റാഗി നമ്മുടെ നാട്ടില്‍ ഏറെ ഉപയോഗിക്കുന്നത് കുഞ്ഞുങ്ങള്‍ക്കുള്ള ഭക്ഷണമായാണ്. എന്നാല്‍ മുതിര്‍ന്നവര്‍ക്കും മികച്ച ഭക്ഷണമാണ് റാഗി. കൂവരക്, മുത്താറി, കഞ്ഞിപ്പുല്ല്, പഞ്ഞിപ്പുല്ല്, ഫിംഗര്‍ മില്ലെറ്റ്  തുടങ്ങിയ പല പേരുകളില്‍ അറിയപ്പെടുന്ന ചെറു ധാന്യമാണ് ഇത്. കാത്സ്യത്തിന്റെ മുഖ്യ ഉറവിടമാണ് റാഗി.  ഇരുമ്പ്, ഫോസ്ഫറസ്, മാംസ്യം, നാരുകള്‍ തുടങ്ങിയവ ധാരാളമുള്ളതിനാല്‍ വിളര്‍ച്ച തടയാനും പ്രമേഹബാധിതര്‍ക്കും മികച്ച ഭക്ഷണംകൂടിയാണിത്. ശ്രീലങ്കയിലും നേപ്പാളിലും മുത്താറി പ്രധാന ഭക്ഷ്യധാന്യമായി ഉപയോഗിച്ചുവരുന്നു. ഇന്ത്യയില്‍ ധാരാളമായി കൃഷി ചെയ്യുന്ന ധാന്യങ്ങളിലൊന്നാണ് റാഗി. മറ്റു ധാന്യങ്ങളെ അപേക്ഷിച്ച് മാംസ്യവും ധാതുക്കളും ധാരാളം അടങ്ങിയിട്ടുണ്ട് റാഗിയില്‍

To advertise here,

ഗുണങ്ങള്‍

  • കാല്‍സ്യത്തിന്റെയും പൊട്ടാസ്യത്തിന്റെയും കലവറയാണ് ഈ ചെറുധാന്യം. കുട്ടികളില്‍ എല്ലുകളുടെ വളര്‍ച്ചയ്ക്കും മുതിര്‍ന്നവരില്‍ എല്ലുകളുടെ സംരക്ഷണത്തിനും റാഗി ശീലമാക്കാം.
  • ഇരുമ്പ് ധാരാളമായി അടങ്ങിയതിനാല്‍ ഹീമോഗ്ലോബിന്‍ കൗണ്ട് കുറഞ്ഞവര്‍ക്ക് ഇത് നല്ല ആഹാരമാണ്.
  • വിറ്റമിന്‍ സി, വിറ്റമിന്‍ ബി6, ഫോളിക്ക് ആസിഡ് എന്നിവയാല്‍ സമൃദ്ധമാണ്
  • ഡയറ്ററി ഫൈബറും നാരുകളും പോളിഫിനോളും ധാരാളമായി അടങ്ങിയതിനാല്‍ ആന്റി ഓക്‌സിഡന്റ്, ആന്റിഡയബറ്റിക്ക്, ആന്റിമൈക്രോബിയല്‍ ഗുണങ്ങളുമേറെയാണ്
  • കൊഴുപ്പു കുറഞ്ഞ ഭക്ഷണമായതിനാല്‍ വേഗം ദഹിക്കുന്ന ഒന്നാണ് റാഗി. അതുകൊണ്ടുതന്നെ കുഞ്ഞുങ്ങള്‍ക്ക് ആദ്യ ഭക്ഷണമായി റാഗി കൊടുക്കുന്നത് സാധാരണമാണ്. 
  • കൊഴുപ്പു കുറവായതിനാല്‍ ഭാരം കുറയ്ക്കാനാഗ്രഹിക്കുന്നവര്‍ക്ക് മടികൂടാതെ ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ധാന്യമാണ് റാഗി.
  • മുലയൂട്ടുന്ന അമ്മമാര്‍ക്ക് മുലപ്പാലുണ്ടാകാനും വളരെ നല്ലതാണ് റാഗി. ഇരുമ്പ്, കാല്‍സ്യം, അമിനോ ആസിഡുകള്‍ എന്നിവയെല്ലാം അടങ്ങിയതിനാല്‍ അമ്മയക്കും കുഞ്ഞിനും ഒരുപോലെ ഗുണകരമാണ്.
  • റാഗിയിലടങ്ങിയ ആന്റി ഓക്‌സിഡന്റുകള്‍ മാനസികസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു.
  • നിരവധി അമിനോ ആസിഡുകളാല്‍ സമ്പന്നമാണ് റാഗി. പേശികളുടെ പ്രവര്‍ത്തനത്തെ സഹായിക്കാനും വളര്‍ച്ചാ ഹോര്‍മോണുകളുടം പ്രവര്‍ത്തനം ത്വരിതപ്പെടുത്താനുമെല്ലാം ഇത് സഹായിക്കും. 
  • കൊളാജന്‍ ഉത്പാദനം കൂട്ടുന്ന അമിനോ ആസിഡുകളാല്‍ സമ്പുഷ്ടമായതിനാല്‍ ഒരു ആന്റി ഏജിങ് ഭക്ഷണം കൂടിയാണ് റാഗി.

പാകം ചെയ്യുമ്പോള്‍

  • ദിവസവും ഒരു നേരം റാഗികൊണ്ടുള്ള വിഭവങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. 
  • ദോശ, അട, പുട്ട്, ചപ്പാത്തി, ഉപ്പുമാവ്, ഉഡലി, ഹല്‍വ...ഇങ്ങനെ നിരവധി വിഭവങ്ങള്‍ റാഗികൊണ്ട് ഒരുക്കാനാവും. മലബന്ധമുള്ള ആളുകള്‍ക്ക് ശര്‍ക്കര ചേര്‍ത്ത റാഗിവിഭവങ്ങള്‍ പരീക്ഷിക്കാം. 
  • ദിവസം 80 മുതല്‍ 100 ഗ്രാം വരെ റാഗി പല വിഭവങ്ങളായി ഒരാള്‍ക്ക് കഴിക്കാം
  • കുഞ്ഞുങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും രാവിലത്തെ ഭക്ഷണമായി റാഗി നല്‍കുന്നതാണ് നല്ലത്. 

ശ്രദ്ധിക്കാം

  • കിഡ്‌നി സ്റ്റോണ്‍പോലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ റാഗി ഒഴിവാക്കുന്നതാണ് നല്ലത്. 
  • റാഗിയില്‍ അടങ്ങിയ ഫൈറ്റിക്ക് ആസിഡ് കാല്‍സ്യം, മഗ്നീഷ്യം തുടങ്ങിയ ചില മിനറലുകളുടെ ആഗിരണം തടസ്സപ്പെടുത്തുന്നതായി പഠനങ്ങളുണ്ട്. അതുകൊണ്ട് നന്നായി വേവിച്ച ശേഷം മാത്രം റാഗി ഉപയോഗിക്കാം. 
  • അമിതമായി റാഗി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തില്‍ പൊട്ടാസ്യത്തിന്റെ അളവ് ആവശ്യത്തില്‍ കൂടുതലാവാന്‍ കാരണമാകും. ഇതും ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കാം. 
  • തൈറോയിഡ്, മലബന്ധം പോലുള്ള ആരോഗ്യപ്രശ്‌നങ്ങളുള്ളവരും റാഗിയുടെ ഉപയോഗം കുറയ്ക്കണം.

കടപ്പാട്: ഉഷ മധുസൂദനന്‍, സീനിയര്‍ ഡയറ്റീഷ്യന്‍
അല്‍മാസ് ഹോസ്പിറ്റല്‍, കോട്ടക്കല്‍