സര്‍ജറി കഴിഞ്ഞ് ഓപ്പറേഷന്‍ തിയേറ്ററില്‍ നിന്ന് ഇറങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. ഒ. പി.യില്‍ കുറച്ചുപേര്‍ കാത്തിരിക്കുന്നുണ്ട്. അവരെ കൂടി കണ്ടശേഷം ഉച്ചഭക്ഷണം കഴിക്കാമെന്ന് കരുതിയിട്ടാണ് ഒ. പി. യിലേക്ക് ചെന്നത്. അപ്പോഴേക്കും നിയോനാറ്റോളജി ഡിപ്പാര്‍ട്ട്മെന്റില്‍ നിന്ന് വിളി വന്നു.

ബാക്കിയുള്ളവരെ കൂടി വേഗം കണ്ടതിനുശേഷം അവിടേക്ക് ചെന്നു. നിയോനാറ്റോളജി ഐ സി യു (നവജാതശിശുതീവ്ര പരിചരണ വിഭാഗം)വിലാണ് കുഞ്ഞുള്ളത്. പിറന്ന് വീണിട്ട് ഏതാനും മണിക്കൂറുകള്‍ മാത്രമേ സമയമായിട്ടുള്ളൂ. വലത് തുടയിലും തലയിലും ഒരു തടിപ്പുണ്ട്. അസ്വാഭാവികത തോന്നിയതുകൊണ്ടാണ് എന്നോട് ചെല്ലാന്‍ പറഞ്ഞത്. ചുറ്റും നടക്കുന്ന ഭൂകമ്പമൊന്നുമറിയാതെ കുഞ്ഞ് ഇന്‍ക്യുബേറ്ററില്‍ സുഖനിദ്രയിലാണ്.

അച്ഛനും ബന്ധുക്കളും പുറത്തുണ്ട്. ദീര്‍ഘനാളത്തെ കാത്തിരിപ്പിനുശേഷം ജനിച്ച കുഞ്ഞായതിനാല്‍ അവര്‍ ആഹ്ലാദത്തിലാണ്. പ്രാഥമിക പരിശോധനയില്‍ തന്നെ അപൂര്‍വ കാന്‍സറായ സോഫ്റ്റ് ടിഷ്യു സര്‍ക്കോമയാണോ എന്ന് ഞാനും സംശയിച്ചു. ബന്ധുക്കളോട് അടിയന്തരമായി പരിശോധനകള്‍ നടത്തേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു. അവരുടെ സമ്മതത്തോടെ രക്തപരിശോധനകളും, ഇമാജിങ് പരിശോധനകളും, ബയോപ്സിയുമെല്ലാം നിര്‍വഹിച്ചു.

ഒടുക്കം ആ യാഥാര്‍ത്ഥ്യം അംഗീകരിക്കേണ്ടി വന്നു. കുഞ്ഞിന് സോഫ്റ്റ് ടിഷ്യു സര്‍ക്കോമയാണ്. അതിവേഗം തന്നെ ചികിത്സ ആരംഭിച്ചു. പീഡിയാട്രിക് ഓങ്കോളജിസ്റ്റും, സര്‍ജന്മാരും, നവജാതശിശു വിഭാഗത്തിലെ ഡോക്ടര്‍മാരുമെല്ലാം ചേര്‍ന്നുകൊണ്ടുള്ള ടീം രൂപീകരിച്ചാണ് ചികിത്സ പ്ലാന്‍ ചെയ്തത്. കുഞ്ഞ് സാവധാനത്തില്‍ ജീവിതത്തിലേക്ക് തിരിച്ച് വന്നുകൊണ്ടിരിക്കുന്നു...

നവജാതശിശുക്കളില്‍ കാന്‍സര്‍ ഉണ്ടാകുമോ?
ഈ കുഞ്ഞിന്റെ കാര്യത്തിലും രക്ഷിതാക്കള്‍ക്കും മറ്റ് ബന്ധുക്കള്‍ക്കുമെല്ലാമുണ്ടായ സംശയം ഇതായിരുന്നു. അവരെ പറഞ്ഞ് മനസ്സിലാക്കാന്‍ അല്പം ബുദ്ധിമുട്ടേണ്ടി വന്നു. അത്യപൂര്‍വമാണ്, പക്ഷേ നവജാത ശിശുക്കളിലും കാന്‍സര്‍ ഉണ്ടാകാം. ചില സന്ദര്‍ഭങ്ങളില്‍ ഇത്തരം കാന്‍സറിനുള്ള സാധ്യതകള്‍ ഗര്‍ഭകാലയളവിലെ പതിവ് പരിശോധനകളില്‍ തിരിച്ചറിയാന്‍ സാധിക്കും. മറ്റ് ചിലപ്പോള്‍ ജനന സമയത്ത് നടത്തുന്ന ഡോക്ടര്‍മാരുടെ പരിശോധനയിലും മനസ്സിലാക്കാനാകും.

നവജാതശിശുക്കളില്‍ കാണപ്പെടുന്ന ചില പൊതുവായ കാന്‍സറുകള്‍

  • ന്യൂറോബ്ലാസ്റ്റോമ - അഡ്രിനല്‍ ഗ്രന്ഥികളിലോ നട്ടെല്ലിലോ കാണപ്പെടുന്ന കാന്‍സര്‍.
  • റെറ്റിനോബ്ലാസ്റ്റോമ - കണ്ണിലെ റെറ്റിനയില്‍ കാണപ്പെടുന്ന ഒരുതരം കാന്‍സര്‍.
  • ലുക്കീമിയ - അപൂര്‍വമായാണ് രക്താര്‍ബുദം നവജാതശിശുക്കളില്‍ കാണപ്പെടുന്നത്.
  • സോഫ്റ്റ് ടിഷ്യു സര്‍ക്കോമ - മുകളില്‍ ചര്‍ച്ച ചെയ്ത വിഷയത്തില്‍ കാണപ്പെട്ടത് പോലെ പേശികള്‍, കൊഴുപ്പ്, കലകള്‍ തുടങ്ങിയവയില്‍ മുഴകള്‍ പോലെ പ്രത്യക്ഷപ്പെടും.
  • വില്‍മ്സ് ട്യൂമര്‍ - നവജാത ശിശുക്കളില്‍ വളരെ അപൂര്‍വമായി മാത്രം രേഖപ്പെടുത്തപ്പെടുന്ന വൃക്കകളെ ബാധിക്കുന്ന കാന്‍സര്‍.
  • ബ്രെയിന്‍ & സ്പൈനല്‍ ട്യൂമര്‍ - കേന്ദ്രനാഡീവ്യവസ്ഥയിലും നട്ടെല്ലിലുമായി കാണപ്പെടുന്ന കാന്‍സറുകള്‍.

എന്താണ് ചികിത്സ?
നവജാതശിശുക്കളിലെ കാന്‍സര്‍ ചികിത്സ വിദഗ്ധനായ പീഡിയാട്രിക് ഓങ്കോളജിസ്റ്റിന്റെ നേതൃത്വത്തില്‍ മറ്റ് ചികിത്സാ വിഭാഗങ്ങളെ കൂടി സമന്വയിപ്പിച്ചാണ് നടത്തേണ്ടത്. കുഞ്ഞിന്റെ ആരോഗ്യം, ജനിച്ചതിന് ശേഷമുള്ള ദിവസം, അവയവങ്ങളുടെ വളര്‍ച്ച, ദീര്‍ഘകാലത്തെ ആരോഗ്യം തുടങ്ങിയവയൊക്കെ ചികിത്സയുമായി ബന്ധപ്പെട്ട് പരിഗണിക്കപ്പെടേണ്ടതുണ്ട്.

ഇത്തരത്തില്‍ വിശദമായ കാര്യങ്ങള്‍ പരിഗണിച്ചശേഷം ശസ്ത്രക്രിയ, കീമോതെറാപ്പി, ടാര്‍ജറ്റഡ് തെറാപ്പി, ഇമ്യൂണോതെറാപ്പി, റേഡിയേഷന്‍ തെറാപ്പി, തുടങ്ങിയവയില്‍ ഏത് രീതിയാണ് അവലംബിക്കേണ്ടത് എന്ന് തീരുമാനിക്കും.

നിയോനാറ്റോളജിസ്റ്റ്, പീഡിയാട്രിക് ഓങ്കോളജിസ്റ്റ്, ഓങ്കോളജിസ്റ്റ്, ഓങ്കോസര്‍ജന്‍, റേഡിയോളജിസ്റ്റ് തുടങ്ങിയവരെല്ലാം ഒരുമിച്ച് ചേര്‍ന്നാണ് ചികിത്സാപരമായ തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടത്. ഇവര്‍ക്ക് പുറമെ ന്യൂട്രീഷ്യനിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ് എന്നിവരുടെ സേവനവും ആവശ്യമായി വരും.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ: https://mbi.page.link/grihalakshmi