നടി ഭാഗ്യശ്രീയും ഹിമാലയ് ദാസാനിയും ദാമ്പത്യജീവിതം തുടങ്ങിയിട്ട് മുപ്പതു വർഷത്തിലേറെയായി. വിവാഹസമയത്ത് കൈകളിലിട്ട മൈലാഞ്ചി മായാതെ സൂക്ഷിക്കണമെന്നൊരു നിർബന്ധം തനിക്കുണ്ടായിരുന്നെന്ന് തുറന്നുപറയുകയാണ് ഭാഗ്യശ്രീയിപ്പോൾ. ഹൗട്ടർഫ്ലൈ'ക്ക് (Hauterrfly) നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ. 

“വിവാഹ വസ്ത്രത്തോടൊന്നും എനിക്ക് അത്രയധികം താൽപ്പര്യമുണ്ടായിരുന്നില്ല, എന്നാൽ കൈകളിൽ മൈലാഞ്ചി വേണമെന്ന് വലിയ നിർബന്ധമുണ്ടായിരുന്നു. അമ്മായിയമ്മയോട് ഞാൻ പറഞ്ഞിരുന്ന ഒരേയൊരു കാര്യം അതായിരുന്നു, 'വിവാഹ സാരി നിങ്ങളുടെ ഇഷ്ടപ്രകാരം വാങ്ങിക്കോളൂ, പക്ഷേ എന്റെ കൈകളിൽ മൈലാഞ്ചി വേണം...' സത്യത്തിൽ, ഒരു വർഷത്തോളം ഞാൻ ആ മൈലാഞ്ചി മായാതെ സൂക്ഷിച്ചു. മാഞ്ഞുതുടങ്ങുമ്പോൾ ഞാൻ മൈലാഞ്ചിക്കാരെ വിളിച്ചു വീണ്ടും ഇട്ടുതരാൻ പറയും. മൈലാഞ്ചിയിടുന്നയാൾക്ക് വരാൻ പറ്റാത്തപ്പോൾ ഞാൻ മൈലാഞ്ചി പാത്രവുമായിരുന്ന് ടൂത്ത്പിക്ക് കൊണ്ട് മൈലാഞ്ചി ഇടുമായിരുന്നു!” പുഞ്ചിരിച്ചുകൊണ്ട് അവർ പറഞ്ഞു. 

ഭർത്താവ് തന്നെയൊരിക്കലും പ്രൊപ്പോസ് ചെയ്തിരുന്നില്ലെന്നും അവർ തുറന്നുപറഞ്ഞു. കഴിഞ്ഞ വർഷം എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ഹിമാലയ് കാൽമുട്ടിൽ നിന്ന് ഭാഗ്യശ്രീയെ പ്രൊപ്പോസ് ചെയ്തിരുന്നു. നടി തന്റെ സോഷ്യൽ മീഡിയയിലൂടെ ഈ റൊമാന്റിക് പ്രൊപ്പോസലിനെക്കുറിച്ച് തുറന്നുപറയുകയും ചെയ്തു. "രഹസ്യം പുറത്തായി... ഹിമാലയ്‍ജി ഒരു റൊമാന്റിക് ഭർത്താവാണെന്ന് എല്ലാവരും വിശ്വസിച്ചാലും, അദ്ദേഹം പണ്ടങ്ങനെയായിരുന്നില്ല. എന്നെ ഒരിക്കലും ഔദ്യോഗികമായി പ്രൊപ്പോസ് ചെയ്തിട്ടില്ലെന്ന് ഞാനദ്ദേഹത്തോട് പരാതി പറയാറുണ്ടായിരുന്നു. അങ്ങനെ ഒരു ഫോട്ടോഷൂട്ടിനിടയിൽ, ആരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് അദ്ദേഹം പാട്ടുംപാടി അടുത്തേക്ക് വന്നു. യേയ്! ഭർത്താവ് ഒടുവിൽ കാൽമുട്ടിൽ നിന്ന് പ്രൊപ്പോസ് ചെയ്യാൻ തീരുമാനിച്ചു. എന്റെ ഫോട്ടോഗ്രാഫർ എടുത്ത ചില കാൻഡിഡ് ചിത്രങ്ങൾ പങ്കുവെക്കുന്നു."-എന്നായിരുന്നു പോസ്റ്റിന് അടിക്കുറുപ്പ്.

1989-ൽ പുറത്തിറങ്ങിയ 'മേനേ പ്യാർ കിയ' എന്ന അരങ്ങേറ്റ ചിത്രം വൻ വിജയമായതിന് പിന്നാലെയാണ് നടി ഭാഗ്യശ്രീ ഹിമാലയ് ദാസാനിയെ വിവാഹം കഴിച്ചത്. ദമ്പതികൾക്ക് ഒരു മകനും മകളുമുണ്ട്. ഇരുവരും അഭിനയത്തിൽ സജീവമാണ്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi