
പണ്ടൊന്നും കേട്ടുകേൾവി പോലുമില്ലാത്ത പല അസുഖങ്ങളും ഇന്ന് നമ്മുടെ സമൂഹത്തിൽ സാധാരണമായിക്കഴിഞ്ഞു. അത്തരമൊരു അവസ്ഥയാണ് PCOS (Polycystic Ovary Syndrome). എന്നാൽ 2026 മേയ് മാസത്തിൽ, ലോകമെമ്പാടുമുള്ള രണ്ടായിരത്തിലധികം ക്ലിനീഷ്യന്മാർ ഒത്തുചേർന്ന് ഈ അവസ്ഥയുടെ പേര് അങ്ങ് മാറ്റി! എന്തുകൊണ്ടെന്നറിയേണ്ടേ? ഈ അവസ്ഥ വെറുമൊരു അണ്ഡാശയ രോഗമല്ല, മറിച്ച് സങ്കീർണ്ണമായ ഒരു മെറ്റബോളിക്-ഹോർമോൺ തകരാറാണെന്ന് കൃത്യമായി പ്രതിഫലിപ്പിക്കുന്നതിനായുള്ള 14 വർഷത്തെ ആഗോള ശ്രമത്തിന്റെ ഫലമായാണ് ഈ മാറ്റം ഉണ്ടായത്. രോഗത്തെക്കുറിച്ചുള്ള തെറ്റായ ധാരണകൾ ഇല്ലാതാക്കുന്നതിനും രോഗനിർണയം വേഗത്തിലാക്കുന്നതിനും വേണ്ടിയാണ് ഈ പേരുമാറ്റം.
എന്താണ് PMOS
PMOS (Polyendocrine Metabolic Ovarian Syndrome): പ്രത്യുത്പാദന ഘട്ടത്തിലുള്ള സ്ത്രീകളെ ബാധിക്കുന്ന സാധാരണവും, വിട്ടുമാറാത്തതുമായ ഒരു സങ്കീർണ്ണ രോഗമാണ്.
ഇത് അണ്ഡാശയത്തിലെ സിസ്റ്റുകൾ (Cysts) മാത്രമല്ല; ഉയർന്ന ആൻഡ്രോജൻ അളവ്, ക്രമരഹിതമായ അണ്ഡോത്പാദനം/ആർത്തവം, വ്യവസ്ഥാപരമായ ഉപാപചയ (Metabolic) പ്രശ്‌നങ്ങൾ എന്നിവയെല്ലാം ഉൾക്കൊള്ളുന്ന ഒരു ബഹുമുഖ എൻഡോക്രൈൻ അവസ്ഥയായി നിർവചിക്കപ്പെടുന്നു.
ലക്ഷണങ്ങൾ
ഓരോരുത്തരിലും ഇതിന്റെ ലക്ഷണങ്ങൾ വ്യത്യസ്തമായിരിക്കും. അതുകൊണ്ടുതന്നെ ഡോക്ടർമാർക്ക് കൃത്യമായി രോഗനിർണയം നടത്താൻ ഏറെ പ്രയാസമുണ്ടാക്കുന്നു. പ്രധാന ലക്ഷണങ്ങൾ താഴെ പറയുന്നവയാണ്:
- ഹോർമോൺ വ്യതിയാനങ്ങൾ: ആൻഡ്രോജൻസ് എന്നറിയപ്പെടുന്ന ഹോർമോണുകളുടെ അമിത ഉത്പാദനം മൂലം മുഖക്കുരു, അനാവശ്യ രോമവളർച്ച, മുടികൊഴിച്ചിൽ (കനം കുറയൽ) എന്നിവയുണ്ടാകാം.
- ആർത്തവ പ്രശ്‌നങ്ങൾ: ക്രമരഹിതമായ ആർത്തവചക്രം ഇതിന്റെ പ്രധാന ലക്ഷണമാണ്.
- അണ്ഡാശയത്തിലെ മാറ്റങ്ങൾ: അസാധാരണമായ സിസ്റ്റുകൾ ഇല്ലെങ്കിൽ പ്പോലും അണ്ഡാശയങ്ങളിൽ ഫോളിക്കിളുകൾ കൂടാൻ ഇത് കാരണമാകും. എന്നാൽ രോഗനിർണയത്തിന് ഈ കണ്ടെത്തലുകളെല്ലാം ഒരുമിച്ച് ഉണ്ടാകണമെന്നില്ല.
- ഗർഭകാല സങ്കീർണ്ണതകൾ: ഗർഭകാല പ്രമേഹം അല്ലെങ്കിൽ മാസം തികയാതെയുള്ള പ്രസവം പോലുള്ള ചില ബുദ്ധിമുട്ടുകൾക്കുള്ള സാധ്യത വർധിപ്പിച്ചേക്കാം. എന്നിരുന്നാലും, ഈ അവസ്ഥയുള്ള ഭൂരിഭാഗം പേർക്കും ഗർഭം ധരിക്കാൻ കഴിയും.
ഭാവിയിലെ ആരോഗ്യപ്രശ്‌നങ്ങൾ: ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്ന ആരോഗ്യ അവസ്ഥകളുടെ ഒരു കൂട്ടമായ 'മെറ്റബോളിക് സിൻഡ്രോമുമായി' ഇത് ബന്ധപ്പെട്ടിരിക്കുന്നു.
എങ്ങനെ നിയന്ത്രിക്കാം
PMOS ഉള്ള പല സ്ത്രീകളിലും ഇൻസുലിൻ അളവ് വളരെ കൂടുതലായിരിക്കും. ഈ ഉയർന്ന ഇൻസുലിൻ അണ്ഡാശയത്തെ ഉത്തേജിപ്പിക്കുകയും വളരെയധികം ടെസ്റ്റോസ്റ്റിറോൺ ഉത്പാദിപ്പിക്കാൻ കാരണമാവുകയും ചെയ്യുന്നു. സ്ത്രീകളിൽ കാണുന്ന മിക്ക ലക്ഷണങ്ങൾക്കും കാരണം ഈ ഉയർന്ന ടെസ്റ്റോസ്റ്റിറോൺ അളവാണ്.
ആയുർവേദ ദിനചര്യകൾ?
- ആദ്യമായി ആർത്തവം ഉണ്ടായ (Menarche) പെൺകുട്ടികൾക്ക് ചിട്ടയായ ഒരു ആരോഗ്യ ദിനചര്യ ആയുർവേദത്തിലൂടെ പകർന്നു നൽകണം.
- ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ: ആർത്തവം തുടങ്ങുന്ന സമയം മുതൽക്കേ കുട്ടികളിൽ നല്ല ഭക്ഷണശീലം വളർത്തിയെടുക്കണം.
- ഉൾപ്പെടുത്തേണ്ടവ: സമീകൃതാഹാരം, റാഗി പോലെയുള്ള വിവിധതരം മില്ലറ്റുകൾ (ചെറുധാന്യങ്ങൾ), പയറുവർഗ്ഗങ്ങൾ, പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ.
- ഒഴിവാക്കേണ്ടവ: മൈദ, ബേക്കറി പലഹാരങ്ങൾ, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ, അമിത മധുരം, പാക്കറ്റ് ഭക്ഷണങ്ങൾ, അച്ചാർ, അമിതമായ കൊഴുപ്പടങ്ങിയ ഭക്ഷണങ്ങൾ (Fatty foods), സംസ്‌കരിച്ച ഭക്ഷണങ്ങൾ എന്നിവ പരമാവധി ഒഴിവാക്കുക.
- ഭക്ഷണ സമയം: ഉച്ചയ്ക്കാണ് നമ്മുടെ ശരീരത്തിൽ ദഹനശക്തി ഏറ്റവും കൂടുതൽ. അതിനാൽ ഉച്ചയ്ക്ക് നന്നായി ഭക്ഷണം കഴിക്കുക. രാത്രി ഭക്ഷണം വളരെ ലഘുവായിരിക്കണം (രാത്രി 7:30-ന് മുൻപായി കഴിക്കാൻ ശ്രദ്ധിക്കുക).
- ഉറക്കവും പ്രാണായാമവും: മുതിർന്നവരെപ്പോലെ തന്നെ കുട്ടികളും വളരെ അധികം സ്‌ട്രെസ്സും (Stress) ആകുലതകളും (Anxiety) അനുഭവിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. കുട്ടികളിൽ ചിട്ടയായ ഉറക്കശീലം പ്രോത്സാഹിപ്പിക്കുക. രാവിലെ ഉണരുമ്പോഴും രാത്രി ഉറങ്ങുന്നതിന് മുൻപും 'പ്രാണായാമം' ശീലമാക്കുക. ഇത് ശരീരത്തിലേക്കുള്ള ഓക്‌സിജൻ പ്രവാഹം വർധിപ്പിക്കുകയും ഉന്മേഷത്തോടെ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ പ്രാപ്തരാക്കുകയും ചെയ്യും.
- യോഗയും വ്യായാമവും: ഹോർമോൺ വ്യതിയാനങ്ങളും എൻഡോക്രൈൻ തകരാറുകളും നിയന്ത്രിക്കാൻ ചിട്ടയായ യോഗ സഹായിക്കും. ദിവസവും ഹത യോഗയോ സൂര്യനമസ്‌കാരമോ പരിശീലിക്കുക.
ഇവ ചെയ്യാം - പശ്ചിമോത്താനാസനം (Forward Bend)
- ഭുജംഗാസനം (Cobra Pose)
- ബദ്ധകോണാസനം (Butterfly Pose) - ഇത് ഗർഭപാത്രത്തിലേക്കുള്ള രക്തയോട്ടം കൂട്ടാൻ സഹായിക്കുന്നു
- പ്രാണായാമം: മാനസിക സമ്മർദ്ദം കുറയ്ക്കാൻ അനുലോം വിലോം, ഭ്രാമരി തുടങ്ങിയ ശ്വസനക്രിയകൾ ചെയ്യുക.
സ്വയം ബോധവൽക്കരണം (Self-Awareness): ആദ്യമായി ആർത്തവമുണ്ടായ ഒരു പെൺകുട്ടിക്ക് ആർത്തവത്തെക്കുറിച്ച് മാത്രമല്ല, അത് ശരീരത്തിൽ ശരിയായ രീതിയിൽ നടന്നില്ലെങ്കിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും ബോധവൽക്കരണം നൽകണം. രോഗങ്ങൾ തടയാനുള്ള ദിനചര്യകൾ അവർക്ക് പറഞ്ഞു കൊടുക്കുക.
പ്രഭാതചര്യകളും രാത്രിചര്യകളും
- രാവിലെ ഉണർന്നയുടൻ ഒരു ഗ്ലാസ്സ് ചെറുചൂടുവെള്ളം കുടിക്കുക. ഇതിൽ അല്പം കറുവപ്പട്ട പൊടിയോ (Cinnamon) ഉലുവയോ ചേർക്കുന്നത് ഇൻസുലിൻ റെസിസ്റ്റൻസ് കുറയ്ക്കാൻ സഹായിക്കും.
- നേരത്തെ ഉണരുക: രാവിലെ സൂര്യോദയത്തിന് മുൻപ് (5:00 AM - 6:00 AM) ഉണരാൻ ശ്രദ്ധിക്കുക. ഇത് ശരീരത്തിലെ മെറ്റബോളിസം (ഉപാപചയ ക്രിയ) വർദ്ധിപ്പിക്കാനും ഹോർമോണുകളെ ക്രമീകരിക്കാനും സഹായിക്കും.
- പകലുറക്കം ഒഴിവാക്കുക: പകൽ ഉറങ്ങുന്നത് ശരീരത്തിൽ കഫദോഷം കൂട്ടുകയും ശരീരഭാരം വർദ്ധിക്കാൻ കാരണമാവുകയും ചെയ്യും.
- നേരത്തെ ഉറങ്ങുക: രാത്രി 10:00 മണിക്ക് മുൻപായി ഉറങ്ങാൻ കിടക്കുക. ഹോർമോൺ വ്യതിയാനങ്ങൾ മാറാൻ കൃത്യമായ 7-8 മണിക്കൂർ ഉറക്കം അത്യാവശ്യമാണ്.
- ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുൻപെങ്കിലും മൊബൈൽ ഫോൺ, ടിവി എന്നിവ മാറ്റിവെക്കുക.
ശ്രദ്ധിക്കുക: നിങ്ങൾക്ക് അമിതമായ രോമവളർച്ച, കടുത്ത വയറുവേദന, മാസമുറ തീരെ വരാതിരിക്കുക തുടങ്ങിയ ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ ഒരു ആയുർവേദ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം സുകുമാരം കഷായം, സപ്തസാരം കഷായം, കാഞ്ചനാര ഗുഗ്ഗുലു തുടങ്ങിയ ഔഷധങ്ങൾ കഴിക്കാവുന്നതാണ്. അവസ്ഥ ഗുരുതരമാണെങ്കിൽ ശരീര ശുദ്ധീകരണത്തിനായി പഞ്ചകർമ്മ (വമനം, വിരേചനം, വസ്തി) ചികിത്സകളും ഡോക്ടർമാർ നിർദ്ദേശിക്കാറുണ്ട്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: PCOS officially renamed to PMOS (Polyendocrine Metabolic Ovarian Syndrome) in May 2026., The change reflects the condition's nature as a complex metabolic-hormonal disorder rather than just an ovarian issue., PMOS symptoms include androgen excess, irregular menstruation, and metabolic dysfunction., Ayurvedic management focuses on diet, circadian rhythm, yoga, and specific lifestyle changes., Early awareness and hormonal balance are key to preventing long-term complications like Type 2 diabetes.
Published: 02 Jun 2026, 06:45 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented