
എഐ നിർമിതചിത്രം
മഴയെത്തിയതോടെ മഴക്കാലരോഗങ്ങളും കൂടി. ഈർപ്പം കൂടിയ അന്തരീക്ഷം, വെള്ളക്കെട്ടുകൾ, ശുദ്ധജലമില്ലായ്മ, ഭക്ഷണമലിനീകരണം എന്നിവയാൽ രോഗബാധയുടെ സാധ്യത വർദ്ധിക്കുന്നു. സാധാരണ ജലദോഷപ്പനി മുതൽ ആളെക്കൊല്ലിയായ ഹെപ്പറ്റൈറ്റിസ് എ-യും ടൈഫോയ്ഡും വരെ പട്ടിക നീളും. പ്രായമായവരും മറ്റ് ദീർഘകാല രോഗങ്ങളുള്ളവരും പ്രത്യേകിച്ചും എളുപ്പത്തിൽ രോഗബാധയ്ക്ക് ഇരയാകുന്നു. മഴക്കാലത്ത് സാധാരണയായി മുതിർന്നവരെ ബാധിക്കുന്ന രോഗങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
വൈറൽ പനി
ഇക്കാലത്ത് ഏറ്റവും കൂടുതലായി കാണുന്നത് വൈറൽ പനിയാണ്. വായുവിലൂടെ പകരുന്ന വൈറസാണ് രോഗകാരണം. പനി, ജലദോഷം, ശരീരവേദന, ക്ഷീണം, തലവേദന, വിശപ്പില്ലായ്മ എന്നിവയാണ് പ്രധാനലക്ഷണങ്ങൾ. സാധാരണഗതിയിൽ രണ്ടോ മൂന്നോ ദിവസങ്ങൾ കഴിയുമ്പോൾത്തന്നെ ഈ രോഗം പൂർണ്ണമായും ഭേദമാകും. പക്ഷേ പ്രായമായവരിലും രോഗപ്രതിരോധശക്തി കുറഞ്ഞവരിലും ഇത് വൈറൽ ന്യൂമോണിയ പോലുള്ള സങ്കീർണത സൃഷ്ടിച്ചേക്കാം.
ഈ പനിക്ക് പ്രത്യേകചികിത്സ ഇല്ല. പരിപൂർണ്ണവിശ്രമം, പോഷകാഹാരം, ധാരാളം വെള്ളം കുടിക്കുക എന്നിവയാണ് വേണ്ടത്. പനിയും ശരീരവേദനയും കുറയ്ക്കാനായി പാരസെറ്റമോൾ സഹായിക്കും. വൈറൽപനിയുടെ പ്രധാനകാരണമായ ഫ്‌ളു വൈറസിനെതിരായ ഫ്‌ളൂ വാക്സിൻ ലഭ്യമാണ്. ഇത് തടയുവാനായി മാസ്‌കും സാനിറ്റൈസറും കൃത്യമായി ഉപയോഗിക്കുക, ഇടയ്ക്കിടെ കൈകൾ കഴുകുക, വൈറൽപനിയുള്ള രോഗിയുമായി സമ്പർക്കം കുറയ്ക്കുക എന്നിവയാണ് ചെയ്യേണ്ടത്.
ശ്വാസകോശരോഗങ്ങൾ
തുമ്മൽ, ജലദോഷം, ചുമ, ശ്വാസതടസ്സം എന്നിവയും മഴക്കാലത്ത് കൂടുതലായി കണ്ടുവരുന്നു. പ്രധാനകാരണം വൈറസാണ്, കൂടാതെ ചില ബാക്റ്റീരിയകളും രോഗകാരണമാകാം. തുടർച്ചയായ ചുമ, ശ്വാസം വലിക്കുന്നതിന് ബുദ്ധിമുട്ട് എന്നിവയുണ്ടെങ്കിൽ ഉടൻ വൈദ്യോപദേശം തേടേണ്ടതാണ്.
മഞ്ഞപ്പിത്തം
വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരുന്ന ഒരു വൈറസാണ് രോഗകാരണം. ഛർദ്ദി, ക്ഷീണം, പനി, കണ്ണിൽ മഞ്ഞനിറം, മൂത്രം മഞ്ഞനിറത്തിലാവുക, വിശപ്പില്ലായ്മ എന്നിവയാണ് ലക്ഷണങ്ങൾ.
പ്രത്യേകചികിത്സ ഇല്ല. വിശ്രമവും ലളിതമായ ആഹാരവുമാണ് പ്രധാനം. ഡോക്ടറുടെ നിർദ്ദേശപ്രകാരം പരിശോധനകളും ചികിത്സയും നടത്തുക. പക്ഷേ, ചുരുക്കം ചിലരിൽ മഞ്ഞപ്പിത്തം മാരകമാകാറുണ്ട്. അതുകൊണ്ട് തന്നെ പ്രത്യേകശ്രദ്ധ ആവശ്യമാണ്.
ഇത് തടയുവാനായി തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക, ശുചിയായ ആഹാരം കഴിക്കുക, ഭക്ഷണപദാർത്ഥങ്ങൾ തുറന്നുവയ്ക്കാതിരിക്കുക, കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകുക എന്നിവയാണ് ചെയ്യേണ്ടത്. വൃത്തിഹീനമായ ചുറ്റുപാടിൽനിന്നും വെള്ളവും ഭക്ഷണവും ഒഴിവാക്കുക, കഴിവതും വീട്ടിൽ നിന്നുള്ള ഭക്ഷണം കഴിക്കുവാൻ ശ്രമിക്കുക.
ഹെപ്പറ്റൈറ്റിസ് എ-ക്കെതിരെ ഫലപ്രദമായ പ്രതിരോധകുത്തിവെയ്പ്പ് ലഭ്യമാണ്. ആറുമാസത്തെ ഇടവേളകളിൽ രണ്ടുഡോസ് കുത്തിവെയ്പ്പാണ് എടുക്കേണ്ടത്.
ടൈഫോയ്ഡ്
സൽമൊനെല്ല ടൈഫി എന്ന ബാക്റ്റീരിയയാണ് ഈ പനിക്ക് കാരണം. രോഗാണു കലർന്ന വെള്ളം, ഭക്ഷണം എനിവയിലൂടെയാണ് ഈ രോഗം പകരുന്നത്. പനി, തലവേദന, വയറുവേദന, വയറിളക്കം, മലബന്ധം എന്നിവയും മഞ്ഞപ്പിത്തം, ബോധക്ഷയം, കുടലിൽ പൊട്ടൽ തുടങ്ങിയ ഗുരുതര രോഗലക്ഷണങ്ങളും വരെ ഉണ്ടാകാം.
ഈ അസുഖത്തിന് ഡോക്ടർ നിർദ്ദേശിക്കുന്ന കാലയളവിൽ ആന്റി ബയോട്ടിക്സ് കഴിക്കേണ്ടതാണ്. ആരംഭത്തിലേ രോഗനിർണ്ണയം നടത്തുന്നതും മതിയായ ചികിത്സനേടുന്നതും ഗുരുതരപ്രശ്നങ്ങൾ കുറയ്ക്കുന്നു.
ടൈഫോയ്ഡിനെതിരെയുള്ള കുത്തിവെയ്പ്പ് ലഭ്യമാണ്. വ്യക്തിശുചിത്വം പാലിക്കുക. മലമൂത്ര വിസർജനത്തിന് ശേഷവും, ആഹാരത്തിനുമുൻപും കൈകൾ വൃത്തിയായി കഴുകേണ്ടതാണ്. ശുദ്ധമായ ആഹാരവും വെള്ളവും മാത്രം ഉപയോഗിക്കുക.
വയറിളക്കരോഗങ്ങൾ
പലതരം വൈറസുകളും, സൽമൊനെല്ല, ഇ-കോളി എന്നീ ബാക്റ്റീരിയകളും, അമീബ പോലുള്ള പലതരം രോഗാണുക്കളും മുഖേന രോഗം വരാം. വയറിളക്കം, ഛർദ്ദി, ക്ഷീണം, നിർജ്ജലീകരണം, പനി എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. ചിലപ്പോൾ രക്തം കലർന്ന വിസർജ്യവും വയറുവേദനയും ഉണ്ടാകാം.
ഒ.ആർ.എസ് ലായനിയുടെ ഉപയോഗത്തിലുടെ ശരീരത്തിലെ നഷ്ടപ്പെട്ട ജലം ഒരളവ് വരെ നിലനിർത്താനാവും. ഡോക്ടറിന്റെ നിർദ്ദേശാനുസരണം ആവശ്യമെങ്കിൽ ആന്റിബയോട്ടിക്‌സും കഴിക്കേണ്ടി വരും.
കോളറ
വിബ്രിയോ കോളറ എന്ന ബാക്റ്റീരിയ മൂലമുണ്ടാകുന്ന ജലജന്യ അണുബാധയാണിത്. ഇതു കടുത്ത വയറിളക്കത്തിനും, നിർജ്ജലീകരണത്തിനും, മരണത്തിനുപോലും കാരണമാകാം. ഉടൻതന്നെ ചികിത്സ ലഭ്യമാക്കണം. ധമനിയിലൂടെയുളള ഫ്‌ളൂയിഡും, ഒ. ആർ.എസ് ലായനിയും, ആന്റിബയോട്ടിക്കും കഴിക്കേണ്ടി വരും. ശുചിയായ ഭക്ഷണവും, തിളപ്പിച്ചാറിയ വെള്ളവും, വ്യക്തിശുചിത്വവും രോഗാണുക്കളെ അകറ്റിനിർത്തും
ഡെങ്കിപ്പനി
ഈഡിസ് ഈജിപ്തി കൊതുകുകൾ പരത്തുന്ന ഡെങ്കി വൈറസ് മൂലമുണ്ടാകുന്ന രോഗമാണിത്. ശുദ്ധജലത്തിൽ വളരുന്നതും പകൽ സമയത്ത് കടിക്കുന്നതുമായ കൊതുകാണിത്. രോഗാണു ശരീരത്തിൽ എത്തിയാൽ 3-10 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും.
കടുത്ത പനി, തലവേദന, പേശിയിലേയും സന്ധിയിലേയും വേദന, ശരീരവേദന, കണ്ണിനു പുറകിൽ വേദന, ശരീരത്ത് ചുവന്നപാടുകൾ എന്നിവയാണ് ലക്ഷണങ്ങൾ. പനി ശക്തമാകുമ്പോൾ പ്ലേറ്റ്‌ലെറ്റ്‌സ് ക്രമാതീതമായി കുറയാനും രക്തസ്രാവത്തിനും സാധ്യതയുണ്ട്. ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുന്ന ഈ പനിക്ക് പ്രത്യേകശ്രദ്ധയും പരിചരണവും ആവശ്യമാണ്. രക്തപരിശോധനയിലൂടെ രോഗനിർണയം നടത്താം. കൊതുക് നിവാരണമാണ് പ്രധാനപ്രതിരോധം. വീട്ടിലും പരിസരപ്രദേശങ്ങളിലും വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുക. കൊതുകുവലയുടെ ഉപയോഗവും കൈകാൽ മൂടുന്ന നീളമുള്ള വസ്ത്രങ്ങൾ ധരിക്കുന്നതും കൊതുകുകടിയിൽ നിന്നും രക്ഷനൽകും.
എലിപ്പനി
ലെപ്‌റ്റോസ്‌പൈറ എന്ന ബാക്റ്റീരിയ മൂലം ഉണ്ടാകുന്ന ജന്തുജന്യരോഗമാണിത്. എലിമൂത്രം അല്ലെങ്കിൽ വിസർജ്യം കലർന്ന മലിനജലത്തിന്റെയോ മണ്ണിന്റെയോ സമ്പർക്കം മൂലം, ശരീരത്തിലെ ചെറിയ മുറിവിലൂടെ രോഗാണു ശരീരത്തിലെത്തുന്നു. എലിയെക്കൂടാതെ പശു, ആട്, അണ്ണാൻ, നായ മുതലായ മറ്റു ചില ജീവികളും ഈ രോഗാണുവാഹകരാണ്.
കുളിരോടുകൂടിയ കടുത്ത പനി, കൈകാൽ പേശിവേദന, ഛർദ്ദി, കണ്ണിൽ ചുവപ്പ്, കരൾ വീക്കം മൂലം മഞ്ഞപ്പിത്തം തുടങ്ങിയവയാണ് ലക്ഷണങ്ങൾ. അസുഖം മൂർച്ഛിച്ചാൽ ഈ പനി വൃക്ക, തലച്ചോർ, ശ്വാസകോശം എന്നിവയെ ബാധിച്ച് മാരകമാകാറുണ്ട്. നേരത്തേ ചികിത്സിച്ചാൽ ഫലപ്രദമായ ആന്റിബയോട്ടിക്‌സ് കൊണ്ട് പൂർണ്ണമായും ഭേദമാക്കാവുന്ന അസുഖമാണിത്.
ഡോക്‌സിസൈക്ലിങ് എന്ന പ്രതിരോധ മരുന്ന് ലഭ്യമാണ്. ശുചീകരണ തൊഴിലാളികൾ, കർഷകർ തുടങ്ങിയവർ മലിനജലത്തിൽ ഇറങ്ങുന്നതിന് മുമ്പ് ഡോക്ടറുടെ നിർദേശപ്രകാരം ഡോക്‌സിസൈക്ലിങ് കഴിക്കുന്നത് ഈ രോഗം തടയാൻ സാധിക്കും. എലികളെ നിയന്ത്രിക്കുന്നതാണ് പ്രധാന പ്രതിരോധ മാർഗം. കെട്ടിക്കിടക്കുന്ന മലിനജലത്തിൽ നടക്കാതിരിക്കുക. മലിനമായ വെള്ളത്തിൽ ചവിട്ടിയാൽ കാലുകൾ വൃത്തിയായി സോപ്പും വെള്ളവും ഉപയോഗിച്ചുകഴുകുക. കാലുകൾ മൂടുന്ന ബൂട്‌സ് ധരിക്കുക.
ചർമ്മരോഗങ്ങൾ
ഈർപ്പം കൂടുതലുള്ള അന്തരീക്ഷത്തിൽ വളരുന്ന ഫംഗസ് ആണ് ചർമ്മരോഗങ്ങൾക്ക് പ്രധാനകാരണം. ഈ കാലാവസ്ഥയിൽ മഴച്ചെരുപ്പുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. നനഞ്ഞ ഡോക്സ് ഉപയോഗിക്കാതിരിക്കുക. നനഞ്ഞ വസ്ത്രങ്ങൾ ഉപയോഗിക്കാതിരിക്കുക.
ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
തുടക്കത്തിലെയുള്ള ചികിത്സ ഗുരുതര പ്രത്യാഘാതങ്ങൾ ഒഴിവാക്കുന്നു. അതിനാൽ ഏതൊരു പനിക്കും എത്രയും പെട്ടെന്ന് വൈദ്യോപദേശം തേടുക. സ്വയംചികിത്സ അരുത്. ഡോക്ടറുടെ നിർദ്ദേശപ്രകാരമുള്ള ടെസ്റ്റുകൾ ചെയ്യുകയും മരുന്നുകൾ കഴിക്കുകയും ചെയ്യുക. പോഷകാഹാരം, ആവശ്യത്തിനുള്ള വെള്ളം, പരിപൂർണ്ണ വിശ്രമം എന്നിവയ്ക്ക് പ്രാധാന്യം നൽകുക. ഫ്‌ളൂ, ടൈഫോയ്ഡ്, ഹെപ്പറ്റെറ്റിസ് എ, മഞ്ഞപ്പിത്തം എന്നിവയ്‌ക്കെതിരെ ഫലപ്രദമായ കുത്തിവെയ്പ്പുകൾ ലഭ്യമാണ്. മഴക്കാലരോഗങ്ങളെ പ്രതിരോധിക്കാനുളള ഏറ്റവും നല്ല മാർഗം ഈ അസുഖങ്ങളെക്കുറിച്ച് ബോധവാന്മാരായിരിക്കുന്നാണ്.
(തൊടുപുഴ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ഫാമിലി മെഡിസിൻ വിഭാഗത്തിൽ സ്‌പെഷ്യലിസ്റ്റാണ് ലേഖിക)
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: common monsoon diseases like viral fever, typhoid, jaundice, and dengue. Get prevention tips and treatment advice
Published: 27 Jun 2025, 03:54 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented