പൊള്ളലേറ്റുള്ള അപകടങ്ങള്‍ നമ്മുടെ നാട്ടില്‍ സാധാരണമായി കണ്ടുവരാറുണ്ട്. തീകൊണ്ടോ മണ്ണെണ്ണ, ഗ്യാസ് എന്നീ ഇന്ധനങ്ങള്‍ മൂലമോ തിളച്ച വെള്ളം വീണോ പൊള്ളലുകളുണ്ടാവാം. പൊള്ളലേറ്റ ആളെ രക്ഷിക്കാനായി ചെയ്യുന്ന ചില കാര്യങ്ങള്‍ പലപ്പോഴും പ്രശ്‌നം സങ്കീര്‍ണമാവാന്‍ ഇടയാക്കും. അതിലൊന്നാണ് പൊള്ളലേറ്റഭാഗത്ത് ടൂത്ത്‌പേസ്റ്റ്/തേന്‍ എന്നിവ പുരട്ടുന്നത്. ഇത് ശാസ്ത്രീയമാണോ? പൊള്ളലേറ്റാല്‍ ചെയ്യാവുന്ന പ്രാഥമിക ശുശ്രുഷകള്‍ എന്തെല്ലാമാണ്? ഇക്കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാവേണ്ടത് ആവശ്യമാണ്.

To advertise here,

ചെയ്യേണ്ടത്

* പൊള്ളലേറ്റ വ്യക്തിയെ വായുസഞ്ചാരമുള്ള ഒരിടത്തേക്ക് മാറ്റിക്കിടത്തണം.

* പൊള്ളലേറ്റ ഭാഗത്തേക്ക് ധാരാളം ശുദ്ധജലം ഒഴിക്കാം. പൈപ്പിന് ചുവട്ടില്‍ പിടിക്കാന്‍ പറ്റുമെങ്കില്‍ വളരെ നല്ലത്.

* ഒരു ബക്കറ്റില്‍ വെള്ളമെടുത്ത് പൊള്ളലേറ്റ ഭാഗം അതില്‍ താഴ്ത്തിവയ്ക്കുകയും ചെയ്യാം.

* സാധാരണ വെള്ളമാണ് ഇതിനായി ഉപയോഗിക്കേണ്ടത്.

* പൊള്ളലേറ്റ ഭാഗത്ത് വാച്ച്, ബെല്‍റ്റ്, ആഭരണങ്ങള്‍ എന്നിവ ഉണ്ടെങ്കില്‍ ഊരിമാറ്റണം.

* തുടര്‍ന്ന് പൊള്ളലേറ്റ ഭാഗം വൃത്തിയുള്ള തുണികൊണ്ട് പൊതിഞ്ഞ് ആശുപത്രിയിലേക്ക് എത്തിക്കാം.

ഒഴിവാക്കേണ്ടത്

* പൊള്ളിയഭാഗത്ത് ടൂത്ത് പേസ്റ്റ്/തേന്‍ എന്നിവ പുരട്ടരുത്. ഇവയിലെ രാസവസ്തുക്കള്‍ ചര്‍മത്തിന് ദോഷം ചെയ്‌തേക്കാം.

* ഫ്രിഡ്ജില്‍ നിന്നെടുത്ത തണുത്തവെള്ളം പൊള്ളലേറ്റ ഭാഗത്തേക്ക് ഒഴിക്കരുത്.

* ഐസ്‌ക്യൂബുകള്‍ പൊള്ളലേറ്റ ഭാഗത്ത് അമര്‍ത്തിവയ്ക്കരുത്.

* പൊള്ളിയ ഭാഗത്ത് ചിലപ്പോള്‍ കുമിളകള്‍ രൂപപ്പെട്ടേക്കാം. അത് പൊട്ടിച്ചുകളയരുത്.

* ഇത്തരം കുമിളകള്‍ വൃത്തിയുള്ള കോട്ടണ്‍ തുണികൊണ്ട് അമര്‍ത്തിപൊതിഞ്ഞുവയ്ക്കാം.

* പൊള്ളലേറ്റ ഭാഗത്ത് വസ്ത്രം ഒട്ടിപ്പിടിച്ചിട്ടുണ്ടെങ്കില്‍ അത് വലിച്ചെടുക്കാന്‍ ശ്രമിക്കരുത്.

പൊള്ളലിന്റെ തീവ്രതയനുസരിച്ച് മാത്രമേ ഇത്തരം പ്രാഥമികശുശ്രൂഷകള്‍ നല്‍കാന്‍ പാടുള്ളൂ. 50 ശതമാനത്തിലധികം പൊള്ളലുണ്ടങ്കില്‍ അത് മരണത്തിനുപോലും കാരണമാകാം. അതിനാല്‍ തീവ്രമായ പൊള്ളലേറ്റ വ്യക്തിയെ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കാനാണ് ശ്രമിക്കേണ്ടത്.