കരിയറും കുടുംബജീവിതവും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിക്കുന്നവരാണ് പലരും. എന്നാൽ ഐവിഎഫ് ചികിത്സയിലൂടെ അച്ഛനും അമ്മയുമാകാൻ ആഗ്രഹിക്കുന്നവർക്ക് ജോലി സമ്മർദവും ചികിത്സയും ഒരുമിച്ച് കൈകാര്യം ചെയ്യുന്നത് വലിയ വെല്ലുവിളിയാകാറുണ്ട്. ഉയർന്ന ജോലിസമ്മർദം ഐവിഎഫിന്റെ വിജയസാധ്യത കുറയ്ക്കുമോ എന്നതാണ് ആശങ്ക. ഈ വിഷയത്തിൽ അനാവശ്യമായ ആകുലതകൾ വേണ്ടെന്നാണ് വിദഗ്ധരുടെ നിർദേശം.
ജോലി സമ്മർദം കൂടുമ്പോൾ സ്‌ട്രെസ് ഹോർമോണുകളായ കോർട്ടിസോൾ, അഡ്രിനലിൻ എന്നിവ കൂടുതലായി ഉത്പാദിപ്പിക്കപ്പെടും. ഈ ഹോർമോണുകൾ ശരീരത്തിലെ സ്വാഭാവിക ഹോർമോൺ സന്തുലിതാവസ്ഥയെ ബാധിക്കാം. അതുവഴി അണ്ഡത്തിന്റെ വളർച്ച, ഓവുലേഷൻ, ഭ്രൂണം ഗർഭപാത്രത്തിലേക്ക് പതിയുന്നതിനുള്ള തയ്യാറാകൽ എന്നിവയിൽ ചെറിയ തടസ്സങ്ങൾ നേരിട്ടേക്കാം. എന്നാൽ സമ്മർദം ഉണ്ടാകുമ്പോൾ ഐവിഎഫ് പരാജയപ്പെടാം എന്നർഥമില്ല. ചികിത്സയുടെ ഫലം ചിലപ്പോൾ പ്രവചിക്കാനാവാതെ വരാമെന്നുമാത്രം.
സ്‌ട്രെസ് ഹോർമോണുകളല്ലാതെ തിരക്കേറിയ ജോലി ഐവിഎഫ് ചികിത്സയുടെ കൃത്യതയെയും ബാധിച്ചേക്കാം. സമയത്ത് ഭക്ഷണം കഴിക്കാതിരിക്കുക, ഉറക്കക്കുറവ്, നല്ല ശീലങ്ങളില്ലാതിരിക്കുക എന്നിവയൊക്കെ ചികിത്സയുടെ ഫലത്തെ ബാധിക്കാമെന്നാണ് വിദഗ്ധർ പറയുന്നത്. ഐവിഎഫ് മരുന്നുകൾ ഫലപ്രദമാകാൻ ശരീരത്തിന് വിശ്രമവും നല്ല ഭക്ഷണക്രമവും ആവശ്യമാണ്. ചെറിയ അനാസ്ഥകൾ പോലും പിന്നീട് വലിയ വ്യത്യാസങ്ങൾ സൃഷ്ടിക്കാമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ഐവിഎഫ് ചികിത്സ എന്നത് ശാരീരികപരമായി മാത്രമല്ല, മാനസികമായും ഏറെ ക്ഷീണം ഉണ്ടാക്കുന്ന ഒരു പ്രക്രിയയാണ്. ചികിത്സയിലെ നടപടിക്രമങ്ങളെപ്പറ്റിയും എത്ര സൈക്കിൾ വേണം, ഭ്രൂണം ഫ്രീസ് ചെയ്യണോ, എപ്പോൾ ട്രാൻസ്ഫർ ചെയ്യണം തുടങ്ങി പ്രധാന തീരുമാനങ്ങളെടുക്കാൻ വ്യക്തത ആവശ്യമാണ്. അമിത സമ്മർദം ഈ തീരുമാനങ്ങളെ ബാധിക്കാനും പലരും ദീർഘകാലത്തെ ചികിത്സയും മടുപ്പും കാരണം പാതിവഴിയിൽ ചികിത്സ നിർത്താനുമിടയുണ്ട്.
Also Read
പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്, തലച്ചോറും ഗർഭപാത്രവും തമ്മിൽ ശക്തമായ ആശയവിനിമയം നടക്കുന്നുണ്ടെന്നാണ്. അമിതമായ സമ്മർദം ഗർഭപാത്രത്തിലേക്കുള്ള രക്തപ്രവാഹത്തെയും ഭ്രൂണം പതിയുന്ന ഗർഭപാത്രത്തിന്റെ ഉൾപാളിയെയും ബാധിക്കാമെന്നാണ് കണ്ടെത്തലുകൾ. ഇത് ഗർഭധാരണത്തെ പൂർണമായും തടയില്ലെങ്കിലും ശരീരാവസ്ഥയെ പ്രതികൂലമാക്കാൻ സാധ്യതയുണ്ടത്രെ.
മാനസിക പിരിമുറുക്കം നിയന്ത്രിക്കുന്നതിനായി കൃത്യമായ ഉറക്കം പാലിക്കുക, ജോലിക്കിടെ ചെറിയ ബ്രേക്കുകളെടുക്കുക, ശ്വസന വ്യായാമങ്ങൾ, യോഗ, നടത്തം എന്നിവ ശീലിക്കുക, മൾട്ടിടാസ്‌കിങ് ഒഴിവാക്കുക, ചികിത്സയുടെ സമയത്ത് ലീവ് എടുക്കുക എന്നിവ കരുതലോടെ ചെയ്യുക. സമ്മർദം ഐവിഎഫ് വിജയത്തെ ഇല്ലാതാക്കുന്നില്ല, എങ്കിലും ആ യാത്രയെ കൂടുതൽ തടസ്സപ്പെടുത്താനിടയുണ്ട്. ഉയർന്ന സമ്മർദമുള്ള ജോലി ചെയ്യുന്നവർ സ്വയം കുറ്റപ്പെടുത്താതെ, ഐവിഎഫ് സമയത്ത് ശരീരത്തിനും മനസ്സിനും കൂടുതൽ പരിഗണന നൽകുക. ജീവിതശൈലിയിലെ ചെറിയ മാറ്റങ്ങൾപോലും ചികിത്സയുടെ ഫലത്തിൽ വലിയ മാറ്റം സൃഷ്ടിക്കാമെന്നാണ് വിദഗ്ധരുടെ നിർദേശം.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: does-work-stress-affect-ivf-treatment-success
Published: 15 May 2026, 01:03 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented