എത്ര ശ്രമിച്ചിട്ടും ഒരു റിലേഷൻഷിപ്പിൽ നിന്ന് പുറത്തു കടക്കാൻ പറ്റുന്നില്ലെന്ന പരാതിയുമായാണ് ദിവ്യ എത്തിയത്. ഒരുപാട് സമയം സോഷ്യൽ മീഡിയയിൽ പഴയ പങ്കാളിയുടെ ആക്ടിവിറ്റീസ് നോക്കും. മനസ്സ് വേണ്ടെന്നു പറഞ്ഞാലും വീണ്ടും സോഷ്യൽ മീഡിയ വഴി അയാളെ നിരീക്ഷിക്കാനുള്ള പ്രവണത കൂടി വരുന്നുവെന്നും അയാളോടുള്ള അമർഷം മനസ്സിൽ ഉണ്ടാവുന്നതു കൊണ്ട് സ്വസ്ഥത നശിച്ച് ജോലിയിൽ ശ്രദ്ധിക്കാൻപോലും പറ്റുന്നില്ലെന്നും അവൾ വിശദീകരിച്ചു. ഇത് ഒരാളുടെ മാത്രം അനുഭവമല്ല. വിദേശയാത്ര പോയ സുഹൃത്തുക്കളുടെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ കണ്ട് നമുക്കും പോയേ കഴിയൂ എന്ന് വാശിപിടിക്കുകയും അതൊരു കുടുംബപ്രശ്നമായി വളരുകയും ചെയ്യുന്ന കാഴ്ചകളുണ്ട്. സ്വന്തം സാഹചര്യങ്ങളും പരിമിതികളും മനസ്സിലാക്കാതെ സോഷ്യൽമീഡിയ വഴി മനസ്സിലേക്ക് കടന്നുകൂടുന്ന വമ്പൻ ആഗ്രഹങ്ങൾ പലരെയും വൻനിരാശയിലേക്ക് തള്ളിയിടാം. ഒരുകാലത്ത് സന്തോഷം സമ്മാനിച്ചിരുന്ന സമൂഹമാധ്യമങ്ങൾ മനംമടുപ്പിലേക്കും സങ്കടങ്ങളിലേക്കും വഴിതുറക്കും. അതിന്റെ കാരണങ്ങൾ പലതാണ്.

അസാധുവാകുന്ന താരതമ്യം

അവരവരോടു ചെയ്യാവുന്ന ഏറ്റവും വലിയ അധിക്ഷേപമാണ് താരതമ്യം. താരതമ്യം ചെയ്യുന്ന ആളുകളിലാണ് ഏറ്റവും കൂടുതൽ സെൽഫ് ഡൗട്ട് അഥവാ അവരവരെക്കുറിച്ചുള്ള മതിപ്പില്ലായ്മയും ഉറപ്പില്ലായ്മയുമൊക്കെ കാണാറുള്ളത്. ഒരു സുഹൃത്ത് മാരത്തോൺ ജയിക്കുന്നു, അല്ലെങ്കിൽ വേറൊരാൾക്ക് ഒരു മത്സരത്തിൽ സമ്മാനം ലഭിക്കുന്നു, മറ്റൊരാൾക്ക് പ്രമോഷൻ ലഭിക്കുന്നു. അപ്പോൾ പലരും ആലോചിക്കുന്നത് 'അയ്യോ എനിക്കിതൊന്നും കിട്ടിയില്ലല്ലോ, ഞാൻ എവിടെയും എത്തിയില്ലല്ലോ' എന്നൊക്കെയാണ്. ഈ പറഞ്ഞ കാര്യങ്ങൾ ഒന്നും നിങ്ങളുടെ താൽപര്യത്തോട് ചേർന്നുനിൽക്കുന്നതോ ലക്ഷ്യങ്ങളുടെ പട്ടികയിൽ ഉള്ളതോ ആകണമെന്നില്ല. എന്നിട്ടും, സ്വയം താരതമ്യം ചെയ്യുന്നു.

തനതായ പ്രത്യേകതകൾ ഉള്ളവരാണ് ഓരോരുത്തരും എന്ന കാര്യം മറക്കാതിരിക്കുക. ജനിത ഘടന മുതൽ വിരലടയാളവും താത്പര്യങ്ങളും വരെ എല്ലാം വ്യത്യസ്തം. ഇങ്ങനെ വ്യത്യസ്തത പുലർത്തുന്നവർ എന്തടിസ്ഥാനത്തിലാണ് സ്വയം താരതമ്യത്തിന് മുതിരുന്നത്. സോഷ്യൽ മീഡിയയിലെ മായക്കാഴ്ചകളിലൂടെ ഈ വസ്തുതകളെല്ലാം മറക്കുകയാണ് നമ്മൾ ചെയ്യുന്നത്.

ഉറക്കം മുഖ്യം

മാനസികാരോഗ്യത്തിന് ഉറക്കം പ്രധാനമാണ്. സോഷ്യൽ മീഡിയയുടെ അമിത ഉപയോഗം ഉറക്കക്കുറവിലേക്ക് നയിക്കും. സ്‌ക്രീനിലെ നീലവെളിച്ചം ഉറക്കത്തെ സഹായിക്കുന്ന മെലാടോണിൻ എന്ന രാസവസ്തുവിന്റെ ഉത്പാദനത്തെ തടസപ്പെടുത്തും. അതുവഴി ഉറക്കം വൈകുന്നു. ഉറക്കംവഴിമാറുമ്പോൾ ഫോൺ ഉപയോഗം വീണ്ടും നീളും. രാത്രി വൈകിയുള്ള സ്‌ക്രോളിങ് ഉറക്കത്തിന്റെ ദൈർഘ്യം കുറയ്ക്കും. നല്ല ഉറക്കം ഇല്ലാതെയാകും. ഇത് മാനസികാരോഗ്യത്തെ തകിടംമറിക്കും. ഉന്മേഷത്തോടെയും സന്തോഷത്തോടെയും ഉറക്കമുണർന്ന് പുതിയ ദിവസം തുടങ്ങാനുള്ള സാഹചര്യം ഇല്ലാതെയാകും. നല്ല ഉറക്കത്തിന്റെ അഭാവം വൈകാരിക അസ്ഥിരതയ്ക്കും കാരണമാകും. സങ്കടം, നെഗറ്റിവിറ്റി, എടുത്തുചാട്ടം എന്നിവയെല്ലാം ഇതിന്റെ ഭാഗമായി ഉണ്ടാകും. മറ്റുള്ളവരോട് അതിവൈകാരികമായി പെരുമാറുന്നതിനും ഇത് കാരണമാകും.

ഏകാന്തത

പലർക്കും സോഷ്യൽ മീഡിയയിൽ എണ്ണമില്ലാത്തത്രയും സുഹൃത്തുക്കൾ ഉണ്ടായിരിക്കും. പക്ഷേ, ഒപ്പമിരിക്കാനോ, സംസാരിക്കാനോ, യാത്ര ചെയ്യാനോ സുഹൃത്തുക്കളുണ്ടോ എന്നതാണ് പ്രധാനം. ഓൺലൈനിലെ ബന്ധങ്ങൾ പലപ്പോഴും യഥാർഥമാകണമെന്നില്ല. നേരിട്ടുള്ള ഇടപെടലും അതിനിടയിലുള്ള സൗഹാർദ്ദപരമായ അന്തരീക്ഷവും ആർദ്രമായ നിമിഷങ്ങളും തലച്ചോറിൽ ഓക്സിടോസിൻ എന്ന രാസവസ്തു ഉത്പാദിപ്പിക്കുന്നതിന് സഹായകരമാകും. അത് മനുഷ്യർ തമ്മിലുള്ള ബന്ധത്തിന് ആഴം നൽകുന്നു. സോഷ്യൽ മീഡിയയിലെ ബന്ധങ്ങളിൽ ഇതുണ്ടാകുന്നില്ല. നല്ല ബന്ധങ്ങളിലൂടെ സാധ്യമാകുന്ന ഊഷ്മളത സോഷ്യൽമീഡിയയിലെ അനേകം ബന്ധങ്ങളിൽനിന്ന് ലഭിക്കാതെ വരുമ്പോൾ ഏകാന്തത അനുഭവപ്പെട്ടേക്കാം.

കുറയുന്ന ശ്രദ്ധ

സമൂഹമാധ്യമങ്ങളിലെ തുടർച്ചയായുള്ള സ്‌ക്രോളിങ് ശ്രദ്ധയുടെ പരിധി കുറയ്ക്കും. മനുഷ്യരുടെ തലച്ചോറിലെ പ്രീഫ്രോണ്ടൽ കോർട്ടെക്സാണ് മറ്റുജീവികളിൽ നിന്ന് അവനെ വ്യത്യസ്തനാക്കുന്നത്. കാര്യങ്ങളെ ഏകോപിപ്പിക്കാനും നടപ്പിലാക്കാനും വികാരങ്ങളെ കൈകാര്യം ചെയ്യാനും ഓർമ്മകളെ അടുക്കിസൂക്ഷിക്കാനും സഹായിക്കുന്ന ഭാഗമാണിത്.

സോഷ്യൽ മീഡിയയുടെ അമിതോപയോഗം പ്രീഫ്രോണ്ടൽ കോർട്ടെക്സിന്റെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തും. ഇത് നീണ്ടുനിൽക്കുന്ന ആലസ്യം, തളർച്ച, ഒന്നിലും ശ്രദ്ധിക്കാൻ പറ്റാത്ത അവസ്ഥ, പെട്ടെന്നുള്ള ദേഷ്യം, മടുപ്പ്, ചെയ്യേണ്ട ജോലികൾ പിന്നത്തേക്ക് മാറ്റിവെക്കാനുള്ള പ്രവണത തുടങ്ങിയവയിലേക്ക് നയിക്കും. ഇതൊക്കെയും വിഷാദത്തിലേക്ക് തുറക്കുന്ന വാതിലാണെന്ന് ഓർക്കുക.

നെഗറ്റീവ് കമന്റ്

നെഗറ്റീവ് ആയ ഭയവും തീവ്രവികാരങ്ങളും ഉളവാക്കുന്ന ഉള്ളടക്കത്തിൽ നിന്നും ശ്രദ്ധതിരിക്കാൻ തലച്ചോറിന് കഴിയില്ല. ഇത്തരം കാര്യങ്ങൾ തലച്ചോറിനെ കൂടുതലായും ആകർഷിക്കുന്നു. സമൂഹമാധ്യമങ്ങളിലെ വൈറൽ റീലുകൾ ഇത്തരത്തിൽ തീവ്രമായ വികാരങ്ങൾ ജനിപ്പിക്കുന്നവയാണ്.

ഒരിക്കൽകണ്ട് ആകർഷിക്കപ്പെട്ട റീലുകൾക്കനുസരിച്ച് അൽഗോരിതം മാറിക്കൊണ്ടിരിക്കും. അങ്ങനെ അത്തരം ഉള്ളടക്കങ്ങളിൽ കൂടുതൽ കുടുങ്ങാനുള്ള സാധ്യത വർധിക്കുന്നു. ദീർഘകാലത്തേക്കുള്ള ഇത്തരം കാഴ്ചകൾ സ്‌ട്രെസ്സ് ലെവൽ വർധിപ്പിക്കുകയും ഡിപ്രഷനുണ്ടാക്കുകയും ചെയ്യും.

സൈബർ ബുള്ളിയിങ്

സമൂഹമാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപവും അതുണ്ടാക്കുന്ന വേദനയും പലരെയും തീവ്രവിഷാദത്തിലേക്ക് തള്ളിവിടാറുണ്ട്. താൻ പുറന്തള്ളപ്പെട്ടു എന്ന തോന്നലും മറ്റുള്ളവർ തനിക്ക് എതിരാണെന്ന ചിന്തയും മാനസികാരോഗ്യത്തെ തകിടംമറിക്കും. ഇത് ഉൾവലിയലിലേക്കും കടുത്ത വിഷാദത്തിലേക്കും നയിച്ചേക്കാം.

മറ്റുള്ളവരുടെ കമന്റുകൾക്കനുസരിച്ചും വികാരങ്ങൾ മാറാറുണ്ട്. ഇത്തരം കമന്റുകൾ പലരിലും മതിപ്പില്ലായ്മ, നാണക്കേട്, ഞാൻ അത്ര പോരാ എന്ന തോന്നൽ തുടങ്ങിയവയുണ്ടാക്കും.

ആയിരം ആളുകൾക്ക് ആയിരം അഭിപ്രായങ്ങളും ഉണ്ടാകാം. അതിനൊത്ത് മാറേണ്ടതല്ല നമ്മുടെ സ്വത്വം. മറ്റുള്ളവരുടെ കമന്റുകൾക്കനുസരിച്ച് നമ്മളെ അനാവശ്യമായി എഡിറ്റ് ചെയ്യാതിരിക്കാം. സ്വന്തം ബോധ്യങ്ങളിൽ ഉറച്ചുനിൽക്കുക. മനുഷ്യർക്ക് അഭിപ്രായസ്വാതന്ത്ര്യം ഉണ്ട്. പക്ഷേ, അടിച്ചേൽപ്പിക്കുന്ന, അധിക്ഷേപിക്കുന്ന രീതിയിലുള്ള അഭിപ്രായങ്ങൾ ഗുണംചെയ്യില്ല.

മാറാനുള്ള മോഹം

സോഷ്യൽമീഡിയയിൽ ട്രാൻസ്ഫർമേഷൻ വീഡിയോസ് പലപ്പോഴും വൈറലാകാറുണ്ട്. ഇത്തരം വീഡിയോസ് കാണുമ്പോൾ ഇതാണ് സൗന്ദര്യം, ഇങ്ങനെയുള്ള രൂപമാണ് വേണ്ടത് എന്നൊക്കെയുള്ള തോന്നലുകൾ ഉണ്ടായേക്കാം. സൗന്ദര്യമായി ബന്ധപ്പെട്ടുംമറ്റും ഇങ്ങനെ മനസ്സിൽ കടന്നുകൂടുന്ന അപകർഷബോധം നിരാശയുണ്ടാക്കും. മറ്റുള്ളവരുടെ ശരീരവുമായി നമ്മുടെ ശരീരത്തെ താരതമ്യം ചെയ്തുകൊണ്ട് അതൃപ്തിയിൽ ജീവിക്കുന്നതിൽ യുക്തിയില്ലെന്ന് മനസ്സിലാക്കണം. മറ്റുള്ളവരെ അനുകരിക്കാനുള്ള ശ്രമത്തിനിടയിൽ തനത് വ്യക്തിത്വം ഇല്ലാതെയാകും.

ടൈം ഈസ് മണി

സമൂഹമാധ്യമങ്ങളുടെ അമിത ഉപയോഗത്തിലൂടെ നഷ്ടമാകുന്ന ഏറ്റവും വിലപ്പെട്ട സമ്പാദ്യം സമയമാണ്. എല്ലാവർക്കും തുല്യതയിൽ ലഭിച്ചിട്ടുള്ള ഒരു കാര്യവും സമയം തന്നെയാണ്. അത് ദുർവിനിയോഗം ചെയ്യുന്തോറും പ്രധാനപ്പെട്ട കാര്യങ്ങൾ ചെയ്യാൻ സമയം തികയാതെ വരും.

'ഡൂം സ്‌ക്രോളിങ്' എന്ന പരിപാടി ഒരു അപകടം തന്നെയാണ്. ഈ ലോകത്ത് നടക്കുന്ന പല കാര്യങ്ങളിലും നമുക്ക് സത്യത്തിൽ ഒരു റോളും ഉണ്ടാവില്ല. പലരും ചെയ്യേണ്ട പല കാര്യങ്ങളും ഒഴിവാക്കി, ഈ കാഴ്ചകളെല്ലാം കണ്ട് മതിമറന്ന് സമയനഷ്ടത്തിൽ അകപ്പെടും. ഇത് തുടരും തോറും ഒരു പ്രത്യേകതരം നിസ്സഹായാവസ്ഥ അനുഭവപ്പെടും. സ്വയം തീരുമാനിച്ചാലേ ഈ സമയനഷ്ടം ഒഴിവാക്കാൻ സാധിക്കൂ.

കുറേക്കാലമായി തുടരുന്ന അത്തരം ശീലങ്ങൾ മറികടക്കാൻ ബോധപൂർവം ശ്രമിക്കുക. വ്യക്തമായ ലക്ഷ്യങ്ങളോടെ ജീവിക്കുക. ഫോൺ നോക്കുന്നതിന് കൃത്യമായ ഒരു സമയം വയ്ക്കുക. സാമൂഹികമായി നല്ല ബന്ധങ്ങൾ രൂപപ്പെടുത്തുക. പുതിയ ഹോബികളും അറിവു നേടാനുള്ള ശ്രമങ്ങളും ഡൂം സ്‌ക്രോളിങ് നിയന്ത്രിക്കാൻ സഹായിക്കും.

തടുക്കാനാവാത്ത ആസക്തി

അമിതമായി സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നവരിൽ വിഷാദം കൂടിവരുന്നതായി പഠനങ്ങൾ പറയുന്നു. ഇന്റർനെറ്റ് കണക്ഷൻ ഇല്ലാത്ത സ്ഥലങ്ങളിൽ ചെന്നുപെടുമ്പോൾ പലർക്കും മനസ് അസ്വസ്ഥമാകാറുണ്ട്. മദ്യാസക്തി പോലെയുള്ള പ്രശ്നമാണ് ഇതും. ഫോൺ ഉപയോഗിക്കാൻ കഴിയാതെവരുമ്പോൾ ശ്രദ്ധ ചിതറിപ്പോകും. ആത്മനിയന്ത്രണം നഷ്ടപ്പെടുന്ന വിധത്തിലുള്ള പെരുമാറ്റംപോലുമുണ്ടാകും. സോഷ്യൽമീഡിയയിൽ സമയം ചെലവഴിക്കാനായി പ്രധാനപ്പെട്ട മറ്റു പല കാര്യങ്ങളും മാറ്റിവെക്കുക, അവസരങ്ങൾ നഷ്ടപ്പെടുത്തുക തുടങ്ങിയവയൊക്ക ഇതിന്റെ ലക്ഷണങ്ങളാണ്.

പരിഹാര മാർഗങ്ങൾ

  • സമൂഹമാധ്യമങ്ങൾ വിഴുങ്ങുന്ന വിധത്തിൽ നമ്മുടെ സമയവും ഏകാഗ്രതയും അതിൽ വിനിയോഗിക്കുന്നുണ്ടോ, സോഷ്യൽമീഡിയയിലെ വിഷയങ്ങളുമായി ബന്ധപ്പെട്ട് മറ്റുള്ളവരുമായി തർക്കങ്ങളിൽ ഏർപ്പെടുന്നുണ്ടോ, എന്നൊക്കെ പരിശോധിക്കുക.
  • 'ഇന്റൻഷണൽ ലിവിങ്' ശീലിക്കുക. പ്രവർത്തികൾ വ്യക്തിപരമായ ലക്ഷ്യങ്ങളുമായി ചേർന്നുപോകുന്നതാണോ എന്ന് പരിശോധിച്ച് മാറ്റങ്ങൾ വരുത്തുക. എന്തിൽ നിന്നെങ്കിലും ഒളിച്ചോടാൻ വേണ്ടിയാണോ സോഷ്യൽമീഡിയയിൽ സ്വയം തളച്ചിടുന്നതെന്ന് നിരീക്ഷിക്കുക.
  • മൈൻഡ്ഫുൾനെസ് എന്ന അവസ്ഥയിലേക്ക് എത്താൻ മെഡിറ്റേഷനിലൂടെ കഴിഞ്ഞേക്കാം. ആത്മനിയന്ത്രണം ഉണ്ടാകാനും ആത്മാഭിമാനം വർധിപ്പിക്കാനും ആത്മനിന്ദ കുറയ്ക്കാനും ഒക്കെ ഇത് സഹായിക്കും.
  • സമൂഹമാധ്യമങ്ങൾ ഒഴിച്ചു കൂടാനാവാത്തതാണ്, അതുപോലെ ഡിജിറ്റൽ ഡീ ടോക്സും. രണ്ടും ഒരു നാണയത്തിന്റെ ഇരുവശങ്ങൾ പോലെ സന്തുലിതമായി കൊണ്ടുപോകാൻ സാധിക്കണം.
  • ഫോമോയിൽ നിന്നും ജോയി ഓഫ് മിസ്സിങ് ഔട്ട് എന്ന മാനസികാവസ്ഥ യിലേക്ക് എത്താൻ പരിശ്രമിക്കുക.

ഫോമോ വഴി വരും വിഷാദം

സോഷ്യൽമീഡിയ അടിച്ചേല്പിക്കുന്ന പലതരം പ്രതീതികളിൽ ഒന്നാണ് ഫോമോ അഥവാ ഫിയർ ഓഫ് മിസ്സിങ് ഔട്ട്. ചുറ്റുമുള്ള ആളുകൾ കൂടുതലായി സോഷ്യലൈസ് ചെയ്യുമ്പോൾ, സമൂഹമാധ്യമങ്ങളിൽ ഇടപെടുമ്പോൾ, അവർ ഇടപെട്ടതിനെപ്പറ്റി സംസാരിക്കുന്നത് കേൾക്കുമ്പോൾ, പലരും നിങ്ങളോടുവന്ന് അതുകണ്ടില്ലേ, ഇതുകണ്ടില്ലേ എന്നൊക്കെ ചോദിക്കുമ്പോൾ ഒക്കെയും ഫോമോ അനുഭവപ്പെട്ടേക്കാം. ഇതൊന്നും കാണാതിരുന്നതുകൊണ്ടും അറിയാതിരുന്നതുകൊണ്ടും എന്തോ വലിയ നഷ്ടം സംഭവിച്ചതു പോലൊരു തോന്നലുണ്ടായേക്കും. മറ്റുള്ളവരെക്കാൾ താഴെയാണെന്ന ചിന്ത അത് നമ്മളിൽ ജനിപ്പിക്കുന്നു. ഫോമോ എന്ന ഈ അവസ്ഥ സ്‌ട്രെസ്സ് സിസ്റ്റത്തെ ആക്ടിവേറ്റ് ചെയ്യിക്കുന്നു. ഇത് വിഷാദത്തിന് കാരണമാകും.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi