മഴ നന്നായി പെയ്യാന്‍ തുടങ്ങിയിട്ടുണ്ട്, ഒപ്പം ചുമയുടെ താളമേളങ്ങളും ആരംഭിച്ചു കഴിഞ്ഞു. എന്തുകൊണ്ടാണ് പനിയും ചുമയും മാറാത്തത് എന്ന ചോദ്യം വേനല്‍ക്കാലം മുതല്‍ മഞ്ഞുകാലവും കടന്ന് മഴക്കാലത്ത് എത്തിനില്‍ക്കുന്നു. മാറുന്ന ശീലങ്ങള്‍, ഭക്ഷണങ്ങള്‍, അവയുടെ ക്രമം തെറ്റല്‍, ഇരുന്നു മാത്രമുള്ള ജോലികള്‍, ഉറക്കക്കുറവ്, വ്യായാമമില്ലായ്മ- അങ്ങനെ ഒരുപാട് കാരണങ്ങള്‍ മാറിമറിയുന്നു.

To advertise here,

ഓരോ കാലത്തിനും ആവശ്യമായ ഋതുചര്യ ആയുര്‍വേദം അനുശാസിക്കുന്നുണ്ട്. വര്‍ഷഋതുവിലെ ഒരു ദിവസത്തെ ചര്യ ഇവിടെ ചേര്‍ക്കുന്നു.

പ്രഭാതം

* ബ്രഹ്‌മമുഹൂര്‍ത്തത്തില്‍ ഉണരുക (ശുഭസമയം - രാവിലെ 4.30 മുതല്‍ 5.30 വരെ).

* വായ നന്നായി ചെറുചൂടുവെള്ളത്തില്‍ കൊപ്പിക്കുക(മഞ്ഞള്‍പ്പൊടിയും, ഉപ്പും ചേര്‍ത്തോ വേപ്പെണ്ണ ചേര്‍ത്തോ ഇളം ചൂടുവെള്ളത്തില്‍ ഇത് ചെയ്യാം).

* ശേഷം ദന്തധാവനം: പല്ലുതേപ്പ്.

* അല്‍പം ആവി കൊള്ളാം - മുഖത്തും, മൂക്കിലും, വായ് തുറന്നിട്ടും, തൊണ്ടയിലും. ശേഷം നന്നായി തലയും ദേഹവും തുടയ്ക്കുക. രാസ്‌നാദി ചൂര്‍ണ്ണം തിരുമ്മുക.

* : തുളസി, പനിക്കൂര്‍ക്ക, ചെറിയ ജീരകം ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുക. അല്‍പം വിശ്രമം.

* തുടര്‍ന്ന് വ്യായാമം.

വ്യായാമം (15-20 മിനിറ്റ്) യോഗ പരിശീലിച്ചവര്‍ താഴെപ്പറയുന്ന ആസനങ്ങള്‍ ചെയ്യുക.

* വജ്രാസനം

* ത്രികോണാസനം

* വൃക്ഷാസനം

* പവനമുക്താസനം

* അനുലോമ-വിലോമ പ്രാണായാമം

സ്‌നാനം:

* എണ്ണതേച്ചുള്ള കുളി (ചെറുചൂടോടെ ദേഹത്ത് തേച്ചുപിടിപ്പിച്ച് അല്‍പനേരം കഴിഞ്ഞ് സ്‌നാനം).നാരായണ തൈലം, ധന്വന്തരം തൈലം, ശിരബലാ തൈലം, ബലാ തൈലം തുടങ്ങിയ എണ്ണകളിലൊന്ന് ഉപയോഗിക്കാം.

* ചൂടുവെള്ളം കൊണ്ട് തല ഒഴികെയുള്ള ശരീരഭാഗങ്ങളില്‍ സ്‌നാനം (തലയ്ക്ക് ഇളം തണുത്ത വെള്ളം മാത്രം ഉപയോഗിക്കുക).

ആഹാരക്രമം (ഭക്ഷണം):

* ലഘുവായും എളുപ്പത്തില്‍ ദഹിക്കുന്നതുമായ ഭക്ഷണം:

* ആവിയില്‍ പുഴുങ്ങിയ ആഹാരങ്ങള്‍ - ഇഡ്ഡലി, ഇടിയപ്പം, അപ്പം, നെയ്യ് ചേര്‍ത്ത പുട്ട്, നെയ്യ് ചേര്‍ത്ത ഉപ്പുമാവ്, ഗോതമ്പ്/അരി അടകള്‍, സൂചി ഗോതമ്പ് പാല്‍ക്കഞ്ഞി, പിടി, നേന്ത്രപ്പഴം പുഴുങ്ങിയത്.

* മഴക്കാലത്ത് ദഹനശക്തി ദുര്‍ബലമാകുന്നതിനാല്‍ വലിയ ഭക്ഷണം ഒഴിവാക്കുക.

* പാല്‍, തൈര്, മാംസം എന്നിവ മിതമായ അളവില്‍ മാത്രം. തൈര് വൈകുന്നേരം ഒഴിവാക്കുക.

ഉച്ചഭക്ഷണം (12:30pm-1:00pm)

* തവിട് കൂടിയ അരി,, ആവിയില്‍ വേവിച്ച ഇലത്തോരന്‍ (ചെറുപയര്‍/വന്‍പയര്‍ തോരന്‍), പുളിശ്ശേരി, എരിശ്ശേരി, അവിയല്‍, മീന്‍കറി,വെളുത്തുള്ളി, ഇഞ്ചി ചേര്‍ത്ത രസം, പുളിയിഞ്ചി അല്ലെങ്കില്‍ ഇഞ്ചിക്കറി.

* അല്‍പം അഷ്ടചൂര്‍ണ്ണം തേനില്‍ ചേര്‍ത്ത് കഴിക്കുക.

* ഊണിന് ശേഷം അല്‍പം നടത്തം.

* വിശ്രമം, ഉച്ചയ്ക്ക് ഉറങ്ങേണ്ട.

വൈകുന്നേരം

* ഇഞ്ചി+ഏലക്ക ചായ/കരിപ്പെട്ടി കാപ്പി (ചെറു മധുരത്തില്‍).

* ചെറുകടികളും ലഘുഭക്ഷണങ്ങളും ഒഴിവാക്കുക: പകരം ഇലയട, കൊഴുക്കട്ട, ജീരക കൊഴുക്കട്ട, നേന്ത്രപ്പഴം പുഴുങ്ങിയത്.

രാത്രി: (7:30-8pm)

* തേങ്ങാപ്പാല്‍ ഒഴിച്ചോ/സാധാരണ വെള്ളത്തിലോ കഞ്ഞി (അരി/സൂചിഗോതമ്പ്/ചെറുധാന്യങ്ങള്‍ (മില്ലറ്റ്)).

* ശേഷം അല്‍പം നടത്തം.

* പ്രാണായാമം.

* ഉറക്കം (10:30pm).

ശ്രദ്ധിക്കുക: ദഹനത്തിന് ഇഞ്ചി, വെളുത്തുള്ളി, കുരുമുളക് എന്നിവ ആവശ്യാനുസരണം ഉള്‍പ്പെടുത്തുക. മഴക്കാലത്തും എല്ലാ കാര്യങ്ങള്‍ക്കും ചൂടുവെള്ളം ശീലമാക്കുക.

വര്‍ഷാഋതുവില്‍, ശരീരത്തിലെ ദോഷങ്ങള്‍ പ്രത്യേകിച്ച് വാതം ആധിക്യമാകുന്നതിനാല്‍, ജീവിതത്തില്‍ ലഘു-ഉഷ്ണ-ദീപന സ്വഭാവമുള്ള ആഹാരവും വാതശമന ചിട്ടകളും പാലിക്കേണ്ടത് അത്യാവശ്യം. ദൈനംദിന കാര്യങ്ങളില്‍ സമതുലിതത്വം, മാനസിക ശാന്തത എന്നിവ മഴക്കാല ആരോഗ്യം നിലനിറുത്താന്‍ സഹായിക്കും.