നടി സുചിത്ര കൃഷ്ണമൂർത്തിയും സംവിധായകൻ ശേഖർ കപൂറും 1999-ലാണ് വിവാഹിതരായത്. 30 വയസ്സിന്റെ വ്യത്യാസമുണ്ടായിരുന്നു ഇരുവരും തമ്മിൽ. കാവേരി കപൂർ എന്നൊരു മകളും ഇവർക്ക് പിറന്നു. എന്നാൽ പൊരുത്തപ്പെടാൻ സാധിക്കാതെ വന്നതോടെ 2007ൽ ഇരുവരും വിവാഹബന്ധം വേർപെടുത്തി. അടുത്തിടെ നൽകിയ അഭിമുഖത്തിൽ തങ്ങളുടെ ജീവിതത്തെപ്പറ്റി സുചിത്ര മനസ്സു തുറന്നു.

To advertise here,

അന്ന് വിവാഹമോചനം ഒരു നിഷിദ്ധ വിഷയമായിരുന്നെങ്കിലും, താൻ വിവാഹമോചനത്തിന്റെ മുഖമായി മാറിയെന്ന് സുചിത്ര പറയുന്നു. താൻ അമിതമായി സംസാരിക്കുന്നു, മറ്റുള്ളവരെ വേദനിപ്പിക്കും എന്നൊക്കെ ആളുകൾ കരുതി. മിണ്ടാതിരിക്കാൻ എനിക്ക് ഉപദേശം ലഭിച്ചരുന്നു, എങ്കിലും എപ്പോഴും സത്യസന്ധമായിരിക്കാനും മടിയില്ലാതെ കാര്യങ്ങൾ തുറന്നുപറയാനും ശ്രമിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.

വേർപിരിഞ്ഞ ദമ്പതികൾക്ക് സൗഹൃദപരമായ ബന്ധം നിലനിർത്താൻ കഴിയുമെങ്കിൽ, കുട്ടിക്ക് ഇരുവരിൽ നിന്ന് സ്നേഹവും പിന്തുണയും ലഭിക്കുന്നത് ഏറ്റവും നല്ല കാര്യമാണെന്ന് സുചിത്ര പറഞ്ഞു. കുട്ടിയുടെ ജീവിതത്തിൽ അമ്മയ്ക്കും അച്ഛനും തുല്യവും അതുല്യവുമായ റോളുകളുണ്ട്. രണ്ട് പേരുടെയും സാന്നിധ്യം ലഭിക്കുന്ന കുട്ടികൾ ഭാഗ്യവാന്മാരാണെന്നും അവർ കൂട്ടിച്ചേർത്തു. തങ്ങളുടെ കാര്യവും അവർ വിശദീകരിച്ചു.

"ഞാനാണ് ഉത്തരവാദിത്തമുള്ള വ്യക്തി. ഞാൻ പൂർണ്ണസമയ അമ്മയാണ്, അദ്ദേഹം വെക്കേഷൻ ഡാഡാണ്. സഹ-മാതാപിതാക്കളാകുന്നതിന് ഒരുപാട് ഉത്തരവാദിത്തമുണ്ട്."-അവർ പറഞ്ഞു.

മാതൃത്വത്തിലേക്ക് കടന്നതിന് ശേഷം, താൻ വളർന്നുവന്ന സാഹചര്യങ്ങളിലെ മാതൃ-പിതൃ ശൈലി ആവർത്തിക്കേണ്ടെന്ന് ബോധപൂർവം തീരുമാനിച്ചുവെന്നും അവർ വിശദീകരിച്ചു. "എൻ്റെ മാതാപിതാക്കൾ വളരെ കർക്കശക്കാരായിരുന്നു. ലോകത്തിലെ ഏറ്റവും ദയയുള്ള അമ്മയാകാൻ ഞാൻ എപ്പോഴും ആഗ്രഹിച്ചു. കാവേരി ഒരിക്കൽ എന്നോട് പറഞ്ഞു, 'അമ്മേ, മറ്റ് അമ്മമാരെല്ലാം No പറയും. Yes പറയുന്ന ഒരേയൊരാളാണ് നിങ്ങൾ. No പറയാൻ  പഠിക്കണമെന്ന്.'"

19 വയസ്സുള്ളപ്പോഴാണ് ശേഖറിനെ കണ്ടുമുട്ടിയതെന്നും 22 വയസ്സിൽ വിവാഹിതയായെന്നും സുചിത്ര വെളിപ്പെടുത്തി. 1999ൽ വിവാഹിതരായ ഇവർക്ക് 2001ൽ മകൾ ജനിച്ചു. 2025ൽ പുറത്തിറങ്ങിയ 'ബോബി ഔർ ഋഷി കി ലവ് സ്റ്റോറി' എന്ന ചിത്രത്തിലൂടെ കാവേരി ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. 

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi