ശാരീരികവും മാനസികവുമായ സൗഖ്യം പ്രദാനം ചെയ്യുന്ന ജീവിതരീതിയാണ് യോഗ. ജീവിതശൈലീരോഗങ്ങളും മാനസികപിരിമുറുക്കവും വര്‍ധിക്കുന്ന ഈ സമയത്ത് യോഗ ഫലപ്രദമായ മറുമരുന്നാണ്. ശാസ്ത്രീയമായ വ്യായാമപദ്ധതിയിലൂടെയും ആഹാരക്രമീകരണത്തിലൂടെയും ശരീരത്തെ വഴക്കവും സ്വസ്ഥവുമാക്കിത്തീര്‍ക്കുന്നു യോഗ.     

To advertise here,

യോഗ ചെയ്യേണ്ടതെപ്പോള്‍ 
യോഗാസനങ്ങള്‍ വയറൊഴിഞ്ഞ സമയത്താണ് ചെയ്യേണ്ടത്. കട്ടിയായ ആഹാരം (പ്രധാനഭക്ഷണം, ഊണ് പോലുള്ളവ) കഴിച്ചാല്‍ 3-4 മണിക്കൂര്‍ കഴിഞ്ഞേ ആസനം ചെയ്യാവൂ. അല്പാഹാരമാണെങ്കില്‍ 2 മണിക്കൂര്‍. പാനീയം മാത്രമാണെങ്കില്‍ അരമണിക്കൂര്‍. യോഗ ചെയ്ത് ശരീരം ശാന്തമായശേഷം അതായത് അര മണിക്കൂര്‍ കഴിഞ്ഞ് ഭക്ഷണമാവാം. വയറിനു വിശ്രമം കൊടുക്കുന്നത് പൊതുവെ നല്ലതാണ്. അന്തരീക്ഷം ചൂടാവുന്നതിന് മുന്‍പോ തണുത്തശേഷമോ യോഗചെയ്യുന്നതാണ് നല്ലത്. അതിരാവിലെയോ അസ്തമയത്തോട് അടുത്തോ ചെയ്യാം. 

ആദ്യം പ്രയാസം കുറഞ്ഞ ആസനങ്ങള്‍ അഭ്യസിക്കണം. ശരീരം വഴക്കമുള്ളതായിക്കഴിഞ്ഞാല്‍ സങ്കീര്‍ണമായ ആസനങ്ങളാവാം. സാധാരണ ആസന ക്ലാസുകള്‍ ആരംഭിക്കുന്നത് ശിഥിലീകരണ (loosening, warming up) വ്യായാമത്തോടെയാണ്. സൂര്യനമസ്‌കാരത്തോടെയും തുടങ്ങാറുണ്ട്. ശരീരത്തെ അയവുള്ളതാക്കാന്‍ ഇതു സഹായിക്കും.

തറയിലിരുന്ന് ചെയ്യരുത് 
യോഗ ചെയ്യുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. വെറും തറയിലിരുന്ന് യോഗാസനങ്ങള്‍ ചെയ്യരുത്. അത് പരുക്കനായതുകൊണ്ടോ, മുട്ടിനോ കൈയ്‌ക്കോ വേദനിക്കുമെന്നതുകൊണ്ടോ മാത്രമല്ല. ശരീരത്തില്‍ ഉണ്ടായിത്തീരുന്ന പ്രാണശക്തി നഷ്ടപ്പെടാതിരിക്കാന്‍ കൂടിയാണ്.

യോഗാസന സമയത്ത് അയഞ്ഞ പരുത്തി വസ്ത്രമാണ് ധരിക്കേണ്ടത്. എന്നാല്‍ അടിവസ്ത്രം അയഞ്ഞതാവരുത്. ലങ്കോട്ടിയാണ് പണ്ട് ധരിക്കാറ്. വായുസഞ്ചാരത്തിനും സൂക്ഷ്മമായ വിയര്‍പ്പുകണങ്ങള്‍ ഒപ്പിയെടുക്കപ്പെടാനും പരുത്തിത്തുണി സഹായിക്കും. 

ഗുണങ്ങളേറെ

  • ശരീരത്തിന് വഴക്കം നല്‍കാന്‍ സ്ഥിരമായി യോഗചെയ്യുന്നതിലൂടെ കഴിയും. സന്ധികള്‍, പേശികള്‍ എന്നിവിടങ്ങളിലെ വേദന, നീര്‍വീക്കം എന്നിവ കുറയ്ക്കാനും യോഗ ഫലപ്രദമാണ്. പവനമുക്താസനം, വൃക്ഷാസനം എന്നിവ സന്ധിവേദന കുറയ്ക്കാന്‍ നല്ലതാണ്. 
  • നട്ടെല്ലിന് കരുത്തുനല്‍കാനും നടുവേദനയ്ക്ക് ആശ്വാസമേകാനും മാര്‍ജാരാസനം സഹായിക്കും. 
  • മാനസികസമ്മര്‍ദം കുറയ്ക്കാന്‍ യോഗാസനങ്ങള്‍ സഹായിക്കുന്നു. ശ്വസനസഹായ യോഗാസനങ്ങള്‍ ഇതിനായി ശീലിക്കാം. 
  • യോഗമുറകള്‍ ശ്വസനം താളത്തിലാക്കുന്നതോടെ രക്തചംക്രമണവും മികച്ചതാക്കുന്നു. 
  • സൂര്യനമസ്‌കാരം, കപാലഭാതി എന്നീ യോഗമുറകള്‍ അമിതവണ്ണം തടയാന്‍ ഫലപ്രദമാണ്. 
  • ദഹനം മെച്ചപ്പെടുത്താന്‍ യോഗ മികച്ചതാണ്. ഇതിനായി സര്‍വാംഗാസനം, ജഠരപരിവര്‍ത്തനാസനം എന്നിവ ചെയ്യാവുന്നതാണ്. 
  • യോഗചെയ്യുന്നതിലൂടെ രക്തസമ്മര്‍ദം നിയന്ത്രിച്ചുനിര്‍ത്താം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കാനും യോഗ ഉത്തമമാണ്. 
  • എല്ലുകള്‍ക്കും സന്ധികള്‍ക്കും കരുത്തുനല്‍കാന്‍ നല്ലതാണ്. ഓസ്റ്റിയോപൊറോസിസ്, ആര്‍ത്രൈറ്റിസ് എന്നീ പ്രയാസങ്ങള്‍ക്ക് യോഗ ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്. 

യോഗ മഴക്കാലത്ത്
മഴക്കാലം രോഗപ്രതിരോധശേഷി കുറഞ്ഞിരിക്കുന്ന സമയമാണ്. സാംക്രമിക രോഗങ്ങളും സന്ധിവേദനകളും വര്‍ധിക്കുന്ന സമയംകൂടിയാണിത്. അതുകൊണ്ടുതന്നെ സന്ധികള്‍ക്ക് വഴക്കം നല്‍കുന്ന ശരീരത്തിലെ രക്തപ്രവാഹം കൂട്ടുന്നതരം യോഗമുറകളാണ് അപ്പോള്‍ അനുവര്‍ത്തിക്കേണ്ടത്. നട്ടെല്ലിനും സന്ധികള്‍ക്കും വഴക്കം നല്‍കുന്ന ഗരുഡാസനം, ഭേകാസനം എന്നിവ മഴക്കാലത്ത് ചെയ്യാവുന്ന യോഗാസനങ്ങളാണ്.