലേക്ക് തിരിച്ചുവന്ന വികാരത്തള്ളിച്ചയിൽ നീലപ്പടയുടെ ആരാധകർ ഈജിപ്ഷ്യൻ ആരാധകർക്ക് നേരെ വെള്ളക്കുപ്പികൾ വലിച്ചെറിഞ്ഞതായും റിപ്പോർട്ടുകളുണ്ട്. പലസ്തീൻ പൗരന്മാരോട് സഹാനുഭൂതി പുലർത്തുന്നയാളാണ് ഈജിപ്തിന്റെ കോച്ച് ഹൊസ്സം ഹസ്സൻ. ഓസ്ട്രിയയ്‌ക്കെതിരായ മാച്ചിൽ അദ്ദേഹം പലസ്തീൻ കൊടിയുയർത്തിക്കാട്ടിയിരുന്നു. അർജന്റീനയുമായി പരാജയപ്പെട്ട അദ്ദേഹം മടങ്ങുമ്പോൾ അർജന്റീന ആരാധകർ ഇസ്രായേൽ ദേശീയപതാക വീശിയതും വിവാദമായി.

placeholder
അർജന്റീന- കേപ് വെർദെ മത്സരം

മുൻപ് അർജന്റീനയും കേപ് വേർദയും ഏറ്റുമുട്ടിയ കളിയിലും വർണവെറിയുടെ നിഴൽ വീണിരുന്നു. മിയാമിയിൽ ന്മടന്ന മത്സരത്തിനിടെ ഡാരൻ വാറ്റ്കിൻസ് ജൂനിയർ എന്ന ഇൻഫ്‌ളുവൻസർ ലൈവ് സ്ട്രീം ചെയ്ത വീഡിയോയിലൂടെയാണ് ലോകം വർണവെറിയുടെ പുതുരൂപം കണ്ടത്. ഐ ഷോ സ്പീഡ് എന്ന പേരിൽ യൂടൂബിലും ടിക്ടോക്കിലും ചാനലുള്ളയാളാണ് ഡാരൻ. ഇയാൾക്ക് യൂട്യൂബിൽ 56 മില്യണും ഫോളോവേഴ്സും ടിക്ടോക്കിൽ 53 മില്യൺ ഫോളോവേഴ്സുമാണുള്ളത്. കേപ് വെർദെ ആരാധകനും അർജന്റീന ആരാധകനും തമ്മിലുണ്ടായ വാക്ക്തർക്കത്തിനിടെയുണ്ടായ വംശീയാധിക്ഷേപമാണ് ലൈവിൽ പതിഞ്ഞത്. ആഫ്രിക്കൻ ദ്വീപരാഷ്ട്രമായ കേപ് വെർദെ ആദ്യമായാണ് ലോകകപ്പിനെത്തുന്നത്. സ്‌പെയിനിനെ സമനിലയിൽ കുരുക്കിയ ടീം ലോക ചാമ്പ്യന്മാരെ വിറപ്പിച്ച ശേഷമാണ് മടങ്ങിയത്. വീറും വാശിയും നിറഞ്ഞ മത്സരത്തിന്റെ മാറ്റ് കുറയ്ക്കുന്നതായി ഗാലറിയിലുണ്ടായ തർക്കം. സംഭവത്തെ നിശിതമായി വിമർശിച്ച ഫിഫ ഇത്തരക്കക്കാർ കളി കാണാൻ വരണ്ട എന്നും പറഞ്ഞു.

മറ്റ് ലാറ്റിനമേരിക്കൻ ടീമുകളെപോലെ കറുത്തവർഗക്കാരെ അർജന്റീന ടീമിൽ കാണാറില്ല. സ്പെയിനിന്റെ കോളനിയായിരുന്നു അർജന്റീന. തദ്ദേശീയരെ ക്രൂരമായി കൊന്നൊടുക്കിയ കൊളോണിയലിസത്തിന്റെ ശേഷിപ്പാണ് ഇന്ന് കാണുന്ന ആൽബിസെലസ്റ്റകൾ. ജനസംഖ്യയുടെ 2ശതമാനത്തിൽ താഴെയാണ് അവിടുത്തെ കറുത്തവർഗക്കാരുടെ എണ്ണം. 1920കളിൽ ടീമിന്റെ ഭാഗമായ അലസൻഡ്രോ സാന്റോസാണ് അർജന്റീനയിലെ ആദ്യ കറുത്തവർഗക്കാരനായ പ്ലെയർ. ഹോസെ ഡെൽഗാഡോ, ഹെക്ടർ ബാലി, സ്റ്റീഫൻ റാമോസ് തുടങ്ങിയ കറുത്തവർഗക്കാർ പിന്നീട് ടീമിന്റെ ഭാഗമായി.

1978ൽ സ്വന്തം മണ്ണിൽ അർജന്റീന ആദ്യ ലോകകപ്പ് സ്വന്തമാക്കിയപ്പോൾ ഗോൾകീപ്പറായിരുന്നത് ഹെക്ടർ ബെയ്ലിയാണ്. ചോക്കലേറ്റ് ബെയ്ലി എന്നായിരുന്നു അദ്ദേഹത്തിന്റെ വിളിപ്പേര്. മൂന്നുവട്ടം അർജന്റീന ലോകകപ്പുയർത്തിയിട്ടും മറ്റൊരു കറുത്തവർഗക്കാരൻ പ്ലേയർക്കും ആ ഭാഗ്യത്തിൽ പങ്കുചേരാനായില്ല എന്നതും ചരിത്രം.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi