പ്രസവത്തോടെ അമ്മമാരും നവജാതശിശുക്കളും മരിക്കുന്നത് ആഫ്രിക്കൻ രാജ്യങ്ങളിൽ വളരെയധികമാണ്. സൗത്ത് സുഡാനാണ് ഏറ്റവും മോശം അവസ്ഥയിലുള്ളത്. ഇവിടെ ലക്ഷം പ്രസവങ്ങൾ നടക്കുമ്പോൾ അതിൽ ശരാശരി 1150 അമ്മമാർ മരിച്ചുപോകുന്നു. ചാഡിലും സിയെറ ലിയോണയിലും നൈജീരിയയുമെല്ലാം ഏറെക്കുറെ സമാനസ്ഥിതി തന്നെ. ആഭ്യന്തരസംഘർഷംമൂലം ആരോഗ്യസംവിധാനം മോശമായതും പോഷകാഹാരക്കുറവുമൊക്കെയാണ് ഈ രാജ്യങ്ങളുടെ നിലവിലെ സ്ഥിതിക്കുകാരണം. മധ്യ ആഫ്രിക്കൻ രാജ്യമായ ഡമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോ രാജ്യത്തെ മരണനിരക്ക് കുറയ്ക്കാനായി പ്രധാനപ്പെട്ടൊരു നീക്കം നടത്തിയിരിക്കുകയാണിപ്പോൾ. രാജ്യത്തുടനീളമുള്ള സ്ത്രീകളുടെ പ്രസവശുശ്രൂഷ സർക്കാർ നേരിട്ട് ഏറ്റെടുത്ത് നടത്തുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നു.
26 പ്രവിശ്യകളിൽ 13 എണ്ണത്തിലും ഈ വർഷാവസാനത്തോടെ പദ്ധതി നടപ്പിലാക്കും. പ്രസവശേഷം ആദ്യത്തെ 28 ദിവസം സർക്കാർ അമ്മമാരെയും കുഞ്ഞുങ്ങളെയും സംരക്ഷിക്കും. വേൾഡ് ബാങ്കിന്റെ സഹകരണത്തോടെ നടത്തുന്ന പദ്ധതി വൈകാതെ മറ്റു പ്രവിശ്യകളിലേക്കും വ്യാപിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഏകദേശം 940 കോടി രൂപയുടെ പദ്ധതിയാണിത്.
അതേസമയം, നിലവിലെ ആരോഗ്യസംവിധാനം ഈ വലിയ ദൗത്യം ഏറ്റെടുക്കാൻ പര്യാപ്തമല്ലെന്നാണ് രാജ്യത്തെ ആരോഗ്യപ്രവർത്തകരുടെ പരാതി.
ഉയർന്ന പ്രതിഫലം ആവശ്യപ്പെട്ട് കോംഗോയിലെ നഴ്സുമാരും മിഡ് വൈഫുമാരും സാങ്കേതികപ്രവർത്തകരുമെല്ലാം സമരം ചെയ്യുന്നതിനിടെയാണ് പുതിയ നീക്കമെന്നതും പ്രധാനമാണ്.
കോംഗോയിലെ മരണനിരക്ക്
ലോകത്ത് ഏറ്റവുമധികം മാതൃശിശു മരണനിരക്കുള്ള രാജ്യങ്ങളിലൊന്നാണ് കോംഗോയും. ലക്ഷം പ്രസവം നടക്കുമ്പോൾ ശരാശരി 846 സ്ത്രീകൾ മരിക്കുന്നു. പ്രസവിച്ച് 28 ദിവസത്തിനുള്ളിൽ മരിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം 1000-ത്തിൽ 27 എന്ന തോതിലാണ്. ഗർഭകാലത്ത് ആവശ്യമായ പരിശോധനകൾക്കു വിധേയരാവാത്തത്, പ്രസവശേഷം വേണ്ട പരിചരണം കിട്ടാത്തത്, പ്രസവശസ്ത്രക്രിയകൾ നടത്താൻ പണമില്ലാത്തത്, കുഞ്ഞുങ്ങൾക്ക് ആന്റിബയോട്ടിക്കുകൾ ലഭ്യമല്ലാത്തത് തുടങ്ങിയവയൊക്കെ മരണനിരക്ക് ഉയർത്തുന്നു.
2030-ഓടെ മാതൃമരണനിരക്ക് ലക്ഷത്തിൽ 70- ആയും ശിശുമരണനിരക്ക് 1000-ത്തിൽ 12 ആയും കുറയ്ക്കാവുന്ന രീതിയിൽ ആരോഗ്യസംവിധാനം മെച്ചപ്പെടുത്തണമെന്ന് ഐക്യരാഷ്ട്രസഭ ലക്ഷ്യം നിശ്ചയിച്ചിട്ടുണ്ട്. പക്ഷേ, കോംഗോ ഇതിൽ നിന്ന് ബഹൂദൂരം പിന്നിലാണ്.
ഹിസ്റ്റുല സ്ത്രീകളെ വലയ്ക്കുമ്പോൾ
പ്രസവശേഷം ഒരു സ്ത്രീക്ക് സഹിക്കാവുന്നതിൽ ഏറ്റവും ഗുരുതരവും ദാരുണവുമായ രോഗങ്ങളിലൊന്നാണ് ഹിസ്റ്റുല. പൂർണമായും ചികിത്സിച്ചു മാറ്റാവുന്ന രോഗമാണിതെങ്കിലും ഹിസ്റ്റുലയ്ക്ക് ചികിത്സയുള്ള കാര്യം ഇവിടുത്തെ ഭൂരിഭാഗം സ്ത്രീകൾക്കുമറിയില്ല. ഒട്ടേറെ സ്ത്രീകളാണ് ഹിസ്റ്റുല ബാധിച്ചവരായി ആഫ്രിക്കയിലുള്ളത്. പക്ഷേ, ഇവർക്ക് ശസ്ത്രക്രിയകളോ മറ്റു പരിചരണങ്ങളോ കിട്ടാറില്ല.
ആഫ്രിക്കയിലെ ഏറ്റവും വലിപ്പംകൂടിയ രണ്ടാമത്തെ രാജ്യമായ കോംഗോ ദീർഘകാലം ആഭ്യന്തരസംഘർഷങ്ങൾക്കും രാഷ്ട്രീയപ്രതിസന്ധികൾക്കും പലായനത്തിനും വേദിയായ ഇടമാണ്. ആറിലൊരാൾ കടുത്ത ദാരിദ്ര്യം അനുഭവിക്കുന്നു.
Content Highlights: drc offers free maternity care to cut death rate among mothers and babies
Published: 11 Nov 2023, 03:29 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented