രാത്രി മുഴുവൻ ഉറങ്ങിയിട്ടും, ചെയ്യാനുള്ള ജോലികളുടെ ഒരു വലിയ ഭാരം തലയിലേറ്റി, ക്ഷീണിച്ച് എഴുന്നേറ്റിട്ടുണ്ടോ? നിങ്ങളുടെ ഊർജ്ജവും താല്പര്യവും തിരിച്ചുപിടിക്കാനാവില്ലെന്നോർത്ത് അവലാതിപ്പെട്ടിട്ടുണ്ടോ? ദെെനംദിന ജീവിതത്തിലെയും ജോലിയിലെയും ഇത്തരം മടുപ്പും ക്ഷീണവും നിങ്ങളറിയാതെ നിങ്ങളെ പിടികൂടുന്നുണ്ട്. നഷ്ടപ്പെട്ട നിങ്ങളുടെ ആവേശം തിരികെ കൊണ്ടുവരാൻ വളരെ ലളിതമായ ഒരു വഴിയുണ്ട്. അതാണ് 'ജോയ് സ്‌റ്റോക്കിങ്'.

To advertise here,

നിങ്ങളുടെ ദൈനംദിന ജീവിതത്തിലേക്ക് സന്തോഷത്തിന്റെ ചെറിയ നിമിഷങ്ങൾ ചേർത്തുവെക്കുന്നതാണ് ജോയ് സ്‌റ്റോക്കിങ് കൊണ്ട് അർഥമാക്കുന്നത്. സ്വയം പരിചരണത്തിനും സന്തോഷത്തിനും അവധിയോ വാരാന്ത്യത്തിനോ വേണ്ടി കാത്തിരിക്കുന്നതിന് പകരം, ദിവസത്തിലുടനീളം നിങ്ങൾക്ക് തന്നെ സ്വയം സന്തോഷിക്കാനാകും. നിങ്ങളുടെ ഊർജ്ജം ചോർന്നുപോകാതെ തിരികെ എത്തിക്കാൻ ഇതിലൂടെ സാധിക്കും. എന്നാൽ ഇതിലൂടെ ലഭിക്കുന്ന രണ്ട് മിനിറ്റ് സന്തോഷം പോലും വിലപ്പെട്ടതാണ്. 

തുടർച്ചയായ സമ്മർദ്ദത്തിൽ നിന്നാണ് സാധാരണയായി ബേൺഔട്ട് ഉണ്ടാകുന്നത്.  ജീവിതം എന്നത് ജോലിയും ഉത്തരവാദിത്തങ്ങളും മാത്രമല്ലെന്ന് ജോയ് സ്റ്റോക്കിങ് നിങ്ങളെ ഓർമ്മിപ്പിക്കുന്നു. അവ നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും തലച്ചോറിന് പുതുമയോടെ നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു.

ജോയ് സ്‌റ്റോക്കിങ്ങിനായി വലിയ കാര്യങ്ങളൊന്നും ആവശ്യമില്ല. ചായ തിടുക്കത്തിൽ കുടിക്കുന്നതിന് പകരം സാവധാനം ആസ്വദിച്ച് കുടിക്കുക. രാവിലെ തയ്യാറാകുമ്പോൾ നിങ്ങളുടെ ഇഷ്ടപ്പെട്ട പാട്ട് കേൾക്കുക. ഒരു മിനിറ്റ് പുറത്തിറങ്ങി കാറ്റ് കൊള്ളുക. തമാശ നിറഞ്ഞ ഒരു വീഡിയോ കാണുക. ശരീരം നിവർത്തുകയോ സ്ട്രെച്ച് ചെയ്യുകയോ ചെയ്യാം. ഇഷ്ടപ്പെട്ട പാനീയവുമായി അല്പനേരം തനിച്ചിരിക്കുകയുമാകാം. നിങ്ങൾക്കിഷ്ടപ്പെട്ട പുസ്തകത്തിന്റെ ഒരു പേജ് വായിക്കുക. നിങ്ങളെ എപ്പോഴും ചിരിപ്പിക്കുന്ന ഒരാളോട് ഹലോ പറയുക. നിങ്ങളെ സന്തോഷിപ്പിക്കുന്ന ഇത്തരം ചെറിയ കാര്യങ്ങൾ കണ്ടെത്തി അത് ചെയ്യാൻ ശ്രമിക്കുക.

ജോയ് സ്‌റ്റോക്കിങ് പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടുന്നതല്ല, മറിച്ച് ജീവിതത്തിലെ വെല്ലുവിളികളെ നേരിടാൻ സ്വയം സന്തോഷിക്കുന്നതിനുള്ള ഒരു മാർഗമാണ്. ഇത്, തിരക്കേറിയ ഒരു ദിവസത്തിൽ പോലും ചെയ്യാനാകും. 
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi