57 വയസ്സിലും ശരീരം ഫിറ്റായി സൂക്ഷിക്കുന്ന അക്ഷയ് കുമാറിന് ആരോഗ്യത്തെപ്പറ്റി ചിലതൊക്കെ പറയാനുണ്ട്. ക്രാഷ് ഡയറ്റുകളോ സംസ്കരിച്ച ഭക്ഷണമോ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഭാഗമല്ല, ഒപ്പം ലളിതവും കർശനവുമായ ആഹാരരീതിയാണ് പിന്തുടരുന്നത്.

To advertise here,

താൻ തിങ്കളാഴ്ചകളിൽ ഒരു ദിവസം മുഴുവൻ ഉപവാസമെടുക്കാറുണ്ടെന്നും, വൈകുന്നേരം 6:30-ന് തന്നെ ഭക്ഷണം കഴിക്കുമെന്നും അടുത്തിടെ അദ്ദേഹം തുറന്നുപറഞ്ഞു. എല്ലാ ആരോഗ്യപ്രശ്നങ്ങളും ഒഴിവാക്കാനുള്ള പ്രധാന മാർഗം ആരോഗ്യകരമായ വയറാണ്. പരമ്പരാഗതമായ രീതിയിൽ പരിശീലനം നടത്താറില്ല. വെയ്റ്റ് ട്രെയ്നിങ് ചെയ്യാറില്ല. ഞാൻ തിങ്കളാഴ്ചകളിൽ ഉപവാസമെടുക്കും, ഞായറാഴ്ചയാണ് അവസാനമായി ഭക്ഷണം കഴിക്കുക, തിങ്കളാഴ്ച മുഴുവൻ ഉപവസിച്ച് ചൊവ്വാഴ്ച രാവിലെ വരെ അത് തുടരുമെന്നും അദ്ദേഹം വിശദീകരിച്ചു.

ഉപവാസം ഉപാപചയ പ്രവർത്തനങ്ങൾ വർധിപ്പിക്കും. ശരീരത്തിന്റെ സ്വാഭാവിക ഘടികാരമായ സർക്കാഡിയൻ റിഥം ക്രമീകരിച്ച് ഉറക്കവും ഭക്ഷണത്തിൻ്റെ ആഗിരണവും അത് മെച്ചപ്പെടുത്തുമെന്ന് വിദഗ്ധർ പറയുന്നു.

എന്തുകൊണ്ട് നേരത്തെ അത്താഴം?

രാത്രി ഉറങ്ങുമ്പോൾ നമ്മുടെ ശരീരത്തിലെ എല്ലാ ഭാഗങ്ങളും വിശ്രമത്തിലാണെന്ന് അക്ഷയ് പറയുന്നു. എന്നാൽ വൈകി അത്താഴം കഴിക്കുമ്പോൾ, വയറിന് ശരിയായ വിശ്രമം നൽകുന്നില്ല. ഉണരുമ്പോഴേക്കും വയറിന് വിശ്രമിക്കാനുള്ള സമയമായിരിക്കും. എഴുന്നേറ്റ് പ്രഭാതഭക്ഷണം കഴിക്കുന്നതോടെ പാവം വയറ് വീണ്ടും പ്രവർത്തിക്കാൻ തുടങ്ങും, വളരെ കഠിനമായി. വയറിന് പരമാവധി ശ്രദ്ധ നൽകുകയാണെങ്കിൽ, രോഗങ്ങൾ അടുത്തേക്ക് വരില്ലെന്ന് ഞാൻ കരുതുന്നു. ഒൻപതരയോടെ ഉറങ്ങാൻ പോകുമ്പോഴേക്കും വയറ് പൂർണമായും വിശ്രമിക്കാൻ തയ്യാറായിരിക്കണം.

ഭാരമുയർത്താറില്ല

ഭാരമുയർത്തിയുള്ള വ്യായാമശീലമല്ല അക്ഷയുടേത്. പകരം റോക്ക് ക്ലൈംബിംഗ്, ഔട്ട്‌ഡോർ സ്പോർട്സ്, ബോഡി-വെയ്റ്റ് വ്യായാമങ്ങളാണ് ശീലം. തൻ്റെ ജിം കുരങ്ങുകൾക്കുവേണ്ടി രൂപകൽപന ചെയ്തതുപോലെയാണെന്ന് അദ്ദേഹം തമാശയായി പറഞ്ഞു. കാരണം പരമ്പരാഗത വെയ്റ്റ് ലിഫ്റ്റിങ് രീതിക്ക് പകരം പിടിച്ചുകയറാനും തൂങ്ങിക്കിടക്കാനുമുള്ള വ്യായാമങ്ങൾക്കാണ് അവിടെ പ്രധാനമായും സൗകര്യമൊരുക്കിയിരിക്കുന്നതെന്നും.

'യുവർ ബോഡി ഓൾറെഡി നോസ്' എന്ന പുസ്തകത്തിൻ്റെ പ്രകാശന ചടങ്ങിൽ പങ്കെടുക്കവെയാണ് അക്ഷയ് തന്റെ ആരോഗ്യരഹസ്യം വെളിപ്പെടുത്തിയത്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi