പാത്രം കഴുകുമ്പോഴോ ലാപ്ടോപ്പിൽ ടെെപ്പ് ചെയ്യുമ്പോഴോ നഖം പൊട്ടിപ്പോകാറുണ്ടോ? ഇളകിപോകുന്ന നഖം എപ്പോഴെങ്കിലും ശ്രദ്ധിച്ച് നോക്കിയിട്ടുണ്ടോ? നിരന്തരം ഇത് സംഭവിക്കുകയാണെങ്കിൽ ശ്രദ്ധവേണമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.
എളുപ്പത്തിൽ പൊട്ടുകയോ അടർന്നുപോവുകയോ ചെയ്യുന്ന നഖങ്ങളെ സൂചിപ്പിക്കുന്ന ഒരു പൊതുവായ പദമാണ് ബ്രിറ്റിൽ നെയിൽ സിൻഡ്രോം.
നഖങ്ങളുടെ പാളികൾ വേർപെടുന്ന അവസ്ഥ ആവർത്തിച്ച് കാണപ്പെടുമ്പോഴാണ് ഡെർമറ്റോളജിസ്റ്റുകൾ ഇത് നിർണ്ണയിക്കുന്നത്. ദൈനംദിന ഉപയോഗം മൂലമുള്ള തേയ്മാനം കൊണ്ടിത് സംഭവിക്കാം, എന്നാൽ ഇത് നിങ്ങളുടെ ഭക്ഷണത്തിലെ പോഷകങ്ങളുടെ കുറവിൻ്റെയോ ശ്രദ്ധിക്കപ്പെടാതെ പോകുന്ന ജീവിത ശീലങ്ങളുടെയോ ആദ്യ സൂചനയുമാകാം.
ഹൈപ്പോതൈറോയിഡിസം, പെരിഫറൽ വാസ്കുലർ ഡിസീസ്, ല്യൂപ്പസ് പോലുള്ള ഓട്ടോ ഇമ്മ്യൂൺ ഡിസോർഡറുകൾ തുടങ്ങിയ വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങളുള്ളവരിൽ ഈ അവസ്ഥ കൂടുതലായി കാണപ്പെടുന്നുവെന്ന് ഗവേഷണങ്ങൾ തെളിയിക്കുന്നു.
ഡെർമറ്റോളജി ക്ലിനിക്കുകളിലെ സർവേകൾ പ്രകാരം 20 ശതമാനത്തിലധികം ആളുകൾക്ക് അവരുടെ ജീവിതത്തിൽ എപ്പോഴെങ്കിലും നഖം പൊട്ടുന്ന ഈ അവസ്ഥ അനുഭവപ്പെടാറുണ്ടെന്നാണ് സൂചിപ്പിക്കുന്നത്. പുരുഷന്മാരേക്കാൾ സ്ത്രീകളെയാണ് ഇത് കൂടുതൽ ബാധിക്കുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു.
പോഷകക്കുറവ്
നഖം പൊട്ടുന്നത് പലപ്പോഴും ഇരുമ്പ്, ബയോട്ടിൻ, വിറ്റാമിൻ ബി12, സിങ്ക് എന്നിവയുടെ കുറവുമായി ബന്ധപ്പെട്ടിരിക്കുന്നു. പോഷകക്കുറവ് നഖങ്ങളുടെ ബലക്കുറവിന് കാരണമാകുന്നു. ഇതിനെക്കുറിച്ച് 'ദി ജേണൽ ഓഫ് ദി അമേരിക്കൻ അക്കാദമി ഓഫ് ഡെർമറ്റോളജി'യിൽ പ്രസിദ്ധീകരിച്ച ഒരു സുപ്രധാന പഠനം ചർച്ചചെയ്യുന്നുമുണ്ട്.
ഇരുമ്പിന്റെ അഭാവം നഖങ്ങൾ കനം കുറഞ്ഞ് എളുപ്പത്തിൽ കോയിലോനിക്കിയ (koilonychia) എന്നറിയപ്പെടുന്ന സ്പൂൺ ആകൃതിയിലുള്ള നഖങ്ങൾ ഉണ്ടാകാൻ കാരണമാകുന്നു. മുടി, ചർമ്മം, നഖങ്ങൾ എന്നിവ രൂപപ്പെടുത്തുന്ന പ്രോട്ടീനായ ബയോട്ടിന്റെ കുറവാണ് മറ്റൊരു സാധാരണ കാരണം. ഓനികോഷിസിയയ്ക്ക് ബയോട്ടിൻ സപ്ലിമെന്റുകൾ കഴിച്ച സ്ത്രീകളിൽ, ആറുമാസത്തിനുശേഷം നഖത്തിന്റെ കട്ടിയിൽ 25 ശതമാനം വർധനവ് ഉണ്ടായതായി പഠനങ്ങൾ പറയുന്നു. ക്ഷീണം, മുടികൊഴിച്ചിൽ തുടങ്ങിയ ലക്ഷണങ്ങൾ നഖത്തിന്റെ ഘടനയിൽ മാറ്റം വരുന്നതിന് മുമ്പ് പ്രത്യക്ഷപ്പെടാറുണ്ട്.
ശീലം
വെള്ളവുമായുള്ള നിരന്തര സമ്പർക്കം, അസെറ്റോൺ അടങ്ങിയ നെയിൽ പോളിഷ് റിമൂവറുകളുടെ ഉപയോഗം, വീര്യം കൂടിയ ഡിറ്റർജന്റുകൾ, കൃത്രിമ നഖങ്ങളുടെ അമിതമായ ഉപയോഗം എന്നിവയെല്ലാം കാലക്രമേണ നഖത്തിന്റെ പാളികളെ ദുർബലപ്പെടുത്തുന്നു. നനയുകയും ഉണങ്ങുകയും ചെയ്യുന്ന ഈ ആവർത്തന പ്രക്രിയ കെരാറ്റിൻ പാളികളെ വേർപെടുത്തുകയും നഖത്തിന്റെ അറ്റങ്ങൾ വരണ്ടതും പൊട്ടിപ്പോകാൻ സാധ്യതയുള്ളതുമാക്കുന്നു.
കാലാവസ്ഥ
കാലാവസ്ഥയ്ക്കു പോലും ഇതിൽ വലിയ പങ്കുണ്ട്. മഴക്കാലത്തും വേനൽക്കാലത്തും കാണുന്നതിനേക്കാൾ മഞ്ഞുകാലത്ത് നഖം പൊട്ടുന്നത് കൂടുതലായി കാണപ്പെടുന്നു.
പ്രായം
ഇതിന് പ്രായവുമായി ബന്ധപ്പെട്ട ഒരു ഘടകം കൂടിയുണ്ട്. പ്രായമാകുമ്പോൾ, നഖം വളരുന്നതിന്റെ വേഗത കുറയുകയും ജലാംശത്തിന്റെ അളവ് കുറയുകയും ചെയ്യുന്നു. സ്ത്രീകളിൽ, ആർത്തവവിരാമ സമയത്തുണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങൾ നഖത്തിന്റെ കട്ടിയിലും ഘടനയിലും കൂടുതൽ സ്വാധീനം ചെലുത്തും.
(പൊതുവായ നിർദ്ദേശങ്ങളാണിവ, കൂടുതൽ വിവരങ്ങൾക്ക് ആരോഗ്യവിദഗ്ധരുമായി ബന്ധപ്പെടുക.)
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Understand brittle nail syndrome and learn about fragile, cracking, and splitting nails.
Published: 10 Nov 2025, 12:59 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented