ഗര്‍ഭവും ഗര്‍ഭനിരോധനവുമെല്ലാം പൊതുവിൽ സ്ത്രീയെ ചുറ്റിപ്പറ്റിയുള്ളതാണ്. വാസക്ടമി, കോണ്ടം തുടങ്ങിയ പുരുഷഗര്‍ഭനിരോധനമാര്‍ഗങ്ങള്‍ വ്യാപകമാണെങ്കിലും പുരുഷഗര്‍ഭനിരോധന ഗുളികള്‍ വെറും സ്വപ്നം മാത്രമായിരുന്നു. എന്നാല്‍ ലോകത്തിലാദ്യമായി അത്തരത്തിലൊരു ഗുളിക വികസിപ്പിച്ചിരിക്കുകയാണ്. ഹോര്‍മോണ്‍ രഹിത പുരുഷ ഗര്‍ഭനിരോധന ഗുളികയായ വൈ.സി.റ്റി- 529 ന്റെ കണ്ടുപിടിത്തം വൈദ്യശാസ്ത്രരംഗത്തെ മറ്റൊരു ചുവടുവെയ്പ്പുകൂടിയാണ്.
എന്താണ് വൈ.സി.റ്റി- 529
ന്യൂയോര്‍ക്കിലെ കൊളംബിയ യൂണിവേഴ്സിറ്റിയും ബയോ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ യുവര്‍ചോയ്സ് തെറാപ്യൂട്ടിക്സുമായും സഹകരിച്ച് വികസിപ്പിച്ചെടുത്ത ഒരു ഹോര്‍മോണ്‍ രഹിത ഗർഭനിരോധന ഗുളികയാണ് വൈ.സി.റ്റി- 529. ഇത് ആദ്യഘട്ട പരീക്ഷണത്തില്‍ പ്രതീക്ഷ നല്‍കുന്ന ഫലമാണ് ഉണ്ടാക്കിയത്. സ്ത്രീകളിലെ ഗര്‍ഭനിരോധന ഗുളികകളെ പോലെ ഹോര്‍മോണുകളെ ബാധിക്കാതെ തന്നെ ഗർഭനിരോധനം സാധ്യമാകും എന്നതാണ് ഇതിന്റെ പ്രത്യേകത. വൈ.സി.ടി-529 എന്ന് വിളിക്കപ്പെടുന്ന ഈ ഗുളികയുടെ പ്രവർത്തനം, വൃഷണങ്ങളിലെ വിറ്റാമിന്‍ എ മെറ്റബോളൈറ്റിനെ അതിന്റെ റിസപ്റ്ററുമായി ബന്ധിപ്പിക്കുന്നത് തടയുന്നു. ഇത് ഹോര്‍മോണ്‍ അളവിനെ ബാധിക്കാത്തവിധത്തില്‍ ബീജോത്പാദനം തടസപ്പെടുത്തുന്നതിന് സഹായിക്കുന്നു. പരീക്ഷണം സംബന്ധിച്ച വിവരങ്ങള്‍'കമ്മ്യൂണിക്കേഷന്‍സ് മെഡിസിന്‍' ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
എലികളിലും കുരങ്ങുകളിലും
മനുഷ്യരില്‍ പ്രയോഗിക്കുന്നതിന് മുമ്പ് എലികളിലും ആണ്‍ കുരങ്ങുകളിലും നടത്തിയ പരീക്ഷണ ഗുളികകള്‍ തൊണ്ണൂറ് ശതമാനം വിജയകരമായിരുന്നു. പുരുഷ ബീജങ്ങൾ അണ്ഡത്തിലെത്താതിരിക്കാൻ അവയുടെ ചലനത്തെ ഏതാനും മണിക്കൂര്‍ തടഞ്ഞ് വയ്ക്കാന്‍ പറ്റുമെന്ന് എലികളില്‍ നടത്തിയ ഗവേഷണം തെളിയിക്കുന്നു. ഇതില്‍ എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ ആറ് ആഴ്ചയ്ക്കുള്ളിലും കുരങ്ങുകളില്‍ നടത്തിയ പരീക്ഷണത്തില്‍ പത്ത് മുതല്‍ പതിനഞ്ച് ആഴ്ചകള്‍ക്കുള്ളിലും അവ പ്രത്യുല്‍പാദനക്ഷമത വീണ്ടെടുത്തിരുന്നു.
വൈ.സി.റ്റി-529 ദീര്‍ഘകാല ഉപയോഗത്തിന് സുരക്ഷിതമാണ്. ഇതിനായി ആരോഗ്യമുള്ള 16 പുരുഷന്മാരില്‍ വ്യത്യസ്ത ശക്തികളിലുള്ള ഗുളികയുടെ ഒറ്റ ഡോസുകള്‍ നല്‍കിയാണ് പരീക്ഷണം നടത്തിയത്. ഹൃദയമിടിപ്പ്, മാനസികാവസ്ഥ, ലൈംഗിക ഹോര്‍മോണിന്റെ അളവ് എന്നിവയുള്‍പ്പെടെയുള്ള പ്രധാനപ്പെട്ട ശാരീരിക മാറ്റങ്ങളും പാര്‍ശ്വഫലങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നു. പരീക്ഷണത്തില്‍ കാര്യമായ പാര്‍ശ്വഫലങ്ങളൊന്നും കണ്ടെത്താനായില്ല. കൂടാതെ മരുന്ന് പുരുഷ ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിനെയോ മറ്റ് പ്രത്യുല്‍പാദന ഹോര്‍മോണുകളുടെ അളവിനെയോ ബാധിച്ചിട്ടുമില്ല.
ഭക്ഷണത്തോടൊപ്പമോ അല്ലാതെയോ ഈ ഗുളിക കഴിക്കാം. പരീക്ഷണം ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണെങ്കിലും, ഇതിന്റെ വിജയം പ്രതീക്ഷ നല്‍കുന്ന ഒന്നാണ്. NES/T എന്ന ഹോര്‍മോണ്‍ ജെല്‍, ADAM ഹൈഡ്രോജല്‍ ഇംപ്ലാന്റ് എന്നിവയാണ് ഇതിനോടൊപ്പം പരീക്ഷണത്തിലുള്ള മറ്റ് രണ്ട് പുരുഷ ഗർഭനിരോധന മാർഗങ്ങൾ.
സുരക്ഷിതവും ഫലപ്രദവുമായ പുരുഷഗര്‍ഭനിരോധന ഗുളിക ദമ്പതികള്‍ക്ക് ജനന നിയന്ത്രണത്തിനായുള്ള മികച്ച തിരഞ്ഞെടുപ്പായിരിക്കും. കുടുംബാസൂത്രണത്തിന്റെ ഉത്തരവാദിത്തം തുല്യമായി പങ്കിടാനും പുരുഷന്മാര്‍ക്ക് പ്രത്യുല്‍പാദനം നിയന്ത്രണവിധേയമാക്കാനും ഇത് സഹായിക്കും. മിനസോട്ട യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് ഫാര്‍മസിയിലെ പ്രൊഫസറായ ഗുണ്ട ജോര്‍ജ് പറഞ്ഞു. നിലവില്‍ ഇത് രണ്ടാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങളിലാണ്. അംഗീകാരം ലഭിച്ചാലും വിപണിയില്‍ ലഭ്യമാകാന്‍ നിരവധി വര്‍ഷങ്ങള്‍ എടുത്തേക്കാം...
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Non-Hormonal Male Birth Control Pill: YCT-529 Clinical Trials Show Positive Results
Published: 26 Jul 2025, 03:04 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented