ശരീരത്തെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്ന ചില മൂലകങ്ങളുണ്ട്. സോഡിയം, കാത്സ്യം, മഗ്‌നീഷ്യം, പൊട്ടാസ്യം തുടങ്ങിയവ. ഇവയിൽ ഏറെ പ്രധാനപ്പെട്ടതാണ് സോഡിയം. രക്തസമ്മർദം കുറയാതെ നിർത്താനും തലച്ചോറിന്റെ കൃത്യമായ പ്രവർത്തനത്തിനും സോഡിയം കൂടിയേതീരൂ. രക്തത്തിലും പ്ലാസ്മാദ്രവത്തിലുമാണ് സോഡിയം പ്രധാനമായും കാണപ്പെടുന്നത്.
കറിയുപ്പിലൂടെയാണ് ശരീരത്തിലേക്ക് സോഡിയം പ്രധാനമായി എത്തുന്നത്. മീൻ, മുട്ട, മാംസം, പാൽ, പാലുത്പന്നങ്ങൾ എന്നിവയിലൂടെയും സോഡിയം ശരീരത്തിലെത്തുന്നു. ശരീരത്തിലെത്തുന്ന സോഡിയം മൂത്രത്തിലൂടെയാണ് പ്രധാനമായി പുറന്തള്ളപ്പെടുന്നത്. വൃക്കകളാണ്, ഇത്തരത്തിൽ പുറത്തുപോകുന്ന സോഡിയത്തിന്റെ അളവ് നിയന്ത്രിച്ച് നിർത്തുന്നത്.
ശരീരത്തിൽ സോഡിയം കുറയുന്ന അവസ്ഥയെ ഹൈപോനട്രീമിയ എന്നുപറയുന്നു. രക്തത്തിൽ സോഡിയത്തിന്റെ സാധാരണ അളവ് 135-145 mmol/ltr (millimoles per litre) ആണ്. ഇതിൽ ഏറ്റക്കുറച്ചിലുകൾ വരുമ്പോഴാണ് പലവിധ പ്രയാസങ്ങൾ പ്രത്യക്ഷപ്പെടുന്നത്.
ലക്ഷണങ്ങൾ
സോഡിയം കുറഞ്ഞാൽ തലകറക്കം, ക്ഷീണം, ഓക്കാനം, പേശിവേദന, ഛർദി, മാനസികാവസ്ഥയിൽ വ്യതിയാനം എന്നിവയുണ്ടാകാം. ഗുരുതരമായ സാഹചര്യങ്ങളിൽ മാനസികവിഭ്രാന്തിയും അപസ്മാരവും ബോധക്കേടും സംഭവിക്കാം. ചിലപ്പോഴെങ്കിലും ബോധം നശിച്ച് കോമ അവസ്ഥയിലും രോഗി എത്താം.
കാരണങ്ങൾ
അമിതമായ ഛർദി, വയറിളക്കം എന്നിവ ശരീരത്തിൽ നിന്ന് വലിയ അളവിൽ സോഡിയം നഷ്ടമാകാൻ ഇടയാക്കും. അമിതമായി വിയർക്കുന്നതും ഇതിനൊരു കാരണമാണ്. വൃക്കരോഗങ്ങളുള്ളവരിൽ സോഡിയം വേണ്ടരീതിയിൽ നീക്കംചെയ്യാൻ കഴിയാതെ വരാറുണ്ട്.
മറ്റൊരു കാരണം മരുന്നുകളാണ്. മൂത്രം കൂടുതലായി പുറത്തുപോകാൻ കാരണമാകുന്ന ചില മരുന്നുകൾ സോഡിയത്തിന്റെ അളവിൽ വ്യത്യാസമുണ്ടാക്കിയേക്കാം. ന്യൂമോണിയ, മെനിഞ്ചൈറ്റിസ്, മസ്തിഷ്‌കജ്വരം, ഹൃദ്രോഗം, കരൾരോഗങ്ങൾ എന്നീ അവസ്ഥകളിലും സോഡിയം കുറയാൻ സാധ്യതയുണ്ട്.
ചികിത്സ
പൊതുവേ പ്രായംകൂടിയവരിലാണ് സോഡിയം കുറയുന്നതിന്റെ പ്രയാസങ്ങൾ കാണാറുള്ളത്. പലപ്പോഴും വൈകിയായിരിക്കും ഇത് തിരിച്ചറിയുന്നത്. പ്രായമാകുമ്പോൾ ശരീരത്തിലെ ജലാംശം കുറയുന്നതും വൃക്കകളുടെ പ്രവർത്തനശേഷി കുറയുന്നതുമെല്ലാം ഇതിന് കാരണമാകുന്നുണ്ട്.
ശരീരത്തിലെ ലവണാംശം നിലനിർത്തുക എന്നതാണ് സോഡിയം കുറയുന്നത് തടയാനുള്ള പ്രധാന മാർഗം. ചെറിയതോതിലുള്ള സോഡിയത്തിന്റെ കുറവിന് ചികിത്സ വേണ്ടിവരാറില്ല. ഉപ്പ് അടങ്ങിയ ആഹാരം കൂടുതലായി കഴിക്കുന്നതിലൂടെ ഇത് പരിഹരിക്കാം.
- ഒരു ഗ്ലാസ് തിളപ്പിച്ചാറിയ വെള്ളത്തിൽ ഒരുനുള്ള് ഉപ്പും ഒരു ടീസ്പൂൺ പഞ്ചസാരയും ചേർത്ത് തയ്യാറാക്കുന്ന മിശ്രിതം ഡോക്ടറുടെ നിർദേശാനുസരണം ഇടയ്ക്കിടെ കുടിക്കാൻ നൽകാം.
- ഉപ്പിട്ട കഞ്ഞിവെള്ളവും കരിക്കിൻവെള്ളവും മോരുംവെള്ളവും ആരോഗ്യസ്ഥിതിക്കനുസരിച്ച് നൽകാം.
- മൂത്രം അമിതമായി പുറത്തുകളയുന്ന ഡൈയൂററ്റിക് മരുന്നുകൾ ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ കഴിക്കാൻ പാടുള്ളൂ.
- രക്തസമ്മർദം കുറയ്ക്കാനായി നൽകുന്ന മരുന്നുകൾ ചിലപ്പോൾ സോഡിയം നില കുറച്ചേക്കാം. ഇക്കാര്യം ഡോക്ടറുമായി സംസാരിച്ച് മരുന്നിൽ വേണ്ട മാറ്റങ്ങൾ വരുത്തണം.
- കായികാധ്വാനം വേണ്ട ജോലിചെയ്യുന്നവരും വെയിലിൽ ജോലിചെയ്യുന്നവരും ഇടയ്ക്കിടെ ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്ക് എന്നിവ കുടിക്കുന്നത് നല്ലതാണ്.
- പ്രായമുള്ളവരിൽ സോഡിയം കുറയുന്ന അവസ്ഥ വ്യാപകമായി കണ്ടുവരുന്നുണ്ട്. അതിനാൽ എന്തെങ്കിലും ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ സ്വയംചികിത്സയ്ക്ക് മുതിരരുത്. എത്രയും പെട്ടെന്ന് വിദഗ്ധ ചികിത്സ ലഭ്യമാക്കണം.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Understand the symptoms, causes, and proper treatment for low sodium levels. Learn when to seek medical help and avoid self-treatment
Published: 28 Dec 2025, 05:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented