
കാന്‍സറിനെക്കുറിച്ചുള്ള അവബോധം ജനങ്ങളില്‍ എത്തിക്കുന്നതിന്റെ ഭാഗമായി ഒക്ടോബര്‍ മാസം കാന്‍സര്‍ മാസമായി ഡബ്ലു.എച്ച്.ഒ. പ്രഖ്യാപിച്ചിട്ടുണ്ട്. യഥാസമയം കണ്ടെത്തി ചികിത്സാവിധേയമാക്കുക, കാന്‍സര്‍ രോഗികളെ മാനസികവും ശാരീരികവുമായി സഹായിക്കുക, അവരുടെ പുനരധിവാസം, സാന്ത്വനചികിത്സ, കാന്‍സര്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഇന്ത്യ പോലുള്ള വികസ്വരരാജ്യങ്ങളില്‍ സ്താനാര്‍ബുദം മൂലമുള്ള മരണം ഒന്നുമുതല്‍ മൂന്നുശതമാനം വരെയാണ്. 20 വയസ്സിന് താഴെ വളരെ അപൂര്‍വമായി മാത്രമേ കാണുന്നുള്ളൂ. 0.5 ശതമാനം പുരുഷന്‍മാരിലും സ്തനാര്‍ബുദം കാണപ്പെടുന്നു. സ്തനാര്‍ബുദത്തിന്റെ അഞ്ച് ശതമാനവും ജനിതക കാരണങ്ങളാല്‍, പാരമ്പര്യമായി സംഭവിക്കുന്നതാണ്.
പ്രത്യേകമായ ഒരു കാരണം കൊണ്ടല്ല അര്‍ബുദം പിടിപെടുന്നത്. നിരവധി ജീവിതസാഹചര്യങ്ങളും ചില ജനിതകകാരണങ്ങളുമാണ് കാന്‍സര്‍ ഉണ്ടാക്കുന്നത്. ആധുനിക ജീവിതസൗകര്യങ്ങളും അമിതമായ ഭക്ഷണവും ആയാസമില്ലാത്ത ജീവിതസാഹചര്യങ്ങളും മാനസികസമ്മര്‍ദ്ദവും വിവിധതരം കാന്‍സറിന് കാരണമാകുന്നുവെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
പ്രതിരോധിക്കാവുന്നത്
അമിതമായി ശരീരത്തില്‍ അടിയുന്ന കൊഴുപ്പില്‍നിന്ന് എസ്ട്രാഡിയോള്‍ (estradiol) എന്ന ഹോര്‍മോണ്‍ ഉണ്ടാകുന്നു. ഇത് സ്തനാര്‍ബുദത്തിന് കാരണമായേക്കാം. എന്നാല്‍ കൃത്യമായ വ്യായാമം അമിതമായ കൊഴുപ്പിനെ പ്രതിരോധിക്കുന്നു. അതേസമയം തന്നെ മനസ്സിന് അയവും സന്തോഷവും പ്രദാനം ചെയ്യുന്നു.
അന്തരീക്ഷ മലിനീകരണം, ജങ്ക് ഫുഡില്‍ അടങ്ങിയിരിക്കുന്ന കെമിക്കലുകള്‍, ആഹാരത്തിന് നിറവും രുചിയും നല്‍കുന്ന കെമിക്കലുകള്‍, ഭക്ഷ്യ വസ്തുക്കളിലെ കീടനാശിനിയുടെ സാന്നിധ്യം, മദ്യപാനം, പുകയില ഉത്പന്നങ്ങളുടെ ഉപയോഗം, പാന്‍മസാല തുടങ്ങി ധാരാളം കാരണങ്ങള്‍ മുഖേന പലവിധത്തിലുള്ള കാന്‍സര്‍രോഗങ്ങളുടെ എണ്ണം വര്‍ധിച്ച് വരികയാണ്.
പ്രതിരോധിക്കാന്‍ സാധിക്കാത്തത്
ജനിതകമായ കാരണങ്ങളാണ് പ്രതിരോധിക്കാന്‍ കഴിയാത്തത്. ഇത് സ്ത്രീകളിലാണ് കൂടുതലായി കാണപ്പെടുന്നത്. അഞ്ച് ശതമാനം പുരുഷന്മാരിലും കാണുന്നു. ജീവിതസാഹചര്യങ്ങളിലൂടെയോ ജനിതകകാരണങ്ങളാലോ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും കാന്‍സര്‍ രോഗം ഉണ്ടാകാം. അതിനാല്‍ കാന്‍സറിനെ ജീവിതശൈലിയിലൂടെ പ്രതിരോധിക്കുന്നതിനോടൊപ്പം ആരംഭത്തിലേ കണ്ടുപിടിച്ച് പൂര്‍ണ്ണമായി ചികിത്സിച്ച് ഭേദമാക്കാനും വേണ്ട അവബോധം ജനങ്ങളില്‍ സൃഷ്ടിക്കേണ്ടതുണ്ട്.
സ്തനാര്‍ബുദം, സ്വയം പരിശോധനയിലൂടെ തുടക്കത്തിലെ തന്നെ കണ്ടുപിടിച്ചാല്‍ പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയും. എല്ലാത്തരം കാന്‍സര്‍ രോഗങ്ങളും ആരംഭദിശയില്‍ അറിയാന്‍ കഴിഞ്ഞെന്ന് വരില്ല. എന്നാല്‍ ചില ലക്ഷണങ്ങള്‍ പരിശോധനാവിധേയമാക്കേണ്ടതുണ്ട്. ഒരു ലക്ഷണവുമില്ലാതെ കാന്‍സര്‍ വരാനും ഉയര്‍ന്ന സ്റ്റേജിലേക്ക് പോകുവാനുള്ള സാധ്യതയുമുണ്ട്. വേദനാരഹിതമായ വ്യത്യാസങ്ങളും മുഴകളുമാണ് സാധാരണ കാന്‍സറിന്റെ ലക്ഷണം. വേദനയും ബുദ്ധിമുട്ടുകളും ഇല്ലെന്ന കാരണത്താല്‍ ചികിത്സാ വിധേയമാക്കാതിരിക്കുന്ന പ്രവണത ധാരാളമായി കണ്ടുവരുന്നു. അങ്ങനെ കാന്‍സറിന്റെ സ്റ്റേജ് മുന്നോട്ടുപോകുമ്പോള്‍ ചികിത്സ സങ്കീര്‍ണമാകുന്നു. സ്റ്റേജ് ഒന്നിലും രണ്ടിലും കണ്ടുപിടിക്കപ്പെടുന്ന കാന്‍സര്‍ മരണകാരണമാകുന്നില്ല. എന്നാല്‍ 4, 5 സ്റ്റേജില്‍ കണ്ടുപിടിക്കപ്പെടുന്ന സ്തനാര്‍ബുദം, 5 മുതല്‍ 10 വര്‍ഷം വരെ കഴിയുമ്പോള്‍ മരണ കാരണമായേക്കാം. ഇത്തരക്കാരില്‍ ഓപ്പറേഷനോടൊപ്പം കീമോതെറാപ്പിയും റേഡിയേഷന്‍ ചികിത്സയും തുടര്‍ ചികിത്സയും കൃത്യമായ ഇടവേളകളിലെ മറ്റു ചികിത്സയും വേണ്ടിവന്നേക്കാം.
സ്വയംപരിശോധന എപ്പോള്‍?
മാറിടങ്ങളിലെ കാന്‍സര്‍ തുടക്കത്തിലേ കണ്ടുപിടിക്കാന്‍, സ്വയം പരിശോധന നല്ലതാണ്. കൃത്യമായ മാസമുറ ഉള്ള സ്ത്രീകള്‍, മാസമുറ കഴിഞ്ഞാല്‍ ഉടനെയും അതില്ലാത്തവര്‍ ഒരുമാസത്തോളം വരുന്ന കൃത്യമായ ഇടവേളയിലും സ്വയംപരിശോധന നടത്തണം. കണ്ണാടിയുടെ മുന്നില്‍നിന്ന് മാറിടങ്ങള്‍ നിരീക്ഷിക്കുക, വലിപ്പത്തിലുള്ള വ്യത്യാസം, മുലക്കണ്ണുകളില്‍ വരുന്ന വ്യത്യാസം, പ്രകടമായ മുഴകള്‍, കക്ഷ ഭാഗത്തെ മുഴകള്‍, മാറിടത്തിലെ നിറവ്യത്യാസം എന്നിവ കാന്‍സര്‍ കൊണ്ടുള്ളതല്ലെന്ന് തീര്‍ച്ചപ്പെടുത്തേണ്ടതുണ്ട്.
കക്ഷഭാഗങ്ങളും രണ്ടു മാറിടങ്ങളും പരിശോധിക്കണം. മുഴകള്‍ വളരെ തുടക്കത്തില്‍ തന്നെ ഇങ്ങനെ കണ്ടുപിടിക്കാന്‍ കഴിയും. മുലക്കണ്ണുകള്‍ അമര്‍ത്തി പരിശോധിച്ചാല്‍ സ്രവം ഉണ്ടെങ്കില്‍ അതും കണ്ടുപിടിക്കാം. മാറിടങ്ങളിലും കക്ഷഭാഗത്തും കാണുന്ന മേല്‍പ്പറഞ്ഞ വ്യത്യാസങ്ങള്‍ എല്ലാം തന്നെ കാന്‍സര്‍ ആകണമെന്നില്ല. 80 ശതമാനം വരുന്ന മാറിടങ്ങളിലെ മുഴകളും കാന്‍സര്‍ അല്ലാത്ത മറ്റസുഖങ്ങളാണ്. അതുകൊണ്ടുതന്നെ ഡോക്ടറെ കാണിച്ച് കാന്‍സര്‍ അല്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.
ആരംഭത്തിലേ തിരിച്ചറിഞ്ഞാല്‍ ചികിത്സ എളുപ്പമാവുന്നതിനൊപ്പം ചില പ്രയോജനങ്ങളുമുണ്ട്. മാറ് മുഴുവനായി നീക്കുന്ന ശസ്ത്രക്രിയ വേണ്ടിവരില്ല. അങ്ങനെ അംഗവൈകല്യത്തെ ചെറുക്കാന്‍ കഴിയും. റേഡിയേഷന്‍ ചികിത്സയും കീമോതെറാപ്പിയും ഒഴിവാക്കപ്പെടാനും ചിലപ്പോള്‍ ഇതില്‍ ഒന്നു മാത്രമായി ചുരുക്കാനും കഴിയും. കീമോയുടെയും റേഡിയേഷന്റെയും ഡോസില്‍ കുറവ് വരുത്താന്‍ സാധിക്കും.
രോഗനിര്‍ണ്ണയം സങ്കീര്‍ണ്ണമല്ല
ക്ലിനിക്കല്‍ എക്സാമിനേഷന്‍ അഥവാ ഡോക്ടറുടെ കൈ കൊണ്ടുള്ള പരിശോധനയാണ് പ്രാഥമികപരിശോധന. പിന്നീട് റേഡിയോളജിക്കല്‍ എക്സാമിനേഷന്‍ അഥവാ മാമോഗ്രാം, അള്‍ട്രാസൗണ്ട് സ്റ്റഡി, എംആര്‍ഐ സ്റ്റഡി അല്ലെങ്കില്‍ സിടി ബ്രെസ്റ്റ്...ഇതിലേത് വേണമെന്ന് രോഗിയുടെ പ്രായവും മറ്റുകാര്യങ്ങളും പരിഗണിച്ച് ഡോക്ടര്‍ തീരുമാനിക്കുന്നു. രോഗനിര്‍ണ്ണയത്തിനുശേഷമുള്ള മാനസികാവസ്ഥ പ്രത്യേകമായി പരിഗണിക്കപ്പെടണം.
ശാരീരിക അസ്വസ്ഥതയോടൊപ്പം മനസ്സിനും ഒരുപാട് ആഘാതം ഏല്‍പ്പിക്കുന്ന ഒരു രോഗമാണ് കാന്‍സര്‍. രോഗം മൂര്‍ച്ഛിക്കുമോയെന്ന ഭയം, ചികിത്സയെക്കുറിച്ചുള്ള ആശങ്കകള്‍ എന്നിവ വികാരപരമായ ബുദ്ധിമുട്ടുകളാണ്. ഒരു കുടുംബത്തിന്റെ സാമ്പത്തികഭദ്രതയെയും കുടുംബ സാഹചര്യങ്ങളെയും ആശ്രയിച്ചാണ് ചികിത്സയെക്കുറിച്ചുള്ള ആശങ്കകളുണ്ടാകുന്നത്.
സാമൂഹികമായ പ്രശ്നങ്ങളും വലുതാണ്. രോഗികളായവര്‍ക്ക് തൊഴിലിലേക്ക് എന്ന് തിരികെപ്പോകാനാകുമെന്ന ആശങ്കയുണ്ടാകും. പഴയതുപോലെ തൊഴില്‍ ചെയ്യാനാകുമോയെന്നതും ഒരു സാമൂഹിക പ്രശ്നം തന്നെയാണ്. കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസവും അവരുടെ പരിപാലനവും താളം തെറ്റുന്നു. കുട്ടികളുടെ മാനസികാവസ്ഥ അച്ഛനമ്മമാരുടെ മാനസികാവസ്ഥയ്ക്ക് അനുസരണമായി മാറ്റപ്പെടുന്നു. അത് കുഞ്ഞുങ്ങളുടെ ഭാവിയെയും വിദ്യാഭ്യാസ ലക്ഷ്യത്തെയും മാറ്റിയേക്കാം.
കാന്‍സറിനോടുള്ള സാധാരണ പ്രതികരണങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം. മരണഭീതി, പരിശ്രയത്വം, അംഗവൈകല്യത്തെക്കുറിച്ചുള്ള പേടി, മറ്റുള്ളവരാല്‍ ഉപേക്ഷിക്കപ്പെടുമോ എന്ന ഭയം, ബന്ധങ്ങളില്‍ ഉണ്ടാകുന്ന അസ്വാരസ്യം, ചുമതലകള്‍ നിറവേറ്റുന്നതിലെ അപാകതകള്‍, അല്ലെങ്കില്‍ പരാജയം, സാമ്പത്തികാവസ്ഥയിലെ വിള്ളലുകള്‍ എന്നിവയാണ്.
ഡോക്ടറെ കാണാന്‍ പോകുന്ന അവസരത്തില്‍ രോഗി അടുത്ത ബന്ധുവിനെയോ സുഹൃത്തിനെയോ കൂടെ കൂട്ടണം. രോഗത്തെക്കുറിച്ചും തുടര്‍ ചികിത്സയെക്കുറിച്ചും രോഗത്തിന്റെ ഭാവിയെ കുറിച്ചുമുള്ള സങ്കീര്‍ണമായ കാര്യങ്ങള്‍ ഡോക്ടര്‍ വിശദീകരിക്കുമ്പോള്‍ വ്യക്തമായി മനസ്സിലാക്കാനും അതുവഴി അനുയോജ്യമായ തീരുമാനമെടുക്കാനും ഇതുപകരിക്കും.
സങ്കടവും ആശങ്കയും ഉറക്കക്കുറവും സാധാരണയായി കാന്‍സര്‍ സ്ഥിരീകരിക്കുന്ന രോഗികളില്‍ കണ്ടുവരാറുണ്ട്. എങ്കിലും രണ്ടാഴ്ചയില്‍ കൂടുതല്‍ അത് നില്‍ക്കുന്നു എങ്കില്‍ ശ്രദ്ധിക്കേണ്ടതാണ്. എല്ലാ സമയത്തും തുടര്‍ന്നുപോകുന്ന മനോവിഷമം, ഉന്മേഷക്കുറവ്, നേരത്തെ താത്പര്യം ഉണ്ടായിരുന്ന കാര്യങ്ങളില്‍ താല്‍പര്യം കാണിക്കാതിരിക്കുക, ഉറക്കക്കുറവ്, അമിതമായ ഉത്കണ്ഠ, ആത്മഹത്യ ചിന്തകള്‍ എന്നിവ കാണുകയാണെങ്കില്‍ ഒരു മാനസിക രോഗ വിദഗ്ധന്റെ സഹായം ലഭ്യമാക്കേണ്ടതാണ്.
കാന്‍സര്‍ രോഗികളിലും വിഷാദം തന്നെയാണ് ആത്മഹത്യയുടെ പ്രധാനകാരണം. ഇത് നേരത്തെ തന്നെ തിരിച്ചറിഞ്ഞ് ചികിത്സ നല്‍കേണ്ടതാണ്. കാന്‍സര്‍ രോഗം കണ്ടെത്തി കഴിഞ്ഞ് ആദ്യത്തെ ആഴ്ച ആത്മഹത്യ ചെയ്യാനുള്ള സാധ്യത കാന്‍സര്‍ രോഗമില്ലാത്തവരെ അപേക്ഷിച്ച് 12.6 മടങ്ങാണ്. ആദ്യവര്‍ഷം ഇത് 3.1 മടങ്ങാണെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു.
Content Highlights: how to prevent cancer or find it early
Published: 06 Oct 2023, 11:23 am IST
Related Topics
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented