29 വയസ്സ് തികഞ്ഞാൽ കുഞ്ഞുങ്ങളെപ്പറ്റി ചിന്തിച്ചാലോയെന്ന് ചോദിച്ച് കത്തുകൾ വന്നാൽ എങ്ങനെയുണ്ടാകും? അയൽക്കാരും ബന്ധുക്കളും സുഹൃത്തുക്കളും ഇനി കത്തയക്കാത്ത കുറവുകൂടിയേ ഉള്ളൂ എന്ന് ചിന്തിക്കാൻ വരട്ടേ, ഇവിടെ കത്തുകളയ്ക്കുക പരിചയക്കാരല്ല, മറിച്ച് സർക്കാർ നേരിട്ടാണ്. പറഞ്ഞുവരുന്നത് ഫ്രാൻസിൽ ഇനി സംഭവിക്കാൻ പോവുന്ന ഒരു കാര്യമാണ്. രാജ്യത്ത് ജനനനിരക്ക് നന്നേ കുറഞ്ഞ സാഹചര്യത്തിൽ, കുട്ടികളുണ്ടാകുന്നതിനെ പ്രോത്സാഹിപ്പിക്കാനാണ് സർക്കാർ തന്നെ നേരിട്ടിറങ്ങുന്നത്.

വൈകിയ വേളയിൽ കുഞ്ഞുങ്ങളെ ആഗ്രഹിക്കുന്നവർ ധാരാളമുണ്ട്. അതുകൊണ്ടുതന്നെ സമയം കൈവിട്ടുപോവും മുമ്പ് കുഞ്ഞുങ്ങളെപ്പറ്റി ആളുകളെ ഓർമിപ്പിക്കുകയാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് സർക്കാർ പറയുന്നു. ജനസംഖ്യാ ഇടിവ് നേരിടാൻ 16 ഇന പരിപാടികൾ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായാണ് പുതിയ നീക്കവും.

2025-ൽ 645,000 കുട്ടികൾ മാത്രമാണ് ഫ്രാൻസിൽ ജനിച്ചത്. 2024-നേക്കാൾ 2.1 ശതമാനം കുറവാണിത്, 2010-നേക്കാൾ 24 ശതമാനം കുറവും. 2025-ൽ ഫ്രാൻസിൽ 651,000 പേർ മരിച്ചു, ഇത് 2024-നേക്കാൾ 1.5 ശതമാനം കൂടുതലാണ്. മാത്രമല്ല, 2025-ൽ മരണനിരക്ക് ജനനനിരക്കിനെ മറികടക്കുകയും ചെയ്തു.

ഫ്രാൻസിൻ്റെ ബേബി പ്ലാൻ
സാമൂഹിക സമ്മർദ്ദങ്ങളില്ലാതെ, ലൈംഗികാരോഗ്യത്തെയും ഗർഭനിരോധനത്തെയും കുറിച്ചുള്ള വിവരങ്ങൾ കൈമാറി ഇക്കാര്യങ്ങളെപ്പറ്റി ഓർമിപ്പിക്കുക മാത്രമാണ് സർക്കാർ ചെയ്യുകയെന്ന് അടുത്ത വൃത്തങ്ങൾ പറയുന്നു, ആളുകളെ സമ്മർദ്ദത്തിലാക്കില്ല. "ഇതൊക്കെ നേരത്തേ അറിഞ്ഞിരുന്നെങ്കിൽ നന്നായേനെ" എന്ന തോന്നൽ ആളുകളിൽ നിന്ന് ഒഴിവാക്കുകയാണ് ലക്ഷ്യം. പ്രത്യുത്പാദന ഭാരം മുഴുവൻ സ്ത്രീകളിൽ അടിച്ചേൽപ്പിക്കുന്നത് ഒഴിവാക്കാനും ഈ സന്ദേശത്തിലൂടെ ലക്ഷ്യമിടുന്നു.

ഫ്രാൻസിൽ, 29-നും 37-നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് എഗ് ഫ്രീസിങ് നടത്താനുള്ള ചിലവ് സാമൂഹിക സുരക്ഷാവിഭാഗം ഇതിനകം തന്നെ വഹിക്കുന്നുണ്ട്. ഇത് വിപുലപ്പെടുത്തും. അണ്ഡവും ബീജവും ശീതീകരിച്ചു സൂക്ഷിക്കുന്നത് മികച്ചൊരു മാർഗമായിട്ടാണ് രാജ്യം മുന്നോട്ടുവെക്കുന്നത്. ഫ്രാൻസിലെ എട്ട് ദമ്പതികളിൽ ഒരാൾ വന്ധ്യതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നേരിടുന്നുണ്ട്. 

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi