വീടിനെപ്പോലെതന്നെ ഫ്രിഡ്ജിനെ മനോഹരമായി അണിയിച്ചൊരുക്കിവെക്കാൻ ഇഷ്ടപ്പെടുന്ന ധാരളം ആളുകളുണ്ട്. കൊതിപ്പിക്കുന്നതും രുചികരവുമായ എന്തൊക്കെയോ സൂക്ഷിച്ചുവെക്കുന്ന ഇടംകൂടിയായതിനാല്‍ തന്നെ ഫ്രിഡ്ജ് പലതവണ തുറന്നുനോക്കുന്നത് ചിലർക്ക് പ്രത്യേകമായൊരു ആനന്ദമാണ്.  ഇന്‍ഡോര്‍ പ്ലാന്റുകളും മാഗ്നെറ്റും സ്റ്റിക്കറുകളും എല്‍.ഇ.ഡി ലൈറ്റുകളും വെച്ച് ഫ്രിഡ്ജിന്റെ പുറം മോടി കൂട്ടി അവർ കൂടുതൽ ആനന്ദിക്കും. എന്നാല്‍ അലങ്കാര പൂക്കളും, ലെറ്റുകളും കൊണ്ട് ഫ്രിഡ്ജിന്റെ ഉള്‍വശം ആരെങ്കിലും അലങ്കരിക്കാറുണ്ടോ? അത്തരത്തിലൊരു അലങ്കാര പ്രവണതയാണ് ടിക്ക് ടോക്കില്‍ വൈറലാകുന്ന ഫ്രിഡ്ജ്‌സ്‌കേപ്പിങ്.

എന്താണ് ഫ്രിഡ്ജ്‌സ്‌കേപ്പിങ്
വീട്ടിലെ ഒരു മുറി ഭംഗിയാക്കുന്നതുപോലെ റെഫ്രിജറേറ്ററുകളുടെ ഇന്റീരിയര്‍ മനോഹരമാക്കുന്ന പ്രവണതയാണ് ഫ്രിഡ്ജ്‌സ്‌കേപ്പിങ്. ഫ്രിഡ്ജിനെ വൃത്തിയും ഭംഗിയുമുള്ള ഇടമാക്കി മാറ്റിയെടുക്കുന്നതിനുള്ള ഒരു ശ്രമം കൂടിയാണിത്. ഫോട്ടോ ഫ്രെയിമുകള്‍, ചെടികള്‍, ഷോപീസുകള്‍, ലൈറ്റുകള്‍, പ്ലാസ്റ്റിക് അലങ്കാരങ്ങൾ എന്നിവകൊണ്ട് ഭക്ഷ്യവസ്തുക്കളുടെ ഇടയിലും ഡോറിലും അലങ്കരിക്കുന്നു. ചൂരല്‍ കൊട്ടയും അക്രിലിക് ജഗ്ഗും സെറാമിക് പാത്രങ്ങളും കൊണ്ട് തണുപ്പുള്ള ഈ കൊച്ചു ലോകത്തെ ആകര്‍ഷണീയമാക്കുന്നു.

കാലിഫോര്‍ണിയയിലെ ഡിസൈന്‍ കണ്‍സള്‍ട്ടന്റായ കാത്തി പെര്‍ഡ്യൂ, ഉപയോഗിച്ച ''ടേബിള്‍സ്‌കേപ്പിങ്'' എന്ന വാക്കില്‍ നിന്നാണ് ഫ്രിഡ്ജ്‌സ്‌കേപ്പിങ് എന്ന പദം രൂപപ്പെട്ടത്. ഡൈനിങ് ടേബിളുകള്‍ മനോഹരമായി അലങ്കരിക്കുന്ന പ്രവണതയാണ് ടേബിള്‍സേകേപ്പിങ്. പെര്‍ഡ്യൂവിന്റെ 'ഫ്രിഡ്ജ്സ്‌കേപ്പിങ്' രീതി ഇന്നത്തെ 'ഫ്രിഡ്ജ് റീസ്റ്റോക്കിങ്' വീഡിയോകളോട് സാമ്യമുള്ളതാണ്. പലചരക്ക് സാധനങ്ങളും സ്റ്റോറേജ് പാത്രങ്ങളും കാണാന്‍ ഭംഗിയുള്ളതും ഉപയോഗപ്രദവുമായ രീതിയില്‍ ടെട്രിസ് ബ്ലോക്കുകള്‍ പോലെ ക്രമീകരിക്കുന്നു. പലര്‍ക്കും ഫ്രിഡ്ജ്‌സ്‌കേപ്പിങ് സന്തോഷം തരുന്ന ഒരു ഹോബിയാണ്. കാഴ്ചയില്‍ സന്തോഷം തോന്നുന്ന ഈ പ്രവണത സന്തോഷം തരുന്ന ഹോർമോണായ ഡോപാമൈന്റെ അളവ് കൂട്ടാന്‍ സഹായിക്കുന്നു. ഇതിലൂടെ ഫ്രിഡ്ജ് തുറക്കുമ്പോള്‍ സന്തോഷം തോന്നുകയും മാനസികാരോഗ്യം മെച്ചപ്പെടുകയും ചെയ്യുന്നു.

ഭക്ഷണം പാഴായിപോകുന്നത് ഒഴിവാക്കാനും ഫ്രിഡ്ജ് സ്‌കേപ്പിങ് നല്ലൊരു മാര്‍ഗമാണ്. ഫ്രിഡ്ജ് തുറക്കുമ്പോള്‍ ഭക്ഷണം ഭംഗിയായും വ്യക്തമായും കാണുന്നതുകൊണ്ട് വാടിപ്പോകുന്നവ എളുപ്പത്തില്‍ കണ്ടെത്താം. പച്ചക്കറികളും മറ്റും കഴിക്കാന്‍ കൂടുതല്‍ കൊതിതോന്നുമെന്ന് ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ട്. പ്രിയപ്പെട്ടവരുടെയോ വളര്‍ത്തുമൃഗങ്ങളുടെയോ ഫ്രെയിം ചെയ്ത ഫോട്ടോകള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്.

എന്നാല്‍ ഈ അലങ്കാരപ്രവണതില്‍ അപകടവും ഒളിഞ്ഞിരിപ്പുണ്ടെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം. ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കള്‍ ഫ്രിഡ്ജിന് ഉൾവശത്തെത്തുമ്പോൾ ഒട്ടേറെ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാനിടയുണ്ട്. ഇത് ക്രോസ്-കണ്ടമിനേഷന് കാരണമാകും. ചെടികള്‍, വസ്ത്രങ്ങള്‍, അലങ്കാരവസ്തുക്കള്‍ എന്നിവ ഭക്ഷണ സാധനങ്ങള്‍ക്കൊപ്പം വയ്ക്കുമ്പോള്‍, അവയിലെ പൂപ്പലോ ബാക്ടീരിയയോ ഭക്ഷണസാധനത്തെ മലിനമാക്കാനിടയുണ്ട്. കാഴ്ചയില്‍ ഭംഗിതോന്നിക്കാനായി തുറന്ന പാത്രങ്ങളിലോ അടപ്പില്ലാത്ത ജാറുകളിലോ ഭക്ഷ്യസാധനങ്ങള്‍ ക്രമീകരിക്കുന്നതും അവ പെട്ടെന്ന് കേടാകാന്‍ കാരണമാകും.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi