പേടിപ്പെടുത്തുന്ന വില്ലനായും വിശ്വസ്തനായ സഹനടനായും അതിഥി വേഷത്തിലും കലയെ അവിസ്മരണീയമാക്കിയ ഹരീഷ് റായ് ഇന്നലെ ഈ ലോകത്തോട് വിടപറഞ്ഞു. 1990-കളിലെ നിരവധി ബ്ലോക്ക്ബസ്റ്ററുകളിലെയും ഓം, കെജിഎഫ്: ചാപ്റ്റർ 1', 'ചാപ്റ്റർ 2' എന്നീ ചിത്രങ്ങളിലൂടെയും ആരാകരുടെ മനസ്സിലിടം പിടിച്ച നടനാണ് ഹരീഷ് റായ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി തൈറോയ്ഡ് കാൻസറുമായി ഹരീഷ്, കഠിനമായ പോരാട്ടത്തിലായിരുന്നു. ആരോഗ്യനില വഷളായപ്പോഴും അദ്ദേഹം, സിനിമയിൽ സജീവമാകുകയും ആരാധകരുമായി ബന്ധം പുലർത്തുകയും ചെയ്തു. 'കെജിഎഫ്' സിനിമയുടെ ചിത്രീകരണ സമയത്ത്, നീണ്ട താടി വെച്ച് ശാരീരിക ബുദ്ധിമുട്ടുകൾ അദ്ദേഹം മറച്ചുവെച്ചിരുന്നു.

വയറ്റിലേക്ക് പടർന്ന തൈറോയ്ഡ് കാൻസറുമായി ചികിത്സയിലിരിക്കെ, ബെംഗളൂരുവിലെ കിഡ്‌വായ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യമെന്ന് റിപ്പോർട്ടുകൾ പറയുന്നു. വെള്ളം കെട്ടിനിന്ന് വീർത്ത വയറും ക്ഷീണിച്ച ശരീരവും അദ്ദേഹത്തിന്റെ അവസ്ഥ ഗുരുതരമാക്കിയിരുന്നു. ആരാധകരിൽ നിന്നും അഭ്യുദയകാംക്ഷികളിൽ നിന്നുമുള്ള സാമ്പത്തിക പിന്തുണ ലഭിച്ചിട്ടും അദ്ദേഹത്തിന് സുഖം പ്രാപിക്കാൻ കഴിഞ്ഞില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 

മുൻപൊരിക്കൽ റായ് തന്റെ ചികിത്സയുടെ സാമ്പത്തിക ഭാരത്തെക്കുറിച്ച് തുറന്നു സംസാരിച്ചിരുന്നു. “ഒരു കുത്തിവെപ്പിന് 3.55 ലക്ഷം രൂപ ചെലവ് വരും, 63 ദിവസത്തിനുള്ളിൽ ഒരു സൈക്കിളിൽ മൂന്ന് കുത്തിവെപ്പുകൾ ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്, ഒരു സൈക്കിളിന് ആകെ 10.5 ലക്ഷം രൂപയാകും”. 

പല കേസുകളിലും, രോഗികൾക്ക് 17 മുതൽ 20 വരെ കുത്തിവെപ്പുകൾ ആവശ്യമായി വരും. ഇത് ചികിത്സയുടെ ആകെ ചെലവ് തന്നെ ഏകദേശം 70 ലക്ഷം രൂപയോളമാക്കി മാറ്റും.

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഗോപി ഗൗഡ്രു അടുത്തിടെ റായിയെ സന്ദർശിക്കുകയും ഒരു വീഡിയോ പങ്കുവെക്കുകയും ചെയ്തിരുന്നു. അതിൽ, ആരോഗ്യം മെച്ചപ്പെട്ടാൽ അഭിനയത്തിലേക്ക് മടങ്ങിവരാനുള്ള തന്റെ ആഗ്രഹത്തെക്കുറിച്ച് നടൻ സംസാരിച്ചിരുന്നു. കെജിഎഫ് താരം യാഷിൽ നിന്ന് ലഭിച്ച പിന്തുണയെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു.

"യാഷ് എന്നെ സഹായിച്ചിട്ടുണ്ട്. എനിക്ക് എല്ലാ സമയത്തും അദ്ദേഹത്തോട് ചോദിക്കാൻ കഴിയില്ല. ഒരാൾക്ക് എത്രത്തോളം ചെയ്യാൻ കഴിയും? എന്റെ ആരോഗ്യത്തെക്കുറിച്ച് ഞാൻ അദ്ദേഹത്തെ അറിയിച്ചിട്ടില്ല, പക്ഷേ അദ്ദേഹം അറിഞ്ഞാൽ തീർച്ചയായും എന്റെ കൂടെ നിൽക്കുമെന്ന് എനിക്കറിയാം. എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അദ്ദേഹത്തെ സമീപിക്കാൻ ഞാൻ എന്റെ കുടുംബത്തോടും മക്കളോടും പറഞ്ഞിട്ടുണ്ട്". 

ഈ വെല്ലുവിളി നിറഞ്ഞ ഘട്ടത്തിൽ ഹരീഷിനെ പിന്തുണയ്ക്കാൻ കന്നഡ സിനിമാ വ്യവസായവും ആരാധകരും ഒന്നിച്ചു. നടന്മാരായ ശിവരാജ്കുമാർ, ദർശൻ, യാഷ്, ധ്രുവ സർജ, മറ്റ് സഹപ്രവർത്തകർ എന്നിവർ അദ്ദേഹത്തിന് ചികിത്സ തുടരാൻ സാമ്പത്തികവും ധാർമ്മികവുമായ സഹായങ്ങൾ നൽകി. കാൻസറിനെതിരായ പോരാട്ടത്തിൽ തനിക്ക് ലഭിച്ച സഹായത്തിനും പിന്തുണയ്ക്കും ഹരീഷ് പലപ്പോഴും നന്ദി പ്രകടിപ്പിച്ചിരുന്നു.

തന്റെ ശ്രദ്ധേയമായ കരിയറിൽ, ഹരീഷ് റായ് നിരവധി കന്നഡ, തമിഴ്, തെലുങ്ക് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 'സമര', 'ബാംഗ്ലൂർ അണ്ടർവേൾഡ്', 'ജോഡിഹക്കി', 'രാജ് ബഹദൂർ', 'സഞ്ജു വെഡ്സ് ഗീത', 'സ്വയംവര', എന്നിവ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ മറ്റ് സിനിമകളാണ്. 

ഹരീഷ് റായുടെ മരണം തൈറോയ്ഡ്‌ കാൻസറെന്ന നിശബ്ദ കൊലയാളിയെക്കുറിച്ചുള്ള ആശങ്ക ഇരട്ടിപ്പിക്കുന്നതായിരുന്നു.

കഴുത്തിലെ തൈറോയ്ഡ് ഗ്രന്ഥിയെ ബാധിക്കുന്ന, അപൂർവവും എന്നാൽ ഗുരുതരവുമായ ഒരു കാൻസറാണിത്. തൈറോയ്ഡ് കാൻസർ പലപ്പോഴും തിരിച്ചറിയാതെ പോകുന്നുണ്ട്. കഴുത്തിലെ വീക്കം, ശബ്ദമടപ്പ്, ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ പ്രാരംഭലക്ഷണങ്ങൾ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്നു. കൃത്യസമയത്തുള്ള രോഗനിർണയവും ചികിത്സയും അതിജീവന നിരക്ക് മെച്ചപ്പെടുത്തുമെന്ന് ഡോക്ടർമാർ പറയുന്നു. 

കാൻസർ വളരുന്ന കോശങ്ങളുടെ തരം അനുസരിച്ച് ഡോക്ടർമാർ, തൈറോയ്ഡ് കാൻസറിനെ പാപ്പില്ലറി, ഫോളിക്കുലാർ, മെഡുല്ലറി, അനാപ്ലാസ്റ്റിക് എന്നിങ്ങനെ തരംതിരിക്കുന്നു.

വിദഗ്ധരുടെ അഭിപ്രായത്തിൽ, രോഗനിർണയം എപ്പോൾ നടത്തുന്നു എന്നതിനെ ആശ്രയിച്ചാണ്‌ ചികിത്സ വിജയിക്കുന്നതും പരാജയപ്പെടുന്നതും.

കാരണങ്ങൾ
പലവിധകാരണങ്ങൾകൊണ്ടും തെെറോയ്ഡ് ക്യാൻസർ ഉണ്ടാകാനിടയുണ്ട്. റേഡിയേഷൻ ഏൽക്കുന്നത്, അയഡിൻ കുറഞ്ഞ ഭക്ഷണം, ജനിതകതകരാറുകൾ,അമിതവണ്ണം, ആണവായുധങ്ങളിൽ നിന്നോ പവർ പ്ലാൻ്റ് അപകടങ്ങളിൽ നിന്നോ ഉള്ള റേഡിയോ ആക്ടീവ് തരംഗങ്ങൾ ഏൽക്കുന്നത്...തുടങ്ങി നിരവധി കാരണങ്ങളാകാം.

ഇതിന്റെ ഫലമായി, കഴുത്തിൽ തൈറോയ്ഡ് നോഡ്യൂൾ എന്നറിയപ്പെടുന്ന ഒരു മുഴയോ വളർച്ചയോ അനുഭവപ്പെട്ടേക്കാം. എന്നാൽ ഇത് ആശങ്കപ്പെടേണ്ട കാര്യമല്ലെന്ന് ഡോക്ടർമാർ പറയുന്നു. കാരണം, ഭൂരിഭാഗം മുഴകളും അപകടകരമല്ലാത്തവയാണ്. 20 തൈറോയ്ഡ് മുഴകളിൽ മൂന്നെണ്ണം മാത്രമേ കാൻസറായി മാറാറുള്ളൂ.

(പൊതുവായ വിവരങ്ങളാണിവ, കൂടുതൽ വിവരങ്ങൾക്ക് ആരോഗ്യവിദഗ്ധരെ സമീപിക്കുക.)
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi