രാവിലെ എഴുന്നേല്‍ക്കുന്നതുമുതല്‍ രാത്രി കിടക്കുന്നതുവരെ സ്മാര്‍ട്ട്‌ഫോണ്‍ നമുക്കൊപ്പമുണ്ട്. മാറിയ ജീവിത-തൊഴില്‍ സാഹചര്യങ്ങളില്‍ ഫോണില്ലാതെ ജീവിക്കാന്‍ പ്രയാസമാണ്. എന്നാല്‍ അതുമൂലമുള്ള ശാരീരികപ്രയാസങ്ങളെ അവഗണിക്കാന്‍ കഴിയില്ല.

To advertise here,

അമിതമായ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം ഏറ്റവുമധികം ബാധിക്കുന്നത് കണ്ണിന്റെ ആരോഗ്യത്തെയാണ്. ഫോണില്‍ നോക്കിയിരിക്കുന്നതിന്റെ ദൈര്‍ഘ്യം കൂടുമ്പോഴാണ് കണ്ണിന് ആയാസം അഥവ സ്‌ട്രെയിന്‍ അനുഭവപ്പെടുന്നത്. കാഴ്ച മങ്ങല്‍, വസ്തുക്കളെ രണ്ടായി കാണല്‍ തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണങ്ങള്‍.

സ്‌ട്രെയിന്‍ കുറയ്ക്കാന്‍

  • അകലെയുള്ള ഒരു വസ്തുവിലേക്ക് നോക്കിയശേഷം പിന്നീട് തിരിച്ച് ഫോക്കസ് ചെയ്ത വസ്തുവിലേക്ക് തന്നെ ദൃഷ്ടിപതിപ്പിക്കാം.
  •  ഇടയ്ക്കിടെ തണുത്തവെള്ളത്തില്‍ കണ്ണുകള്‍ കഴുകാം. ഇത് രക്തചംക്രമണം മെച്ചപ്പെടുത്തും.
  •  കണ്ണടച്ച് പോളകള്‍ക്ക് മുകളിലും പുരികത്തിന് മുകളിലെ പേശികളിലും ചെറിയതോതില്‍ മസ്സാജ് ചെയ്യാം.
  •  ഇടയ്ക്കിടെ കണ്ണ് ചിമ്മുന്നതും കണ്ണിന്റെ സ്‌ട്രെയിന്‍ കുറയ്ക്കാന്‍ സഹായിക്കും.
  • സ്മാര്‍ട്ട്‌ഫോണ്‍ കണ്ണിനോട് അടുപ്പിച്ച് പിടിച്ച് നോക്കരുത്.
  • കിടന്ന് വീഡിയോ കാണുന്നതും ഒഴിവാക്കാം.
  • കണ്ണിനെ ആര്‍ദ്രമാക്കാനുള്ള ഐഡ്രോപ്പുകള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം ഉപയോഗിക്കാം.
  • ഫോണിലെ ഫോണ്ടുകള്‍ വലുതാക്കി സെറ്റ് ചെയ്യാം.
  •  ഫോണ്‍ സെറ്റിങ്ങിലെ ബ്രൈറ്റ്‌നെസ് ഓപ്ഷന്‍ കുറച്ചിടാം.മങ്ങിയ വെളിച്ചത്തില്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കരുത്. 

അറിയണം 20-20-20 റൂള്‍
ഡിജിറ്റല്‍ സ്‌ക്രീനുകളുടെ തുടര്‍ച്ചയായ ഉപയോഗം മൂലമുണ്ടാകുന്ന കാഴ്ചാപ്രശ്‌നങ്ങളെയാണ് ഡിജിറ്റല്‍ ഐ സ്‌ട്രെയിന്‍ എന്ന് പറയുന്നത്. ഇതിന് പ്രധാന കാരണം സ്മാര്‍ട്ട്‌ഫോണുകളുടെ തുടര്‍ച്ചയായ ഉപയോഗമാണ്. കണ്ണില്‍ വെള്ളംനിറയല്‍, അസ്വസ്ഥത, കണ്ണില്‍ ചുവപ്പ്, കണ്ണില്‍ വരള്‍ച്ച എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങള്‍. ഇതിനുള്ള പരിഹാരമാണ് 20-20-20 റൂള്‍. 

20 മിനിറ്റ് തുടര്‍ച്ചയായി സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ചാല്‍ ഏകദേശം 20 അടി അകലെയുള്ള വസ്തുവിലേക്ക് 20 സെക്കന്‍ഡ് നേരം നോക്കിയിരിക്കണം. ഇതാള്‍ 20-20-20 നിയമം.ഇങ്ങനെ ചെയ്യുന്നത് കണ്ണിന്റെ ആയാസം കുറയ്ക്കും.