രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങ്ങും. ഇരുവരും കഴിഞ്ഞ ദിവസം മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിലെത്തിയിരുന്നു. രൺവീറിന്റെ മാതാപിതാക്കൾക്കൊപ്പമെത്തിയ ദമ്പതികളുടെ ക്ഷേത്രദർശന ദൃശ്യങ്ങൾ നിമിഷങ്ങൾക്കകമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. പരമ്പരാഗത വസ്ത്രധാരണത്തിൽ കൈകോർത്തുപിടിച്ച് എത്തിയ ദീപികയുടെയും രൺവീറിന്റെയും ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

To advertise here,

 

ഡിസൈനർ മയൂർ ഗിരോത്ര ഡിസൈൻ ചെയ്ത കസ്റ്റം സ്യൂട്ടിലാണ് ദീപിക എത്തിയത്. ഓറഞ്ച് നിറത്തിലുള്ള പടോള കുർത്തയ്ക്കൊപ്പം അയഞ്ഞ പർപ്പിൾ പലാസോയും തിളക്കമാർന്ന സിൽക്ക് ദുപ്പട്ടയുമാണ് ദീപിക ധരിച്ചത്. സിംപിൾ ഹെയർസ്റ്റൈലിൽ മുല്ലപ്പൂ ചൂടിയ താരം ഉമ്രാവ് ജുവൽസിന്റെ ആഭരണങ്ങൾ കൂടിയണിഞ്ഞതോടെ ലുക്ക് പൂർണ്ണമായി.

ദീപികയുടെ പർപ്പിൾ കോംബിനേഷനോട് ചേർന്നുനിൽക്കുന്ന മജന്ത കളർ കുർത്തയിലാണ് രൺവീർ സിങ് എത്തിയത്. മജന്ത കുർത്തയ്ക്കൊപ്പം വൈറ്റ് സ്ട്രെയിറ്റ്-ഫിറ്റ് പാൻ്റസ് ധരിച്ച താരം, ഡയമണ്ട് സ്റ്റഡുകളും കറുത്ത സൺഗ്ലാസും ബ്രൗൺ ലോഫറുകളും ചേർന്ന ക്ലാസിക് ലുക്കിലായിരുന്നു.

മുമ്പ് തങ്ങളുടെ മൂത്ത മകൾ ദുവയുടെ ജനനത്തിന് തൊട്ടുമുമ്പും ഇരുവരും സിദ്ധിവിനായക ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. രണ്ടാമത്തെ കുഞ്ഞിൻ്റെ വരവിനു മുന്നോടിയായുള്ള താരദമ്പതികളുടെ ഈ ക്ഷേത്രസന്ദർശനം ആരാധകർക്കിടയിൽ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi