
ചർമ്മാരോഗ്യവുമായി ബന്ധപ്പെട്ട് സ്ഥിരമായി കേൾക്കുന്ന ഒരു പേരാണ് ഡെർമറ്റൈറ്റിസ്. Derma എന്നാൽ ചർമ്മം എന്നും itis' എന്നാൽ വീക്കം (Inflammation) എന്നുമാണ് അർഥം. അതായത്, തൊലിപ്പുറത്ത് ഉണ്ടാകുന്ന ഇൻഫ്‌ലമേഷനുകളെ മൊത്തമായി പറയുന്ന പേരാണ് ഡെർമറ്റൈറ്റിസ്.
കാരണങ്ങൾ?
ജനിതക കാരണങ്ങൾ, രോഗപ്രതിരോധശേഷിയിലെ വ്യതിയാനങ്ങൾ, അണുബാധകൾ, അലർജി ഉണ്ടാക്കുന്ന വസ്തുക്കൾ (പൊടി, കെമിക്കലുകൾ) തുടങ്ങിയവ ഡെർമറ്റൈറ്റിസിന് കാരണമാകാം. ചർമ്മത്തിൽ നേരിയതോ കഠിനമായതോ ആയ തടിപ്പുകളും ചൊറിച്ചിലും ഇതിന്റെ ഭാഗമായി ഉണ്ടാകാം. ഓരോ വ്യക്തിയിലും ഇതിന്റെ കാരണങ്ങൾ വ്യത്യസ്തമായിരിക്കും.
ഡെർമറ്റൈറ്റിസ് ഏതൊക്കെവിധം?
അറ്റോപിക് ഡെർമറ്റൈറ്റിസ്: എക്‌സിമ (Eczema) പോലെയുള്ള അവസ്ഥകൾ.
കോൺടാക്ട് ഡെർമറ്റൈറ്റിസ്: ഏതെങ്കിലും വസ്തുക്കളുമായി സമ്പർക്കത്തിൽ വരുമ്പോൾ ഉണ്ടാകുന്നത്.
ഡയപ്പർ ഡെർമറ്റൈറ്റിസ്: കുഞ്ഞുങ്ങളിൽ കണ്ടുവരുന്ന ചുണങ്ങ്.സെബോറിക് ഡെർമറ്റൈറ്റിസ്: തലയിലെ താരൻ ഇതിനൊരു ഉദാഹരണമാണ്.
ന്യൂറോ ഡെർമറ്റൈറ്റിസ്: കഠിനമായ ചൊറിച്ചിലുണ്ടാക്കുന്ന അവസ്ഥ.
ആർക്കൊക്കെ വരാം?
ഇത് പ്രധാനമായും കുട്ടികളിലും മുതിർന്നവരിലും കണ്ടുവരുന്നു. പ്രധാന ഉദാഹരണങ്ങൾ താഴെ പറയുന്നവയാണ്:
- കുഞ്ഞുങ്ങളിലുണ്ടാകുന്ന ഡയപ്പർ റാഷസ്.
- കുട്ടിക്കാലം മുതൽ കണ്ടുവരുന്ന എക്‌സിമ.
- സീലിയാക് (Celiac) രോഗമുള്ളവർക്കും ജനിതകമായി ചർമ്മ പ്രശ്‌നങ്ങളുള്ളവർക്കും ഇതിനുള്ള സാധ്യതയുണ്ട്.
ലക്ഷണങ്ങളും ചികിത്സയും
ചൊറിച്ചിലും ചുവന്ന തടിപ്പുകളുമാണ് ആദ്യ ലക്ഷണങ്ങൾ. ഡെർമറ്റൈറ്റിസ് 100% ഭേദമാക്കാം എന്ന് അവകാശപ്പെടാൻ കഴിയില്ലെങ്കിലും ലക്ഷണങ്ങൾ നിയന്ത്രിക്കാൻ സാധിക്കും. ഓരോ വ്യക്തിയുടെയും ശരീരപ്രകൃതിയും രോഗത്തിന്റെ തരവും അനുസരിച്ചായിരിക്കും ചികിത്സയും ഭേദമാകാൻ എടുക്കുന്ന സമയവും. കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കിൽ ഇത് ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കാം. കുട്ടിക്കാലത്ത് തുടങ്ങുന്ന ഡെർമറ്റൈറ്റിസ് ചിലപ്പോൾ മുതിരുന്നതോടെ തനിയെ മാറാനും സാധ്യതയുണ്ട്.
ഭക്ഷണക്രമം ശ്രദ്ധിക്കുക
ഭക്ഷണ അലർജി ഉണ്ടെങ്കിൽ അത് ഡെർമറ്റൈറ്റിസ് വർധിക്കാൻ കാരണമാകും. ഡെർമറ്റൈറ്റിസ് ഹെർപെറ്റിഫോർമിസ് ഉള്ളവരിൽ 25% ആളുകൾക്കും ഗ്ലൂറ്റൻ അലർജി (സീലിയാക് രോഗം) കണ്ടുവരാറുണ്ട്. നിലക്കടല, പാലുൽപ്പന്നങ്ങൾ, മുട്ട, പഞ്ചസാര, മദ്യം എന്നിവ സാധാരണയായി അലർജി ഉണ്ടാക്കാം. ഒരു പ്രത്യേക ഭക്ഷണം കഴിച്ചതിന് ശേഷം അസ്വസ്ഥത അനുഭവപ്പെടുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക.
രോഗം വഷളാക്കുന്ന ഘടകങ്ങൾ
നിങ്ങളുടെ ചർമ്മത്തെ അലോസരപ്പെടുത്തുന്ന ഘടകങ്ങൾ തിരിച്ചറിയാൻ ശ്രമിക്കുക: ക്ലീനിങ്ങിന് ഉപയോഗിക്കുന്ന കെമിക്കലുകൾ, സിഗരറ്റ് പുക, ഷാംപൂ, പെർഫ്യൂം, അമിതമായ വെയിൽ, കമ്പിളി വസ്ത്രങ്ങൾ, സമ്മർദ്ദം, ചൂടുവെള്ളത്തിലെ കുളി, വളർത്തുമൃഗങ്ങളുടെ രോമം തുടങ്ങിയവയൊക്കെയും ഇതിന് കാരണമായേക്കാം.
ആയുർവേദത്തിന്റെ കണ്ണിൽ
ആയുർവേദത്തിൽ, ഡെർമറ്റൈറ്റിസിനെ പിത്ത-കഫ അസന്തുലിതാവസ്ഥയായും രക്തത്തിലെ അശുദ്ധി (രക്തദുഷ്ടി) ആയുമാണ് കാണുന്നത്. ശരീരം തണുപ്പിക്കുക, രക്തം ശുദ്ധീകരിക്കുക എന്നിവയിലാണ് ചികിത്സ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
പ്രധാന ഔഷധങ്ങൾ
കറ്റാർ വാഴ (ഘൃതകുമാരി):കറ്റാർ വാഴ ജെൽ പുരട്ടി 20-30 മിനിറ്റിന് ശേഷം കഴുകിക്കളയുക. ഇത് വീക്കവും ചൊറിച്ചിലും കുറയ്ക്കും.
വേപ്പ് : വേപ്പില അരച്ചുചേർത്തതോ അല്ലെങ്കിൽ വേപ്പില ഇട്ട് തിളപ്പിച്ചതോ ആയ വെള്ളത്തിൽ ചർമ്മം കഴുകുന്നത് അണുബാധ തടയാൻ സഹായിക്കും.
മഞ്ഞളും വെളിച്ചെണ്ണയും: മഞ്ഞൾ വെളിച്ചെണ്ണയിൽ കലർത്തി പുരട്ടുന്നത് വീക്കം കുറയ്ക്കും.
വൈദ്യനിർദ്ദേശപ്രകാരം ഉപയോഗിക്കാവുന്ന ഔഷധങ്ങൾ
ഖദിരാരിഷ്ടം, ആരോഗ്യവർദ്ധിനി വതി, മഹാമഞ്ജിഷ്ഠാദി ക്വാത്ത് എന്നിവ രക്തശുദ്ധിക്ക് മികച്ചതാണ്.
യോഗാസനങ്ങൾ
വിഷാംശങ്ങൾ പുറന്തള്ളാനും (Detoxification) ആന്തരിക അവയവങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും താഴെ പറയുന്ന ആസനങ്ങൾ സഹായിക്കും:
പശ്ചിമോട്ടാനാസനം: ദഹനം മെച്ചപ്പെടുത്തുന്നു.
ഭുജംഗാസനം: കരളിന്റെ പ്രവർത്തനം സുഗമമാക്കുന്നു.
പവനമുക്താസനം: കുടലിന്റെ ആരോഗ്യം സംരക്ഷിക്കുന്നു.
അർധ മത്സ്യേന്ദ്രാസനം: വിഷാംശങ്ങൾ നീക്കം ചെയ്യാൻ സഹായിക്കുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Understand dermatitis (skin inflammation) – its causes, different types like eczema & contact dermatitis, symptoms, and effective Ayurvedic treatments & home remedies.
Published: 09 Feb 2026, 01:56 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented