വിവാഹവേളകളിലും മറ്റ് ആഘോഷങ്ങളിലും ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് മെെലാഞ്ചി. കൂടാതെ തുണികളിലും തലയിലും ഹെന്നയായും ഡെെയായും നാം മെെലാഞ്ചി ഉപയോഗിക്കുന്നുണ്ട്. മെെലാഞ്ചിയും കരളും തമ്മിലുള്ള ഞെട്ടിപ്പിക്കുന്ന കണ്ടെത്തൽ നടത്തിയിരിക്കുകയാണ് ജാപ്പനീസ് ഗവേഷകർ. ലിവർ ഫെെബ്രോസിസ് എന്ന അപകടകരമായ കരൾ രോഗത്തിന് മെെലാഞ്ചി പരിഹാരമാണെന്നാണ് കണ്ടെത്തൽ. എലികളിൽ നടത്തിയ പരീക്ഷണമാണ് വിജയം കണ്ടത്.
ആഗോളതലത്തിൽ തന്നെ ഏറ്റവും വലിയ ആരോഗ്യ പ്രശ്‌നങ്ങളിലൊന്നായി മാറിക്കൊണ്ടിരിക്കുകയാണ് കരൾ രോഗങ്ങൾ. പൊണ്ണത്തടി, മോശം ഭക്ഷണക്രമം, ചിട്ടയില്ലാത്ത ജീവിതശൈലി എന്നിവ ഫാറ്റിലിവർ, ഫൈബ്രോസിസ്, സീറോസിസ് തുടങ്ങി കരൾ രോഗികളുടെ എണ്ണത്തിലും വർധനവുണ്ടാക്കി. ഈ സാഹചര്യത്തിലാണ് സൗന്ദര്യവർദ്ധക ചായമായി മെെലാഞ്ചി, കരൾ രോഗ ചികിത്സയിൽ നിർണായകമാകുന്നത്.
ജപ്പാനിലെ ഒസാക്ക മെട്രോപൊളിറ്റൻ സർവകലാശാലയിലെ ശാസ്ത്രജ്ഞർ, ഹെന്ന എന്നറിയപ്പെടുന്ന ലോസോണിയ ഇനെർമിസ് എന്ന സസ്യത്തിൽ നിന്ന് ഉണ്ടായ പിഗ്മെന്റ് കരളിനുണ്ടാകുന്ന ആഴത്തിലുള്ള മുറിവുകൾ മാറ്റാൻ സഹായിക്കുമെന്ന് കണ്ടെത്തി. ബയോമെഡിസിൻ ആന്റ് ഫാർമക്കോതെറാപ്പി എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ഈ പഠനം , ‘ലോസോൺ’ എന്ന സംയുക്തം പ്രധാന ഫൈബ്രോട്ടിക് പ്രക്രിയകളെ എങ്ങനെ തടയുന്നുവെന്നും കരളിലെ കലകളെ എങ്ങനെ പുനഃസ്ഥാപിക്കുമെന്നും വിശദീകരിക്കുന്നുണ്ട്.
ദീർഘകാല മദ്യപാനം, വൈറൽ ഹെപ്പറ്റൈറ്റിസ്, അല്ലെങ്കിൽ ഫാറ്റി ലിവർ രോഗം എന്നിവയിലൂടെ കരളിന് വിട്ടുമാറാത്ത കേടുപാടുകൾ സംഭവിക്കുമ്പോഴാണ് ലിവർ ഫൈബ്രോസിസ് ഉണ്ടാകുന്നത്. കരളിലെ ഈ പരിക്ക് ഹെപ്പാറ്റിക് സ്റ്റെല്ലേറ്റ് സെല്ലുകൾ (HSCs) എന്നറിയപ്പെടുന്ന പ്രത്യേക കോശങ്ങളെ സജീവമാക്കുന്നു. കരളിന്റെ ഘടന നിലനിർത്താൻ സഹായിക്കുന്ന ഈ കോശങ്ങൾ അമിതമായി സജീവമാകുന്നത് സ്കാർ ടിഷ്യു (കൊളാജൻ), ഫൈബ്രസ് മാട്രിക്സ് എന്നിവ ഉത്പാദിപ്പിക്കുന്നതിന് കാരണമാകും. കാലക്രമേണ, ഇത് കരളിന്റെ ഘടനയെയും പ്രവർത്തനത്തെയും തടസ്സപ്പെടുത്തുന്നു. ഇത് സീറോസിസ്, കാൻസർ എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു.
കരളിന്റെ ഘടനയ്ക്ക് അടിസ്ഥാനമായ കോശങ്ങളെ ലക്ഷ്യം വയ്ക്കുന്ന വസ്തുക്കളെ തിരിച്ചറിയാൻ സഹായിക്കുന്ന ഒരു കെമിക്കൽ സ്‌ക്രീനിങ് സിസ്റ്റം (രാസവസ്തുക്കളെ തിരിച്ചറിയാനുള്ള മാർഗം) ഗവേഷകർ വികസിപ്പിച്ചു. മൈലാഞ്ചിയിലുള്ള പിഗ്മെന്റായ ലോസോൻ എന്ന സംയുക്തം ഫൈബ്രോയിഡ് ഉണ്ടാവുന്ന പ്രക്രിയയെ തടയുമെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി. ലിവർ ഫൈബ്രോസിസുള്ള എലികളിലാണ് ശാസ്ത്രജ്ഞർ പഠനം നടത്തിയത്.
നിലവിൽ മൈലാഞ്ചിയിൽ നിന്നുള്ള ഈ സംയുക്തം മരുന്നിന്റെ രൂപത്തിൽ എങ്ങനെ മനുഷ്യരിൽ ഉപയോഗിക്കാൻ കഴിയുമെന്ന ഗവേഷണങ്ങൾ പുരോഗമിക്കുകയാണ്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Surprising research reveals henna`s pigment, Lawson, may treat liver fibrosis by preventing scar tissue formation and restoring healthy liver cells.
Published: 01 Nov 2025, 02:04 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented