ര്‍ഭിണിയാണെന്ന് അറിയുന്ന നിമിഷം മുതല്‍ ഒരുവള്‍ അമ്മയാണ്. ഒരു നിധിയെന്നോണമാവും ഓരോ സ്ത്രീയും സ്വന്തം ഗര്‍ഭത്തെ നോക്കിക്കാണുന്നത്. എന്നിട്ടും ഉള്ളിലെ കുരുന്നു ജീവനെ നുള്ളിക്കളഞ്ഞ എത്രയോ സ്ത്രീകളുണ്ട് നമ്മുക്ക് ചുറ്റും. മറ്റു ചിലര്‍ ഹൃദയം നിലച്ചുപോകുന്ന അവസ്ഥയിലും അബോര്‍ഷന് സമ്മതിക്കില്ലെന്ന് വാശി പിടിക്കുന്നു. വ്യത്യസ്ഥമായ രണ്ടവസ്ഥകള്‍. 

To advertise here,

അബോര്‍ഷനുള്ള കാരണങ്ങള്‍ പലതാകാം. ഓരോ സ്ത്രീയും ഒരു നൂറുവട്ടം ചിന്തിച്ചെടുക്കുന്ന തീരുമാനം. പക്ഷേ, ഏതവസ്ഥയിലുള്ള അബോര്‍ഷനായാലും അതിനോടുള്ള സമൂഹത്തിന്റെ മനോഭാവം ഒരുപോലെയാണ്. ഗുരുതരമായ അസുഖം പിടിപെട്ട ഗര്‍ഭിണിയായ സ്ത്രീ അബോര്‍ഷന് സമ്മതിക്കുന്നില്ലെങ്കില്‍ സമൂഹം അവരെ മഹത്വവത്കരിക്കും. യഥാര്‍ഥത്തില്‍ അവര്‍ സ്വന്തം ജീവനും കുഞ്ഞിന്റെ ജീവനും ഒരുപോലെ അപകടത്തിലാക്കുകയാണ്. മറ്റൊരമ്മ തന്റെ അസുഖത്തെയോ, കുഞ്ഞിനെ വളര്‍ത്താന്‍ കഴിയാത്ത മറ്റ് സാഹചര്യങ്ങളെയോ മനസിലാക്കി അബോര്‍ഷന് വിധേയയായാലോ? സമൂഹം കഴുമരത്തില്‍ കയറ്റുമെന്ന് ഉറപ്പ്. അബോര്‍ഷന് ശേഷമുള്ള കുറ്റബോധം മാത്രമാവും മിച്ചം. അബോര്‍ഷന് വിധേയരായ എല്ലാവരേയും ഒരുപോലെ പഴിക്കുന്ന സമൂഹവും തിരിച്ചറിയണം. ഏതൊക്കെ കഠിനമായ അവസ്ഥയിലാണ് ഓരോ പെണ്ണും സ്വന്തം കുഞ്ഞിനെ ഇല്ലാതാക്കാന്‍ തയ്യാറാവുന്നതെന്ന്...

ഏതൊക്കെ സാഹചര്യങ്ങളില്‍

1971 ലെ എം.ടി.പി ആക്ട് പ്രകാരം ഇന്ത്യയില്‍ ഗര്‍ഭച്ഛിദ്രം നിയമ വിധേയമാണ്. എന്നാല്‍ അതിന് ചില വ്യവസ്ഥകളുണ്ട്. ഗര്‍ഭം തുടരുന്നത് അമ്മയുടെ ജീവന്‍ അപകടത്തിലാക്കുമെങ്കില്‍ ഗര്‍ഭഛിദ്രമാവാം. അതായത്, ഗര്‍ഭിണിക്ക് ഗുരുതരമായ ശാരീരിക മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ ഗര്‍ഭമലസിപ്പിക്കാം. ഗര്‍ഭത്തിലുള്ള കുഞ്ഞിന് ജനിതകമായതോ അല്ലാത്തതോ ആയ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും അബോര്‍ഷന്‍ ചെയ്യാവുന്നതാണ്. ബലാല്‍സംഗ-ലൈംഗിക അതിക്രമത്തിലൂടെ ഉണ്ടായ ഗര്‍ഭവും അബോര്‍ട്ട് ചെയ്യാം. വിവാഹം ചെയ്ത സ്ത്രീയാണെങ്കില്‍, സ്ത്രീയോ പങ്കാളിയോ ഉപയോഗിച്ച ഗര്‍ഭനിരോധന മാര്‍ഗം ഫലപ്രദമാകാതെ വന്നാലും അബോര്‍ഷന്‍ ചെയ്യുന്നതില്‍ തെറ്റില്ല. ആരോഗ്യകരമായ ഗര്‍ഭധാരണത്തിനും ആരോഗ്യമുള്ള കുട്ടിയുടെ ജനനത്തിനും അമ്മയുടെ സാമൂഹിക, സാമ്പത്തിക സാഹചര്യങ്ങള്‍ അനുകൂലമല്ലെങ്കിലും അബോര്‍ഷന്‍ ചെയ്യുന്നതിന് നിയമം എതിരല്ല.

ഗര്‍ഭനിരോധന മാര്‍ഗം പരാജയപ്പെട്ടു എന്ന സാഹചര്യം പലരും ദുരുപയോഗിക്കുന്നതായി ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍, കോണ്ടം പൊട്ടിപോവുക, ഐ-പില്‍ പോലുള്ള എമര്‍ജന്‍സി പില്‍സ് ഫലപ്രദമാകാതെ വരിക തുടങ്ങിയ അവസ്ഥകള്‍ സംഭവിക്കാവുന്നതേയുള്ളൂ. പലര്‍ക്കും ഇപ്പോഴും ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ശരിയായി ഉപയോഗിക്കാന്‍ അറിയില്ലെന്നതാണ് മറ്റൊരു കാര്യം. കോപ്പര്‍- ടി പോലുള്ള മാര്‍ഗങ്ങളെ കുറിച്ചുള്ള സംശയമാണ് പലരെയും അതില്‍ നിന്ന് പിന്തിരിപ്പിക്കുന്നത്. കോപ്പര്‍-ടി വെച്ചതിനു ശേഷം അണുബാധയും ആര്‍ത്തവ സമയത്ത് കൂടുതല്‍ രക്തസ്രാവവും ഉണ്ടായതായി പലരും പരാതിപ്പെട്ടിട്ടുണ്ട്.

നിയമപ്രകാരം, 18 വയസ്സിനു മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് അബോര്‍ഷന്‍ ചെയ്യാന്‍ ഭര്‍ത്താവിന്റെയോ വീട്ടുകാരുടെയോ സമ്മതം ആവശ്യമില്ല. 18 വയസ്സ് തികയാത്ത കുട്ടികള്‍ക്കും മാനസികരോഗം ഉള്ള സ്ത്രീകള്‍ക്കും അബോര്‍ഷന്‍ ചെയ്യാന്‍ രക്ഷിതാവിന്റെ സമ്മതം വേണം. സര്‍ക്കാറിന്റെ സംരക്ഷണത്തില്‍ കഴിയുന്ന കുട്ടികള്‍ ആണെങ്കില്‍ സര്‍ക്കാറാണ് രക്ഷിതാവ്. 

താനേയുള്ള ഗര്‍ഭമലസല്‍: ചിലപ്പോള്‍ ഗര്‍ഭസ്ഥശിശു 20 ആഴ്ചകള്‍ക്കുള്ളില്‍ ഗര്‍ഭാശയത്തിനകത്തു വെച്ച് സ്വയം ഇല്ലാതാവാം. ഭ്രൂണം വളര്‍ച്ചയെത്താതിരിക്കുക, ഹൃദയമിടിപ്പ് ഉണ്ടാകാതിരിക്കുക തുടങ്ങിയ അവസ്ഥയിലാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇതാണ് ഗര്‍ഭമലസല്‍ (Spontaneous miscarriage). കുഞ്ഞിന് ജനിതക തകരാറുകളോ മറ്റോ ഉണ്ടെങ്കില്‍ അതിനെ പ്രകൃതി തന്നെ ഒഴിവാക്കുന്നതായും താനേയുള്ള ഗര്‍ഭമലസലിനെ കാണാം. 

ലോകത്തിലെ ഏതാണ്ട് 15-20 ശതമാനം സ്ത്രീകളിലും താനേയുള്ള ഗര്‍ഭമലസല്‍ കണ്ടുവരുന്നു. ഇതില്‍ 80 ശതമാനവും 12 ആഴ്ചകള്‍ക്കുള്ളിലാണ് സംഭവിക്കുന്നത്. അതുകൊണ്ടാണ് ഗര്‍ഭിണിയായതിനു ശേഷമുള്ള ആദ്യത്തെ മാസങ്ങള്‍ കരുതലോടെയിരിക്കാന്‍ പറയുന്നത്. അമിതമായ ശാരീരികാധ്വാനം, മാനസിക സംഘര്‍ഷം, നീണ്ടയാത്രകള്‍ ഇവയെല്ലാം ഈ സമയത്ത് കുറയ്ക്കുന്നതാണ് നല്ലത്. ആദ്യത്തെ മൂന്നുമാസക്കാലം കഠിനമായ വ്യായാമവും ഒഴിവാക്കാം. എന്നാല്‍ സാധാരണ ദിനചര്യകളും ആയാസമില്ലാത്ത നടത്തവുമൊന്നും ഒഴിവാക്കേണ്ട. മാനസികസമ്മര്‍ദ്ദം ഇല്ലാതാക്കാന്‍ സഹായിക്കുന്ന മിതമായ രീതിയിലുള്ള 'യോഗ' ചെയ്യാം. എന്നാല്‍ അബോര്‍ഷന് സാധ്യതയുള്ളവര്‍, തുടര്‍ച്ചയായി അബോര്‍ഷന്‍ ഉണ്ടായ സ്ത്രീകള്‍, ഗര്‍ഭാശയ വൈകല്യമുള്ളവര്‍ എന്നിവര്‍ വ്യായാമങ്ങള്‍ ഒഴിവാക്കാവുന്നതാണ് നല്ലത്.

താനേ അബോര്‍ഷന്‍ ആകാതിരിക്കാന്‍ പ്രമേഹം, Hypo Thyroidism, ഗര്‍ഭാശയവൈകല്യങ്ങള്‍ എന്നിവ ഇല്ലെന്ന് ഉറപ്പ് വരുത്തുക. ഈ കാലയളവില്‍ ശാരീരിക ബന്ധപ്പെടലും ഒഴിവാക്കാം. ചില ഭക്ഷ്യവസ്തുക്കളും അബോര്‍ഷന് കാരണമാകുമെന്ന് പറയപ്പെടുന്നു. പപ്പായ, പൈനാപ്പിള്‍, ഈത്തപ്പഴം എന്നിവയാണത്. എന്നാല്‍ ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. എരിവുള്ളതും നെഞ്ചെരിച്ചില്‍ ഉണ്ടാക്കുന്നതുമായ ഭക്ഷണങ്ങളും ഒഴിവാക്കണം. ഇത് ഛര്‍ദിക്കും മറ്റ് അസ്വസ്ഥതകള്‍ക്കും കാരണമായേക്കാം.

ഗര്‍ഭമലസിപ്പിക്കല്‍: ബോധപൂര്‍വം ഗര്‍ഭം ഇല്ലാതാക്കുന്നത് വൈദ്യശാസ്ത്രപരമോ സാമൂഹികമോ ആയ കാരണങ്ങളാലാവാം. ചില സാഹചര്യങ്ങളില്‍ ഗര്‍ഭം തുടര്‍ന്നുപോയാല്‍ അമ്മയുടെ മാനസികമോ ശാരീരികമോ ആയ ആരോഗ്യത്തിന് പ്രശ്‌നമുണ്ടാവാം. അതായത് വളര്‍ച്ചയില്ലാത്ത ഗര്‍ഭം, പകുതി അലസിയ അവസ്ഥ(incomplete abortion), അണുബാധ ഉണ്ടാവുക തുടങ്ങിയ സാഹചര്യങ്ങള്‍. ഈ അവസരത്തിലാണ് ഗര്‍ഭമലസിപ്പിക്കല്‍ (Termination of Pregnancy) ചെയ്യുന്നത്. ഗര്‍ഭസ്ഥശിശുവിന് അംഗവൈകല്യമോ (ജീവിക്കാന്‍ അസാധ്യമായവ) ജനിതക തകരാറോ ഉള്ളതായി അള്‍ട്രാസൗണ്ട് സ്‌കാനിങ്, സ്‌ക്രീനിങ് ടെസ്റ്റുകള്‍ എന്നിവയില്‍ തെളിയുകയാണെങ്കിലും ഗര്‍ഭമലസിപ്പിക്കാം. 

തുടര്‍ച്ചയായ ഗര്‍ഭമലസല്‍

മൂന്നോ അതില്‍ കൂടുതലോ തവണ ഗര്‍ഭമലസുന്നതിനെ recurrent miscarriage എന്നാണ് പറയുന്നത്. ഗര്‍ഭസ്ഥശിശുവിന്റെയും ദമ്പതികളുടെയും ജനിതക തകരാറുകള്‍ തുടര്‍ച്ചയായ ഗര്‍ഭമലസലിന് കാരണമാകാം. ദമ്പതികളുടെ കാരിയോടൈപ്പിങ് (Karyotyping) പരിശോധന വഴി ക്രോമസോമുകള്‍ക്ക് തകരാറുണ്ടോ എന്ന് പരിശോധിക്കാം. ഗര്‍ഭസ്ഥശിശുവിന് ജനിതകവൈകല്യങ്ങളുണ്ടോ എന്നറിയാന്‍ അമ്മയുടെ രക്തപരിശോധനയായ NIPT (NonInvasive Prenatal Testing) നടത്തിയാല്‍ മതി. അമ്മയുടെ ഗര്‍ഭപാത്രത്തിന്റെ ജന്മവൈകല്യങ്ങള്‍, ഗര്‍ഭാശയമുഖത്തിന്റെ പ്രശ്‌നമായ സെര്‍വിക്കല്‍ ഇന്‍കോംപി
റ്റന്‍സ്, ഗര്‍ഭാശയമുഴകള്‍ എന്നിവയും തുടര്‍ച്ചയായ ഗര്‍ഭമലസലിന് കാരണമാകാം. സെര്‍വിക്കല്‍ ഇന്‍കോംപിറ്റന്‍സ് ഉള്ളവരില്‍ ഗര്‍ഭധാരണത്തിനുശേഷം 14-16 ആഴ്ചകളാവുമ്പോള്‍ ഗര്‍ഭാശയമുഖം ബലപ്പെടുത്താനുള്ള ശസ്ത്രക്രിയ നടത്താം. ഇതിന് സെര്‍വൈക്കല്‍ സര്‍ക്ലാജ് എന്നാണ് പറയുന്നത്. ഗര്‍ഭാശയമുഴകള്‍ ഗര്‍ഭാശയത്തിനുള്ളിലേക്ക് വളരുകയാണെങ്കില്‍ അത് ഹിസ്റ്ററോസ്‌കോപ്പി എന്ന ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാവുന്നതാണ്.

അമ്മയുടെ രക്തത്തില്‍ ആന്റി ഫോസ്‌ഫോലൈപ്പിഡ് ആന്റിബോഡീസ് ഉണ്ടെന്നു തെളിഞ്ഞാല്‍ വീണ്ടും ഗര്‍ഭമലസാതിരിക്കാന്‍, ഗര്‍ഭധാരണത്തിന്റെ തുടക്കം മുതല്‍ ലോ ഡോസ് ആസ്പിരിന്‍ ഗുളികകളും, അതോടൊപ്പം ഹെപ്പാരിന്‍ ഇഞ്ചക്ഷനും കൊടുക്കും. പ്രമേഹം, തൈറോയ്ഡ് ഗ്രന്ഥികളുടെ ഏറ്റക്കുറച്ചിലുകള്‍, പോളിസിസ്റ്റിക് ഓവേറിയന്‍ ഡിസീസ് എന്നിവും ഗര്‍ഭമലസലിന് കാരണമായേക്കാം. എന്നാല്‍, മരുന്നുകളിലൂടെയും ജീവിതശൈലി മെച്ചപ്പെടുത്തുന്നതിലൂടെയും ഇൗ പ്രശ്‌നങ്ങള്‍ പരിഹരിക്കാം. ശരീരത്തിലെ വിറ്റാമിന്‍ ഡിയുടെ കുറവ് ഗര്‍ഭമലസലിന് കാരണമാകുമെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു. അതിനാല്‍ ഗര്‍ഭധാരണത്തിന്റെ ആദ്യനാളുകള്‍ തൊട്ട് ഫോളിക് ആസിഡ് ഗുളികയോടൊപ്പം വിറ്റാമിന്‍ ഡി ഗുളികയും ഡോക്ടര്‍മാര്‍ കൊടുത്തുതുടങ്ങിയിട്ടുണ്ട്. ചിലരില്‍ പരിശോധനയില്‍ പ്രത്യേകിച്ച് കുഴപ്പങ്ങളൊന്നും കണ്ടെത്താന്‍ കഴിയില്ല. ഇങ്ങനെയുള്ള 75 ശതമാനം സ്ത്രീകളിലും ചികിത്സയില്ലാതെ തന്നെ ഗര്‍ഭധാരണവും പ്രസവവും നടക്കാം. ഇത്തരം ദമ്പതികളെ ശരിയായ കൗണ്‍സലിങ്ങിലൂടെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കുകയാണ് വേണ്ടത്.

രണ്ട് വഴികള്‍

പ്രധാനമായും രണ്ട് രീതികളാണ് ഗര്‍ഭച്ഛിദ്രത്തിന് സ്വീകരിക്കുന്നത്. 20 ആഴ്ചവരെ മാത്രമേ അബോര്‍ഷന്‍ നടത്താവൂ എന്നാണ് എം.ടി.പി. ആക്ടില്‍ സൂചിപ്പിക്കുന്നത്. മരുന്നുകളുപയോഗിച്ച് ഗര്‍ഭമലസിപ്പിക്കുന്നതിനെ മെഡിക്കല്‍ ടേര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി എന്ന് പറയുന്നു. സര്‍ജിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി, ശസ്ത്രക്രിയ വഴി ചെയ്യുന്ന അബോര്‍ഷനാണ്. മെഡിക്കല്‍ അബോര്‍ഷന്‍ പരാജയപ്പെട്ടാല്‍, അതായത് പൂര്‍ണമായും ഗര്‍ഭം നീക്കാനാവാതെ വരികയോ, അമിതമായ രക്തസ്രാവം ഉണ്ടാവുകയോ ചെയ്താല്‍ ശസ്ത്രക്രിയ നടത്തേണ്ടിവരും. ചില സാഹചര്യങ്ങളില്‍ ഒരാളില്‍ തന്നെ രണ്ടു രീതികളും വേണ്ടിവരുമെന്നര്‍ഥം.

മെഡിക്കല്‍ അബോര്‍ഷന്‍: ഗര്‍ഭധാരണത്തിന്റെ ആദ്യ ആഴ്ചകളിലാണ് ഗര്‍ഭഛിദ്രം ആവശ്യമെങ്കില്‍, മെഡിക്കല്‍ അബോര്‍ഷനാണ് ചെയ്യേണ്ടത്. സാധാരണഗതിയില്‍ ഒമ്പത് ആഴ്ചവരെ മാത്രമേ ഇത് ചെയ്യാറുള്ളൂ. വിവിധ മരുന്നുകള്‍ ഉപയോഗിച്ച് ഗര്‍ഭം ഇല്ലാതാക്കുന്ന പ്രക്രിയയാണത്. വായിലൂടെ കഴിക്കുന്ന മിഫ്പ്രിസ്റ്റോണ്‍ (RU 486), മിസോപ്രോസ്റ്റോള്‍, യോനിയില്‍ വെക്കുന്ന മിസോപ്രോസറ്റോള്‍ തുടങ്ങിയ മരുന്നുകളാണ് ഉപയോഗിക്കുന്നത്. ഗര്‍ഭം തുടരുന്നതിന് സഹായിക്കുന്ന പ്രൊജസ്റ്ററോണ്‍ ഹോര്‍മോണിന്റെ ഉത്പാദനത്തെ ഈ മരുന്നുകള്‍ കുറയ്ക്കും. കൂടാതെ, ഗര്‍ഭപാത്രത്തില്‍ പറ്റിപ്പിടിച്ച ഭ്രൂണത്തെ ഇളക്കി പുറന്തള്ളാനും ഇവ സഹായിക്കുന്നു. 48 മണിക്കൂര്‍ ഇടവേളയില്‍ രണ്ട് ഡോസ് ഗുളികകളാണ് ഇതിനായി നല്‍കുന്നത്. ഇതോടൊപ്പം ചിലര്‍ക്ക് വേദനസംഹാരികള്‍, ആന്റിബയോട്ടിക്കുകള്‍ തുടങ്ങിയവയും വേണ്ടിവരാം. 75-95 ശതമാനമാണ് മെഡിക്കല്‍ അബോര്‍ഷന്റെ വിജയസാധ്യത. 

അപകട സാധ്യത: ഡോക്ടറുടെ മേല്‍നോട്ടത്തില്‍ ചെയ്യുന്ന മെഡിക്കല്‍ അബോര്‍ഷന്‍ താരതമ്യേന സുരക്ഷിതമാണ്. എന്നാല്‍ അപൂര്‍ണമായ ഗര്‍ഭച്ഛിദ്രം, അണുബാധ, രക്തസ്രാവം, ഗര്‍ഭപാത്രത്തിന് തകരാറ് തുടങ്ങിയ പ്രശനങ്ങള്‍ അപൂര്‍വമായി ഉണ്ടാവാം. മെഡിക്കല്‍ അബോര്‍ഷനുള്ള മരുന്ന് കഴിച്ച ശേഷം ഗര്‍ഭം തുടരാന്‍ തീരുമാനിച്ചാല്‍, ജനിക്കാന്‍ പോകുന്ന കുഞ്ഞിന് വൈകല്യങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. ഓക്കാനം, ഛര്‍ദ്ദി, പനി, വിറ, വയറിളക്കം പോലുള്ള പാര്‍ശ്വഫലങ്ങളുമുണ്ടായേക്കാം.  

സര്‍ജിക്കല്‍ അബോര്‍ഷന്‍: ഗര്‍ഭം ആറാഴ്ചയെങ്കിലും പിന്നിട്ടവരിലാണ് സര്‍ജിക്കല്‍ അബോര്‍ഷന്‍ ചെയ്യുന്നത്. ഇന്‍ട്രായൂട്ടറൈന്‍ ഉപകരണങ്ങള്‍ സ്ഥാപിച്ചിട്ടുള്ളവര്‍, ഉയര്‍ന്ന രക്തസമ്മര്‍ദം, പ്രമേഹം, ഹൃദയരക്തക്കുഴലില്‍ പ്രശ്‌നങ്ങളുള്ളവര്‍, ഗുരുതരമായ കരള്‍- വൃക്ക- ശ്വാസകോശ രോഗങ്ങള്‍ ഉള്ളവര്‍, രക്തം നേര്‍പ്പിക്കുന്ന മരുന്ന് കഴിക്കുന്നവര്‍, സ്റ്റിറോയിഡ് മരുന്നുകള്‍ കഴിക്കുന്നവര്‍, ചില മരുന്നുകളോട് അലര്‍ജിയുള്ളവര്‍ തുടങ്ങിയവര്‍ക്കും മെഡിക്കല്‍ അബോര്‍ഷന്‍ ചെയ്യാന്‍ കഴിയില്ല. ഇത്തരക്കാര്‍ക്ക് സര്‍ജിക്കല്‍ അബോര്‍ഷന്‍ സ്വീകരിക്കേണ്ടി വരും.  ഡൈലേഷന്‍ ആന്റ് ക്യുററ്റാഷ് (D&C) എന്ന രീതിയാണ് ഇതിന് ഉപയോഗിക്കുന്നത്. യോനിക്കും ഗര്‍ഭാശയത്തിനും ഇടയിലുള്ള ഗര്‍ഭാശയ ഗളം വികസിപ്പിച്ച ശേഷം ക്യൂററ്റ് എന്ന പ്രത്യേക ഉപകരണം ഗര്‍ഭാശയത്തില്‍ കടത്തി ഭ്രൂണവും ഗര്‍ഭാശയത്തിലെ ആന്തര കലകളും ചുരണ്ടി നീക്കുകയാണ് ചെയ്യുന്നത്. ക്യൂററ്റിന് പകരം സക്ഷന്‍ പമ്പ് ഉപയോഗിച്ച് വലിച്ച് കളയുന്ന രീതിയുമുണ്ട്. 10-15 മിനുട്ട് കൊണ്ട് അവസാനിക്കുന്നതാണ് ഈ പ്രക്രിയ. എന്നാല്‍, മരുന്നു വെച്ച് ഗര്‍ഭാശയ ഗളം വികസിപ്പിക്കുന്നതിന് കുറച്ചുമണിക്കൂറുകള്‍ക്കു മുമ്പ് ആസ്പത്രിയില്‍ എത്തണം. ഗര്‍ഭാശയ ഗളവും അതിന് ചുറ്റുമുള്ള ഭാഗവും മാത്രം മരവിപ്പിച്ചോ റിജ്യണല്‍, ജനറല്‍ അനസ്‌തേഷ്യ നല്‍കിയോ ആണ് ഡി ആന്റ് സി ചെയ്യുന്നത്. 

അപകട സാധ്യത: ഗര്‍ഭപാത്രം, ഗര്‍ഭാശയ ഗളം എന്നിവയ്ക്ക് പരിക്കേല്‍ക്കുക, വൈകാരികമായ അസ്വസ്ഥത, അമിതമായ രക്തസ്രാവം, ഫലോപ്പിയന്‍ നാളിയിലോ ഗര്‍ഭപാത്രത്തിലോ അണുബാധയുണ്ടാവുക തുടങ്ങിയവയാണ് സര്‍ജിക്കല്‍ അബോര്‍ഷനിലെ അപകടസാധ്യതകള്‍. ഹിസ്റ്ററോട്ടമി എന്ന ശസ്ത്രക്രിയ ചെയ്യുകയാണെങ്കില്‍, ഗര്‍ഭാശയത്തിലൊരു മുറിവുണ്ടാകും. അതിനാല്‍ പിന്നീട് ഗര്‍ഭിയാവുമ്പോള്‍ സാധാരണ സാധാരണ പ്രസവത്തിന് സാധിക്കില്ല.

ഇരുപത് ആഴ്ചകള്‍

നിയമമനുസരിച്ച് 20 ആഴ്ച വരെയേ അബോര്‍ഷന്‍ ചെയ്യാവൂ. എന്നാല്‍ 20 ആഴ്ചയ്ക്ക് ശേഷം ഗര്‍ഭസ്ഥശിശുവിന് വൈകല്യമുണ്ടെന്ന് കണ്ടെത്തിയാല്‍, ഗര്‍ഭഛിദ്രം ആവശ്യമെങ്കില്‍ സുപ്രീംകോടതിയുടെ പ്രത്യേകാനുമതി വാങ്ങേണ്ടതാണ്. ഇത്തരം അവസ്ഥയില്‍ അനുമതി ലഭിച്ചതും അല്ലാത്തതുമായ സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതിനാല്‍, 20 ആഴ്ചക്ക് മുമ്പ് തന്നെ കുഞ്ഞിന് അംഗവൈകല്യങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്തുന്നതാണ് നല്ലത്. 

അബോര്‍ഷന്‍ കഴിഞ്ഞാല്‍: സാധാരണയായി അബോര്‍ഷന്‍ ഭാവിയിലെ ഗര്‍ഭധാരണത്തെ ബാധിക്കില്ല. ഏത് തരം ഗര്‍ഭച്ഛിദ്രം കഴിഞ്ഞാലും മൂന്ന് മാസത്തിന് ശേഷമേ വീണ്ടും ഗര്‍ഭം ധരിക്കാന്‍ പാടുള്ളൂ. സര്‍ജിക്കല്‍ അബോര്‍ഷന്‍ കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം ആസ്പത്രി വിടാം. ഒരാഴ്ചക്കുള്ളില്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയും ചെയ്യാം. പൂര്‍ണവിശ്രമത്തിന്റെ ആവശ്യമില്ല. എന്നാല്‍ ശസ്ത്രക്രിയ കഴിഞ്ഞ് ആദ്യത്തെ കുറച്ച് ദിവസങ്ങള്‍ ഭാരപ്പെട്ട ജോലികള്‍ ഒഴിവാക്കണം. 23 ആഴ്ചകള്‍ ലൈംഗിക ബന്ധം ഒഴിവാക്കണം. ഗര്‍ഭാശയം സാധാരണ നിലയിലേക്ക് മടങ്ങിവരാനുള്ള കാലയളവാണിത്.  അബോര്‍ഷനു ശേഷമുള്ള മാനസിക പ്രശ്‌നങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. ചിലര്‍ക്ക്  വിഷാദരോഗം ബാധിക്കാന്‍ സാധ്യതയുണ്ട്. ഈ സമയത്ത് ഭര്‍ത്താവിന്റെയും മറ്റു കുടുംബാംഗങ്ങളുടെയും ശ്രദ്ധ ആവശ്യമാണ്. സ്ത്രീയില്‍ കുറ്റബോധം വളരാതിരിക്കാന്‍ ശ്രമിക്കണം. ആവശ്യമെങ്കില്‍ മനോരോഗവിദഗ്ധനെ സമീപിക്കാം.

സ്വയം ചികിത്സ വേണ്ട

ഒരു ഗൈനക്കോളജിസ്റ്റിന്റെ മേല്‍നോട്ടത്തിലല്ലാതെ സ്വന്തമായി ഗര്‍ഭമലസിപ്പിക്കാനുള്ള മരുന്നുകള്‍ കഴിക്കരുത്. കഠിനമായ വയറുവേദന, ഭ്രൂണത്തിന്റെ അംശങ്ങള്‍ ഗര്‍ഭാശയത്തിലിരുന്ന് അണുബാധയുണ്ടാവുക, അമിതമായ രക്തസ്രാവം എന്നിവയുണ്ടാവാം. ചിലര്‍ക്ക് ഭാവിയില്‍ ഗര്‍ഭധാരണത്തിന് സാധിക്കാതെ വരാം. അബോര്‍ഷനു മുന്‍പായി ഗര്‍ഭം ഗര്‍ഭപാത്രത്തില്‍ തന്നെയാണെന്നും ഉറപ്പുവരുത്തണം. ഗര്‍ഭപാത്രത്തിന് പുറത്തുള്ള ഗര്‍ഭത്തിന് ശസ്ത്രക്രിയകള്‍ വേണ്ടിവരാം. ഇതറിയാതെ മരുന്നുകള്‍ കഴിക്കുന്നത് ജീവന്‍ അപകടത്തിലാക്കും. ചിലവുകളെയും പേടിക്കേണ്ടതില്ല. സര്‍ക്കാര്‍ ആശുപത്രികളില്‍ അബോര്‍ഷന്‍ സൗജന്യമാണ്.

കടപ്പാട്:
ഡോ. മായാദേവി കുറുപ്പ്
സീനിയര്‍ കണ്‍സള്‍ട്ടന്റ്, വിമന്‍സ് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ്,
ആസ്റ്റര്‍ മെഡിസിറ്റി, കൊച്ചി