ഏത് പോസിറ്റീവ് കാര്യങ്ങളിലും നെഗറ്റീവ് വശങ്ങള്‍ കാണുന്നത് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളിലെ ഒരു ട്രെന്‍ഡായി മാറിക്കഴിഞ്ഞു. ട്രോളിങ്ങിന്റെ ഏറ്റവും ഭീകരമായ അവസ്ഥ. അതില്‍ സാധാരണക്കാരെന്നോ സെലിബ്രിറ്റികളെന്നോ ഉള്ള വ്യത്യാസമൊന്നുമില്ല. എങ്കിലും ഇത്തരം ട്രോളുകള്‍ കൂടുതല്‍ നേരിടേണ്ടിവരുന്നത് സെലിബ്രിറ്റികള്‍ തന്നെയാണ്, പ്രത്യേകിച്ച് സ്ത്രീകള്‍. അതിന് മലയാളമെന്നോ ഹിന്ദിയെന്നോ ഉളള ഭേദമൊന്നുമില്ല.
അതിനിടയില്‍ ഹണി റോസിന്റെ ശരീരഘടനയും ദീപിക പദുകോണിന്റെ ഗര്‍ഭവുമൊക്കെ അതിക്രൂരമായി ചര്‍ച്ച ചെയ്യപ്പെടും, ട്രോള്‍ ചെയ്യപ്പെടും. അവര്‍ പോസ്റ്റ് ചെയ്യുന്ന ഓരോ ചിത്രങ്ങള്‍ക്കു താഴെയുമുള്ള കമന്റുകള്‍ വായിച്ചാല്‍ മനസ്സിലാവും, പലരും എത്രത്തോളം നെഗറ്റീവാണെന്ന്.
കുറച്ചുനാളായി ഇത്തരത്തില്‍ ഏറ്റവുമധികം ആക്രമിക്കപ്പെടുന്നത് ദീപിക പദുകോണ്‍ ആണ്. സെപ്റ്റംബറില്‍ കുഞ്ഞിനെ വരവേല്‍ക്കുമെന്ന പോസ്റ്റ് സാമൂഹ്യമാധ്യമത്തിലിട്ടശേഷം, ദീപികയുടെ പുറകെയാണ് ചില നെറ്റിസണ്‍സ്. ദീപികയുടെ പുതിയ ചിത്രങ്ങള്‍ക്ക് താഴെയെല്ലാം അവര്‍ വന്ന് കമന്റ് ചെയ്യാന്‍ തുടങ്ങി. ഗര്‍ഭിണിയാണെന്ന് തോന്നുന്നില്ലെന്നായിരുന്നു ആദ്യത്തെ ആക്ഷേപം. വാടകഗര്‍ഭധാരണമാണ് ദീപികയും രണ്‍വീര്‍ സിങ്ങും ആശ്രയിച്ചിരിക്കുന്നതെന്നും ചിലര്‍ കമന്റ് ചെയ്തു.
പിന്നീട് പോസ്റ്റ് ചെയ്ത ചിത്രങ്ങളില്‍ ബേബി ബംപ് കണ്ടപ്പോള്‍, അത് യഥാര്‍ഥമല്ലെന്നായിരുന്നു 'കണ്ടെത്തല്‍'. ചെറിയ തലയണയോ, പാഡോ, സിലിക്കണ്‍ ബലൂണോ വസ്ത്രത്തിനുള്ളില്‍ പിടിപ്പിച്ചിരിക്കുകയാണെന്നായി. വാടകഗര്‍ഭധാരണമാണെങ്കിലും യഥാര്‍ഥത്തില്‍ ഗര്‍ഭിണിയാണെങ്കിലും അതവരുടെ ജീവിതമാണെന്ന കാര്യം പലരും അംഗീകരിക്കുന്നതേയില്ല. പബ്ലിക്കായിട്ടാണല്ലോ ഫോട്ടോ പോസ്റ്റ് ചെയ്യുന്നത്, അപ്പോള്‍ തങ്ങള്‍ക്ക് പബ്ലിക്കായി എത്ര ക്രൂരമായും അഭിപ്രായം പറയാമെന്ന അവസ്ഥ.

ദീപിക മാത്രമല്ല ഇങ്ങനെ ട്രോള്‍ ചെയ്യപ്പെട്ടിട്ടുള്ളത്. ആലിയ ഭട്ട്, ഐശ്വര്യ റായ്, പ്രിയങ്ക ചോപ്ര, അദ ശര്‍മ...ഈ ലിസ്റ്റ് നീളും. വിവാഹത്തിനുമുമ്പേ ഗര്‍ഭിണിയായെന്ന 'കണ്ടുപിടുത്ത'മാണ് ആലിയ ഭട്ട് ട്രോള്‍ ചെയ്യപ്പെടാന്‍ കാരണം. അവര്‍ പ്രെഗ്നന്‍സി അനൗണ്‍സ് ചെയ്തപ്പോള്‍, 'ഇത്ര പെട്ടെന്ന് എങ്ങനെ ഗര്‍ഭിണിയായി, വിവാഹത്തിനുമുമ്പേ ഗര്‍ഭിണിയായിരുന്നു' എന്നൊക്കെയായി ആളുകള്‍. ദേശീയ അവാര്‍ഡ് നേടിയപ്പോള്‍ ആലിയ പോസ്റ്റ് ചെയ്ത ചിത്രത്തിനു താഴെ പോലും ഇത്തരം കമന്റുകള്‍ കാണാം. വിവാഹത്തിനുമുമ്പാണോ, അല്ലയോ എന്നുള്ളതൊന്നും ആലിയയുടെ ജീവിതത്തെ ബാധിക്കുന്നില്ല. പിന്നെന്തിന് ബാക്കിയുള്ളവര്‍ അത് ചര്‍ച്ച ചെയ്യണം? എന്തും പബ്ലിക്കായി ഞങ്ങള്‍ക്ക് ചര്‍ച്ച ചെയ്യാം എന്ന ചില ആളുകളുടെ മാനസികാവസ്ഥ എത്ര ഭീകരമാണ്?
അദ ശര്‍മ അപമാനവും മോശം കമന്റുകളും നേരിട്ടത് ദി കേരള സ്‌റ്റോറി എന്ന സിനിമയില്‍ അഭിനയിച്ചതിന്റെ പേരിലാണ്. പിയങ്ക ചോപ്ര ട്രോള്‍ ചെയ്യപ്പെട്ടത്, വാടകഗര്‍ഭധാരണത്താലും. പ്രിയങ്കയുടെയും നിക് ജൊനാസിന്റെയും കുഞ്ഞ് മാള്‍ട്ടി മേരി ജനിച്ചത് വാടകഗര്‍ഭധാരണത്തിലൂടെയാണ്. പ്രിയങ്ക അതിനെക്കുറിച്ച് പോസ്റ്റിട്ടതോടെ പലരും കമന്റുകളിട്ടുതുടങ്ങി. 'പ്രസവം വരെ പ്രിയങ്ക ഔട്ട്‌സോഴ്‌സ് ചെയ്തു, സ്വന്തം ശരീരം മോശമാവാതിരിക്കാന്‍ വേണ്ടിയാണ് പ്രിയങ്ക ഇങ്ങനെ ചെയ്തത്, നിക് അച്ഛനായി പക്ഷേ പ്രിയങ്ക അമ്മയല്ല'...എന്നിങ്ങനെ എത്ര കമന്റുകള്‍.
നിക്കുമായുള്ള പ്രിയങ്കയുടെ പ്രായവ്യത്യാസത്തെ കളിയാക്കിക്കൊണ്ട്, 'പ്രിയങ്ക എങ്ങനെ രണ്ടുകുട്ടികളെ വളര്‍ത്തു'മെന്ന് വരെ പലരും കുറിച്ചു. ഒടുവില്‍ പ്രിയങ്കയ്ക്ക് അതിനെതിരെ സംസാരിക്കേണ്ടിയും വന്നു. ''എനിക്ക് ആരോഗ്യപരമായ പ്രശ്‌നങ്ങളുണ്ട്. അതുകൊണ്ടാണ് ഇങ്ങനെ ചെയ്തത്''. അത് തുറന്നു പറയുന്നതുവരെ ഏതൊക്കെ തരം മാനസികാവസ്ഥയിലൂടെ ആയിരിക്കാം അവര്‍ കടന്നുപോകേണ്ടി വന്നിട്ടുണ്ടാവുക. കുഞ്ഞിന് രണ്ട് വയസ്സ് കഴിഞ്ഞു. ഇപ്പോഴും മാള്‍ട്ടിയുടെ ഓരോ ഫോട്ടോയ്ക്ക് താഴെയും കാണാം, 'ഇതെങ്ങനെയാണ് പ്രിയങ്കയുടെ കുട്ടിയാകുന്നത്' എന്ന കമന്റുകള്‍.

പ്രഗ്നന്‍സി ഫോട്ടോഷൂട്ടിലെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തപ്പോഴാണ് സോനം കപൂര്‍ സോഷ്യല്‍ മീഡിയയുടെ ആക്രമണത്തിനിരയായത്. വോഗ് മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അതിനുള്ള ഉത്തരവും സോനം നല്‍കിയിരുന്നു. ''അത്തരം കമന്റുകളോടൊന്നും പ്രതികരിക്കാതിരിക്കാന്‍ മാത്രം ഞാന്‍ വളര്‍ന്നുകഴിഞ്ഞു. നല്ലൊരു ജീവിതമാണ് ഞാന്‍ ജീവിക്കുന്നത്. അതിലെനിക്ക് പരാതികളൊന്നുമില്ല. അതിനിടയില്‍ ഒരു കീബോര്‍ഡിനു പിന്നിലിരുന്ന്, ഒരു ജോലിയുമില്ലാതെ, നെഗറ്റീവ് കമന്റിടുന്നയാളെ കുറിച്ച് ഞാനെന്തിന് ചിന്തിക്കണം?''.
സോനം ഇങ്ങനെയും കൂട്ടിച്ചേര്‍ത്തു. ''എന്റെ ശരീരവും സ്ത്രീത്വവും ആഘോഷിക്കുന്ന ചിത്രങ്ങള്‍ ഇടുന്നതില്‍ ഞാന്‍ മടിക്കാറില്ല. പി.സി.ഒ.ഡി, പ്രസവശേഷമുള്ള വണ്ണംവെക്കല്‍, സ്‌ട്രെച്ച് മാര്‍ക്കുകള്‍...ഇതിനെക്കുറിച്ചൊക്കെ എപ്പോഴും തുറന്നുചര്‍ച്ച ചെയ്യുന്നയാളാണ് ഞാന്‍. അതുകൊണ്ട് ഇതൊന്നും വേദനിപ്പിക്കില്ല''.
പലരുടെയും മാനസികാരോഗ്യത്തെ വരെ ഇത്തരം പെരുമാറ്റരീതി ബാധിച്ചേക്കാം. അങ്ങനെയാണ് സൊനാക്ഷി സിന്‍ഹ ട്വിറ്ററില്‍നിന്ന് തന്നെ പുറത്തുകടക്കുന്നത്. ''എന്റെ ജീവിതത്തില്‍ ഇനിയും നേരിട്ട് അപമാനം കേള്‍ക്കാനും സഹിക്കാനും ഞാനാഗ്രഹിക്കുന്നില്ല. എന്നെക്കുറിച്ച് എന്തും പറയാനുള്ള നിങ്ങളുടെ അധികാരം ഞാന്‍ എടുത്തുകളയുന്നു'' എന്ന് സൊനാക്ഷി കുറിക്കുകയും ചെയ്തു. കൃത്യമായി ഒരു മുഖം പോലുമില്ലാത്ത പ്രൊഫൈലുകള്‍ക്ക് പിന്നിലിരുന്ന്, ഇപ്പോഴും പലരും മറ്റുള്ളവരുടെ ജീവിതം അളന്നുകൊണ്ടേയിരിക്കുന്നു.
Content Highlights: how celebrities are being heavily trolled in social media
Published: 20 Jun 2024, 03:58 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented