വിവാഹവും മറവിയും തമ്മില്‍ ബന്ധമുണ്ടോ? ഉണ്ടെന്നാണ് പുതിയ പഠനം പറയുന്നത്. ഒരു ആജീവനാന്ത പങ്കാളി കൂട്ടിനുള്ളത് ഏകാന്തത ഇല്ലാതാക്കാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുമെന്നിരിക്കെ വിവാഹിതർക്ക് ആശങ്ക ജനിപ്പിക്കുകയാണ് പുതിയ പഠനം. തലച്ചോറിന്റെ ആരോഗ്യകാര്യത്തില്‍ വിവാഹം വില്ലനാണെന്നാണ് കണ്ടെത്തൽ. വിവാഹിതരില്‍ ഡിമെന്‍ഷ്യ സാധ്യത വര്‍ധിക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ.

To advertise here,

മറവിരോഗം ഏറ്റവും കൂടുതല്‍ കണ്ടുവരുന്നത് വിവാഹം കഴിച്ചവരിലാണെന്നാണ് കണ്ടെത്തല്‍. അമേരിക്കയിലെ 'ദ ജേര്‍ണര്‍ ഓഫ് ദ അല്‍ഷിമേഴ്‌സ് അസോസിയേഷന്‍' പ്രസിദ്ധീകരിച്ച ഗവേഷണത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. യുഎസിലെ ഫ്‌ളോറിഡ സര്‍വകലാശാലയിലെ ഗവേഷകരാണ് ഇത്തരമൊരു പരീക്ഷണം നടത്തിയത്.

വിവാഹിതരായ 24,107 അമേരിക്കന്‍ പൗരന്മാരെ 18 വര്‍ഷത്തോളം നിരീക്ഷിച്ചതിനുശേഷമാണ് ഇത്തരമൊരു കണ്ടെത്തല്‍. വിവാഹം മാനസികാരോഗ്യത്തെ വളരെയധികം സ്വാധീനിക്കുന്നു. ദാമ്പത്യജീവിതത്തില്‍ ഉണ്ടാകുന്ന പൊരുത്തക്കേടുകള്‍ സ്വാഭാവികജീവിതത്തെ മാത്രമല്ല മാനസികാരോഗ്യത്തെയും ദോഷകരമായി ബാധിക്കുമെന്നാണ് പുതിയ പഠനം തെളിയിക്കുന്നത്.

അവിവാഹിതര്‍ക്കും വിവാഹമോചിതരായവര്‍ക്കും ഡിമെന്‍ഷ്യ വരാനുള്ള സാധ്യത വളരെ കുറവാണെന്നതും പ്രധാനമാണ്. എന്നാല്‍ ഈ പഠനത്തെക്കുറിച്ച് ആരും തെറ്റിദ്ധരിക്കരുതെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. വിവാഹം അപകടമാണെന്നതല്ല മറിച്ച് ആളുകള്‍ വിശ്വസിക്കുകയും സങ്കല്‍പ്പിക്കുകയും ചെയ്യുന്ന ജീവിതമല്ല വിവാഹത്തിന് ശേഷം ലഭിക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് ഈ പഠനമെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

വിവാഹിതരായ ആളുകള്‍ക്ക് സാമൂഹിക ഇടപെടല്‍ കുറവായിരിക്കും. കുടുംബത്തെ നോക്കി വീടുകളില്‍ ഒതുങ്ങിക്കൂടുന്ന സ്ത്രീകളില്‍ മാനസിക സമ്മര്‍ദം, വിഷാദം, ഉത്കണ്ഠ എന്നിവ കൂടുതലായി കാണപ്പെടുന്നു. ഇക്കാരണങ്ങൾ ഡിമെന്‍ഷ്യക്ക് കാരണമാകും.

അല്‍ഷിമേഴ്സ് അസോസിയേഷന്റെ 'അല്‍ഷിമേഴ്സ് ആന്റ് ഡിമെന്‍ഷ്യ' ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണത്തില്‍, വിവാഹിതരായവരെ അപേക്ഷിച്ച് പങ്കാളി മരിച്ചവര്‍, വിവാഹമോചിതര്‍, വിവാഹം കഴിക്കാത്തവര്‍ എന്നിവര്‍ക്ക് അല്‍ഷിമേഴ്സ് രോഗവും ലൂവി ബോഡി ഡിമെന്‍ഷ്യയും ഉള്‍പ്പെടെയുള്ള മറവിരോഗങ്ങൾ വരാനുള്ള സാധ്യത 50 ശതമാനമോ അതില്‍ കുറവോ ആണെന്ന് പറയുന്നു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi