ചോക്ലേറ്റ് ഇഷ്ടമല്ലാത്തവരുണ്ടാകും എന്നു പറഞ്ഞാല്‍ പോലും വിശ്വസിക്കാന്‍ മടിയാണ് പലര്‍ക്കും. ചോക്ലേറ്റിനെ എങ്ങനെ ഇഷ്ടപ്പെടാതിരിക്കും എന്നാകും മറുചോദ്യം. പക്ഷേ, ചോക്ലേറ്റിനെ കണ്ടാല്‍ ഭയന്ന് വിറയ്ക്കുന്നവരുണ്ട്. ചോക്ലേറ്റുകളോടുള്ള കടുത്ത വെറുപ്പോ ഉത്കണ്ഠയോ ഭയമോ ആണ് കൊക്കോലാറ്റോഫോബിയ (Xocolatophobia). ഈ ഫോബിയ ഉള്ളവര്‍ ചോക്ലേറ്റിനെ ഭയത്തോടെ അകറ്റിനിര്‍ത്തും.

ഈ ഫോബിയ ഉള്ള വ്യക്തികള്‍ക്ക് ചോക്ലേറ്റിന്റെ സാന്നിധ്യത്തില്‍ കടുത്ത ഉത്കണ്ഠയോ പരിഭ്രാന്തിയോ അനുഭവപ്പെടാം. ചോക്ലേറ്റ് കണ്ടാല്‍ ഇവര്‍ വേഗത്തിലുള്ള ഹൃദയമിടിപ്പ്, വിയര്‍പ്പ്, ഓക്കാനം തുടങ്ങിയ ശാരീരികലക്ഷണങ്ങള്‍ പ്രകടമാക്കും. നിത്യജീവിതത്തിന്റെ ഭക്ഷണരീതികളുമായി ചോക്ലേറ്റ് അത്രമേല്‍ ബന്ധപ്പെട്ടിരിക്കുന്നു എന്നതിനാല്‍ കൊക്കോലാറ്റോഫോബിയ ഒരു വ്യക്തിയുടെ ദൈനംദിന ജീവിതത്തെയും മാനസികാരോഗ്യത്തെയും സാരമായി ബാധിക്കും.

  • ചോക്ലേറ്റ് കാണുമ്പോള്‍ തന്നെ ഭയമോ വെറുപ്പോ തോന്നുക.
  • ചോക്ലേറ്റ് കാണേണ്ടിവരുമ്പോഴോ അതേപ്പറ്റി സംസാരമുണ്ടാകുമ്പോഴോ ഉത്കണ്ഠയോ പരിഭ്രാന്തിയോ തോന്നുന്നത്.
  • ചോക്ലേറ്റ് ഉള്ള സ്ഥലങ്ങള്‍ ഒഴിവാക്കുന്നത്.
  • ചോക്ലേറ്റ് കാണുമ്പോള്‍ ദ്രുതഗതിയിലുള്ള ഹൃദയമിടിപ്പ്, വിയര്‍പ്പ്, ഓക്കാനം തുടങ്ങിയ ശാരീരികമാറ്റങ്ങള്‍.
  • ചോക്ലേറ്റ് ഉപയോഗിച്ചാല്‍ ഉണ്ടായേക്കാവുന്ന നെഗറ്റീവ് അനുഭവങ്ങളെക്കുറിച്ചുള്ള ഭയം ദൈനംദിന പ്രവര്‍ത്തനങ്ങളെ തകരാറിലാക്കുന്നത്.
  • ചോക്ലേറ്റ് കഴിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ചോ പ്രതികൂല ഫലങ്ങളെക്കുറിച്ചോ ഉള്ള അടിസ്ഥാനരഹിതമായ ചിന്തയോ വിശ്വാസമോ ഉണ്ടാകുന്നത്.

മറ്റെല്ലാ ഫോബിയകളെയും എന്നപോലെ ഇതിനും ചികിത്സയുണ്ട്. കൃത്യമായ ചികിത്സയിലൂടെയും ജീവിതശൈലി മാറ്റത്തിലൂടെയും കൊക്കോലാറ്റോഫോബിയ മാറ്റിയെടുക്കാം.