
കൗമാരവും യൗവനവും ആഘോഷമാക്കിയെത്തുന്ന ജീവിതതീരമാണ് നാല്പതുകൾ. ഒരു തരത്തിലൊരു വഴിത്തിരിവിന്റെ കാലംകൂടിയാണിത്. കടമകളും ഉത്തരവാദിത്വങ്ങളും ഒരുവശത്ത്. കുട്ടികളുടെ വിദ്യാഭ്യാസവും മാതാപിതാക്കളുടെ പ്രയാസങ്ങളും പരാതികളും മറുവശത്ത്. ഇതിനിടയിൽ സ്വന്തം ആരോഗ്യം നോക്കാൻ സമയമെവിടെ എന്നാണോ ചിന്ത. എങ്കിൽ ആ ചിന്ത മാറിയേ തീരൂ. നാല്പതുകൾ ജീവിതത്തിലെ പ്രധാന പടവുകളിലൊന്നാണ്. ഇതുവരെ നമ്മുടെ ശരീരത്തിന് നൽകിയ പരിചരണത്തിന്റെയും കരുതലിന്റെയും ഗുണഫലങ്ങൾ കൊയ്തെടുക്കുന്ന കാലമാണിത്. ഹൃദയാഘാതം, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യതകൾ വർധിക്കുന്ന പ്രായം കൂടിയാണിത്. പ്രമേഹം, അമിത രക്തസമ്മർദ്ദം തുടങ്ങിയ ജീവിതശൈലീ രോഗങ്ങൾ പലരിലും കണ്ടുതുടങ്ങുന്നതും ഈ ഘട്ടത്തിലാണ്. ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യം ശ്രദ്ധിച്ചില്ലെങ്കിൽ മുന്നോട്ടുപോക്ക് പ്രയാസമായേക്കാം.
ഡോക്ടറെ കാണാനായോ?
പല രോഗങ്ങളും പ്രകടമായ ലക്ഷണങ്ങൾ ഇല്ലാതെയാണ് വരുന്നത്. അതിനാൽ നാല്പതുകൾക്ക് ശേഷം വർഷത്തിലൊരിക്കൽ നിർബന്ധമായും ആരോഗ്യ പരിശോധനകൾ നടത്തണം.
കുടുംബത്തിൽ പ്രമേഹം, ഹൃദ്രോഗം, കാൻസർ (പ്രത്യേകിച്ച് സ്തനാർബുദം) എന്നിവ ഉള്ളവർ നേരത്തെ തന്നെ പരിശോധനകൾ ആരംഭിക്കണം.
ബി.പി., കരൾ സംബന്ധമായ പരിശോധനകൾ തുടങ്ങിയവ വർഷത്തിലൊരിക്കൽ ചെയ്യണം.
ബ്രസ്റ്റ് കാൻസർ സ്‌ക്രീനിങ്, മാമോഗ്രാം എന്നിവ ഒന്നോ രണ്ടോ വർഷംകൂടുമ്പോൾ ചെയ്യാം.
സെർവിക്കൽ കാൻസർ, കൊളോറെക്ടൽ കാൻസർ സ്‌ക്രീനിംഗ് എന്നിവ വളരെ പ്രധാനമാണ്.
ഡയറ്റ് മാറട്ടെ
ഭക്ഷണശീലങ്ങളിലെ മാറ്റം, വ്യായാമമില്ലായ്മ, ജോലിയിലെ സമ്മർദ്ദം, ഉറക്കക്കുറവ് എന്നിവ കാരണം ശരീരഭാരം വേഗത്തിൽ വർധിക്കുന്ന സമയമാണിത്. അതിനാൽ പഞ്ചസാരയും മൈദ വിഭവങ്ങളും ഒഴിവാക്കിയുള്ള ആഹാരശീലമാണ് പാലിക്കേണ്ടത്.
അന്നജവും കൊഴുപ്പും കുറഞ്ഞ ഡയറ്റ് ശീലമാക്കണം.
പഴങ്ങളും പച്ചക്കറികളും (fruits and vegetables) ഡയറ്റിൽ ഉൾപ്പെടുത്തണം.
മുഴുധാന്യങ്ങൾ, ഇലക്കറികൾ എന്നിവയ്ക്ക് പ്രാധാന്യം നൽകാം.
സംസ്‌കരിച്ച ഭക്ഷണപദാർഥങ്ങൾ, വറുത്തതും പൊരിച്ചതുമായവ എന്നിവ കുറയ്ക്കണം.
ആഹാരം കഴിവതും കൃത്യസമയത്ത് കഴിക്കാൻ ശ്രമിക്കണം.
രാത്രിഭക്ഷണം മിതമാക്കാം.
ഭക്ഷണം കഴിച്ച ഉടൻ കിടക്കുന്ന ശീലം മാറ്റാം.
വ്യായാമം മറക്കല്ലേ
ആഹാരനിയന്ത്രണങ്ങൾക്കൊപ്പം കൃത്യമായ വ്യായാമവും ആവശ്യമാണ്. നാല്പതുകളിലേക്ക് കടക്കുമ്പോൾ നിർബന്ധമായും ഏതെങ്കിലുമൊരു വ്യായാമം ശീലമാക്കണം. ഏതു വ്യായാമത്തിനും അതിന്റേതായ ഗുണങ്ങളുണ്ട്.
ജോഗിങ്, സൈക്ലിങ്, നടത്തം എന്നിവ മികച്ച എയ്റോബിക് വ്യായാമങ്ങളാണ്.
ഇവയ്ക്കൊപ്പം ഫിറ്റ്നസ് നിലനിർത്താൻ സ്‌ട്രെങ്ത് ട്രെയ്നിങ്ങും ചെയ്യാം. പേശികളുടെ ബലം നിലനിർത്താനും വാർധക്യത്തിലെ വീഴ്ചകൾ ഒഴിവാക്കാനും ഇത് സഹായിക്കും.
രോഗാവസ്ഥയുള്ളവർ ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ വ്യായാമം ചെയ്യാൻ പാടുള്ളൂ.
വ്യായാമത്തിലേർപ്പെടുമ്പോൾ കിതപ്പോ ശ്വാസംമുട്ടോ അനുഭവപ്പെട്ടാൽ ഉടൻ നിർത്തണം.
യോഗ, മനസ്സ് ശാന്തമാക്കുന്നതോടൊപ്പം ശരീരവഴക്കവും കൂട്ടും.
ലിഫ്റ്റിന് പകരം പടികൾ ഉപയോഗിക്കാം.
ചെറിയ ദൂരത്തേക്ക് വാഹനങ്ങൾ ഒഴിവാക്കി നടക്കാം.
മനസ്സിനേകാം കരുത്ത്
മാതാപിതാക്കളുടെ നാല്പതുകൾ കുട്ടികൾ വളരുന്ന കാലംകൂടിയാണ്. വളർച്ചയുടെ ഘട്ടങ്ങളിൽ കുട്ടികൾക്കുണ്ടാവുന്ന പ്രയാസങ്ങൾ മാതാപിതാക്കളെയും ബാധിക്കാം. മാനസികമായ ആശങ്കകൾ ഒഴിവാക്കാൻ കൃത്യമായ ആസൂത്രണം വേണം.
ജീവിതശൈലി ചിട്ടയോടെ പിന്തുടരുക.
സംശയരോഗം, ഉന്മാദ-വിഷാദരോഗങ്ങൾ തുടങ്ങിയവ ഈ പ്രായത്തിൽ കണ്ടേക്കാം. ഇവയ്ക്ക് ആരംഭത്തിൽ തന്നെ ചികിത്സ തേടണം.
ഹോർമോണുകളുടെ ഏറ്റക്കുറച്ചിൽ കാരണം സ്ത്രീകളിൽ മാനസികമായി ചില പ്രയാസങ്ങൾ കണ്ടേക്കാം.
വീട്ടുജോലികളും കുടുംബ ഉത്തരവാദിത്വങ്ങളും സ്ത്രീകളുടേത് മാത്രമെന്ന് കരുതാതെ അതിൽ പങ്കാളികളാവാൻ ശ്രമിക്കണം.
പുതിയ കാര്യങ്ങൾ ചെയ്യാനും ഹോബികൾ കണ്ടെത്താനും ശ്രമിക്കുന്നത് വിരസത മാറ്റാൻ സഹായിക്കും.
സെക്സിലെ മാറ്റങ്ങൾ
ലൈംഗിക ആരോഗ്യവുമായി ബന്ധപ്പെട്ട പ്രയാസങ്ങളും ഈ കാലയളവിൽ കണ്ടേക്കാം. പ്രമേഹം, പുകവലി ശീലം എന്നിവയുള്ളവരിൽ ലൈംഗിക അവയവത്തിലേക്കുള്ള രക്തയോട്ടം കുറയുന്നത് ഉദ്ധാരണശേഷിക്കുറവിന് കാരണമാകാം. ഇത് കടുത്ത മാനസികസമ്മർദ്ദത്തിലേക്ക് നയിക്കാം. ഇതിന് കൃത്യമായ ചികിത്സ തേടണം.
ഈസ്ട്രജന്റെ അളവ് കുറയുന്നത് സ്ത്രീകളിൽ ലൈംഗികതാത്പര്യം കുറച്ചേക്കാം. യോനി വരണ്ടിരിക്കുന്ന വജൈനൽ ഡ്രൈനസ് എന്ന അവസ്ഥയുണ്ടാകാം. നാല്പതുകളിൽ ഇത് സ്വാഭാവികമാണെന്ന് പങ്കാളി മനസ്സിലാക്കണം. ഗൈനക്കോളജിസ്റ്റിനെ കണ്ട് കൃത്യമായ ചികിത്സ തേടണം.
ഹോർമോൺനില മാറുമ്പോൾ
സ്ത്രീകളിൽ 40-45 ആകുമ്പോഴേക്കും സ്ത്രൈണഹോർമോണുകൾ പിൻവാങ്ങിത്തുടങ്ങും. ആദ്യഘട്ടത്തിൽ ഈസ്ട്രജൻ ഹോർമോണിന്റെ അളവ് കുറയും. ശരീരം മാറ്റങ്ങൾക്ക് ഒരുങ്ങുന്ന സമയമാണ് ഇത്. ആ മാറ്റങ്ങളെ സ്വീകരിക്കാൻ തയ്യാറെടുക്കണം.
അമിത രക്തസ്രാവം ഉണ്ടാവുമ്പോൾ അത് കാൻസറിന്റെ തുടക്കമല്ലെന്ന് ഉറപ്പാക്കണം.
എല്ലാ രക്തസ്രാവവും ആർത്തവവിരാമത്തിന്റേതാണെന്ന് കരുതി അവഗണിക്കരുത്. ഗർഭാശയത്തിൽ മുഴകളുണ്ടെങ്കിലും രക്തസ്രാവമുണ്ടാകാം.
ഉറക്കക്കുറവ്, വയറുവേദന, അമിത ക്ഷീണം എന്നിവ ഈ പ്രായത്തിൽ ഉണ്ടാവാം. ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തി ഇത് മറികടക്കണം.
ഈ പ്രായത്തിൽ ചില സ്ത്രീകൾക്ക് മൂത്രം പിടിച്ചുനിർത്താൻ കഴിയാത്ത അവസ്ഥയുണ്ടാവാം. ഇത് ചികിത്സിച്ച് ഭേദമാക്കിയില്ലെങ്കിൽ മൂത്രനാളിയിൽ അണുബാധയ്ക്ക് കാരണമാകും.
ഉറക്കം ഓർമ്മകൂട്ടും
പ്രായം കൂടുന്തോറും ഉറക്കത്തിന്റെ ഗുണനിലവാരം കുറയാൻ സാധ്യതയുണ്ട്. അതിനാൽ നാല്പതുകളിൽ ഉറക്കത്തിന് മുൻഗണന നൽകണം. ദിവസവും 7 മുതൽ 8 മണിക്കൂർ വരെ ഉറങ്ങാൻ ശ്രദ്ധിക്കുക. ഉറക്കക്കുറവ് പ്രമേഹം, രക്തസമ്മർദ്ദം, മറവിരോഗം (Dementia) എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കും. പുതിയ കാര്യങ്ങൾ പഠിക്കുന്നതും പുസ്തകങ്ങൾ വായിക്കുന്നതും തലച്ചോറിന്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കും.
(കടപ്പാട്: ഡോ. അരുൺ മാത്യു, സീനിയർ കൺസൾട്ടന്റ്, ജനറൽ മെഡിസിൻ & ഡെപ്യൂട്ടി ചീഫ്, ഓഫ് മെഡിക്കൽ സർവീസസ്, ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ, കോഴിക്കോട്)
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Annual preventive health checkups are mandatory after 40., Adopt a diet low in sugar, refined flour, and processed foods., Incorporate both aerobic exercises and strength training., Manage stress and prioritize 7-8 hours of quality sleep., Seek medical advice for hormonal changes and sexual health concerns.
Published: 28 Jun 2026, 05:30 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented